അവസാന യാത്ര (കഥ)

0
260

അനിൽ കുമാർ .S .D

അവസാന യാത്ര (കഥ)

എത്ര നേരം ബസ് കാത്തുനിന്നു എന്നയാൾക്ക് ഓർമ്മയില്ല .സമയം രാത്രിയോ പകലോ എന്ന് തിരിച്ചറിയാനും പറ്റുന്നില്ല .ആകാശത്തിൽ ഒരു നീലയും ചുമപ്പും കലർന്ന നിറം മൂടിയിരുന്നു .നക്ഷത്രങ്ങളോ സൂര്യനോ ചന്ദ്രനോ കാണാനില്ലായിരുന്നു .ഒരു വരണ്ട കാറ്റ് അയാളെ തഴുകി കടന്നു പോയി .വിദൂരതയിലേക്ക് പടർന്നു പോകുന്ന ഒരു ഇരുട്ട് അയാളുടെ കാഴ്ച്ചകളെ മറച്ചു .ഒരു ബസു പോലെ തോന്നുന്ന ഒരു വാഹനം അയാളുടെ മുന്നിൽ വന്നു നിന്നു .ഒരു വൃത്തികെട്ട ചിരിയുള്ള ഒരു മനുഷ്യനാണ് വാതിൽ തുറന്നത് .

അയാൾ പതിയെ ബസിനകത്തേക്ക് കയറി . അകത്ത് ഇരുട്ട് കട്ടപിടിച്ചു കിടന്നു .ഏതോ തലകൾ സീറ്റുകളിൽ കാണാം .വല്ലാത്ത ഒരു ഗന്ധവും ബസിൽ നിറഞ്ഞു നിന്നു .അയാളെ ആരോ ഒരു സീറ്റിലേക്ക് ഇരുത്തി . ചില പ്രത്യേക ശബ്ദങ്ങൾ ബസിന്റെ പലഭാഗത്തുനിന്നും കേട്ടുകൊണ്ടിരുന്നു . അയാൾ ബസിന്റെ മുമ്പിലോട്ട് നോക്കി .ഒരു പ്രകാശവും മുന്നിൽ ഒരു ശൂന്യതയുമാണ് കണ്ടത് . എഞ്ചിന്റെ വല്ലാത്ത മുരളിച്ചയിൽ ആരോ ആ ബസ് ഓടിക്കുന്നതായി അയാൾക്കു തോന്നി .അയാളുടെ കൈ ഒരു തണുത്ത വിരലുകളിൽ തൊട്ടപ്പോഴാണ് ആ സീറ്റിൽ ഒരാൾകൂടി ഇരിക്കുന്നുവെന്ന് അയാൾക്ക് ബോധ്യപ്പെട്ടെത് . അയാൾ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കി .മങ്ങിപ്പോയ കാഴ്ച്ചകളിലൂടെ കുറേ സഞ്ചരിച്ചപ്പോഴാണ് ഒരു മുഖം തെളിഞ്ഞു വന്നത് . എവിടെയോ കണ്ടു മറന്ന ഒരു മുഖം .അയാൾക്ക് നല്ല പരിചയമുള്ള ഒരു മുഖം കാലങ്ങളിലൂടെ സഞ്ചരിച്ച് കറുപ്പ് പിടിച്ചതു പോലെ .

എങ്കിലും താൻ കുറേ നാളായി തിരക്കുന്ന ഒരു മുഖമല്ലേ അതെന്ന ഒരു തോന്നൽ മനസ്സിലേക്ക് വന്നു .ഒരു വികാരപ്രകടനത്തിനായി അയാൾ മുഖപേശികൾ ചിരിയാക്കാൻ നോക്കി .ചലനമറ്റുപോയ ശ്രമത്തിലും ഒരു ചിരിയിലൂടെയാണ് മറ്റേ രൂപത്തിന്റെ കണ്ണുകൾ ഒരു തിളക്കത്തോടെ ഇളകിയത് . ഏതോ വികാരങ്ങൾ ആ കണ്ണുകളിലൂടെ പ്രവഹിച്ചു കൊണ്ടിരുന്നു . അവ്യക്തമായ ആ മുഖത്തിലേക്ക് അയാൾ നോക്കി കൊണ്ടിരുന്നു . മരവിച്ചു പോയ ചിന്തകളിൽ നിന്നും ഞരമ്പുകളിലേക്ക് ചില സൂചനകൾ വന്നു .ആ കണ്ണുകളിലും ചില തിളക്കങ്ങൾ വന്നു കൊണ്ടിരുന്നു . അമിതമായ ആവേശവും ഉൽക്കണ്ഠയും അയാളെ മയക്കത്തിലേക്ക് തള്ളിവിട്ടു .ഓർമ്മകൾ അയാളെ പുറകോട്ട് ചുമന്നുകൊണ്ടു പോയി .

കണ്ണീരിൽ നിൽക്കുന്ന കാമുകി ,ജയിലിലായ അവളുടെ അച്ഛൻ രവിയങ്കിൾ .എതിർവശത്ത് സ്വന്തം അച്ഛൻ ഉണ്ണിത്താനും രണ്ടാനമ്മ രമണിയും .

” ജീവിച്ചാലും മരിച്ചാലും കിച്ചുവിന്റെ കൂടെ എപ്പോഴും മീര കാണും .”

” നിന്റെ അച്ഛന്റെ കേസും പുകിലും കാരണം വീട്ടിൽ കലിപ്പാണ് .”

” ബിസിനസ് ആകുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകില്ലേ ,പ്രത്യേകിച്ചും കൂട്ട് ബിസിനസ്സിന് .രമണിയാന്റി അച്ഛനെ ചതിച്ചതല്ലേ .
വീഡിയോ വച്ചല്ലേ അവർ കുടുക്കിയത് .കാശും പോയി മാനവും പോയി .നാറാവുന്നതിന്റെ പരമാവധി നാറി .”

” രവിയങ്കിളും അച്ഛനുമായി 25 വർഷത്തെ കൂട്ടുബിസിനസ്സായിരുന്നില്ലേ .അമ്മ പെട്ടെന്ന് പോയപ്പോൾ ,അവർ അച്ഛനെ വളച്ചതല്ലേ .അച്ഛന്റെ സ്റ്റെനോ ആയിരുന്നു രമണിക്കുഞ്ഞമ്മ . അവർ വന്നതിനു ശേഷമാണ് മീരയുടെ അച്ഛനുമായുള്ള
ബിസിനസ്സ് തെറ്റിയതും.”

” ഉണ്ണിത്താൻ അങ്കിളിന്റെ സ്നേഹവും കരുതലും എനിക്കറിയില്ലേ .രമണിയാന്റിയല്ലേ എല്ലാം തകർത്തത് .എന്നാലും ഞാനും കിച്ചുവും പിരിയേണ്ടല്ലോ .നമ്മൾ എത്ര വർഷമായി സ്നേഹിക്കുന്നു .കല്യാണവും പറഞ്ഞു വച്ചവർ .ഈ പ്രശ്നങ്ങളിൽ നമ്മുടെ സ്നേഹം ഒറ്റികൊടുക്കണോ? ”

വേണ്ട എന്നറിയാമെങ്കിലും പറായാനായി നാവ് കൊതിച്ചപ്പോഴാണ് കിച്ചുവിന്റെ തലയിലേക്ക് ഇന്നലെ തിരുകി കയറിയത്.

” ഉണ്ണിത്താൻ ചേട്ടാ , കിച്ചുവിന്റെ രണ്ടാനമ്മയായ എന്നെ കയറിപ്പിടിച്ചവന്റെ മകളുമായി അവന്റെ വിവാഹം നടത്തിയാൽ ഞാൻ പിന്നെ വെറും വെപ്പാട്ടിയല്ലേ ,വെപ്പാട്ടി .”

” അവർ സ്നേഹിച്ചു പോയവരല്ലേ രമണീ? പറഞ്ഞുവച്ചവർ. ഹൃദയം ഒന്നായി എത്രയോ നാൾ പ്രണയിച്ചവർ. ഇനി വെട്ടിമുറിയ്ക്കാനാവുമോ?”

” ഞാനിപ്പോൾ അവൻ്റെ അമ്മയുടെ സ്ഥാനത്തല്ലേ .അമ്മയെ കയറിപ്പിടിച്ചവന്റെ മകളെ അവനു കെട്ടാമോ?”

” അത് നമ്മൾ ചതിച്ചു ചെയ്ത കഥയല്ലേ രമണീ.അതിൽ തരിമ്പും സത്യമില്ലെന്ന് നിനക്കും എനിക്കും അറിയാമല്ലോ .”

” കഥ ഇപ്പോൾ സത്യമായില്ലേ . കോടതിയിലും കേസായില്ലേ. നാട്ടുകാരും വീട്ടുകാരും വിശ്വസിച്ചില്ലേ .എനിക്കോ ഉണ്ണിത്താൻ ചേട്ടനോ അതിനെ തിരുത്താൻ പറ്റുമോ?”

” കിച്ചുവിനെ എങ്ങനെ ബോധ്യപ്പെടുത്തുo. അവനറിയാമല്ലോ രമണീ ഈ കേസ് കള്ളക്കേസാണെന്ന് .അവൻ ആദ്യം മുതൽ ഈ കേസിനെ എതിർത്തതുമല്ലേ. നമുക്ക് അവനല്ലാതെ ആരാണ് ഉള്ളത്.”

” ഉണ്ണിത്താൻ ചേട്ടൻ അവനെ പറഞ്ഞു മനസ്സിലാക്കണം .എന്നെ അമ്മയായി അവൻ കരുതുന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കും.”

” ഞാനെങ്ങനെ രമണീ പറയും.?”

” അല്ലെങ്കിൽ ഞാൻ സ്വയം തീരാം .എന്തായാലും മഴനനഞ്ഞില്ലേ .കയറിപ്പിടിച്ചെന്ന് പരാതിപ്പെട്ടു .കേസായി .എന്നിട്ട് അവന്റെ മോളെ എൻ്റെ മകൻ കെട്ടിയാൽ ഞാൻ വെറും വേശ്യ ,വെപ്പാട്ടി .ഇങ്ങനെ അപമാനം സഹിച്ചു കഴിയുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ?”

” അവനെ ഞാൻ പറഞ്ഞു മാറ്റാം രമണീ.നിന്നെ ഞാൻ എൻ്റെ ഭാര്യയായാണ് സ്വീകരിച്ചത്. അവൻ നിൻ്റെ മകനും .നിന്നെ വേദനിപ്പിക്കാതിരിക്കുക അവൻ്റെ ധർമ്മവും.”

പിന്നെ കഥകൾ എന്തെല്ലാമായിരുന്നു .എത്ര ചടുലവും ക്രൂരവുമായ വിധികളായിരുന്നു.

മീരയുടെ ആത്മഹത്യാശ്രമം.
രവിയങ്കിളിന്റെ മരണം.
അയാളുടെ സാവിത്രിയുമായുള്ള വിവാഹം.
എത്ര നാളുകൾ കഴിഞ്ഞിരിക്കുന്നു
മീര വേറെ വിവാഹം കഴിച്ചോ?
ഇപ്പോൾ എവിടെയാണ്?
എന്നെ ഓർക്കുന്നുണ്ടോ?

അയാളുടെ ചിന്തകൾ നാവിൽ കയ്പ്പായപ്പോഴാണ് ആ കണ്ണുകൾ ചെറുതായി നനഞ്ഞത്.
ചെറിയ സ്വരത്തിൽ ആ ദുർബലമായ മുഖപേശികളിലൂടെ നാവുകൾ എന്റെ തലച്ചോറിലേക്ക് പറഞ്ഞു.

“കിച്ചൂ ,എനിക്ക് നിന്നെ മറക്കാൻ പറ്റിയില്ലല്ലോ? .നീ ചവച്ചു തുപ്പിയ ജീവിതവുമായി ഏതോ നിഴലുകളിൽ ഞാൻ ജീവിച്ചു . അമ്മയുടെ കണ്ണുനീരു ചേർത്ത് ചിരിക്കുകയും കരയുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്തു .”

അയാളുടെ കണ്ണുകളിൽ ചെറിയ നനവുകൾ വന്നു .

” ഈ ബസ്സിൽ കിച്ചുവിനെക്കാത്ത് എത്ര നാളുകളായി ഞാൻ യാത്ര ചെയ്യുന്നു .എല്ലാം ഒന്ന് തുറന്നു പറയാൻ .കിച്ചുവിനെ തിരക്കി വന്ന എന്നെ രമണിയാന്റിയുടെ ഗുണ്ടകൾ നശിപ്പിച്ചതും തടവിൽ വച്ചതും ,നമ്മുടെ സ്വപ്നങ്ങളിലൂടെ അവർ കയറിയിറങ്ങിപ്പോയതും നിന്നെ കാത്തിരുന്ന് ഞാൻ അകാലത്തിൽ നരച്ചതും ,മരിച്ചതും .. ”

അയാളുടെ കണ്ണുകളിലെ നനവുകളിൽ ചോരപ്പാടുകൾ വീണപ്പോൾ

” കിച്ചൂ ,നീ എല്ലാമറിഞ്ഞിട്ടും ഒന്നുമറിയില്ലയെന്നപോലെ എല്ലാംമറന്ന യാത്രയിലായിരുന്നില്ലേ .
എന്നിട്ട് നിനക്കും ഒന്നും സ്വന്തമാക്കാൻ പറ്റിയില്ലല്ലോ? .
എന്നെ വിട്ട് നീ നീന്തിയടുത്ത തുരുത്തിലും നിറയെ വിഷപ്പാമ്പുകൾ മാത്രമായിരുന്നല്ലോ?
നീ എത്ര ഒളിച്ചാലും മറച്ചാലും എല്ലാം എനിക്ക് കാണാം ,അറിയാം .
ഞാൻ സ്നേഹത്തിന്റെ കണ്ണിലൂടെ എല്ലാം കാണുന്നുണ്ടായിരുന്നു .”

എല്ലാം കേട്ട് ,ഉള്ളിലൂടെ കരഞ്ഞ് ,ശരീരം അഴുകിപ്പോയ അയാൾ ആത്മാവിലൂടെ പൊള്ളി ആ ബസിന്റെ സീറ്റിൽ കത്തിക്കൊണ്ടിരുന്നു .