ക്ലാസ്സിലുള്ള തെമ്മാടികുട്ടികൾ നമ്മളെ പരിഹസിക്കുമ്പോൾ, ക്ഷമിച്ചോ സഹനമാണ് ഉത്തമം എന്നല്ലാം കേൾക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്കേ മനസ്സിലാവൂ

0
232
Ann Palee എഴുതുന്നു
കാര്യമൊരു കുട്ടി ഫ്ലാറ്റ് ആയിരുന്നെങ്കിലും അത് പോലും മൊത്തത്തിൽ വാടകയ്‌ക്കെടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ കൂടെ ഒരു സുഹൃത്തിനേയും കൂട്ടിയത്. തുടക്കത്തിൽ തന്നെ എല്ലാത്തിനുമൊരു വ്യക്തത വേണമല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് വമ്പൻ പ്ലാനിങ്ങും നടത്തി. ഓരോ ദിവസവും ഇടവിട്ട് കുക്കിങ്‌ , വീട് ക്‌ളീനിംഗ് ആഴ്ചയിൽ രണ്ടു തവണ, കടയിൽ സാധനങ്ങൾ വാങ്ങുന്നത് ഈ ആഴ്ച ഒരാളാണെങ്കിൽ അടുത്തയാഴ്ച മറ്റെയാൾ.രണ്ടു പേർക്കും ജോലി കിട്ടിയ സന്തോഷത്തിൽ മനോഹരമായി ആരംഭിച്ച താമസം, തൊട്ടടുത്ത് തന്നെ ലണ്ടൻ ട്യൂബ് സ്റ്റേഷനും ബസ് സ്റ്റോപ്പും ഒക്കെയുള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ജോലിക്ക് പോയി വരാം. ആദ്യത്തെ രണ്ടാഴ്ച പരമാനന്ദം.
കൂട്ടുകാരിക്ക് ജോലിയുള്ള ദിവസങ്ങളിൽ പരമാവധി ശല്യപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുന്നതിനു പുറമേ കുറച്ചു അധികജോലികൾ കൂടി ചെയ്തുകൊണ്ട് വീട് ഒരു സ്വർഗ്ഗമാക്കാൻ ശ്രമിച്ച നാളുകൾ. പിന്നെപ്പിന്നെയാണ് ചില കാര്യങ്ങൾ ശ്രദ്ധിച്ചു വന്നത്. എത്ര മടുപ്പും ക്ഷീണവുമുണ്ടെങ്കിലും ഞാൻ ജോലി ചെയ്യേണ്ട ദിവസങ്ങളിൽ അത് ചെയ്തു കൊണ്ടിരിക്കണമെന്നും സുഹൃത്തിന് മടുപ്പുള്ള ദിവസങ്ങളിൽ റസ്റ്റ് എടുക്കുകയാണ് ആവശ്യമെന്നും. ആദ്യമൊക്കെ നന്മമരമാകാനുള്ള വെമ്പലിൽ “വയ്യേ, സാരോല്ല, ഉറങ്ങിക്കോ’ എന്ന് പറയുന്ന ഒരു ബ്ലഡിഫുൾ ആയി ഞാൻ അങ്ങ് മാറി. ഒരു മാസം കഴിഞ്ഞപ്പോൾ വീട്ടിലെ പാചകം, വൃത്തിയാക്കൽ, സാധനങ്ങൾ വാങ്ങൽ തുടങ്ങിയ സകലമാന അറുബോറൻ പരിപാടികളും മുഴുവനോടെ ചെയ്യുന്ന ആള് ഞാനും സ്ഥിരമായ തലവേദന, കാലുവേദന , പീരിയഡ്‌സ് പെയിൻ എന്നിങ്ങനെയുള്ള ആവലാതികളുമായി സുഹൃത്തും വ്യത്യസ്ത റോളുകൾ ഭംഗിയാക്കി അവതരിപ്പിച്ചുകൊണ്ടിരുന്നു. ഓഫിസും യാത്രയും വീട്ടിലെ ജോലിയുമൊക്കെക്കൂടി നമ്മുടെ കൈക്കും കാലിനും പണി തന്നു തുടങ്ങിയപ്പോൾ പതിയെ ചില ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു.
“അല്ല, നീയിന്നലെ മുറി വാഖ്‌വം ക്‌ളീൻ ചെയ്യുമെന്ന് പറഞ്ഞില്ലേ?”
“ആ എനിക്ക് തീരെ വയ്യാരുന്നു, കാലില് മസിലു കേറ്റം”
“അപ്പൊ ഇന്ന് cook ചെയ്യുന്നില്ലേ?”
“ചെയ്യാം കൊറച്ചു കഴിയട്ടെ “
“നമുക്ക് ഡിന്നർ കഴിക്കാനുള്ളതല്ലേ ?”
“അതിപ്പോ8 മണിക്ക് തന്നെ കഴിക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ , ഞാൻ ഒന്നു കിടക്കട്ടെ , പത്തുമണിക്കെണീറ്റ് ഉണ്ടാക്കാം”
“ഓക്കേ, പക്ഷെ ഈ തുണിയൊക്കെ ഒന്ന് എടുത്ത് വിരിച്ചിടൂ, എന്റെ തുണികൾ വാഷിംഗ് മെഷീനിൽ ഇടട്ടെ”
“ഒന്ന് വെയിറ്റ് ചെയ്യൂ, ഞാൻ പിന്നെ ചെയ്തോളാം “
“അത് എങ്ങനെയാ ശരിയാവുന്നത് ? എനിക്ക് തുണി കഴുകാനിട്ടിട്ടു വേണം കുളിക്കാൻ കേറാൻ , നാളെ ആറു മണിക്ക് തന്നെ പോകണം”
“ഓഹോ , ഇതിപ്പോ എന്റെ കുറ്റമാണോ , നിങ്ങള് ക്രിസ്ത്യാനികൾക്ക് അത്ര വലിയ വൃത്തിയൊന്നുമില്ല. നിങ്ങളിപ്പോ എന്ന് തൊട്ടാ ദിവസവും കുളിച്ചു തുടങ്ങിയത് ?”
നോട്ട് ദി ലാസ്റ്റ് സെന്റെൻസ് , ആ ദിവ്യവാചകത്തിലാണ് എനിക്ക് വെളിവ് വീണത് . മുതലാക്കാൻ ആയിരുന്നു ഒരുമിച്ചുള്ള ആ താമസമെന്ന ബോധം വന്നത്. എന്തുകൊണ്ടാണ് ഒരുമാസം കഴിഞ്ഞപ്പോൾ അത്രയും സൗകര്യമുള്ള പുതിയ വീട്ടിൽ നിന്നും മറ്റൊരിടത്തേക്ക് താമസം മാറിയതെന്ന് ചോദിയ്ക്കാൻ കുറേപ്പേരുണ്ടായിരുന്നു. പരസ്പരമുള്ള ബഹുമാനമെന്നു പറയുന്നത് വാക്കുകളിൽ മാത്രമല്ല കർമ്മത്തിൽക്കൂടി വേണമെന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് എന്നായിരുന്നു എന്റെ മറുപടി. അവനവൻ ചെയ്യാനുള്ളതൊക്കെ ചെയ്യാതിരിക്കാനുള്ള മുട്ടുന്യായങ്ങൾ നിരത്തുന്ന മനുഷ്യരുടെ പ്രെസെൻസ് അസഹനീയമാണ്. കൂടെ ഒന്നും പറയാനില്ലാത്തപ്പോൾ ക്രിസ്ത്യാനികൾക്ക് വൃത്തിയില്ല എന്ന അവഹേളനവും.
ഇതിപ്പോ പറയേണ്ടിവന്നതിനും ഒരു കാരണമുണ്ട്. അതിലൊന്ന് നമ്മുടെയൊക്കെ ഗ്രൂമിംഗാണ്. മറ്റുള്ളവരെ സഹായിക്കാനും തെറ്റ് ചെയ്യുന്നവരോടൊക്കെ ക്ഷമിക്കുവാനുമാണ് ചെറുപ്പത്തിൽ നമ്മൾ പഠിച്ചത്. പ്രത്യേകിച്ചും എന്നെപ്പോലെ പാലാക്രിസ്ത്യാനിയായി ജീവിച്ചൊരാൾക്ക് . ഏഴല്ല എഴുപതു വട്ടം ക്ഷമിക്കണമെന്ന് കർത്താവ് പറഞ്ഞിട്ടില്ലേ എന്നും പറഞ്ഞു നമ്മളെ മനസികബുദ്ധിമുട്ടിലാക്കുന്ന പരിപാടി നമ്മൾ കുട്ടിക്കാലത്തെ തുടങ്ങിയിട്ടുണ്ട്.
ക്ലസ്സിലുള്ള തെമ്മാടികുട്ടികൾ നമ്മളെ പരിഹസിക്കുമ്പോൾ ,കബളിപ്പിക്കുമ്പോൾ ഒക്കെ , മോളങ്ങു ക്ഷമിച്ചോ , സഹനമാണ് ഉത്തമം എന്നല്ലാം കേൾക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്കേ മനസ്സിലാവൂ. ലോകത്തെ എല്ലാ വൃത്തികേടുകളും സഹിക്കാമെന്നു നാം ആർക്കും വാക്ക് കൊടുത്തിട്ടില്ല. ഇനി ക്ഷമിക്കുന്ന കാര്യമാണെങ്കിൽ ഓരോ തവണ ക്ഷമിക്കുമ്പോളും നമ്മളോട് എങ്ങനെ പെരുമാറണമെന്ന ശീലം നാം അവരിൽ വളർത്തിയെടുക്കുകയാണ്.
ക്വഡേൻ ബെയ്ൽസിനു സപ്പോർട്ടുമായി ലോകം മുഴുവൻ എത്തിയപ്പോൾ ആദ്യം അഭിനന്ദിക്കാൻ തോന്നിയത് ആ കുട്ടിയുടെ അമ്മയെയാണ്. മോൻ അവരോടു ക്ഷമിച്ചോളൂ, ജീവിതകാലം മുഴുവൻ ക്ഷമിച്ചും സഹിച്ചും ജീവിച്ചാൽ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാകും എന്നെങ്ങാനും ആ യാറാക ബെയ്ൽസ് പറഞ്ഞിരുന്നെവെങ്കിൽ ഇനിയും ഏറെ അപമാനങ്ങൾ ചൊരിയാൻ തെമ്മാടിക്കൂട്ടങ്ങളും അത് സഹിക്കാൻ ക്വഡേനും ഉണ്ടാവുമായിരുന്നു. രണ്ടു വശത്തു നിൽക്കുന്ന കുട്ടികളേയും മാനസീകമായി മോശമാക്കുന്ന ഒരു തീരുമാനമായേനെ അത്.
ലോകശ്രദ്ധ ലഭിച്ച ഉടൻ എത്ര പെട്ടന്നാണ് കുട്ടികളും മുതിർന്നവരും ഈ വിഷയത്തെക്കുറിച്ച് ഉറക്കെ സംസാരിക്കാനും തിരുത്താനും തയ്യാറായി വരുന്നത് . യാറാക പറയുന്നത് പോലെ എല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടവരല്ല നമ്മൾ. നമ്മുടെ അന്തസ്സിനും വ്യക്തിത്വത്തിനും അപമാനമുണ്ടായാൽ പ്രതികരിക്കുക തന്നെ വേണം, തിരുത്തപ്പെടേണ്ടത് തിരുത്തുവാൻ നാം മുന്നോട്ടിറങ്ങിയേ പറ്റൂ.സ്വപനതുല്ല്യമായ ഒരു മാറ്റമൊന്നും നടന്നില്ലെങ്കിലും ചിലതിനൊക്കെ തുടക്കം കുറിക്കാൻ കഴിയുന്നതും അഭിമാനകരമാണ്. യാറാക ബെയ്ൽസ്, നിങ്ങൾ ഒരുപാട് അമ്മമാർക്ക് പ്രചോദനമാണ് !ഹാറ്റ്സ് -ഓഫ് ഡിയർ!