ഡെറക് ഷോവാന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കൂ, ഉയർന്നു നിൽക്കുന്ന പുരികം കണ്ടില്ലേ ?

56

Ann Palee

ഡെറക് ഷോവാൻ, ഒരു പേര് മാത്രം.

ജോർജ് ഫ്‌ലോയ്ഡിന്റെ കഴുത്തിൽ കാലമർത്തിവെച്ചിരിക്കുന്ന ഡെറക് ഷോവാന്റെ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കൂ, അയാളുടെ ഉയർന്നു നിൽക്കുന്ന പുരികം കണ്ടില്ലേ ? ചുറ്റുമുള്ളവരുടെ അല്ലെങ്കിൽ ലോകത്തിന്റെ ശ്രദ്ധയും അംഗീകാരവും കിട്ടാനുള്ള ശരീരഭാഷയാണത്, താഴേക്കിടക്കുന്ന ഒരു മനുഷ്യജീവി തനിക്ക് ശ്വാസം മുട്ടുന്നുവെന്നു നിലവിളിക്കുമ്പോൾ പോലും അയയ്ക്കാൻ കഴിയാത്തത്ര ധാർഷ്ട്യം സ്ഫുരിക്കുന്ന ദുഷ്ടത.

ആദ്യമായിട്ടൊന്നുമല്ല ഒരു കറുത്ത വർഗ്ഗക്കാരന്റെ വേദന വേട്ടക്കാരൻ തിരിച്ചറിയാതെ പോവുന്നത്. ഓർമ്മിക്കപ്പെടാൻ അവരിൽ പലർക്കും പേര് പോലും ഉണ്ടായിരുന്നില്ല. നിരന്തരമായ മുറിവുകളും വേദനയും കൊണ്ട് മരവിച്ചു പോയവർ! അതിലേറ്റവും ഹൃദയഭേദകമായ അനുഭവങ്ങൾ സ്ത്രീകളുടേതാവാം.

ആനി ഫ്രാങ്ക് എന്ന പെൺകുട്ടിക്ക് എഴുതാനും വായിക്കാനും അറിയാവുന്നതുകൊണ്ട് ഇന്നും അവളുടെ ദുരനുഭവങ്ങൾ ചർച്ച ചെയ്യുന്നത് പോലെ ലോകം അറിയുവാനായി ഒന്നും അവശേഷിപ്പിച്ച സാധിക്കാതെ പോയ എത്രയെത്ര ജീവിതങ്ങൾ. എന്നാൽ ആനി ഫ്രാങ്കിനെപ്പോലെതന്നെ ജീവിതത്തിൽ ഏറെ നാൾ ഒളിച്ചു ജീവിക്കേണ്ടി വന്ന മറ്റൊരു സ്ത്രീയുടെ കഥയുണ്ട് .
അടിമജീവിതത്തിനിടയിൽ ഉടമയുടെ നിരന്തരമായ ലൈംഗീകാതിക്രമങ്ങൾ കൊണ്ട് അയാളുടെ ഭാര്യയുടെ പീഡനങ്ങൾ കൂടി ഏറ്റു വാങ്ങേണ്ടി വന്ന, വെള്ളക്കാർ തന്റെ കുഞ്ഞുങ്ങളെപ്പോലും അടിമകളായി വിൽക്കേണ്ടി വരുമോയെന്ന് ഭയപ്പെട്ടിരുന്ന ഒരു സ്ത്രീ. ഒരു വീടിന്റെ തട്ടിന്പുറത്തു ഒന്നെണീറ്റ് നില്ക്കാൻ പോലും കഴിയാത്തവണ്ണം ഏഴു വർഷത്തോളം കഴിയേണ്ടി വന്ന ഹാരിയേറ്റ ജേകബ്‌സിന്റെ ‘ഇൻസിഡന്റ്സ് ഇൻ ദി ലൈഫ് ഓഫ് എ സ്ലാവ് ഗേൾ’ എന്ന ആത്മകഥ ഒരിക്കലും ‘ദി ഡയറി ഓഫ് എ യെങ് ഗേൾ’ എന്ന പുസ്തത്തിന്റെയത്ര ചർച്ച ചെയ്യപ്പെട്ടിട്ടുമില്ല.

കറുത്ത തൊലിയുള്ള മനുഷ്യന്റെ വേദനകൾ അതിപ്പോൾ , ശാരീരികമോ മാനസികമോ ആവട്ടെ ഒരിക്കലും വെളുത്തതൊലിയുള്ള ഒരുവന്റെയത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല. മനുഷ്യശരീരത്തെക്കുറിച്ചു ഏറെ മനസ്സിലാക്കിയ Dr. J. Marion Sims പോലും തന്റെ പഠനങ്ങൾക്കായി ഉപയോഗിച്ച മൂന്നു സ്ത്രീകളെ വെറും ശരീരങ്ങളായി മാത്രമേ കണ്ടിട്ടുള്ളൂ. അനാവശ്യമായ അനേകം ശസ്ത്രക്രിയകൾ എറ്റ് വാങ്ങേണ്ടിവന്ന അവരുടെ ഗർഭപാത്രങ്ങൾക്കും അപമാനിക്കപ്പെട്ട അവരുടെ സ്ത്രീത്വത്തിനുമെല്ലാം അദ്ദേഹം പുല്ലുവിലയാണ് നൽകിയത്. പറയാൻ ഒരു ന്യായം മാത്രമേ ഉണ്ടായിരുന്നുള്ളൂ , കറുത്തവർക്ക് വേദന ഉണ്ടാവാറില്ല! പരമാവധി വേദനയുടെ അപ്പുറവുമെത്തിയ മനുഷ്യര് കരയാൻ മറന്നു പോയതിൽ എന്തത്ഭുതം?

ഇന്നിപ്പോൾ Dr. J. Marion Sims ‘Father Of Gynecology, എന്ന പദവിക്കർഹനല്ലെന്നും അനാർക്ക , ലൂസി, ബെറ്റ്സി എന്നാ സ്ത്രീകളെ Mothers Of Gynecology എന്ന് വിളിക്കണമെന്നും ലോകം പറയുമ്പോൾ നമ്മളൊക്കെയും ഒരു വലിയ മാറ്റം നടന്നു കഴിഞ്ഞുവെന്നാണ് വിശ്വസിച്ചിരുന്നത്. അതൊന്നുമല്ല സത്യമെന്ന് ഇടയ്ക്കൊക്കെ ഓർമ്മിപ്പിക്കുന്നുണ്ട്.

ലോകം എന്ത് പറയുമെന്നോർത്ത് , racist എന്ന പേരിനെ ഭയന്ന്, ഉള്ളിലുള്ള വെറുപ്പ് അമർത്തിപ്പിടിച്ചു പല്ലിറുമുന്നവർ ഇന്നും കുറവില്ല. വംശവെറിയുടെ പ്രേതങ്ങൾ ഏതാൾക്കൂട്ടത്തിനിടയിലുമുണ്ട് , ഇത്തവണ രൂപമെടുത്തത് ഡെറക് ഷോവാൻ എന്ന പേരിൽ, അത്ര മാത്രം…

Advertisements