ആ സംഭവം നടന്നിട്ട് 6 വർഷത്തോളമായി. ഇപ്പോളും പേരിന്ററ്റത്തു വാലുള്ളവരുടെ വീട്ടിൽ കേറാൻ ഞാനൊന്നു മടിക്കും

689

Anju S Ram 

‘അഞ്ചു ഏത് കരയോഗത്തിലെയാണ്?’

അന്നെനിക്ക് 17 വയസ്സാണ്. BSc ഫിസിക്സിന് ചേർന്ന സമയം. ഒരു നായർ സുഹൃത്തിന്റെ വീട്ടിൽ കൂട്ട് പോയതാണ്. അവൾ കുടിക്കാൻ തന്ന വെള്ളം കയ്യിലുണ്ട്. അവളുടെ അമ്മയാണ് ചോദിക്കുന്നത്.

‘കരയോഗത്തിലോ, ഞാൻ അതിലൊന്നുമില്ല’
‘ഇല്ലേ, ഓ നായരല്ലല്ലേ, അപ്പോ മറ്റേതാണോ SNDP’
‘ഈഴവരാണ്, പക്ഷേ SNDP യിൽ ഇല്ല’

‘ഓ, നിങ്ങടെ ആൾക്കാര് മറ്റേ അങ്ങേർടെ ആണ്ടിനോ പിറന്നാളിനോ ഒക്കെ വഴീന്ന് പായസം തരാൻ വിളിക്കും. ഞാൻ മേടിക്കത്തില്ല, ഇവളെ കൊണ്ടും കുടിപ്പിക്കാറില്ല. ഞങ്ങളിങ്ങനുള്ളവരുടെ കയ്യീന്നും വീട്ടീന്നും ഒന്നും വാങ്ങി കഴിക്കാറില്ല.’

കുടിച്ച വെള്ളം തൊണ്ടയിൽ ഉടക്കി നിക്കുന്നത് പോലെ എനിക്ക് തോന്നി. അധഃകൃതരെ ഞങ്ങൾ വീട്ടീ കേറ്റി ഇരുത്താറില്ല, ഇറങ്ങിപ്പോടീന്നവർ ഇൻഡയറക്ട് ആയി പറഞ്ഞതാണോ എന്നോർത്ത് ഞാൻ വേവലാതിപ്പെട്ടു.

‘അഞ്‌ജൂന് ആദ്യമേ അഡ്മിഷൻ ആയാരുന്നല്ലേ. ആ നിങ്ങക്ക് പിന്നെ എല്ലാടത്തും പെട്ടെന്ന് കിട്ടുവല്ലോ, ഇവൾക്ക് അഡ്മിഷനായി ഞങ്ങൾ എന്തോരവാ ഓടിയത്’ എന്നവർ പറഞ്ഞപ്പോൾ ആദ്യത്തെ അലോട്മെന്റിൽ എനിക്ക് അഡ്മിഷൻ കിട്ടിയത് 90 ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിരുന്നത് കൊണ്ടാണെന്നും നിങ്ങളുടെ മകൾക്ക് അത് കിട്ടാതെ വന്നതും സവർണ്ണ കമ്മ്യൂണിറ്റി കോട്ടയിൽ അവൾക്ക് പഠിക്കേണ്ടി വന്നതും അവളുടെ മാർക്ക് 70 ശതമാനമായത് കൊണ്ടാണെന്നും അല്ലാതെ ഞാനുൾപ്പെടെയുള്ള OBC/SC/ST കുട്ടികൾ അവളുടെ അവസരം തട്ടിയെടുത്തതല്ല എന്നു പറയുവാനും എന്റെ നാവ് പൊങ്ങിയില്ല.
ആ വീട്ടിൽ നിന്നിറങ്ങുന്നത് വരെ നായർ സമുദായത്തിന്റെ ‘മഹത്വവും’ ‘ആഢ്യത്തവും’ ‘സംസ്കാരവും’ ‘ശുദ്ധിയും വൃത്തി’യുമെല്ലാം അവരെനിക്ക് ക്ലാസ് എടുത്തു, ഒപ്പം അതിന് കീഴോട്ടുള്ളവരോടെല്ലാമുള്ള അമർഷവും പുച്ഛവും അറപ്പും വളരെ ഭംഗിയായി convey ചെയ്തു.
അപ്പൂപ്പനമ്മുമ്മമാർ തൊട്ടിങ്ങോട്ട് കണ്ടിട്ടുള്ള തലമുറയെല്ലാം വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായതിൽ അഭിമാനിച്ചിരുന്ന, അന്ന് വരേം ഇഷ്ടമുള്ള ഏത് കോളേജിലും പഠിക്കാൻ യോഗ്യത നേടിയതിൽ തലയുയർത്തി നിന്നിരുന്ന എന്റെ ആത്മവിശ്വാസം ആ നിമിഷം എങ്ങോട്ടാണ് ചോർന്ന് പോയതെന്നെനിക്കറിയില്ല.
ഇതിനേക്കാൾ ഭീകരമായ അധിക്ഷേപങ്ങളും അപമാനങ്ങളും നേരിട്ടിട്ടാവാം അച്ഛനും അമ്മയും പഠിച്ചു ജോലി നേടി അധ്വാനിച്ചു എല്ലാ നല്ല സാഹചര്യങ്ങളുമൊരുക്കി ഞങ്ങളെ വളർത്തുന്നത് എന്നെനിക്ക് മനസിലായി. എത്രയേറെ privileged ആണെങ്കിലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും എത്ര മുന്നിട്ടാലും നമ്മളെ അടിച്ചു താഴെയിരുത്താൻ കഴിയുന്ന ആയുധമാണ് ജാതി എന്ന് ആ ദിവസം ഞാൻ തിരിച്ചറിഞ്ഞു.

120 ന് മുകളിൽ വേദികളിൽ ആത്മവിശ്വാസത്തോടെ സംസാരിച്ചിട്ടുള്ള ആ മനുഷ്യൻ ‘ഞാൻ മേനോനല്ല, ഞാനും ഒരു മനുഷ്യനാണ്. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് ജീവിക്കുന്നത്, എന്റെ ജീവിതത്തിൽ ഏറ്റവും അപമാനം ഉണ്ടായ ദിവസമിതാണ്’ എന്നാവർത്തിച്ചു പറഞ്ഞിട്ട് ആ വേദിയിൽ നിന്നു കരഞ്ഞു കൊണ്ടിറങ്ങുന്നത് കണ്ടപ്പോൾ എനിക്കാ ദിവസം വീണ്ടും ഓർമ്മ വന്നു. ബിനീഷുമാർ ജൂനിയർ ആർട്ടിസ്റ്റ് മാറി സൂപ്പർ സ്റ്റാർ ആയാലും അനിൽ രാധാകൃഷ്ണമേനോന്മാർ ഒപ്പമിരിക്കാൻ മടിക്കും!
ആ സംഭവം നടന്നിട്ട് 6 വർഷത്തോളമായി. ഇപ്പോളും പേരിന്ററ്റത്തു വാലുള്ളവരുടെ വീട്ടിൽ കേറാൻ ഞാനൊന്നു മടിക്കും. എവിടെയോ ഇന്ന് വായിച്ചത് പോലെ ‘കേരളം ജനിച്ചിട്ടേയുള്ളൂ ഇപ്പോളും വളർന്നിട്ടില്ല’🙂