കേരളം എങ്ങനെ ; എന്തർത്ഥത്തിൽ നമ്പർ വണ്ണാകുന്നു എന്ന് ഇനിയും സംശയമുള്ളവർ വായിച്ചിരിക്കാൻ

82

അനീഷ് തൈപ്പറമ്പിൽ എഴുതുന്നു ,

കേരളം എങ്ങനെ ; എന്തർത്ഥത്തിൽ നമ്പർ വണ്ണാകുന്നു എന്നാണ് നാട്ടിലെ ചില കൊടിമൂത്ത സംഘികളുടെ ചോദ്യം.അതും സംസ്‌ഥാനാതിർത്തിയിലുള്ള ദേശീയപാത മണ്ണിട്ടുമൂടിയടച്ച് കാസർകോട്ടെ ജനങ്ങളുടെ അടിയന്തിര ചികിത്സാവശ്യങ്ങൾപോലും നിഷേധിച്ച്, മരണത്തിലേക്കു തള്ളിവിടുന്ന യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ സംഘി സർക്കാറിനെതിരെ കമാന്നൊരക്ഷരം മിണ്ടാത്തവർ ! അരീം പച്ചക്കറിയും അന്യസംസ്‌ഥാനങ്ങളിൽനിന്നല്ലേ, ജോലി അറബിതന്നെ തരേണ്ടേ , പൈസ കേന്ദ്രംതന്നെ തരേണ്ടേ എന്ന മട്ടിലൊക്കെയാണ് ഈ അസംബന്ധ വാദമുഖങ്ങൾ പുരോഗമിക്കുന്നത്…കാക്കക്കുയിൽ സിനിമയിലെ ജഗദീഷിന്റെ കഥാപാത്രത്തോട് ജയിലിൽവെച്ച് താക്കോൽസ്‌ഥാനം പറഞ്ഞുകൊടുക്കേണ്ടിവരുന്ന കൊച്ചിൻ ഹനീഫയുടെ അവസ്‌ഥയാവും ഇക്കാര്യത്തിൽ സംഘികളോട് സംവദിക്കുന്നകാര്യത്തിലും എന്നതുറപ്പ്…
ആവശ്യമായിവരുന്ന എല്ലാവിധ ഭക്ഷ്യധാന്യവസ്തുക്കളുടെയും ഉത്പാദനത്തിൽ സ്വയംപര്യാപ്തതനേടുക എന്നതുമാത്രമല്ല സുസ്‌ഥിരവികസനത്തിന്റെ സൂചിക എന്നത് ഇവർക്കുമാത്രം ബോധ്യമാവുകയില്ലല്ലോ ഒരുകാലത്തും…അല്ലെങ്കിൽത്തന്നെ ആവശ്യമായ ഭക്ഷ്യവസ്തുക്കളെല്ലാം സ്വയം ഉത്പാദിപ്പിക്കുന്ന ഏതു സംസ്‌ഥാനമുണ്ട് ഈ രാജ്യത്ത് / ഏതു രാജ്യമുണ്ട് ഈ ലോകത്ത് ? അരിയിലും പച്ചക്കറിയിലും മാത്രമൊതുങ്ങുന്നതാണോ ഭക്ഷ്യ വസ്തുക്കളുടെ ലോകം ! കേരളത്തിന് പ്രാമാണ്യമുള്ള സുഗന്ധവ്യജ്ഞനവിപണിയുൾപ്പെടെയുള്ളവ ഭക്ഷ്യവസ്തുക്കളിൽപ്പെടില്ലേ… ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളടക്കം സുഗന്ധവ്യഞ്ജനങ്ങൾക്കും നാണ്യ / തോട്ടവിളകൾക്കുമായി ഏറ്റവുമധികം ആശ്രയിക്കുന്നത് ഇന്നും കേരളത്തെത്തന്നെയല്ലേ… പിന്നെ കേരളത്തിന്റെ കാർഷികമേഖലയുടെ ചരിത്രമെടുത്താൽ ബോധ്യമാവുന്ന കാര്യം പട്ടിണിയും പരിവട്ടവുംമാത്രം ബഹുഭൂരിപക്ഷംവരുന്ന പിന്നോക്ക-ദളിത് മനുഷ്യർക്ക് സമ്മാനിച്ചിരുന്ന ഫ്യൂഡൽ – രാജഭരണ കാലങ്ങളിലെ തട്ടിക്കൂട്ട് സ്‌ഥിതിവിവരക്കണക്കുകളിൽപ്പോലും കേരളം ഭക്ഷ്യസുരക്ഷയുടെകാര്യത്തിൽ സ്വയംപര്യാപ്തമായിരുന്നില്ല എന്നതാണ്…ഭക്ഷ്യക്ഷാമത്തിന്റെ രൂക്ഷത അനുഭവിക്കേണ്ടിവന്ന 1880 കളിൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ്മക്ക് ബ്രസീലിൽനിന്നും കപ്പക്കമ്പുകൾ ഇറക്കുമതിചെയ്ത് കപ്പകൃഷി പ്രചരിപ്പിക്കേണ്ടിവന്ന അവസ്‌ഥയും രണ്ടാംലോക മഹായുദ്ധകാലത്ത് അന്നത്തെ ബർമ്മയിൽനിന്നുള്ള അരി ഇറക്കുമതി ജപ്പാന്റെ ബർമ്മ കീഴടക്കലിനെത്തുടർന്നു നിലച്ചതും ചിത്തിരതിരുനാൾ രാജാവിന് അരിക്കുപകരം കപ്പയെ പ്രോത്സാഹിപ്പിക്കേണ്ടിവന്നതുമൊക്കെ ചരിത്രത്തിലുണ്ട് മുൻകാല കേരളത്തിന്റെ കാർഷികമേഖലയുടെ നാൾവഴികളുടെ നേർചിത്രങ്ങളായി…സമതലപ്രദേശങ്ങൾ തുച്ഛമായ കേരളത്തിന്റെ ഭൂപ്രകൃതിയും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്…സഹ്യനു പടിഞ്ഞാറായി ഏതാണ്ട് കീഴ്ക്കാം തൂക്കായിക്കിടക്കുന്ന മലനാടും കുന്നിൻപ്രദേശങ്ങൾനിറഞ്ഞ ഇടനാടും ഭൂവിസ്തൃതിയുടെ ഏറിയപങ്കും കയ്യടക്കുന്ന ഈ ആധുനിക കേരളത്തെ ബൃഹത്തായ നദീതട സമതലപ്രദേശങ്ങൾ ആവോളമുള്ള ഡെക്കാൻ സംസ്‌ഥാനങ്ങളുമായോ ഗംഗാനദീതട സമതലങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരേന്ത്യൻ, ഹിന്ദി ഹൃദയഭൂമി സംസ്‌ഥാനങ്ങളുമായോ താരതമ്യംചെയ്യാൻകഴിയില്ല… ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരവുമായുള്ള ഘടകങ്ങൾ ഒരു പ്രത്യേക പ്രദേശത്തിന്റെ കാർഷികമേഖലയുടെ സവിശേഷതകൾ തീരുമാനിക്കുന്നതിൽ നിർണ്ണായകമാണ്…ഇത്തരം നിരവധി പ്രതികൂല – അനുകൂല ഘടകങ്ങളുടെ സൃഷ്ടിയായിരുന്നു സുഗന്ധദ്രവ്യ / നാണ്യവിള കൃഷികൾക്കുള്ള പ്രാമാണ്യവും നമ്മുടെ തനതായ പുരയിടകൃഷി ( Homestead farming ) പാരമ്പര്യവും…ജനസംഖ്യാ പെരുപ്പവും അഭ്യസ്തവിദ്യരുടെ കാർഷിക മേഖലയോടുള്ള ആഭിമുഖ്യക്കുറവും പ്രവാസവും ഒരു ഫെഡറൽ പരമാധികാര ജനാധിപത്യ റിപ്പബ്ളിക്കായ ഇന്ത്യയുടെ ഹരിതവിപ്ലവാനന്തര ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കലുമൊക്കെ കേരളത്തിൽ അടിസ്‌ഥാനവിളയായ നെൽകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും തുടർച്ചയായ കുറവിലേക്കും ആശങ്കകളിലേക്കുംനയിച്ചതും പരിഹാരശ്രമമായി നെൽവയൽ – തണ്ണീർത്തട സംരക്ഷണനിയമം വി.എസ്.അച്യുതാനന്ദൻ നയിച്ച മുൻ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്…സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിൽ സംഭവിച്ച കൂട്ടുകുടുംബവ്യവസ്‌ഥയുടെ തകർച്ചയും അണുകുടുംബങ്ങളുടെ വ്യാപനവും കൃഷിയിടങ്ങളുടെ വിസ്തൃതി അതിവേഗം ചുരുങ്ങുന്നതിനിടയാക്കിയ മറ്റൊരു ഘടകമാണ്. ഹരിതകേരള മിഷനടക്കമുള്ള പ്രവർത്തനങ്ങളുമായി നിലവിലെ ഇടതുസർക്കാരും തരിശുരഹിത – ഭക്ഷ്യ സ്വയംപര്യാപ്‌ത കേരളമെന്ന ദീർഘകാലലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയിലാണ്… കൃത്യതാ കൃഷി / സംരക്ഷിത കൃഷി പോലെയുള്ള ആധുനിക സങ്കേതങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയാൽ പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അനതിവിദൂരഭാവിയിൽ നമ്മുടെ സംസ്‌ഥാനത്തിന് പരാശ്രയത്വം കൈവെടിയാനായേക്കും…ലോകം മുഴുവൻ ഒരു ഗ്രാമമായി ചുരുങ്ങിവരുന്ന ; സ്വതന്ത്രവിപണികളുടെ ഈ ഇരുപത്തൊന്നാംനൂറ്റാണ്ടിലും എല്ലാം സ്വന്തമായി ഉത്പാദിപ്പിക്കുക എന്ന ഒരിക്കലും നടക്കാത്ത ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്നവരല്ല ബുദ്ധിമാന്മാർ…സ്വന്തം സാഹചര്യങ്ങൾക്കിണങ്ങുന്ന ഉത്പന്നങ്ങളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമോടൊപ്പം സ്വന്തം നാട്ടിൽ ചിലവേറിയ / ബുദ്ധിമുട്ടേറിയ ഉത്പാദനപ്രക്രിയകളും ഉത്പന്നങ്ങളും കുറഞ്ഞ മൂല്യത്തിന് ലഭ്യമാക്കുന്ന അന്യനെയും ആശ്രയിക്കാം എന്നതാണ് സമചിത്തതയുള്ള ഭരണകൂടങ്ങൾ ലോകത്തെവിടെയും നടപ്പാക്കിവരുന്നതും…നിലവിൽ പ്രഖ്യാപിത നമ്പർ വൺ ശത്രുവായ ചൈനയെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി നിരന്തരം ആശ്രയിക്കേണ്ടിവരുന്ന അമേരിക്കൻ ദുരവസ്ഥ ഇതുമായി കൂട്ടിവായിക്കാം…അവിടെയൊക്കെയാണ് സന്തുലിതമായ നയതന്ത്രബന്ധങ്ങളുടെയും സഹവർത്തിത്വത്തിന്റെ ഭാഷയുടെയും പ്രാധാന്യം ഏതു ബുദ്ധിമാനായ ഭരണാധികാരിക്കും ബോധ്യമാകേണ്ടതും…ഒറ്റയ്ക്കു മാറിനിൽക്കാൻ പറ്റിയ ഇടമേയല്ല ഇന്നത്തെ ലോകം , കൊടുക്കൽ – വാങ്ങലുകളുടെ സമരസപ്പെടലിലൂടെ വികസിക്കുന്നതാണ് ഇന്നിന്റെ നിലനിൽപ്പും രാഷ്ട്രീയവും…ഇവിടെ രാഷ്ട്രമാണ് ആദ്യം എന്നു വീമ്പിളക്കുന്നവർതന്നെ രാഷ്ട്രത്തെ പ്രദേശങ്ങളാക്കി തികച്ചും രാഷ്ട്രീയാടിസ്‌ഥാനത്തിൽക്കണ്ടുകൊണ്ട് വിദ്വേഷപ്രചാരണം സംഘടിപ്പിക്കുന്നു ! ലോകത്തെത്തന്നെ ഏറ്റവുംവലിയ തൊഴിൽദാതാവായ ഇൻഡ്യൻ റെയിൽവേയും ബിഎസ്എൻഎല്ലുമടക്കം പൊതുമേഖലാ സ്‌ഥാപനങ്ങളെയെല്ലാം സ്വകാര്യവത്കരിച്ചുകൊണ്ട് ഇന്നാട്ടിലെ സാധാരണക്കാരുടെ സർക്കാർ മേഖലയിലെ സുരക്ഷിത തൊഴിൽസാധ്യതകളെയെല്ലാം അട്ടിമറിക്കുന്ന ഒരു കേന്ദ്രസർക്കാരിനെ കണ്ണുംപൂട്ടി ന്യായീകരിക്കുന്നവർതന്നെയാണ് കേരളത്തിൽ തൊഴിലില്ല എന്നാക്ഷേപിക്കുന്നതും…അഭ്യസ്തവിദ്യരുടെ ശതമാനം ജനസംഖ്യാനുപാതികമായിത്തന്നെ ഏറ്റവുംകൂടുതലുള്ള ഇവിടെ എല്ലാവർക്കും സർക്കാർ / സ്വകാര്യമേഖലാ ജോലികിട്ടുക എന്നത് നടക്കുന്നകാര്യമല്ലെന്നതും പ്രവാസം വനവാസമല്ലെന്നതുമാണ് ഇത്തരം പൊട്ടക്കിണറ്റിലെ തവളകൾ മനസ്സിലാക്കിയിരിക്കേണ്ടതും…കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളിലേക്ക് ചേക്കേറുക എന്നതാണ് പ്രവാസമെങ്കിൽ അതിലൂടെത്തന്നെയാണ് ജനസമൂഹങ്ങൾ ലോകംകണ്ടതും, അറിഞ്ഞതും, ചിന്തകൾ മാറിമറിഞ്ഞതും, അതിരുകൾക്ക് വലിയ അർത്ഥമൊന്നുമില്ല എന്ന തിരിച്ചറിവിലെത്തിയതും…ജനിച്ചുവളർന്ന രാജ്യത്ത്, തികച്ചും മതാധിഷ്ഠിതമായ മാനദണ്ഡങ്ങൾവെച്ച് ഒരുകൂട്ടം മനുഷ്യർക്ക് പൗരത്വംനിഷേധിക്കുന്ന ഘട്ടംവരെയെത്തിനിൽക്കുന്ന ഭരണകൂടത്തിന്റെ ആരാധകർക്ക് ഇതൊന്നും മനസ്സിലാവുകയേയില്ലല്ലോ. ആഫ്രിക്കൻ രാജ്യങ്ങളിലടക്കം ബിസിനസ് ആധിപത്യമുറപ്പിച്ച ഗുജറാത്തി പ്രവാസധാരകളെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ ഏതെങ്കിലും കൂപമണ്ഡൂകങ്ങൾക്ക് ? സ്വയം സംരംഭകത്വത്തിലൂന്നിയുള്ള തൊഴിൽ സാധ്യതകളിലേക്ക് ലോകമെമ്പാടും ഉറ്റുനോക്കുമ്പോൾ ; ലോകം അക്ഷരാർത്ഥത്തിൽ ഒരു ഗ്ലോബൽ വില്ലേജായി മാറിയപ്പോൾപ്പോലും, ഇവിടെ എല്ലാവർക്കും സ്വന്തംനാട്ടിൽ ജോലികൊടുക്കാനാവുന്നില്ല എന്ന ആരോപണവുമായി പ്രവാസത്തെ അധിക്ഷേപിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയുടെ ബഹിർസ്ഫുരണമല്ലാതെ മറ്റെന്താണ് ? നിലവിലെ കേന്ദ്രസർക്കാരിന്റെതന്നെ കീഴിലുള്ള നീതി ആയോഗാണ് 2019 – 20 ലെ സുസ്‌ഥിര വികസനസൂചികകൾ പ്രകാരം കേരളമാണ് രാജ്യത്തെ ഒന്നാം നമ്പർ സംസ്‌ഥാനമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്…ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, വ്യവസായ-നൂതനത്വ-അടിസ്‌ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഈ സ്‌ഥാനലബ്ധി…ഒരു നാട്ടിലെ ജനജീവിതത്തിന്റെ ഗുണപരമായ നിലവാരത്തെയും പുരോഗതിയെയും അടയാളപ്പെടുത്തുന്നതാണ് സുസ്‌ഥിരവികസന സൂചിക…ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക അവസ്‌ഥകൾ പരിഗണിച്ചുകൊണ്ടുള്ള മാനവവികസന സൂചികയിലും കേരളത്തിന് ഇന്ത്യയിൽ ഒന്നാം സ്‌ഥാനത്തെത്താനായത് വേണ്ടതെല്ലാം ഉത്പാദിപ്പിച്ചുകൊണ്ടോ എല്ലാവർക്കും സംസ്‌ഥാനത്തിനുള്ളിൽത്തന്നെ തൊഴിലുറപ്പാക്കിക്കൊണ്ടോ അല്ല… മാറിവരുന്ന ലോകസാഹചര്യങ്ങൾക്കനുസൃതമായി സ്വയംനവീകരിക്കാൻശേഷിയുള്ള കുറെയധികം മനുഷ്യരെ സൃഷ്ടിച്ചുകൊണ്ടും സാമൂഹ്യ-സാമ്പത്തിക അവസ്‌ഥകളിലെ ഉച്ചനീചത്വങ്ങളെ വർദ്ധിച്ച സ്വീകാര്യതയുള്ള പുരോഗമനാശയങ്ങളുടെ പിൻബലത്തിൽ ഒരുപരിധിവരെ ഇല്ലാതാക്കിക്കൊണ്ടുമാണ്…വേണ്ടതെല്ലാം ഉത്പാദിപ്പിക്കുന്നില്ലെങ്കിലും, ലോകത്തെ ഏറ്റവും അഴിമതികുറഞ്ഞ ; സന്തുഷ്ടരായ ജനങ്ങൾകഴിയുന്ന ; സുസ്‌ഥിരവികസനത്തിലും ലിംഗസമത്വത്തിലും മുൻപന്തിയിലുള്ള ഫിൻലണ്ടും നോർവേയുമടക്കമുള്ള സ്‌കാൻഡിനേവിയൻ രാജ്യങ്ങളെയാണ് ഈ കൊച്ചുകേരളം മാതൃകയാക്കുന്നത്…
സബ്‌-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങൾക്കുതുല്യമായ സമൂഹ്യവികസനനിലവാരംമാത്രംകാത്തുസൂക്ഷിക്കുന്ന സംഘി ശക്തികേന്ദ്രങ്ങളായ ബിമാരു ( BIMARU – Bihar, Madhya Pradesh, Rajasthan & UP ) സംസ്‌ഥാനങ്ങളെയല്ല !

Advertisements