ലുലുവിൽ ചെന്ന് ഉണക്കക്കപ്പ ഉണ്ടോന്നു ആളറിയാതെ ചോദിച്ചത് സാക്ഷാൽ യൂസഫലിയോട്

3077

ടെലിവിഷൻ അവതാരകയായിരുന്ന Ann Palee യുടെ കുറിപ്പ്

ലുലു വിന്റെ 200 -മാത്തെ സൂപ്പർ മാർക്കറ്റ് കെയ്റോയിൽ തുറന്നു. സംഭവം അങ്ങ് ഈജിപ്ത്തിൽ ആണെങ്കിലും ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ വാർത്ത ന്യൂസ്ഫീഡിൽ കണ്ടപ്പോൾ തോന്നിയ സന്തോഷം ചെറുതല്ല.പ്രവാസലോകത്തെ പറവയായി ജീവിതം വഴിമാറിയപ്പോൾ ആദ്യമൊക്കെ ഏറ്റവും May be an image of 1 personസങ്കടം തോന്നിയത് നേരാംവണ്ണമുള്ള ഇന്ത്യൻ സാധനങ്ങൾ കിട്ടാതാണ്. യൂണിവേഴ്സിറ്റി ക്യാമ്പസിനു തൊട്ടടുത്തുള്ള അസ്ടയിൽ നമ്മുടെ മുരിങ്ങക്കായോ പടവലങ്ങയോ ഇല്ലെന്ന സങ്കടത്തിൽ പിന്നേം വണ്ടി കേറി ഈസ്ററ് ഹാമിലെ ശ്രീലങ്കൻ കടകളിൽ പോയി തെരയും. ചുരുണ്ടും ഉണങ്ങിയും മുഖംവീർപ്പിച്ചും കിടക്കുന്ന മത്തങ്ങയും വെള്ളരിയുമൊക്കെ വെട്ടിക്കൂട്ടി തിളപ്പിച്ചു കുറച്ചു മസാലയുമിട്ട് “സാറാ ” ,”അലി” എന്നൊക്കെ പേരിട്ട് വിളിച്ചിരുന്നു (ആ ദയനീയകറികളെ സാമ്പാറെന്നോ അവിയലെന്നോ വിളിച്ചാൽ ദൈവം പോലും പൊറുക്കുമായിരുന്നില്ല).

പിന്നെ സ്ഥിരതാമസം ഗൾഫ് നാടുകളിലേക്ക് മാറിയപ്പോ ദേ വരുന്നു, വണ്ടി കേറി നാട്ടിലെ സകലമാന വേണ്ടക്കായും കോവക്കയും മുരിങ്ങക്കായും! ഓണത്തിന് നീ എങ്ങനെ സദ്യ ഉണ്ണും എന്ന് സങ്കടപെടുന്ന അമ്മയോട് ഫുൾ സംഭവം അടുക്കളേൽ എത്തി, രാവിലെ ഒന്ന് ഉഷാറായാൽ മതി എന്ന് സമാധാനിപ്പിക്കും. ഇനിയിപ്പോ വിഷുവാണെങ്കിൽ കണി ഒരുക്കുന്നതെങ്ങനെ എന്ന് ചോദിക്കുമ്പോൾ ഇൻസ്റ്റന്റ് ‘കണിക്കുട്ട’ വിത്ത് സ്വർണനാണയം കിട്ടിയിട്ടുണ്ടെന്നും പറയും.

ഇത്രയും വർഷങ്ങൾക്കിടയിൽ ലുലുവിൽ അന്വേഷിച്ചുകിട്ടാതെ പോയ ഒരേ ഒരു സാധനമേ ഉള്ളൂ, ‘ഉണക്കക്കപ്പ’.പത്തു വർഷം മുൻപ് ബഹ്‌റിനിലെ ഒരു പുതിയ ലുലുവിന്റെ ഉത്‌ഘാടനദിനത്തിൽ ‘ഇവിടെ ഉണക്കകപ്പയുണ്ടോ’ എന്ന് പോയി ചോദിച്ചതു സാക്ഷാൽ യൂസഫലിയോടാണ് (ചിരിച്ചു, ആളുകളോടൊക്കെ സംസാരിച്ചു നിൽക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം).അന്നദ്ദേഹം അതിനു പകരം ‘ഇതൊന്നു ട്രൈ ചെയ്യൂ’ എന്നും പറഞ്ഞു ഒരു ‘കസാവ കേക്ക്’ അഥവാ കപ്പ കേക്ക് എടുത്തു തന്നു. ആ ഓർമ്മ നൽകുന്ന മറ്റൊരു തിരിച്ചറിവ് കൂടെയുണ്ട് , സാധാരണക്കാരോട്, കസ്റ്റമറിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന, അവരെ പൂർണ്ണമായും ,മനസ്സിലാക്കുന്ന സ്ഥാപനം കൂടിയാണ് ലുലു എന്നതാണത്.

ഈ കോവിഡ് കാലത്ത് പല കമ്പനികളും ഡൗൺസൈഡിങ് നടത്തുമ്പോൾ, വർഷങ്ങളോളം ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്നും വെറും കയ്യോടെ പലരും നാട്ടിലേക്ക് വണ്ടി കയറുമ്പോൾ, ലുലുവിലെ ജീവനക്കാരെ അതൊന്നും ബാധിക്കുന്നില്ല. കമ്പനിയുടെ ഉയർച്ചയിൽ ഭാഗമായവരെ ഈ കോവിഡ് കാലത്ത് ചേർത്ത് നിർത്തുവെന്ന് തന്നെയാണ് യൂസഫലി പറഞ്ഞതും.താമസിക്കുന്ന ഫ്ലാറ്റിനരികിൽത്തന്നെ ഇന്ത്യൻ സൂപ്പർമാർക്കറ്റ് ഉണ്ടായിട്ടും ലുലു യാത്രകൾ ഒരു ശീലമായത് അവിടെ ഇഷ്ടമുളള സാധനങ്ങൾ കിട്ടുന്നത്കൊണ്ട് മാത്രമല്ല. കുറച്ചു ആളും കൂട്ടവും ഒക്കെ കാണാൻ, മീനിന്റെ സ്റ്റോളിലെ ഇക്ക. ‘മത്തി തീർന്നല്ലോ, എന്നാപ്പിന്നെ നല്ല അയലയുണ്ട് , എടുക്കട്ടേ ?’ എന്നൊന്ന് കുശലം പറയാൻ, തേങ്ങാ-കൗണ്ടറിൽ നിന്നും പറ്റിയാൽ രണ്ടു പൊങ്ങു(അതിനിപ്പോ എല്ലാ നാട്ടിലും ആ പേരാണോ എന്നറിയില്ല ) മേടിക്കാൻ ഒക്കെയാണ് എല്ലാ ആഴ്ചയും അങ്ങോട്ട് വെച്ച് വിടുന്നത്.

നാട്ടിൽ പോകുന്ന ഏതൊരു പ്രവാസിമലയാളിയുടേയും പെട്ടിയിൽ പച്ചയും ചുവപ്പും എഴുത്തുകളുള്ള ഒരു ലുലൂകവറും അതിനുള്ളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കുവാൻ തെരഞ്ഞെടുത്ത ഈന്തപ്പഴങ്ങളോ മധുരങ്ങളോ ഉണ്ടാവും. എത്രയെത്ര ബന്ധങ്ങളിൽ, കാത്തിരുപ്പുകളിൽ, പ്രണയങ്ങളിൽ, ഓർമ്മകളിൽ ഒക്കെയും ലുലു എന്നാ ചെരിഞ്ഞ എഴുത്തു കൂടി കാഴ്ചക്കാരനായിട്ടുണ്ടാവും!
ഇതിനുമൊക്കെ അപ്പുറം ലുലുവിൽ വേറൊരു ഫീൽ കൂടിയുണ്ട്. സൂപ്പർ മാർക്കറ്റ് ലോകത്തെ ആഗോള ഭീമന്മാർ ഒക്കെ ഉണ്ടെങ്കിലും അവർക്കിടയിൽ തലയെടുപ്പോടെ ഒരു ‘മലയാളിയുടെ കട’ എന്നൊക്കെപ്പറയുന്നത് അഭിമാനമാണ്. ആ നാല് ചുവരിനുള്ളിൽ ലോകം ഷോപ് ചെയ്യാൻ വരുന്നത് കാണുന്നതും ഒരു അന്തസ്സാണ്. അതിലൂടെ ജോലിയും ജീവിതസുരക്ഷയുമൊക്കെ ലഭിച്ച എത്രയോ പേർ, അതിലെത്ര മലയാളികൾ !

ഇതുവരെയും ഒരു മലയാളിയും എത്തിപ്പെടാത്ത ഉയരങ്ങളിലേക്കാണ് ലുലുവിന്റെ കുതിച്ചുപോക്ക്‌. ലുലുവിനും അതിലെ എല്ലാ അംഗങ്ങൾക്കും നാട്ടികയിൽ നിന്നും നാടായ നാടുകളിലോക്കൊക്കെ ചിറകു വിടർത്തിയ സംരംഭകൻ ശ്രീ എം.ഏ .യൂസഫലിക്കും പ്രവാസലോകത്തു നിന്നും ഹൃദയാഭിവാദ്യങ്ങൾ!