മലയാള സിനിമയിലെ ചില ജനലുകൾ

0
186

Anjali Neeraj

മലയാള സിനിമയിലെ ചില ജനലുകൾ

എന്നെങ്കിലും വല്ലാണ്ടങ്ങു ഇരുട്ടിയാലും ഒരു നേർത്ത വെളിച്ചത്തിന്റെ കീറെത്തുവാൻ വേണ്ടി തുറന്ന് വെക്കുന്ന ജനൽപാളി പോലെ ചില ബന്ധങ്ങൾ ഉണ്ട്..അപരിചിതമല്ലാത്ത ഒരു നിശബ്ദത തന്നു സമാധാനിപ്പിക്കുന്ന ചിലർ…

May be an image of 8 people, people standing, outdoors and text1. പ്രണയം – അച്യുത മേനോൻ
ഒരിക്കൽ വാതിൽ കൊട്ടിയടച്ചിട്ടു നീങ്ങിപോയ ഗ്രേസിനെ മേനോൻ കാണുന്നയിടത്തു വെച്ചാണ് ഒരു ജനവാതിൽ തുറന്നു തന്നെ ഉണ്ടായിരുന്നത് അവരിരുവരും അറിയുന്നത്… മറ്റാർക്കും മനസ്സിലാവാത്ത ഒരു പക്ഷെ മാത്യൂവിനു മാത്രം ഉൾകൊള്ളാൻ സാധിച്ച ഒരു ഭംഗിയുള്ള ബന്ധം.. അതിനെ ജഡ്ജ് ചെയ്യാൻ ആരൊക്കെ ശ്രമിച്ചാലും അവർ അത് തുടരുക തന്നെ ചെയ്യുമായിരുന്നു.. കാരണം ആ ബന്ധം ഏറ്റവും ആവശ്യം മാത്യുവിനായിരുന്നു എന്നാണെനിക്ക് എനിക്ക് തോന്നുന്നത്.. നിഴലുപോലെ നടക്കുന്നവളുടെ കുറെയേറെ നിറമുള്ളൊരു വശമായിരുന്നു മേനോൻ.. അത് മാത്യു മനസിലാക്കിയപ്പോലെ ആർക്കും മനസിലാവുകയുമില്ല..

 1. രാമന്റെ ഏദൻ തോട്ടം – രാമൻ
  മാലിനി നീക്കി നീക്കി വെക്കുന്നതൊക്കെയും അവളുടെ ഇഷ്ടങ്ങളാണെന്നു അവൾ തിരിച്ചറിയുന്നത് രാമന്റെ ജനലിലൂടെ അവളെ അവൾ തന്നെ നോക്കി കാണുമ്പോഴാണ്. രാമൻ അവൾക്ക് ആരുമല്ലായിരുന്നു എന്നെനിക്കു തോന്നാറുണ്ട്.. ഇഷ്ടങ്ങൾക്കു നേരെ കൊട്ടിയടച്ച വാതിലിനു അപ്പുറത്തുള്ള വെളിച്ചത്തെ കുറിച്ച് ആരു പറഞ്ഞു കൊടുത്താലും മാലിനി ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു.. കഥയിൽ രാമൻ ആയിരുന്നെങ്കിൽ പല ജീവിതത്തിലും അത് ആരൊക്കെയോ ആവാം..
 2. തൂവാനത്തുമ്പികൾ – ജയകൃഷ്ണൻ
  ക്ലാരയുടെ ജനവാതിൽ തന്നെയായിരുന്നു ജയകൃഷ്ണൻ.. അവൾക്കോടി വരണമെന്ന് തോന്നുമ്പോളെല്ലാം ആ ചതുരപ്പാളികൾ തുറന്ന് തന്നെ കിടക്കണമെന്നവൾ അഗ്രഹിച്ചുകൊണ്ടേ ഇരുന്നിരിക്കണം. ചിലപ്പോൾ നമ്മൾ കണ്ട അവരുടെ അവസാന കൂടിക്കാഴ്ചക്ക് ശേഷവും അവൾ ഓടിവന്ന് അഴികൾക്കു പിന്നിൽ നിന്ന് ശ്വാസം ഉള്ളിലേക്കെടുത്തു പിന്നീട് തിരിച്ചും ഓടിയിട്ടുണ്ടാകും. ഇനിയെന്ത് എന്നറിയാതെ നിൽക്കുന്ന സമയത്താണ് ക്ലാര ജയകൃഷ്ണനെ കാണുന്നത്. അയാൾ ഒരു വാതിലോളം പോന്ന ജീവിതം തുറക്കാൻ തയ്യാറായിരുന്നെങ്കിലും ക്ലാര ആയിരുന്നു ശരി. ചിലർ ജനൽപാളികൾ ആവുന്നതാണ് നല്ലതെന്ന ശരി…

 3. ഇന്നലെ – ശരത് മേനോൻ
  പഴയതെല്ലാം മറന്നു പോയ ഗൗരി. എത്ര എളുപ്പത്തിൽ ഒരു വരിയിൽ ഒതുക്കി അവളെ. സത്യത്തിൽ ഇഷ്ടപെട്ട ഒരു പാട്ടിന്റെ വരി പെട്ടെന്ന് ഓർമയിൽ വരാതിരുന്നാൽ തലകുടഞ്ഞു അസ്വസ്ഥരാവുന്ന നമുക്ക്‌ ഗൗരിയുടെ വേദന ചിന്തിക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കുന്നതിനാലാവും. അവളുടെ ഓർമവാതിൽ കാറ്റത്തടയുന്ന ശബ്ദം നമ്മളൊക്കെ കേട്ടതാണ്. അവിടെയായിരുന്നു ശരത് വന്നത്. ഒരു പാളിയുള്ള ജനൽവാതിൽ അവിടെയുണ്ടെന്ന് അവളെയും നമ്മളെയും കാണിച്ചു തന്നുകൊണ്ട്. അവളപ്പോൾ ജനിച്ച കുട്ടി ആയിരുന്നു.. ആദ്യമായി വെളിച്ചം കാണുന്ന, ആൾക്കാരെ കാണുന്ന ഒരു കുട്ടി. മായ എന്നയാൾ അവൾക്ക് പേരിട്ടു. ആകാശം കൊടുത്തു. ആ ക്യാൻവാസിൽ ഒരു വീട് കൂടി വരച്ചിട്ടു. നരേന്ദ്രൻ വന്നു പോകുന്നത് വരെയും ഞാൻ ആഗ്രഹിച്ചത് അവൾ ഈ ജനലോരം തന്നെ നിൽക്കണേയെന്നു തന്നെയായിരുന്നു..

 4. വരനെ ആവശ്യമുണ്ട് – മേജർ ഉണ്ണിക്കൃഷ്ണൻ
  നീനയുടെ ആവശ്യമായിരുന്നു സ്നേഹിക്കപെടണമെന്നത്. കഥയിലുടനീളം പ്രണയത്തെ രോഗമായും തമാശയായും അത്ഭുതമായും ഒക്കെ കാണിച്ചുകൊണ്ടേയിരുന്നെങ്കിലും, അതൊന്നുമല്ല അതൊരു ആവശ്യം തന്നെയായിരുന്നു എന്നതാണ് സത്യം. ആ സ്ത്രീയൊരു മുറിയായിരുന്നു. വാതിലുകളേയില്ലാത്ത, മച്ചിൽ നിന്നു വീഴുന്ന കുറെ കുറെ വെളിച്ചതുള്ളികൾ ഉള്ളൊരു മുറി. അവൾക്ക് ചുറ്റുമുള്ള കുറേയേറെ കുഞ്ഞു കുഞ്ഞു നിഴൽ വൃത്തങ്ങൾ തീരെ പോര എന്ന് നമുക്ക് തന്നെ തോന്നിതുടങ്ങിയിരുന്നപ്പോൾ ആണ് ഉണ്ണിക്കൃഷ്ണന്റെ വരവ്. ആ ജനൽ അവൾക്ക് ആവശ്യമായിരുന്നു. അതിന്റെ അഴിയിൽ പിടിച്ചുകൊണ്ട് ആണ് നിഖിതയെ എത്ര മാത്രം സ്നേഹിക്കുന്നു എന്നവൾക്ക് പറയാൻ പറ്റുന്നത്.. ഒന്നും മിണ്ടാതെ കെട്ടിരിക്കുന്ന അയാളുടെ മുന്നിലിരുന്നു കരയുന്ന നീന പിന്നീട് ചിരിക്കുന്നുമുണ്ട്. കാണാൻ എന്തൊരു ഭംഗിയാണ്..

പ്രണയമേ അല്ലെന്നു തോന്നിപ്പിക്കുന്ന ചില ബന്ധങ്ങൾ. പ്രണയം മാത്രമേയുള്ളെന്നു തോന്നിപ്പിക്കുന്നവർ. എല്ലാത്തിലും ചിലർ ജനൽപാളികൾ പോലെയാണ്.. ഒക്കെ പാകത്തിന് മാത്രം കിട്ടുന്ന ചതുരങ്ങൾ.. കാറ്റും വെളിച്ചവും കാഴ്ചയും ഒക്കെ.. അത്രമേൽ അത്യാവശ്യമുള്ളപ്പോൾ അവശ്യത്തിനു കിട്ടുന്നതിനും എന്തൊരു ഭംഗിയാണ്.. ആശ്വാസമാണ്..