പാലക്കാരിയായ ആൻ പാലി (Ann Palee) കെ.എം.മാണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.

=========

ഞങ്ങടെ മാണി സാറ് പോയി! ഞങ്ങൾന്ന് പറഞ്ഞാൽ ഞങ്ങൾ പാലക്കാര് !

എന്നാ മാണിസാറിനെ ആദ്യമായി കണ്ടതെന്ന് ചോദിച്ചാൽ അതിനു ഞങ്ങൾ പാലക്കാർക്ക് ഒരുത്തരമുണ്ടാകില്ല. അപ്പനേയും അമ്മയേയും രൂപക്കൂട്ടിലെ മാതാവിനേയും റബ്ബറിനേയും കണ്ടപോലെ ഓർമ്മ വെക്കുന്നേനും എത്രയോ മുന്നേ കണ്ടു തുടങ്ങിയതാ ഞങ്ങൾ മാണിസാറിനെ…

ആൻ പാലി

ചെലപ്പോ പാലാ ജൂബിലിക്ക് ബലൂണ് മേടിക്കുമ്പോ, അല്ലേൽ സബ്‌ജില്ലേലെ കലോത്സവത്തിന് ഉത്‌ഘാടനച്ചടങ്ങ് നടക്കുമ്പോൾ അതുവല്ലേൽ പ്രവിത്താനത്തെ കുഞ്ഞമ്മച്ചിയുടെ അടക്കിന്, അങ്ങനെ മാണിസാറിനെ കാണാനും ഒന്ന് മിണ്ടാനുമൊക്കെ അവസരം കിട്ടാത്തവര് ഞങ്ങടെ പാലായില് കൊറവായിരിക്കും.

കൊറേത്തവണ മന്ത്രിയാരുന്നേലും, ഇത്രോം വർഷം MLA ആരുന്നേലും ഞങ്ങള് പാലക്കാർക്ക് മാണി സാറ് അങ്ങ് സ്വന്തം ആയിരുന്നു.

ഉച്ചക്കത്തെ കഞ്ഞി വാർക്കുമ്പോ ബാക്കി വരുന്ന കഞ്ഞിവെള്ളം പശൂന് കൊടുക്കാനുള്ളതല്ല, ഒരു ഖദർ മുണ്ടും ഷർട്ടും പശ മുക്കാനുള്ളതാണെന്ന് പാലായിലെ ചേട്ടായിമാരോട് പറയാതെ പഠിപ്പിച്ച ആളാണ് കെ. എം. മാണി എന്ന മാണിസാറ്!

ആ ഷർട്ടും മുണ്ടും ഇട്ടോണ്ട്, കേരളാ കോൺഗ്രസ്സിന്റെ കൊടിയും പിടിച്ച്, രണ്ടില ചിഹ്നത്തിന് വേണ്ടി വോട്ടു ചോദിച്ചു നടന്നതാവും പാലാക്കാരുടെ ആദ്യ രാഷ്ട്രീയ ഓർമ്മകൾ, ചിലരുടെയൊക്കെ ആകെയുള്ളതും!

പാലയിലെ ഒരു സ്റ്റൈലൻ അച്ചായൻ തന്നെയായിരുന്നു മാണി സാറ്. നല്ല വൃത്തിയായി തേച്ച ജുബ്ബയും മുണ്ടുമില്ലാതെ, മുടി ചീകിയൊതുക്കാതെ , വൃത്തിയായി ഡൈ ചെയ്യാതെ പാലക്കാര് മാണിസാറിനെ കണ്ടിട്ടില്ല. അതിപ്പോ രാവിലെ കരിങ്കോഴക്കൽ വീട്ടിലേക്ക്‌ കേറിച്ചെല്ലുന്ന സമയത്തായാലും, രാത്രി വൈകിയുള്ള എന്തേലും സമ്മേളനത്തിനായാലും, മാണി സാറ് എപ്പോളും സുന്ദരനായേ ഞങ്ങടെ മുന്നിലെത്തിയിട്ടുള്ളൂ!

മണ്ണിനോട് മല്ലിടുന്ന മനുഷരാണീ പാലക്കാര് , അതോണ്ട് തന്നെ ഞങ്ങളിലെ ആണുങ്ങടെ മൊകം പൂച്ചേടേത് പോലിരിക്കും, കരച്ചിലും ചിരിയുമൊക്കെ വളരെ കുറവാ, അതോണ്ട് തന്നെ ഒരു മരിച്ചടക്കിനോ, അല്ലേലെന്തേലും സങ്കടകാര്യം വന്നാലോ കരയുന്ന ആണുങ്ങളും കുറവാ, അതിനെടേലേക്കാ മാണിസാറ് ആരെയും നോക്കാതെ , ഒരു നാണക്കേടുമില്ലാതെ കരഞ്ഞു തുടങ്ങിയത്. അതോണ്ടെന്താ, ഞങ്ങടെ നാട്ടിലെ പെണ്ണുങ്ങള് സങ്കടം വന്നാൽ കരയുന്ന ഒരേ ഒരു അമ്പിറന്നോനെ കണ്ടു. അത്രേം ഓർമ്മകളുണ്ടേ…

വളരുന്തോറും പിളരുവേം, പിളരുന്തോറും വളരുവേം ചെയ്യുന്ന പാർട്ടിയായിരുന്നല്ലോ കേരളാ കോൺഗ്രസ്.വലിച്ചാൽ വലിയുന്ന റബ്ബറ് പോലെ പാർട്ടിയങ്ങു നീട്ടിവലിച്ചു പോയിരുന്നാലും പാലായിലെ തെരഞ്ഞെടുപ്പിൽ മാണിസാറിന് ഇന്നോളം നല്ലൊരു എതിരാളി ഉണ്ടായിരുന്നില്ല.രണ്ടിലേയ്ക്ക് കുത്തുന്ന വോട്ട്,പാലാക്കാർക്ക്
കുറെയൊക്കെ ഒരു ശീലവുമായിരുന്നു. അതിനു കാരണമെന്നാ എന്ന് ചോദിക്കുമ്പോൾ പാലായിലെ റോഡുകളും ടൗണും ഒക്കെയൊന്ന് നോക്കണം.
അതൊക്കെക്കണ്ട് സന്തോഷിച്ചു നടക്കുമ്പോളാണ് പല വീടുകളിലും നേരിട്ട് പരിചയമുള്ള മാണിസാറിനെ ആളുകൾ സ്നേഹിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നത്.

മാണിസാറിനെപ്പറ്റി പറയാൻ, അങ്ങനെ കൊറേ വിശേഷങ്ങളുണ്ട്. ചിലർക്കൊക്കെ പറയാനുള്ളത് അത്ര നല്ല കാര്യങ്ങളുമല്ലെന്നറിയാം. എവിടെയും ഒന്നാമെത്താനുള്ള പാലാശീലവും അതിനു പിറകിലുണ്ട്.

ഉച്ചതിരിഞ്ഞു പാലായിലെ ഏതൊരു ചെറുകവലകളിലേക്കൊന്നു പോയി നോക്കിയാൽ ചെസ്സ് കളിക്കുന്ന കുറെ ചേട്ടായിമാരെ കാണാം. തേര് നീക്കണോ മന്ത്രിയെ മാറ്റണോ എന്നിങ്ങനെയൊക്കെയുള്ള വലിയ ആലോചനയുമായിരിക്കുന്ന രണ്ടാളുകളും അവരുടെ ചുറ്റും കൂടിയിരിക്കുന്ന കുറേപ്പേരും! ഏതാണ്ടതുപോലുള്ള ഒരു കളിയായിട്ടാ രാഷ്ട്രീയവും പാലക്കാര് കണ്ടത്. അതിലെപ്പോഴും ജയിക്കുന്നയാള് മാണിസാറാവുമെന്നു അവരങ്ങു വിശ്വസിച്ചു, അത്രേയുള്ളൂ!

എന്നാലും ഈ കെ.എം.മാണി എന്ന പേര് പാലായോട് ചേർത്ത് മാത്രമേ ഓർമ്മിക്കാൻ കഴിയൂ കേട്ടോ. അഞ്ചു പതിറ്റാണ്ടായി ഒള്ള ശീലമല്ലേ? അതങ്ങു പെട്ടെന്ന് പോവില്ലല്ലോ.

എപ്പോളെങ്കിലും മുറ്റത്തേക്കിറങ്ങുമ്പോ ഒരു തണ്ടെടുത്താൽ, അതില് രണ്ടെല ഒണ്ടേൽ ഞങ്ങള് മാണിസാറിനെ ഓർക്കും. അതോണ്ടൊക്കെയാ ഇന്ന് രാവിലെ റബ്ബറ് വെട്ടുന്നില്ലാ എന്ന് ചില ചേട്ടായിമാരും, ‘എനിക്കൊരു മേലായ്കയാ മാനെ ‘ എന്നും പറഞ്ഞു ചില ചേടത്തിമാരും കട്ടൻവെള്ളം പോലും കുടിക്കാതെ കണ്ണും
തൊടച്ചോണ്ടിരിക്കുന്നത്. നാപ്പതു ദിവസം ഒപ്പീസും അത് കഴിഞ്ഞു എല്ലാ സന്ധ്യക്കും മരിച്ചോരുടെ പ്രാർത്ഥനേല് ഓർമ്മിക്കുവെന്നും പാലക്കാര് പറയുന്നതും സത്യമാ . എന്നാലും നിങ്ങക്ക് പകരം വെക്കാൻ ഇനി അവിടുന്നാരുമില്ല കേട്ടോ .

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ !

#k_m_mani #pala #ann_palee_stories

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.