ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ തരത്തിൽ കാണുന്നു . ബൂലോകം ഇതിനോടകം അനവധി വ്യാഖ്യാനങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും വായിക്കുമ്പോൾ ഒരു സിനിമയിൽ തന്നെ നാം അത്രയും വ്യത്യസ്തമായ സിനിമ കാണുന്നു . Anish Manikandan ‘നൻപകൽ നേരത്തു മയക്കം’ കണ്ടിട്ടെഴുതിയ വ്യാഖ്യാനം
നൻ പകൽ നേരത്ത് മയക്കം
(സ്പോയിലർ അലർട്ട്)
Anish Manikandan
ഈ സിനിമ ഞാൻ രണ്ടു വട്ടം കണ്ടു, ഈ എഴുതാൻ പോകുന്നത് ഇതിനെ കുറിച്ചുള്ള എന്റെ വ്യാഖ്യാനം ആണ്, ചിലപ്പോൾ വൻ അബദ്ധങ്ങൾ ആയിരിക്കാം എന്നാൽ തോന്നിയത് കുറിക്കുന്നു. സിനിമ തുടങ്ങുന്നത് വേളാങ്കണ്ണിയിൽ നിന്നാണ്. ഇതൊരു സ്പിരിച്വൽ സിനിമയായിട്ടാണ് തുടക്കം തൊട്ട് എനിക്ക് അനുഭവപ്പെട്ടത്. മതകീയമായ ഒരുപാട് കാഴ്ചകൾ ആദ്യമേ തന്നെ ക്യാമറ കാണിച്ചു തരുന്നു. ക്രിസ്തീയമായ ചിഹ്നങ്ങൾ, പള്ളിയുടെ ഷോട്‌സ്, യേശുദാസിൻറെ ഭക്തി ഗാനവും തുടക്കത്തിൽ ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. വിവിധ തരം ആളുകളെ കാണിക്കുന്ന ഷോട്സിൽ മൊട്ടയടിച്ചു നിൽക്കുന്ന സ്ത്രീയുടെ ഒരു ഷോട്ട് ഉണ്ട്. അതൊരു ഹൈന്ദവ-ക്രിസ്തീയ സമ്പ്രദായം ആണ്, ഒരുപക്ഷേ ഇന്ത്യയിൽ മാത്രം കാണാൻ കഴിയുന്ന കാഴ്‌ച്ച. ഇത് ഇന്ന ആളുടെ ആചാരം ആണെന്ന ധാരണയെ ഒക്കെ തെറ്റിക്കുന്ന ഒരു ദൃശ്യം. ഈ സിനിമ ഇങ്ങനെ വളരെ വ്യത്യസ്തം എന്നു തോന്നുന്നു രണ്ടു ദ്വന്തങ്ങൾ ശരിക്കും ഒന്നാണ് എന്നു കാണിച്ചു തരുന്നു സിനിമ ആണ്. ഹോട്ടലിൽ നിന്ന് ജെയിമ്സ് ചെക്ക് ഔട്ട് ചെയ്യുമ്പോ തമിഴിൽ തിരുക്കുറൽ എഴുതിയിരിക്കുന്നത് കണ്ടു എന്താണ് ചോദിക്കുന്നുണ്ട്, അതിന്റെ സാരാംശം മലയാളത്തിൽ പറഞ്ഞാൽ “ഉറങ്ങുന്നത് മരണം ആണ്, ഉറക്കത്തിൽ നിന്നു എഴുന്നേക്കുന്നത് പിറവിയും” എന്നതാണ്. സിനിമയുടെ വൺ ലൈനർ ആയിട്ട് ഈ ഒരു തിരുക്കുറൽ വചനം ഉപയോഗിക്കാവുന്നത് ആണ്, മൊത്തത്തിൽ സിനിമയുടെ ഉള്ളടക്കം അത് തന്നെയാണല്ലോ.
സിനിമയുടെ ഒരു തീം ഇങ്ങനെ വളരെ വ്യത്യസ്തം എന്നു തോന്നിക്കുന്ന ദ്വന്തങ്ങൾ കാണിച്ചു തന്നു, അവ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമില്ല എന്നു സാമർത്ഥിക്കുന്നതാണ്: ക്രിസ്‌ത്യാനിറ്റി-ഹിന്ദുയിസം, മലയാളം-തമിഴ്, ആണുങ്ങൾ-പെണ്ണുങ്ങൾ, കേരളം-തമിഴ്‌നാട്(സിനിമ മൊത്തം തമിഴ്‌നാട് ആണെങ്കിലും). ഈ നാടകങ്ങൾ എല്ലാം നടക്കുന്നത് ‘ഒരിടത്താണ്’. രണ്ടു ഉച്ച മയക്കങ്ങൾക്കിടയിൽ നടക്കുന്ന ഒരു നാടകം ആണ് കഥയിൽ നടക്കുന്നത് എന്നു പറയാം, പക്ഷേ ഈ നാടകം കളിക്കുന്നത് ആരാണ്? ജെയിംസ് ആണോ? സുന്ദരത്തിന്റെ ബാധ കയറിയത് ആണോ? അതോ വേറെ ആരെങ്കിലും ആണോ? മനുഷ്യനും, മാടയും,മറുതായും, പ്രേതവും അല്ലാത്ത, ഇതിനെല്ലാം അതീതമായ ഒന്നു. സുന്ദരം ഉറങ്ങി എണീറ്റ് വീണ്ടും ജെയിംസ് ജനിക്കുമ്പോൾ ദൈവീകമായ ബാക്ക് ഗ്രൗണ്ട് സ്കോറും, പഴയ തമിഴ് സിനിമകളിൽ ദൈവത്തിന്റെ വിളയാട്ടം കാണിക്കാൻ ഉപയോഗിക്കുന്ന ഷോട്‌സ് ഒക്കെ വരുന്നുണ്ട്, മേഘങ്ങൾക്കിടയിൽ സൂര്യൻ, ഫാസ്റ്റ് ആയിട്ടുള്ള ശാസ്ത്രീയ സംഗീതം.
കള്ളു കുടിയില്ലാത്ത, പഞ്ചസാര കഴിക്കാത്ത, ആട്ടവും പാട്ടും ഇഷ്ടമില്ലാത്ത, മുണ്ട് ഉടുക്കുന്ന, പിശുക്കൻ ആയ, പള്ളിക്ക് പോകുമ്പോൾ മുറക്ക് പോകുന്ന തനി മലയാളിയായ ജയിംസ് ഏതോ ഒരിടത്ത് ഒരു ഉച്ചക്ക് ഇറങ്ങി കുടിയനായ, പിശുക്കില്ലാത്ത, ചക്കര വാരി വാരി ഇട്ടു കുടിക്കുന്ന, വിഭൂതി അണിയുന്ന, ദൈവത്തിനു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്ന, ആട്ടവും പാട്ടവും ഇഷ്ടം പോലെ ഇഷ്ടപ്പെടുന്ന തിരുക്കുറലിൽ(മഹത്തായ ശബ്ദം ആകുന്ന തമിഴിൽ) പേശുന്ന തമിഴൻ ആകുന്നത് ഇന്ത്യൻ സെൻസിബിലിറ്റിക്ക് പുതിയ കാര്യമല്ല, ഒരു യുക്തിക്കും നിരക്കാത്തത് നടക്കുന്ന അല്ലെങ്കിൽ നടക്കുമെന്നു വിശ്വസിക്കുന്ന ആളുകൾ ഏറെയുള്ള സ്ഥലം ആയത് കൊണ്ട്. സിനിമയിൽ നടന്നത് എന്താണ്, എങ്ങനെയാണ് ഇത് നടക്കുക, ഇത് ബാധയാണോ? അയാളുടെ അഭിനയം ആണോ?വല്ല മരുന്നാണോ? അതോ അതീന്ദ്രിയമായ വേറെന്തെങ്കിലും ആണോ എന്ന് നമ്മൾ യുക്തി കൊണ്ട് ഇതിനെ കീറി മുറിക്കാൻ നോക്കുന്നതിൽ യാതൊരു കാര്യവുമില്ല, കണ്ട കാഴ്ചകളിൽ, കേൾക്കുന്ന ശബ്ദങ്ങളിൽ, ആ നാടകത്തിൽ ആണ് കാതൽ ഇരിക്കുന്നത്. ഇവിടെ എടുത്തു പറയേണ്ടത് മമ്മൂക്കയുടെ തമിഴാണ്, എന്തൊരു പെർഫെക്ഷൻ ആയിരുന്നു അതിനു, ഇതൊക്കെ പുള്ളിക്ക് വലിയ കഷ്ടപ്പാടുള്ള കാര്യമല്ല എങ്കിലും സംഭവം ഗംഭീരമായിരുന്നു.
ഇനി പറയാനുള്ളത് ഇതിൽ വരുന്ന പഴയ തമിഴ് പാട്ടുകളും, തമിഴ് സിനിമകളും, തമിഴ് കാഴ്ചകളെ കുറിച്ചും ആണ്. ലിജോ തമിഴകത്തിനു എഴുതിയ ഒരു പ്രണയ ലേഖനം ആണ് ഈ സിനിമ. ശിവാജി ഗണേശൻ തൊട്ട് കമൽഹാസൻ വരെയുള്ള നടന്മാരെ ആഘോഷിക്കുന്നുണ്ട്, സീർകാഴി ഗോവിന്ദരാജൻ തൊട്ട് യേശു ദാസ് വരെയുള്ള ഗായകർ, കണ്ണദാസൻ തൊട്ട്, വാലി പോലെയുള്ള ഗാന രചയിതാക്കൾ. ഇവരക്കെല്ലാം ഉള്ള ഒരു ട്രിഭ്യൂട്ടും കൂടി ആണ് ഈ സിനിമ. പഴയ തമിഴ് സിനിമകൾ ഉൾപ്പെടുത്തിയത് എനിക്ക് വ്യക്തിപരമായി നല്ല റിലേറ്റബിൾ ആണ്, കാരണം പാലക്കാട് കൽപ്പാത്തി ഭാഗത്തൊക്കെ വീഥികളിൽ നടക്കുമ്പോൾ ഓരോ വീട്ടിൽ നിന്നും ഇങ്ങനെ ഓരോ പാട്ടുകൾ കേൾക്കാം. ഇടക്ക് രജനിയുടെ ഡയലോഗ് ആയിരിക്കുമെങ്കിൽ, ഇടക്ക് ഉണ്ണികൃഷ്ണന്റെ പാട്ട് ആയിരിക്കും കേൾക്കുന്നത്.
എടുത്തു പറയേണ്ട വേറെ ചില കാര്യങ്ങൾ ഇതിലെ ഛായാഗ്രഹണവും, സൗണ്ട് ഇഫക്ട്സും ആണ്. ഛായാഗ്രഹണം എവിടൊക്കെയോ സ്റ്റാൻലി കുബ്രിക്കിനെയും, വോങ്ങ് കാർ വായ്നേയും ഓർമ്മിപ്പിച്ചു. ബാരി ലിണ്ടനിലെ പോലെ പെയിന്റിങ് കണക്കിനുള്ള സ്റ്റിൽ ഷോട്‌സിന്റെ ബഹളം ആണ് സിനിമയിൽ. ആളുകൾ ഇരിക്കുന്നതും, കിടക്കുന്നതും ഒക്കെ കരവാജിയോടെയൊക്കെ ചില പെയിന്റിങ്ങിലെ പോലെ ആണ് യൂട്ടിലൈസ് ചെയ്തിരിക്കുന്നത്. വോങ്ങ് കാർ വായുടെ ‘ഇൻ ദി മൂഡ് ഫോർ ലവിൽ’ വിൻഡോസ് ഒക്കെ നല്ല എഫക്ടീവ് ആയിട്ട് യൂസ് ചെയ്യുന്നുണ്ട്. ഇതിൽ തമിഴ് ഫാമിലി സങ്കടത്തിൽ ഒരു വിൻഡോയിലും തൊട്ട് താഴെ മറ്റേ അറ്റത്ത് മലയാളി ഫാമിലി അതേ പോലെ ദുഃഖത്തിൽ ഇരിക്കുന്ന ഒരു ഷോട്ട് ഒക്കെ മനോഹരം ആയിരുന്നു. അതേ പോലെ സുന്ദരത്തിന്റെ ചേട്ടൻ പ്രശ്നം ഉണ്ടാക്കാൻ വരുമ്പോൾ, തമിഴ് ഭാര്യയെ മാത്രം ഐസോലേറ്റ് ചെയ്ത് ഒരു വിന്ഡോയിൽ കാണിക്കുന്നുണ്ട്, വാതിലിന്റെ അവിടെ ആളുകൾ ബഹളം വെക്കുന്നതും. വീട്ടിനുള്ളിൽ വരുന്ന വെളിച്ചത്തിന്റെ ഷോട്സും മനോഹരം ആയിരുന്നു, അങ്ങനെ ഇതിലെ ഷോട്ടുകൾ ഓരോന്നും നാടകത്തിലെ സ്റ്റിൽസ് പോലെ തോന്നിപ്പിക്കും അല്ലേൽ ഒരു പെയിന്റിങ്ങ് പോലെ. തുടക്കത്തിൽ ആളുകൾ ഈഗോ(ഐഡന്റിറ്റി:മലയാളി, തമിഴൻ) കാരണം പരസ്പരം ദുഷിക്കുന്നത് കാണാം.
മലയാളി കൂട്ടം തമിഴർ അങ്ങനെയാണ്, ഇങ്ങനെയാണ് പറയുന്നത്, ജെയിംസ് അവരുടെ ഭക്ഷണത്തെയും, വണ്ടി ഓടിക്കുന്നതിനേയും ഒക്കെ പറയുന്നുണ്ട്. പക്ഷെ തമാശ എന്താണെന്ന് വെച്ചാൽ മലയാളികൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തന്നെ ജിയോഗ്രാഫി വെച്ചു കുറ്റം പറയുന്നുണ്ട്. അവൾ ചങ്ങാനാശ്ശേരിക്കാരി അല്ലെ എന്നു പറയുന്നത്. എന്നിട്ട് ഒരു പ്രശ്നം വരുമ്പോൾ ആദ്യം ഓടുന്നതും ഒരു മലയാളി ഫാമിലി ആണ്, പക്ഷെ കരയുന്ന ജയിംസിന്റെ ഭാര്യക്ക് ആശ്വാസം പകരുന്നത് ആ നാട്ടിലെ ഒരു സ്ത്രീയാണ്. തുടക്കത്തിൽ കുറച്ച് ദേഷ്യത്തോടെ ഒക്കെ പെരുമാറുന്ന മകൾ പിന്നീട് അമ്മ പറയുന്നത് കേട്ട് അലിവ് തോന്നി ഭക്ഷണം നൽകുമ്പോൾ ആ റൂമിൽ കറന്റ് വരുന്നു, വെളിച്ചം പടരുന്നു. എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നതാണ് തോന്നുന്നു സിനിമ ഈ നാടകത്തിലൂടെ പറഞ്ഞു വെക്കുന്നത്. അതി മനോഹരമായി ലിജോ ജോസ് പെല്ലിശ്ശേരി അതു പറഞ്ഞു വെക്കുന്നുമുണ്ട്, അതിനു ഒത്തിരി നന്ദി…
ഇതൊക്കെ ചെയ്യിപ്പിച്ച ലിജോയുടെ ദൈവത്തിനും നന്ദി..