ഡൽഹി കലാപം; ചന്ദ്രശേഖർ ആസാദിന് അത്രയെങ്കിലും ചെയ്യാമായിരുന്നു

118

Anjali Ganga Prathap

ഡൽഹി കലാപത്തിന്റെ തുടക്കം പരിശോധിക്കുകയാണെങ്കിൽ, ഫെബ്രുവരി 23ന്‌ ഭീം ആർമി ഭാരത്‌ ബന്ദ്‌ പ്രഖ്യാപിച്ചതിന്‌ ഐക്യദാർഢ്യമറിയിച്ച് 23 ഫെബ്രുവരി രാത്രി ഒരു മണിക്ക്‌ ജഫ്രാബാദിൽ, സ്‌ത്രീകൾ ഷഹീൻ ബാഗ്‌ സമരത്തിന്റെ മാതൃകയിൽ റോഡ്‌ ഉപരോധിക്കുന്നു. ഇതിന്റെ ഭാഗമായി
മെട്രോ സ്‌റ്റേഷനും അടച്ചിടുന്നു. സമാധാനമായി സമരം ചെയ്തവരെ ലാത്തിച്ചാർജ്ജ്‌ നീക്കാൻ പൊലീസ്‌ ശ്രമിച്ചു.  അതേ ദിവസം, കപിൽ മിശ്ര പൗരത്വ ഭേദഗതി അനുകൂല റാലിയിൽ മൂന്നു ദിവസത്തിനകം സമരക്കാരെ ഒഴിപ്പിക്കണമെന്നും ഇല്ലെങ്കിൽ അവരെ ബിജെപി നിർബന്ധിതമായി ഒഴിപ്പിക്കുമെന്നും ഭീഷണി മുഴക്കുന്നു. ഡിസിപി തങ്ങൾക്ക്‌ ഒപ്പമാണെന്ന്‌ പ്രഖ്യപിക്കുന്നു. ഈ പ്രസംഗത്തെത്തുടർന്ന്‌ സിഎഎ പ്രതിഷേധക്കാരും അനുകൂലികളും ഏറ്റുമുട്ടി. ബാക്കിയുള്ള വിവരങ്ങൾ നമ്മൾ ഇന്നുവരെ വായിച്ചുവന്ന കാര്യങ്ങൾ തന്നെയാണ്‌. ഇന്ന്‌ മരണം 34 എത്തി നിൽക്കുന്നു.

ലഹള തുടങ്ങിയതിനു രണ്ടുദിവസത്തിനു ശേഷമാണ്‌ പ്രധാനമന്ത്രി പ്രതികരിച്ചത്‌. ട്രംപിനെ അമേരിക്കയ്ക്ക്‌ കയറ്റി വിട്ടതിനു ശേഷം. അതായത്‌ ഫെബ്രുവരി 26ന്. അമിത്‌ ഷാ, അജിത്‌ ഡോവലിനെ കാര്യങ്ങൾ നേരിട്ട്‌ മനസ്സിലാക്കാൻ നിയോഗിക്കുന്നു. ലഹള തുടങ്ങി 48 മണിക്കൂറിനു ശേഷം മാത്രമാണ്‌ അരവിന്ദ്‌ കെജ്‌രിവാൾ കോടതി ഉത്തരവിനോട്‌ അനുബന്ധിച്ച്‌ എംഎൽഎമാരുമായി യോഗം വിളിക്കുന്നത്‌. അതിനു ശേഷം ഇന്ന് മരിച്ചവർക്ക്‌ 10 ലക്ഷം രൂപ സഹായം. കൊന്നിട്ട്‌ ജീവന്‌ വിലയിടുന്ന രാഷ്‌ട്രീയം.

ഇനി ആസാദിലേക്ക്‌ വരാം. എനിക്ക്‌ ചന്ദ്രശേഖർ ആസാദിനോടോ അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാടുകളോടോ യാതൊരു വിരോധവുമില്ല. ദളിത്‌ –മുസ്ലീം ഐക്യം ഉയർത്തിപ്പിടിച്ച്‌ രാഷ്‌ട്രീയം സംസാരിക്കുന്ന ആസാദ്‌, ഡൽഹിയിൽ ഇത്രയും സങ്കീർണമായ പ്രശ്‌നം നടക്കുമ്പോൾ സംഘർഷ ബാധിത പ്രദേശത്തു കൂടി റാലി നടത്തണമെന്നൊന്നും ആരും പറയുന്നില്ല. ലഹളയെ അതിജീവിച്ച മനുഷ്യർക്ക്‌ വൈദ്യസഹായം നടത്തുന്നതിൽ നിന്ന്‌ ആസാദിന്‌ കോടതി വിലക്കുണ്ടായിരുന്നുവെന്നും തോന്നുന്നില്ല.

കാരണം ജനുവരി 15നു നാലാഴ്‌ച ഡൽഹിയിലേക്കുള്ള യാത്ര വിലക്കിയിരുന്നുവെങ്കിലും ജാമ്യാ ഉപാധികൾ ജനുവരി 21നു കോടതി പരിഷ്കരിച്ചിരുന്നു. കാമിനി ലാവോ പറഞ്ഞത് ഞാൻ ഒരിക്കലും ആസാദിനെ ഡൽഹിയിൽ എത്തുന്നതിനോ സഞ്ചരിക്കുന്നതിനോ വിലക്കിയിട്ടില്ല എന്നാണ്. ആസാദിന് സാമൂഹ്യ, മതാധിഷ്ഠമായ, രാഷ്ട്രീയമായ ഏതു പരിപാടികളിലും ഏർപ്പെടാമെന്നും പുതുക്കിയ ജാമ്യോപാധികളിൽ പറയുന്നു. അപ്പോൾ, കലാപത്തിന്‌ ഇരയായവരെ സന്ദർശിക്കുകയെങ്കിലും ചെയ്യാം. പക്ഷേ ഇവിടെയൊന്നും ആസാദിനെ കണ്ടില്ല. കലാപത്തിൽ ഇരയായവർക്ക്‌ ധാർമ്മിക പിന്തുണയെങ്കിലും കൊടുക്കേണ്ട ബാധ്യത ആസാദിനുണ്ടെന്ന്‌ തോന്നുന്നു.

ഒരു ദളിത്‌ നേതാവിനെ രാഷ്‌ട്രീയം പഠിപ്പിക്കുവല്ല. അതിനർഹതയുമില്ല.
ചില സമയങ്ങളിൽ ഒരു നേതാവിൽ നിന്നും പ്രതീക്ഷിച്ച ചില കാര്യങ്ങൾ മാത്രമാണിത്‌. ഇതു പറഞ്ഞതുകൊണ്ട്‌ ദളിത്‌ വിരുദ്ധ പട്ടം ചാർത്തി കിട്ടിയാലും പ്രശ്‌നമില്ല. സംഘർഷസാധ്യത കെട്ടടങ്ങിയിട്ട്‌ സന്ദർശനം നടത്തുന്നതിന്റെ പൊരുൾ മനസ്സിലാകാഞ്ഞിട്ടാണ്‌. ഡൽഹിയിൽ നോട്ടയ്ക്കും പിറകിൽ വോട്ട്‌ കിട്ടിയ സിപിഐ എം ഈ സമയങ്ങളിൽ വൈദ്യസഹായത്തിന്‌ മുൻകൈയെടുത്തും, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചും ഡൽഹിയിൽ തന്നെയുണ്ടായിരുന്നു. ഡൽഹി പൊലീസിനേയും കേന്ദ്ര സേനയേയും വെല്ലുവിളിച്ച്‌ ഡൽഹി ജുമാ മസ്‌ജിദിൽ പതിനായിരക്കണക്കിന്‌ മുസ്ലീങ്ങളെ സംഘടിപ്പിക്കാൻ പ്രേരിപ്പിച്ച ആസാദിന്‌ ഇത്രയെങ്കിലും ചെയ്യാമായിരുന്നു എന്ന്‌ മാത്രം.