ടൈറ്റാനിക് തകരാന്‍ കാരണം മഞ്ഞുമലയല്ല ? ഒരു അറിയാക്കഥ !

685

എഴുതിയത് : Anish Tharayil

ടൈറ്റാനിക് : ഒരു അറിയാക്കഥ

ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദത്തോടെ നിര്‍മ്മിക്കപ്പെട്ട ആഡംബരക്കപ്പല്‍ ടൈറ്റാനികിന് സംഭവിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. 1912 ഏപ്രില്‍ പത്തിന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നും യാത്ര തുടങ്ങിയ കപ്പല്‍ നാല് ദിവസത്തിന് ശേഷം അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നു. ടൈറ്റാനിക് ദുരന്തം സംബന്ധിച്ച് നടന്ന അന്വേഷണങ്ങളിലെല്ലാം മഞ്ഞുമലയാണ് ദുരന്തത്തിന് കാരണമായത് എന്നാണ് കണ്ടെത്തൽ വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ദുരന്തം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ടൈറ്റാനിക് തകരാന്‍ കാരണം മഞ്ഞുമലയല്ല. കപ്പലിന്റെ ബോയിലര്‍ മുറിയിലുണ്ടായ തീപിടുത്തമാണ് ടൈറ്റാനിക് മുങ്ങാന്‍ കാരണമായത് എന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ടൈറ്റാനിക് ദുരന്തം പ്രമേയമാക്കി പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ് പുതിയ വെളിപ്പെടുത്തലുള്ളത്. കപ്പലിലെ കല്‍ക്കരി കത്തിക്കുന്ന കോള്‍ബങ്കറിലുണ്ടായ തീപിടുത്തമാണ് അപകടത്തിന് കാരണമായത് എന്നാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്.

Image result for titanicഐറിഷ് മാധ്യമപ്രവര്‍ത്തകനായ സെനന്‍ മൊലോനിയുടെ ടൈറ്റാനിക്: ദി ന്യൂ എവിഡന്‍സ് എന്ന ഡോക്യുമെന്ററിയാണ് ടൈറ്റാനിക് ദുരന്തത്തെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ചാനല്‍ 4 പുതുവല്‍സര ദിനത്തിലാണ് ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.

ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച് ഏറെ നാള്‍ അന്വേഷണവും ഗവേഷണവും നടത്തിയാണ് സെനന്‍ ഈ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നീണ്ട മുപ്പത് വര്‍ഷത്തെ പഠനമാണ് ഈ ചിത്രത്തിന് പിറകിലുള്ളത്.

1912 ഏപ്രില്‍ 15നാണ് കന്നിയാത്രയില്‍ തന്നെ ടൈറ്റാനിക് തകര്‍ന്നത്. കപ്പലിന്റെ കോള്‍ബങ്കറിലുണ്ടായ തീപിടുത്തം പ്രധാന ബോഡിയെ ദുര്‍ബലമാക്കി. എന്നാല്‍ അതേസമയം തന്നെ സമുദ്രത്തിലെ ഭീമമായ മഞ്ഞുമലയില്‍ കപ്പല്‍ ഇടിക്കുകയും ചെയ്തിരുന്നുവത്രേ.

മഞ്ഞുമലയില്‍ ഇടിച്ചുവെങ്കിലും കപ്പല്‍ തകരാനും മുങ്ങാനുമുള്ള യഥാര്‍ത്ഥകാരണം കപ്പലിനകത്തുണ്ടായ തീപിടുത്തം തന്നെയാണെന്നാണ് സെനന്‍ പറയുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങളില്‍ തീപിടിച്ചതിന്റെതായ കറുത്ത പാടുകള്‍ കണ്ടെത്തിയത് തന്റെ വാദത്തെ ശരിവെയ്ക്കുന്നതാണ് എന്നാണ് സെനന്‍ അവകാശപ്പെടുന്നത്

Image result for titanicസതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ബെല്‍ഫാസ്റ്റ് ഷിപ്പ് യാര്‍ഡില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് കപ്പലിനകത്ത് തീപിടിച്ചത്. എന്നാല്‍ കപ്പല്‍ ജീവനക്കാരുടെ അനാസ്ഥമൂലമാണ് ആ തീപിടുത്തം ശ്രദ്ധയില്‍പ്പെടാതെ പോയതെന്നാണ് ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നത്.

കപ്പലിന്റെ സ്റ്റീല്‍ ബോഡിക്ക് കടുത്ത താപം താങ്ങാനുള്ള ശേഷി ഇല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന താപനിലയില്‍ സ്‌ററീലിന്റെ കരുത്ത് 75 ശതമാനത്തോളം ദുര്‍ബലപ്പെടുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ടൈറ്റാനിക് ഏപ്രില്‍ 10ന് തന്നെ പുറപ്പെടണമെന്ന കമ്പനിയുടെ തീരുമാനം മൂലം തീപിടുത്തം മറച്ചുവെക്കപ്പെട്ടു എന്നും സെനന്‍ ആരോപിക്കുന്നു.

ടൈറ്റാനിക് ദുരന്തം ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. 1912 മെയ് 12ന് തുടങ്ങിയ അന്വേഷണം വേണ്ടത്ര ഗൗരവത്തിലായിരുന്നില്ല എന്നാണ് സെനന്‍ ആരോപിക്കുന്നത്. തീപിടുത്തത്തിന്റെ സാധ്യത അന്ന് ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഗൗരവത്തിലെടുത്തില്ല.

ഇംഗ്ലണ്ടിലെ വൈറ്റ് സ്റ്റാര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2228 പേരില്‍ 705 പേര്‍ മാത്രമായിരുന്ന രക്ഷപ്പെട്ടത്. ബാക്കിയുള്ളവര്‍ കപ്പലിനൊപ്പം 12000 അടി താഴ്ചയില്‍ നിദ്ര പ്രാപിച്ചു.

ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുളള ശ്രമങ്ങള്‍ ആദ്യകാലത്ത് ഫലം കണ്ടില്ല. 1985ലാണ് മുങ്ങിയ ഇടത്ത് നിന്നും 25 മൈല്‍ അകലെ ടൈറ്റാനിക് കണ്ടെത്തിയത്. അന്ന് കണ്ടെത്തിയ ചില അവശിഷ്ടങ്ങള്‍ ലിവര്‍പൂളിലെ മറൈന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.