അരുണാചൽ പ്രദേശിലെ മൃഗബലി

81

അരുണാചൽ പ്രദേശിലെ മൃഗബലി

VK Subhash

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ! കലാകാരമാരുടെ സംഗമകേന്ദ്രം ! ചന്ദ്രദാസൻ സാറിന്റെ ലോകധർമിയുടെയും കേന്ദ്രം ! ഞാൻ, ഫോട്ടോഗ്രാഫർ ഗിരീഷ് മേനോൻ, പ്രഫുൽഗോപിനാഥ്, കലേഷ് കണ്ണാട്ട്,… തുടങ്ങിയവർ ദിവസവും കണ്ടുമുട്ടുന്ന, സിനിമയെ കുറിച്ചും, നാടകത്തെകുറിച്ചും സ്വപ്‌നങ്ങൾ നെയ്യുന്ന ഇടം ! ഒരു ദിവസം അരുണാചലിൽ നിന്ന് മലയാളിയായ അരുൺ എന്നയാൾ വന്നു, പരിചയപെട്ടു ! അരുണാചലിലേക്ക് വരുന്നോ? ചോദ്യം പൂർത്തിയാകും മുൻപേ ഞങ്ങൾ റെഡി ! യാത്രകൾ അന്നും പ്രാന്ത് തന്നെ ! പുതിയ ക്യാമറയും, കെട്ടുംകെടക്കയും എടുത്ത് പുറപ്പെട്ടു !

ഗുവാഹത്തിയിൽ നിന്ന് രാത്രി ബസ്സിൽ ഇറ്റാനഗറിലേക്ക് ! അരുണിന്റെ പരിചയത്തിലുള്ള ആദിവാസി ഗോത്ര കോളനിയിലെ ചെറിയ കുടിലുകളിൽ താമസം ! കൊടും തണുപ്പ് ! ഗോത്രക്കാരോട് പെരുമാറുമ്പോൾ നല്ല ശ്രദ്ധവേണം ! ഇടഞ്ഞാൽ പണിപാളും ! എല്ലാ ആണുങ്ങളുടെയും കയ്യിൽ ഇരുതല മൂർച്ചയുള്ള വാളുണ്ട് !അവർ നമ്മളെ വെട്ടിയാൽ കേസില്ലാത്രേ ! ഇപ്പോഴും മൃഗബലി നടത്തുന്നവരാണ് ! ഭയവും ആകാംഷയും ഹൃദയമിടിപ്പ് കൂട്ടി ! ‘നിഷി ‘ എന്ന ഗോത്രത്തിൽ ഉള്ള ആളുകളുടെ വീട്ടിൽ ആണ് ഇപ്പോൾ !

തലയിലെ തൊപ്പിയിൽ വേഴാമ്പലിന്റെ കൊക്ക്, മൂക്കിൽ ഏതോ മൃഗത്തിന്റെ എല്ല് ! അങ്ങനെ…. അലങ്കാരങ്ങൾ.. സ്ത്രീകൾ അണിയുന്ന മുത്തുമാല വളരെ വിശേഷപ്പെട്ടതാണ് ! നീലയും, വെള്ളയും മുത്തുകൾ.. അരപ്പട്ട, സ്വയം നെയ്തെടുക്കുന്ന തുണി ഉപയോഗിച്ചാണ് വസ്ത്രങ്ങൾ ഉണ്ടാക്കുന്നത് !മിക്കവരും ഇത്തരം പാരമ്പര്യ വസ്ത്രങ്ങൾ തന്നെയാണ് ഉടുക്കുന്നത്, പുതിയ തലമുറ റെഡിമേഡ് ഡ്രെസ്സുകൾ ഉപയോഗിക്കുന്നു ! ചെറുപ്പക്കാർ പൊതുവെ സുന്ദരന്മാരും സുന്ദരികളും ആണ് ! സായിപ്പിന്റെ നിറം! ഞങ്ങളാണ് അവരുടെ മുന്നിൽ ആദിവാസികൾ !

ന്യോക്കും (Nyokkum ) ഫെസ്റ്റിവൽ

വർഷതോറും മാർച്ച്‌ മാസം നടക്കുന്ന ഉത്സവമാണ് Nyokum ! നിഷി ഗോത്രത്തിന്റെ ഉത്സവമാണ് ! എല്ലാ കാടന്മാരും കാടിറങ്ങി വരും ! ഞങ്ങളും ഇറങ്ങി ! അരുണാചൽ പ്രാദേശിന്റെ സംസ്ഥാന പക്ഷിയാണ് വേഴാമ്പൽ !അതിനെ അമ്പെയ്ത് കൊന്ന് കൊക്ക് എടുത്താണ് തൊപ്പിയിൽ അലങ്കരിച്ചിരിക്കുന്നത് (ഇവിടെയെങ്ങാനും ആയിരുന്നെങ്കിൽ ) ഗ്രൗണ്ടിൽ പാട്ട് തുടങ്ങിയിരിക്കുന്നു !ഡാൻസും ! ‘റിക്കമ്പോ പതാങ്ങൊ ഐമൊജാ.. റിങ്ങാമോ യാമിങ്ങോ ഐ മൊജാ.. !!”.. നല്ല ട്യൂൺ ! ഗ്രൗണ്ട് നിറയെ പല പ്രായത്തിലുള്ള പെണ്ണുങ്ങൾ.. നിറപ്പകിട്ട്.. നിരനിരന്നു.. നമ്മുടെ ഓണകളിയെ അനുസ്മരിപ്പിക്കും !! പക്ഷേ ഗ്രൗണ്ട് മുഴുവൻ നിറഞ്ഞതാണ് ഡാൻസ് !! എന്റെ ക്യാമറക്ക് വിശ്രമമില്ലായിരുന്നു !! തലങ്ങും വിലങ്ങും ഓടിനടന്ന് ഷൂട്ട്‌ ചെയ്തു ! പ്രധാന വേദിയിൽ മുഖ്യമന്ത്രി, ഗവർണ്ണർ, ജഡ്ജിമാർ തുടങ്ങി വി വി ഐ പി കൾ… ഗ്രൗണ്ടിൽ ഈ സമയം ചിലർ മദ്യം വിളമ്പുന്നു.. നമുക്കും തന്നു, കൂടെ ഇറച്ചി വേവിച്ചതും..തുളച്ചുകയറുന്ന തണുപ്പിൽ ആവിയാകും അതൊക്കെ !

ആവേശം കൂടുന്നു… ഗ്രൗണ്ടിന് നടുവിൽ വലിയൊരു മൃഗത്തിനെ ( മിഥുൻ, ഒരു കാട്ടുപോത്ത് പോലെ യുള്ള മൃഗം )കെട്ടിയിട്ടിരിക്കുന്നു ! മുളകൾ കൊണ്ട് പലതരത്തിൽ അലങ്കരിച്ചിരിക്കുന്നു ! പെട്ടന്ന് ആണുങ്ങൾ..
കയ്യിൽ വാളുകൾ ഉയർത്തിപിടിച്ചു ഹു ഹാ ഹു ഹാ… എന്ന് പറഞ്ഞു പ്രത്യേക രീതിയിൽ തുള്ളി നൃത്തം ചെയ്തു വരുന്നു… ഞാൻ അവരുടെ നടുവിൽ…. ഭയം പെരുവിരൽ വരെയുണ്ട് ! അകത്തു കിടക്കുന്ന മടുവ (നാടൻ കള്ള് ) ധൈര്യം തന്നു !! ഒരു പന്നിയെ മുളയിൽ കോർത്ത് ഒരു സംഘം !പന്നിയുടെ ദയനീയ നിലവിളി ! ഹു.. ഹാ. ഹു ഹാ.. ഹു ഹാ.. പന്നിയെ കൊണ്ടുവന്നവർ മുളയലങ്കാരത്തിൽ അതിനെ തലകീഴായ് തൂക്കിയിട്ടു !! ഒരാൾ കുന്തം കൊണ്ട് അതിന്റെ ഹൃദയഭാഗത്ത് ആഞ്ഞു കുത്തി !!
ഹു ഹാ ഹു ഹാ.. നൃത്തം മുറുകുന്നു.

സാധ്യമായ എല്ലാ ആംഗിളിലും ഞാൻ ക്യാമറയുമായി ഓടുന്നു !! പെട്ടന്ന് ഒരാൾ വടിവാളുമായി നടുവിൽ കെട്ടിയിരിക്കുന്ന ‘മിഥുൻ ‘ എന്ന മൃഗത്തിനരികിലേക്ക് ഓടിയടുക്കുന്നു ! കുറച്ചു പേർ അയാളെ വാളുപയോഗിച്ചു വിരട്ടി ഓടിക്കാൻ നോക്കുന്നു ! ദൈവമേ ഇവർ വെട്ടി ചാകുമോ ! ഹു ഹാ ഹു ഹാ.എല്ലാവരുടെയും കയ്യിൽ വാള്.. എല്ലാവരും ലഹരിയിൽ.. നടുവിൽ ഞാൻ… ആളുമാറി ഇനി എന്നെയെങ്ങാനും വെട്ടുമോ? ഏയ്‌ !ഒരാൾ മൃഗത്തിന്റെ അടുത്തേക്ക് വലിയൊരു വാളുമായി ഓടിവന്നു…. മൃഗത്തിന്റെ കഴുത്തിൽ ആഞ്ഞു വെട്ടി !! മൃഗത്തിന്റെ കഴുത്തു പകുതിയോളം മുറിഞ്ഞുപോയി !ഒന്നിന് പിന്നാലെ ഓടിവന്ന് മൃഗത്തിന്റെ കാലുകളിൽ വെട്ടുന്നു !

ചോര ചീറ്റി എന്റെ ക്യാമറയിലും ദേഹത്തും !അപ്രതീക്ഷിതം ! ഞെട്ടൽ ! ക്യാമറ റോളിങ്ങ് തന്നെ ! സ്ത്രീകൾ മുളംകുറ്റിയുമായി പിടക്കുന്ന മൃഗത്തിനരികിലേക്ക്.. മുളംകുറ്റിയിൽ ചീറ്റിഒഴുകുന്ന രക്തം നിറക്കുന്നു !! അപ്പോൾ തന്നെ കുടിക്കുന്നു !!
അപ്പോഴും വേദിയിൽ നിന്ന് സംഘഗാനം ഒഴുകി വരുന്നു !! രിക്കമ്പോ പാതാങ്ങൊ ഐ മൊജാ…. റിങ്ങാമോ യാമിങ്ങോ ഐ മൊജാ… മൃഗബലി.. അനാചാരം..നിർത്തലാക്കണം.. എന്നൊക്കെ പറഞ്ഞു അങ്ങോട്ട് ചെല്ലാൻ ധൈര്യമുള്ളവരെ കാണാൻ ആഗ്രഹമുണ്ട് !

ഫോട്ടോ പിടിച്ചത് ഗിരീഷ് മേനോൻ