കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി

92
Ann Palee
കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി.
ആദ്യം തന്നെ സംസാരിച്ചു തുടങ്ങിയത് ബിൽ ഗേറ്റ്സ് ആണ്. ഒരുപക്ഷേ ഇങ്ങനെയൊരു എപിഡെമിക് പടരുന്നതിനും മുൻപേ ബില് ആൻഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആരോഗ്യമേഖലയിയിൽ മാത്രമല്ല,ഒരു പാട് രാജ്യങ്ങളിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനും മുൻപന്തിയിലുണ്ട്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ നൂറു മില്യൺ അമേരിക്കൻ ഡോളറാണ് ഈ വിഷയത്തിനായി മാറ്റിവെച്ചത്.
ആലിബാബ സ്ഥാപകരിൽ ഒരാളായ ജാക്ക് മാ കോവിഡിനെ തളയ്ക്കാൻ പതിനാലു മില്യൺ ഡോളറാണ് നൽകിയത്. കോവിഡ് ഏറ്റവും ഭീതി പരത്തിയ ഇറ്റലിയിലെ ശതകോടീശ്വരന്മാരും വലിയ തുക തന്നെയാണ് ഈ മഹാവിപത്തിനെ നേരിടാൻ നൽകിയത്. പലരുടെയും പേരുകൾ അറിയില്ലെങ്കിലും ബ്രാൻഡുകളൊക്കെ കേട്ടാൽ നിങ്ങള്ക്ക് ഓർമ്മ വരും, ഫെററോ റോഷെർ, ജിയോർജിയോ അർമാനി, ബൾഗാരി, Prada…ഈ ബ്രാൻഡുകളുടെ ഉടമകൾ/ ഡിറക്ടർസ് നൽകിയത് പണം മാത്രമല്ല,വിലമതിക്കാനാവാത്ത ധൈര്യം കൂടിയാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാവുമെന്ന ഉറപ്പ് ! .
ഇനി നമുക്ക് ഇന്ത്യയിലേക്കൊന്നു നോക്കാം. ഇവിടെയുള്ള ശതകോടീശ്വരന്മാർ എന്ന് പറയുമ്പോൾ ശരിക്കങ്ങ് മനസ്സിലാക്കാൻ കുറേക്കൂടി വിവരങ്ങൾ പറയാം. ഇവരൊക്കെക്കൂടി കയ്യിൽ വെച്ചിരിക്കുന്ന കാശിന്റെ വലിപ്പം നമ്മുടെ യൂണിയൻ ബഡ്ജറ്റിനെക്കാൾ അധികമാണ്. ഒരു ശതമാനം വരുന്ന കോടീശ്വരന്മാരുടെ പക്കലുള്ള തുക രാജ്യത്തെ 70 % പൊതുജനങ്ങൾക്കുള്ളതിലും അധികമാണ്.
ഓഹരിവിപണിയിലെ ഏറ്റക്കുറച്ചിലുകൾ ചെറിയ മാറ്റമൊക്കെ വരുത്തുമെങ്കിലും നമ്മുടെ നാട്ടിലും ശതകോടീശ്വരന്മാർക്ക് ഒരു കുറവുമില്ല, അമേരിക്കയും ചൈനയും ജർമനിയും കഴിഞ്ഞാൽ ഏറ്റവുമധികം ധനികരുള്ളത് നമ്മുടെ രാജ്യത്താണ്, ഏതാണ്ട് 134 പേർ വരും. ഇനി ഇന്ത്യൻ വംശജരാണെങ്കിൽ ലോകമൊട്ടുക്ക് 170 നു മേലെയുണ്ടാവും.
ഇവരിൽ തന്നെ നല്ലൊരു പങ്കും താമസിക്കുന്നത് ബോംബയിലാണ് , പിന്നെ കുറേപ്പേർ, ഡൽഹിയിലും അഹ്‌മദാബാദിലും ഹൈദെരാബാദിലുമൊക്കെയായി കഴിയുന്നു. ഈ പറഞ്ഞ ക്രീമി ലയറിനോ അല്ലെങ്കിൽ ഇതിനു തൊട്ടു താഴെയുള്ള മറ്റ് ബിസിനസ് ടൈക്കൂൺസിനോ ഒരു ചുക്കും സംഭവിക്കില്ല. കാരണം അവരൊക്കെയും plutocrats ആണ്. പണം കൂടുന്നതനുസരിച്ചു അവർക്കൊക്കെ പവറും കൂടും , അധികാരവും സ്വാധീനവുമുള്ള ആളുകൾ അവരുടെ നിയന്ത്രണത്തിലാവും.അതുകൊണ്ടു അവരുടെയൊക്കെ ജീവിതം സെക്യൂർഡ് ആണ്.
എന്നാൽ, അവരിൽ എത്ര പേരാണ് ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ സമ്പാദ്യത്തിൽ ഒരംശം നൽകി സഹായിക്കാമെന്ന് പറയുന്നത്? യൂറോപ്പിലെയും അമേരിക്കയിലേയുമൊക്കെ പണക്കാർ ചെയ്യുന്നത് പോലെ സ്വാന്തനം സമ്പാദ്യമെന്നത് അവനവന്റെ കുടുംബത്തിന് മാത്രമുള്ളതല്ല എന്ന യാഥാർഥ്യം ഇവരെന്താണ് അംഗീകരിക്കാത്തത് ? വെറുതെ ബാൽക്കണിയിൽ നിന്ന് പാത്രം കൊട്ടി പേടിപ്പിക്കുന്ന ഇടപെടൽ അല്ല ഈ രോഗത്തിനെതിരെ വേണ്ടതെന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപായി അനിൽ അഗർവാളും ആനന്ദ് മഹീന്ദ്രയും മുന്നോട്ടു വന്നതൊഴിച്ചാൽ അത്ര കാര്യപ്പെട്ട അനക്കമൊന്നും മറ്റൊരിടത്തു നിന്നും കണ്ടില്ല.
രോഗത്തിന് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസമില്ല എന്നത് ശരിയാണ് . എന്നാൽ കാര്യങ്ങൾ വഷളാവുമ്പോൾ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കൂടുമ്പോൾ പാവപ്പെട്ടവരേക്കാൾ ജീവൻ നിലനിർത്താനാവുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കാനെളുപ്പം ധനികർക്കുതന്നെയാണ് . ഭയന്നു, വിറച്ചും ഒരു തൂക്കുപാലത്തിനുമുന്പിൽ നിൽക്കുമ്പോൾ പ്രിവിലേജുകൾ കൂടുതലുള്ളവർക്കു തന്നെയാണ് മറുകരയെത്താനെളുപ്പം. അതും നമ്മുടെ സാമ്പത്തികമേഖല എന്നത് കൂടുതൽ അസന്ഘിടതവും തൊഴിലാളികൾ പലരും നിത്യവേതനത്തിൽ ആശ്രയിക്കുന്നവരും ആയ സാഹചര്യമുള്ളപ്പോൾ ! അവരൊക്കെ ഈ ഇരുപത്തൊന്നു ദിവസം ഒന്നും ചെയ്യാൻ പറ്റാത്തതായി ജീവിക്കുമ്പോൾ തീർച്ചയായും പട്ടിണി അതിന്റെ പരകോടിയിലെത്താനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലല്ലോ.
കച്ചവടം ചെയ്തതല്ലേ ഈ പണമൊക്കെ ഉണ്ടാക്കിയതെന്ന് ചോദിച്ചാൽ അത് വിജയിപ്പിക്കാൻ നമ്മുടെ നാട്ടിലെ ആളുകളുടെ അടുത്തല്ലേ ഇവരൊക്കെ മാർക്കറ്റ് ചെയ്തത്? അപ്പോൾ ജനങ്ങൾക്കിങ്ങനെയൊരു ആപത്തുണ്ടാകുമ്പോൾ അവരോടു തൊഴിലിടങ്ങളിൽ നിന്നും വിട്ടു നിന്ന് മൂന്നാഴ്‌ച വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയുമ്പോൾ അവരെ സഹായിക്കുക എന്നൊരു കടമ കൂടി ഇക്കൂട്ടർക്കുണ്ടാവേണ്ടേ?
കേരളം എന്ന കൊച്ചു സംസ്ഥാനത്തു അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കുമെന്നു പറയുകയും അത് ഫലപ്രദമായി ചെയ്തുകാണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജാതീയചിന്തകൾ അത്രമേൽ വേരാഴ്ത്തിനിൽക്കുന്ന പാവപ്പെട്ടവനെ ഒരു മതിലിന്റെ മറവിൽ നിർത്താനാഗ്രഹിക്കുന്ന നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ ഇങ്ങാനൊരു പദ്ധതി വന്നാൽ ഇതെത്ര കണ്ട് പ്രവർത്തികമാക്കാൻ കഴിയും? അങ്ങനെയുള്ള സാഹചര്യത്തിലേക്ക് എണ്ണിയാലൊടുങ്ങാത്ത പണവുമായി നിൽക്കുന്നവർക്ക്‌ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും? രാജ്യത്തെ മികച്ച ആരോഗ്യപ്രവർത്തകരുമായി , സാമൂഹ്യക്ഷേമവകുപ്പുമായി കൈകോർത്ത് പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കാൻ അവരെന്താണ് മടിക്കുന്നത് ?
ലോകത്തെ പല ബില്യനേഴ്‌സും തങ്ങളുടെ സമ്പാദ്യം അടുത്ത തലമുറയ്ക്ക് തിന്നാനും കുടിക്കാനും വേണ്ടി അവശേഷിപ്പിച്ചു പോകയല്ല . കുഞ്ഞുങ്ങളുടെ അധ്വാനശീലവും ലക്ഷ്യബോധവും നശിപ്പിക്കാൻ ഏറ്റവും എളുപ്പം അവർക്കൊരു പങ്കുമില്ലാത്ത കുറേപ്പണം നൽകിപ്പോകുന്നതാണെന്ന് അവരുടെ ന്യായം. ഇന്ത്യയിലെ കാശുകാരൊക്കെ ആ ചിന്തയൊന്നും ഉടനെ വരാനുള്ള സാധ്യത കാണുന്നില്ല, പക്ഷെ ഈ കറുത്തനാളുകൾ കടക്കുന്നവരേയ്ക്കെങ്കിലും കുറച്ചുകൂടി സഹാനുഭൂതിയും കരുണയുമൊക്കെയാവാം. അവരില്ലെങ്കിൽ ഞാനുമുണ്ടാവില്ല എന്ന ചിന്തയുണ്ടായാൽ പേടിച്ചെങ്കിലും എന്തെങ്കിലും ചെയ്യുമായിരിക്കും. കാത്തിരുന്നു കാണണം !
Previous articleകൊറോണക്കാലത്തെ സീരിയലുകൾ
Next articleകൊറോണ വൈറസ് മുടിയിലൂടെ പകരുമോ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.