സാർവ്വലൗകിക ഭാഷയായ ഇംഗ്ലീഷിനൊപ്പം നിൽക്കാൻ മാത്രമാണ് ‘മലയാളം’ അവസരം ചോദിക്കുന്നത്

234

എഴുതിയത് : ഡോ.അഞ്ജന വി.ആർ

എന്തൊരു ഗതികേടാണിത്. മലയാള ഐക്യവേദി ഒരിക്കലും അന്യഭാഷകളെ ഇകഴ്ത്തി പ്രസ്താവനകൾ ഇറക്കീട്ടില്ല. ഭാഷാ ഭ്രാന്തില്ല ഭാഷാ സ്നേഹമേയുള്ളൂ.  KAS പരീക്ഷകളുടെ ചോദ്യപ്പേപ്പർ മലയാളത്തിൽ കൂടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.. ആ ‘കൂടി’ യെ ഒഴിവാക്കുന്നതാരാണ്?

മലയാളത്തിനൊപ്പം ഇംഗ്ലീഷും തുല്യ പ്രാധാന്യത്തോടെ പഠിക്കണം എന്നാണ്…
ഇംഗ്ലീഷിനെ അവഗണിക്കലല്ല… ലക്ഷ്യം.

സോഷ്യൽ മീഡിയയിലെ സജീവ എഴുത്തുകാരും ചില പത്രപ്രവർത്തകരും എന്തിന് മലയാളം അദ്ധ്യാപകർ പോലും ഇതിനെ ഭാഷാ ഭ്രാന്തായി കാണുന്നതിനോട് പൂർണ്ണമായി വിയോജിക്കുന്നു..

‘മലയാളം മീഡിയംകാരും മലയാളം വാധ്യാർ മാരും ആവേശം മൂത്ത് നടത്തുന്നതാണിത്’ എന്നൊക്കെയുള്ള അഭിപ്രായങ്ങളോട് ഒരു ലോഡ് പുച്ഛം മാത്രം..

ചിലർ മലയാളം മീഡിയത്തിൽ പഠിച്ച് ഇംഗ്ലീഷ് ഒരക്ഷരം പോലും സ്വന്തമായി പറയാനറിയാതിരുന്നിട്ടും സ്വപ്രയത്നം കൊണ്ട് ഇംഗ്ലീഷ് പഠിച്ചെടുത്ത കഥ പറഞ്ഞ് പുളകം കൊണ്ടിട്ട് പറഞ്ഞു വരുന്നത് ഇംഗ്ലീഷ് ചോദ്യപേപ്പറിലേക്ക് തന്നെയാണ്..

മറ്റു ചിലർ അതിലാണ് തമാശ..
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പണ്ട് സാങ്കേതിക ശബദാവലികൾ മലയാളത്തിൽ തയ്യാറാക്കിയതിലെ സംസ്കൃതഭ്രമമുള്ള വാക്കുകളെ തേടിപ്പിടിച്ച് വന്നിട്ടുണ്ട്.. ക്വഥനാങ്കം,ആവേഗം, തരുണാസ്ഥി, ആഗ്നേയ ശില ഇങ്ങനെ ഒരു ലിസ്റ്റ് തന്നെയുണ്ട്..
നിങ്ങളൊക്കെ ഇപ്പൊഴും ഭാഷാമേൻമയിൽ തന്നെയാണല്ലേ..
(ഇവർ തന്നെ നവംബർ ഒന്നാകുമ്പോൾ ഏതെങ്കിലും സാംസ്കാരിക കൂട്ടായ്മയിൽ ചെന്ന് മലയാളത്തിന്റെ മാധുര്യത്തെയും മലയാള പഠനത്തിന്റെ പ്രസക്തിയേയും പറ്റി വാതോരാതെ പ്രസംഗിക്കുന്നതും കാണാം)

ആശയങ്ങളും അറിവുകളുമല്ലേ വലുത്. അത് പ്രകടിപ്പിക്കുന്നതിനുള്ള മാധ്യമമല്ലേ ‘ഭാഷ’.
സങ്കേതികശബ്ദങ്ങൾ പ്രചുരപ്രചാരം നേടിയവ അത് ഏത് ഭാഷയിലെ ആയാലും ഉപയോഗിക്കാം അവ മലയാളം, ഇംഗ്ലീഷ് ലിപികളിൽ എഴുതി അവതരിപ്പിക്കാം എന്നാണ് ഇക്കാര്യത്തിൽ ഞാൻ മനസിലാക്കിയിട്ടുള്ളത്..
അല്ലാതെ പുതിയ വാക്കുകളുണ്ടാക്കി കുത്തി തിരുകുകയല്ല..
ബഹുമാന്യ സംശയാലുക്കൾ തങ്ങൾക്കിഷ്ടമുള്ള ഭാഷയിൽ എഴുതുകയോ പഠിപ്പിക്കുകയോ ചെയ്തോളൂ..
വിരോധമില്ല..
ഇതേ സ്വാതന്ത്ര്യം മലയാളത്തിലെഴുതാൻ ആത്മവിശ്വാസമുള്ളവർക്കു കൂടി കൊടുക്കൂ..

ഇംഗ്ലീഷ് സാർവ്വലൗകിക ഭാഷയാണ്..
ആ ഭാഷയോടുള്ള എല്ലാ സ്നേഹവും ആദരവും നിലനിർത്തിക്കൊണ്ട് തന്നെ…. കേരളത്തിൽ അതിനൊപ്പം നിൽക്കാൻ മാത്രമാണ് ‘മലയാളം’ അവസരം ചോദിക്കുന്നത് ..
കാരണം പെറ്റമ്മയെ രണ്ടാനമ്മയാക്കേണ്ട ഗതികേടിലാണല്ലോ നമ്മുടെ ഭാഷാബോധം ചെന്നെത്തി നിൽക്കുന്നത്…

ഡോ.അഞ്ജന വി.ആർ.