ഇന്ത്യക്കാരെ വീട്ടിൽ കയറ്റാത്ത അയൽക്കാരെ ആണ് അയൽരാജ്യത്തു നിങ്ങളുടെ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നതെങ്കിൽ എന്താകുമായിരുന്നു ?

0
150

Anjana Ramesh

ജാതിയും സംവരണവും 

പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ആണ്. എന്റെ ഒരു ഫ്രണ്ടിന്റെ ബന്ധുവിന് എന്നെ കല്യാണം കഴിക്കണം. കക്ഷി എന്നെ കണ്ടു ബോധിച്ചു..വളരെ ഇഷ്ടമായി. ..കെട്ടുന്നെങ്കിൽ എന്നെയേ കെട്ടൂ ..വീട്ടുകാരുമായി സംസാരിക്കാം എന്നൊക്കെ വരെ ആയി…രണ്ടു ദിവസം കഴിഞ്ഞു കൂട്ടുകാരി പരുങ്ങിപ്പരുങ്ങി ജാതി ചോദിച്ചു . എന്റെ ജാതി കേട്ടതും ആൾ വല്ലാണ്ട് വിളറി വെളുത്തു …ആ വിവാഹ ആലോചനയെ കുറിച്ച് ഞാൻ പിന്നെ കേട്ടിട്ടില്ല

ഈ ചെക്കനെ ഞാൻ കണ്ടിട്ട് പോലും ഇല്ല.. അതിനു മുൻപ് തന്നെ അയാൾ എന്നെ വിവാഹം ചെയ്യും എന്ന് ഉറപ്പിച്ചു. എന്റെ ജാതി അറിഞ്ഞതും എന്നെ reject ചെയ്യുകയും ചെയ്തു. ഇതേ അനുഭവം പിന്നീട് പലതവണ ആവർത്തിച്ചു. .ഡിഗ്രിക്ക് പഠിച്ചപ്പോൾ, NET ന്റെ കോച്ചിങ്ങിനു പോയപ്പോൾ, IIT മദ്രാസിൽ വെച്ച് രണ്ടോ മൂന്നോ തവണ ..അങ്ങനെ അങ്ങനെ …

ഇതിപ്പോൾ എന്താ അത്ര കുഴപ്പം ആണോ എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. അങ്ങനെ ചിന്തിക്കുന്നവർക്ക് മനസിലാകാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഇപ്പോൾ യൂറോപ്പിലോ അമേരിക്കയിലോ പോകുന്നു എന്ന് കരുതുക. നിങ്ങൾ നിങ്ങളുടെ വീട്ടിൽ സമാധാനമായി ഇരിക്കുമ്പോൾ നിങ്ങളുടെ അയൽക്കാരൻ വന്നു ഡിന്നറിനു ക്ഷണിക്കുന്നു. നിർബന്ധമായും പോകണം എന്ന് തന്നെ പറയുന്നു. മര്യാദയുടെ പുറത്തു നിങ്ങൾ ക്ഷണം സ്വീകരിച്ചു ഡിന്നറിനു പോകുന്നു. അപ്പോൾ നിങ്ങളെ കുടുംബസമേതം അവർ സ്വീകരിക്കുന്നു. എന്നിട്ട് പതിയെ നിങ്ങളുടെ രാജ്യം ഏതാണെന്നു ചോദിക്കുന്നു. ഇന്ത്യ എന്ന് പറയുമ്പോൾ അവർക്ക് അതൊരു ഷോക്ക് ആകുന്നു. നിങ്ങളെ കണ്ടിട്ട് ഇന്ത്യൻ ആയി തോന്നാത്തത് കൊണ്ടാണ് ഡിന്നറിനു ക്ഷണിച്ചത് എന്നും ഞങ്ങൾ ഇന്ത്യക്കാരെ വീട്ടിൽ കയറ്റില്ല എന്നും പറയുന്നു. നിങ്ങൾ ഉടനെ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്നു…രണ്ടു ദിവസം കഴിയുമ്പോൾ അടുത്ത അയൽക്കാരൻ വരുന്നു ..നിങ്ങൾ പോകുന്നിടത്ത് എല്ലാം ഇതിങ്ങനെ ആവർത്തിച്ച് കൊണ്ടേ ഇരിക്കുന്നു …എന്താകും നിങ്ങൾക്ക് തോന്നുക?

അത്യാവശ്യം കുഴപ്പമില്ലാത്ത സാമ്പത്തിക ചുറ്റുപാടിൽ ജനിച്ചു വളർന്ന പിന്നോക്ക ജാതിയിൽപ്പെട്ട എനിക്ക് കേരളത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ എഴുതിയത്. സാമ്പത്തിക സ്ഥിതി ഇത്തിരി കുറഞ്ഞാലോ ജാതി പിന്നോക്കം മാറി ദളിത് ആയാലോ അവസ്ഥ ഇതിലും ഭീകരം ആയിരിക്കും. ഒരു തവണ പോലും സംവരണ ആനുകൂല്യം നേടിയ ആൾ അല്ല ഞാൻ. എങ്കിലും മലയാളി കമ്മ്യുണിറ്റികളിൽ എന്റെ ഒരു മെറിറ്റും എന്റെ ജാതിയുടെ മുകളിൽ ഇത് വരെ വന്നിട്ടില്ല എന്നതാണ് അനുഭവം (IIT കളിലെ മലയാളി കമ്മ്യുണിറ്റികളിൽ ഉൾപ്പെടെ). ഇനി എനിക്ക് നോബൽ പ്രൈസ് കിട്ടിയാലും സാധാരണ ചോത്തിയിൽ നിന്ന് നോബൽ പ്രൈസ് കിട്ടിയ ചോത്തിയിലേക്കുള്ള അപ്‌ഗ്രേഡിങ് മാത്രമേ നടക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ആണ് സംവരണ വിരുദ്ധ ചർച്ചകൾ എന്ത് മാത്രം എതിർക്കപ്പെടേണ്ടതാണ് എന്ന് ചിന്തിക്കേണ്ടത്. ജാതി നിലനിൽക്കുന്നത് കൊണ്ടാണ് സംവരണം വേണ്ടി വരുന്നത്, അല്ലാതെ തിരിച്ചല്ല. സംവരണം എടുത്തു മാറ്റിയാൽ ജാതി വ്യവസ്ഥ മാറില്ല, കൂടുതൽ ശക്തി പ്രാപിക്കുകയേ ഉള്ളൂ.

NB: Caste matters എന്ന പുസ്തകം ഞാൻ വായിച്ചിട്ടില്ല