ഇവിടെ വർഗ്ഗീയത ഇതുവരെ ഉണ്ടായിരുന്നില്ലല്ലോ എന്ന നിഷ്കളങ്കതയൊക്കെ നിങ്ങൾ കയ്യിൽ വച്ചാൽ മതി

126
Anilkumar AP
നിങ്ങളെന്താ മനുഷ്യരെ പൊട്ടനാക്കാൻ നോക്കുകയാണോ…? നിങ്ങളെല്ലാം മൗനാനുവാദം കൊണ്ട് നട്ടുനനച്ചു വളർത്തിയ വർഗീയത തന്നെയാണ് ഇവിടെ കുലച്ചു നിൽക്കുന്നത്. ഇവിടെ ഇതൊന്നും ഇതുവരെ ഉണ്ടായിരുന്നില്ലാ എന്ന നിഷ്കളങ്കതയൊക്കെ കയ്യിൽ വച്ചാൽ മതി. അവിടേം ഇവിടേം ചാരി ഓരോ മതക്കാരനും ഒളിഞ്ഞും തെളിഞ്ഞും ആചരിച്ചിരുന്ന വർഗീയത നേരിൽ അനുഭവിച്ചവരാണ് ഞങ്ങൾ. ദേ.., വർഗീയത ഇവിടെ മാനത്തു നിന്നും പൊട്ടിവീണിരിക്കുന്നു എന്നാണല്ലോ നാണംകെട്ട നിങ്ങളുടെ വിസ്മയം കൂറൽ..! കണ്ടിട്ടുണ്ടെടോ തരം പോലെ അതിനെ നിങ്ങൾ നന്നായി ഉപയോഗിച്ച നിമിഷങ്ങൾ. രഹസ്യമായി വർഗീയത ആചരിച്ച് വിജയിച്ചിരുന്നപ്പോൾ എല്ലാരുടേം മുഖത്തു കണ്ടിരുന്ന മന്ദഹാസവും നേരിൽ കണ്ടിട്ടുണ്ട്. ഓ…, ഇതിപ്പോ നടാടെ എന്ന് പൂത്തുവിരിഞ്ഞു നിൽക്കുന്ന അശ്ലീല വിസ്മയങ്ങളേ.. , ഈ കായ്ച്ചു നിൽക്കുന്ന വിഷമരങ്ങളെല്ലാം നിങ്ങൾ നട്ടുനനച്ചതാണ്. സ്വന്തം സ്വന്തം വർഗീയതകൾ അവനവനിടങ്ങളിൽ അടവച്ചു വിരിയിച്ചപ്പോൾ ആരും അറിയില്ലെന്ന് കരുതിയ ഒരു പോഴൻ ജനതയാണ് മലയാളികൾ. പക്ഷേ, എല്ലാവർക്കും അറിയാമായിരുന്നു തങ്ങളുടെ ആഹാരം വർഗീയ അമേധ്യം തന്നെയായിരുന്നു എന്ന്. തരം പോലെ മുറം വീശി തീ പടർത്തിയതും നിങ്ങൾ തന്നെയാണ്. എന്നിട്ടിപ്പോ.. ഹോ…. നമ്മുടെ എല്ലാം പോയേ എന്ന് നിലവിളി.
വിജയമായിരിക്കുന്ന കാലത്തോളം വർഗീയത നിങ്ങൾക്ക് വിശിഷ്ട ഭോജ്യമായിരുന്നു. ഇപ്പോൾ വായ്ക്ക് അരുചിയായിരിക്കുന്നു. വയറിന് അജീർണ്ണമായിരിക്കുന്നു. മൂലാധാരം വിണ്ടുകീറി രക്തമൊലിക്കുന്നു. ഇനി ആഹാര നിയന്ത്രണമാകാം. രോഗി ആസന്ന നിലയിലായാൽ അലോപ്പതി വൈദ്യം കൈവിടും.പിന്നെ പാലിയേറ്റീവിൽ താലോലിക്കും. ചിലർ പ്രകൃതിചികിത്സയ്ക്കു പോകും. രണ്ടിലും സ്വസ്ഥതയ്ക്കാവശ്യം പ്രകൃതത്വങ്ങൾ കൈവെടിയലാണ്. അല്ലാതെ ശാന്തി, സമാധാനം വരില്ല. പോസ്റ്റിലായാലും, ട്രോളിലായാലും പ്രകൃതത്വം രോഗം മൂർഛിപ്പിക്കും. മലയാളി സ്വന്തമായി, രഹസ്യമായി സൂക്ഷിച്ച വർഗീയത പൂത്തുവിരിഞ്ഞ ഈ നാളുകളിൽ നിഷ്കളങ്കമുഖംമൂടിയും ചെലവായെന്ന് വരില്ല. രോഗകാരണമായ വൈറസ് ശരീരത്തിൽ ഇല്ലെന്ന് ഉറപ്പാക്കുക.വെറുപ്പാണ് വൈറസ്. ഏത് രൂപത്തിലായാലും അതാണ് രോഗഹേതു. അത് ഉള്ളിടത്തോളം നമ്മളെല്ലാം വർഗീയ വിദ്വാന്മാർ തന്നെയാണ്.
പരിഹാസമാണ് വൈറസിന് പുതിയ ശരീരങ്ങളിൽ പടരാൻ അവസരം ഉണ്ടാക്കുന്നത്. അതിനാൽ രോഗവർധകമായ പരിഹാസത്തിന്റെ വാഹകർ വർഗീയ വൈറസിന്റെ സ്വന്തം അളിയന്മാരാണ്. തുറന്ന ഇടങ്ങളിലെ, വിശാലമായ ആകാശങ്ങളെ എതിരേൽക്കലാണ് രോഗശാന്തി. ഹൃദ്യമായ പുഞ്ചിരികളും ഇടകലരലുകളും വെള്ളവും വളവുമാണ്. ഇടുങ്ങിയ മറ്റെന്തെങ്കിലും കൊണ്ട് പ്രതിരോധിക്കാം എന്ന് മനുഷ്യ ചരിത്രം സാക്ഷ്യം പറയുന്നില്ല. ഇടയിലോടുന്ന വോട്ടു വാണിഭച്ചെന്നായകൾ ശാന്തിക്കെതിരായി കുരച്ചു കൊണ്ടിരിക്കും. എത്ര മൃതദേഹങ്ങൾ വീണു, എത്ര ഗ്യാലൻ രക്തം കുടിക്കാം എന്നൊക്കെ ചരിത്രവഴിയിലെല്ലാം തിരഞ്ഞ് വംശം കുറ്റിയറ്റ ചെന്നായകളിൽ ഭാവിയും രക്ഷയും തിരയുന്നവർ .., അഹോ കഷ്ടം.
‘ പുതിയ ആകാശങ്ങൾ വിളിക്കുന്നുണ്ട്,
പുതിയ സമുദ്രങ്ങൾ വിളിക്കുന്നുണ്ട്,
കെട്ടിയ തുറമുഖങ്ങളിൽ നിന്നും കയർ അറുത്ത് യാത്രക്കൊരുങ്ങുവാൻ നീ തയ്യാറുണ്ടോ….?
നീയെന്നത് കേവലം
ഇരയുടെ പര്യായപദമല്ലെന്നറിയുക.
തിര മുറിച്ച് സഞ്ചരിക്കേണ്ട
നാനാർത്ഥങ്ങളാണ് നീയെന്നറിയുക.
വാടാ / വാടീ…..
പോകാം നമുക്ക്.