എത്ര പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അബദ്ധങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഒരിടം കൂടിയാണ് നേപ്പാൾ

0
203
Ann Palee
എന്തൊരു ദുര്യോഗമാണ് ! അവധിക്കാലം ആസ്വദിക്കാൻ പോയിട്ട് വിഷവാതകം ശ്വസിച്ചു മരിക്കുന്നത് ! അതും തീരെ ചെറിയ കുട്ടികൾ പോലും അടങ്ങുന്ന ഒരു സംഘം മലയാളികൾ …
വളരെ എളുപ്പത്തിൽ യാത്ര ചെയ്യാവുന്ന ഒരിടമാണ് നേപ്പാൾ. പ്രത്യേകിച്ചും പർവ്വതങ്ങളും പച്ചപ്പും ഇഷ്ടമുള്ളവർക്ക് ഏറെ ആസ്വദിക്കാനുള്ള ഒരിടം. എന്നാൽ എത്ര പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അബദ്ധങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഒരിടം കൂടിയാണ് നേപ്പാൾ. പ്രത്യേകിച്ചും നമുക്ക് പരിചയമില്ലാത്ത, ഇന്റർനെറ്റിലൂടെ മാത്രം കണ്ടു മനസ്സിലാക്കിയ ചില സ്ഥലങ്ങളിൽ എത്തിച്ചേരുമ്പോൾ.
Image result for eight malayali died in nepalകുറച്ചു മാസങ്ങൾക്കു മുൻപ് ഞങ്ങൾ നേപ്പാൾ യാത്ര നടത്തിയപ്പോൾ സർവ്വവിധ പ്ലാനിങ്ങും നടത്തിയത് ഞാനാണ്. മുഴുവനായി ആശ്രയിച്ചതാവട്ടെ ഇന്റർനെറ്റിന്റെയും.
പുലർച്ചെ കാത്മണ്ഡുവിൽ എത്തി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് വണ്ടി പിടിച്ചപ്പോൾ തന്നെ നെഞ്ചൊന്നു കാളി. വണ്ടിയിൽ നാവിഗേറ്റർ ഇല്ല. രാവിലെ മൂന്നു മണിക്ക് ആരോട് വഴി ചോദിക്കാനാണ്? എങ്ങനെയൊക്കെയോ തിരഞ്ഞു പിടിച്ചു ഒടുവിൽ ഹോട്ടൽ എത്തിയപ്പോൾ വെബ്സൈറ്റിൽ കണ്ടപോലെയൊന്നുമല്ല കാര്യങ്ങൾ എന്ന് മനസ്സിലായി. മുൻവശത്തെ മുഷിഞ്ഞ സെറ്റിയിൽ തന്നെ കിടന്നുറങ്ങുന്ന ഒരാളെ വിളിച്ചു മുറി കാണണമെന്ന് ആവശ്യപ്പെട്ടു. ചെന്ന് നോക്കിയപ്പോൾ ടോയ്ലറ്റിന്റെ സ്ഥിതി പരിതാപകരം. അപ്പോൾ തന്നെ അവിടം വിട്ടിറങ്ങി. എന്താ ടോയ്‌ലെറ്റ് നോക്കിയിരുന്നില്ല എന്ന പാലിയുടെ ചോദ്യത്തിന് നിസ്സഹായയായി തലയിളക്കാനേ കഴിഞ്ഞുള്ളു , സത്യമാണ് വെബ്‌സൈറ്റിൽ ടോയ്‌ലെറ്റിന്റെ ചിത്രമുണ്ടായില്ല, കണ്ട ചിത്രങ്ങൾക്കു മാറ്റം വന്നത് ചില അല്ലറചില്ലറ പണികൾ കൊണ്ടാണ് എന്നവർ പറഞ്ഞപ്പോൾ കുട്ടികളും പെട്ടികളും ആയി നിൽക്കുന്ന ഞങ്ങൾക്ക് തിരിച്ചു വഴക്കിടാനും പറ്റില്ലല്ലോ.
പെരുമഴയത്ത് പിന്നെയും ഒരു കുട്ടി മാരുതി കാറിൽ നൂണ്ടു കയറി. കുറച്ചു കൂടി വട്ടം ചുറ്റിയപ്പോൾ ‘olx ‘ എന്ന് മിന്നിത്തിളങ്ങുന്ന ബോർഡ് കണ്ടു വണ്ടി നിർത്തി. അല്പവസ്ത്രധാരികളായ കുറച്ചു സ്ത്രീകളയേയും അവരുടെ തോളിൽ കയ്യിട്ടു ബഹളം വയ്ക്കുന്ന ആൺസുഹൃത്തുക്കളെയും കൂടി കണ്ടപ്പോൾ അവിടവും പറ്റില്ല എന്ന് മനസ്സിലായി. വീണ്ടും ചില ഹോട്ടലുകളിൽ മുട്ടി ഒടുക്കം നല്ല ഒരിടത്തു തന്നെ എന്തോ ഭാഗ്യത്തിന് മുറി കിട്ടി. മുറിവാടക അല്പം കൂടുതലാണെങ്കിലും വൃത്തിയും വെടിപ്പും ആവശ്യത്തിന് സ്ഥലവുമൊക്കെയുണ്ട്, സമാധാനമായി കുട്ടികളെ കെട്ടിപ്പിടിച്ചുറങ്ങി.
ചെറിയൊരു ലാഭം നോക്കി, മറ്റുള്ളവരുടെ റിവ്യൂസ് വായിച്ചു റൂം ബുക്ക് ചെയ്ത എനിക്ക് പറ്റിയ അബദ്ധം ഒരു യാത്രയുടെ മൊത്തം രസംകൊല്ലിയാവേണ്ടതായിരുന്നു. എന്നിട്ടും തീർന്നില്ല, രണ്ടാമത് താമസിച്ച അപാർട്മെന്റ് ഹോട്ടൽ ജാപ്പനീസ് മാതൃകയിലുള്ളതായിരുന്നു. നമ്മുടെ ചെരുപ്പ് പോലും മാറ്റിവെച്ചു അവർ തരുന്ന ഒരെണ്ണമിട്ടു വേണം അകത്തു കയറാൻ. മുറികളൊക്കെ ജാപ്പനീസ് രീതിയിൽ അലങ്കരിച്ചിട്ടുമുണ്ട്, സമാധാനമായല്ലോ എന്ന് കരുതി മകളെ സെറ്റിയിൽ നിർത്തി സാധനങ്ങൾ അടുക്കി വെച്ചിരിക്കുമ്പോളാണ് കർട്ടൻ അനങ്ങുന്നതു കണ്ടത്. നോക്കിയപ്പോൾ ജനാലകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. സുരക്ഷയ്ക്കായി ഒരു ഇരുമ്പഴി പോലുമില്ല. ഗാമി ആണെങ്കിൽ ആ നേരം വരെയും കർട്ടണിൽ ചാരിയായിരുന്നു നിന്നതും. നാലാം നിലയിലെ ആ ജനലരികിൽ നിന്നും താഴേയ്ക്ക് നോക്കിയപ്പോളുള്ള ഭയം ഇന്നിതെഴുതുമ്പോളും എന്റെ വിരൽത്തുമ്പിൽ വിറയായി ഓർമ്മിപ്പിക്കുന്നുണ്ട്.
നേപ്പാളിലെ ടൂറിസം വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിക്കുന്നതാണെങ്കിലും പലപ്പോഴും പലതിനും നിയമത്തിന്റെ കൃത്യമായ ചട്ടക്കൂടുകൾ ഒന്നുമില്ല. ഒരു ബോട്ട് റൈഡിനു പോകണമെങ്കിൽ സേഫ്റ്റി ജാക്കറ്റ് ധരിക്കണമെന്ന നിയമം അവിടെയില്ല,നിങ്ങൾക്കിഷ്ട്ടമാണെങ്കിൽ ഒരെണ്ണം പൈസ കൊടുത്തു വാടകയ്‌ക്കെടുക്കാം, അത്ര തന്നെ. ആ ഒരു ശ്രദ്ധയില്ലായ്‌മ അവിടുള്ള ഒരുപാടു ഹോട്ടലുകളിലും റിസോർട്ടുകളിലും കാണാം. അതിനു മറ്റൊരു കാരണം ആ രാജ്യം ഇതുവരെയും പാലിച്ചു പോന്ന ഒരു ഹിപ്പി സംസ്കാരം കൂടിയാണ്. വളരെ കൂളായി , തിടുക്കമില്ലാതെ ഏതു മലഞ്ചെരുവിലും കിടന്നുറങ്ങാമെന്ന മട്ടിലുള്ള നിരവധി ആളുകൾ വരുന്ന ഒരിടത്തു നിർബന്ധപൂർവമുള്ള ക്വാളിറ്റി ടൂറിസം അപ്രാപ്യമാണ്. അല്ലെങ്കിൽ അതിനു വേണ്ടത്ര കസ്റ്റമേഴ്സ് ഇല്ല എന്നും പറയാം.
അതുകൊണ്ടു അവിടേക്കുള്ള യാത്രയിലെ തെരഞ്ഞെപ്പുകളിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
1 അല്പം പണലാഭം നോക്കി ബ്രാൻഡഡ് അല്ലാത്ത താമസസ്ഥലങ്ങളോ ട്രാവൽ ഏജെന്റുകളെയോ സമീപിക്കാതിരിക്കുക.
2 തണുപ്പ് കാലത്താണ് യാത്ര ചെയ്യുന്നതെങ്കിൽ മുറിയിൽ റൂം ഹീറ്റർ ഉണ്ടാവും . അപ്പോൾ ബുക്ക് ചെയ്യുന്ന സമയത്തു തന്നെ അവിടെ കാർബൺ മോണോക്സൈഡ് ഡിറ്റക്ടർസ് ഉണ്ടെന്നു ഉറപ്പു വരുത്തുക. മണമോ നിറമോ ഇല്ലാത്ത ഗ്യാസ് ആയതുകൊണ്ടുതന്നെ പെട്ടന്നൊന്നും ആർക്കും അത് തിരിച്ചറിയാൻ കഴിയില്ല. ക്ഷീണവും തലവേദനയുമൊക്കെ യാത്രയുടെ ബാക്കിയാണെന്നും ഒന്നുറങ്ങിയാൽ മാറുമെന്നുമൊക്കെ നമ്മൾ കരുതും. ഇനിയിപ്പോ ഉറക്കത്തിലാണെങ്കിൽ ഇതൊന്നും അറിയാനും കഴിയില്ല എന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
3 ഒരു യാത്രയിൽ കൂടെയുള്ളവരുടെ കൂടി ആരോഗ്യം പരിഗണിക്കുക. പ്രത്യേകിച്ചും കുട്ടികൾ കൂടെയുണ്ടെങ്കിൽ എല്ലാ കാഴ്ചകളും കണ്ടിട്ടേ മടങ്ങുള്ളൂ എന്ന നിർബന്ധം മാറ്റി വയ്ക്കുക. ആവശ്യത്തിലധികം സ്‌ട്രെയിൻ ചെയ്തു ട്രെക്കിങ്ങിനും പാരാഗ്ലൈഡിങ്ങിനും ഒക്കെ പോയി തിരിച്ചു വരുമ്പോൾ അനങ്ങാൻ പറ്റാത്തവണ്ണം ക്ഷീണമാവും, ഉറക്കത്തിനു ആഴം കൂടും , പെട്ടെന്നെന്തെങ്കിലും അത്യാവശ്യം വന്നു ഒന്ന് ചാടിയെനിക്കാൻ ശ്രമിച്ചാൽ ആഗ്രഹമുണ്ടെങ്കിൽകൂടി ശരീരം വഴങ്ങാതെ വരും. അപകടങ്ങൾക്ക് സാധ്യതയും ആഴവും കൂടും.
4 കാർബൺ മോണോക്സൈഡ് മാത്രമല്ല ഈർപ്പവും പൂപ്പലുമൊക്കെ മുറികളിൽ വില്ലനാവും, പ്രത്യേകിച്ചും ആർക്കെങ്കിലും ശ്വാസകോശരോഗങ്ങൾ ഉണ്ടെങ്കിൽ. നേപ്പാളിലെ തണുപ്പിൽ മുറികളിൽ ഈർപ്പക്കൂടുതൽ ഉണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും മുറിയിലിരുന്ന് സിഗരറ്റ് വലിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
5 ഇതൊക്കെ എല്ലാവരും താമസിക്കുന്നിടമല്ലേ ? നമ്മളും അതുപോലല്ലേ എന്നൊക്കെ ചോദിയ്ക്കാൻ തോന്നും . പക്ഷെ ശ്രദ്ധിച്ചേ പറ്റൂ. അതും കേരളം പോലൊരു ട്രോപ്പിക്കൽ കാലാവസ്ഥയിൽ നിന്നും കുത്തനെയുള്ള പർവതങ്ങളുടെ നാട്ടിലേക്ക് ചെല്ലുമ്പോൾ. ഉയരം കൂടുംതോറും oxygen supply കുറയും. മലമുകളിലുള്ള റിസോർട്ടുകൾ ഒക്കെ കാഴ്ചയ്ക്കു നല്ലതാണെങ്കിലും താമസിക്കാനുള്ള ആരോഗ്യം കൂടെയുള്ള എല്ലാവർക്കും ഉണ്ടെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. കഴിവതും ബ്രാൻഡഡ് ഹോട്ടലുകൾ തന്നെ ബുക്ക് ചെയ്യുക.
എന്തൊക്കെ ശ്രദ്ധിച്ചാലും ചില സമയം അപകടങ്ങൾ ഉണ്ടാവാം , എന്നാലും കുറച്ചൊന്നു മനസ്സുവെച്ചാൽ അതിന്റെ ആഘാതം കുറയ്ക്കാനെങ്കിലും കഴിയുമല്ലോ. നേപ്പാളിൽ വെച്ച് നമുക്ക് നഷ്‌ടമായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ !