സോസീബിനി ഒരു സുന്ദരിയാണ് , അതിനാൽ അവർക്കു വിശ്വസുന്ദരിപ്പട്ടം കിട്ടി എന്ന് പറയുവാൻ നിങ്ങൾക്കെന്താണിത്ര മടി?

209

Ann Palee

സോസീബിനി ട്യൂൺസിക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയത് കണ്ടു. ആർക്കൊക്കെ സന്തോഷമുണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തെ ethnic values ന് ഏറെ പ്രാധാന്യം സിദ്ധിക്കുന്ന കാലത്തിലൂടെയാണ് നാമെല്ലാം സഞ്ചരിക്കുന്നത് .

ഒരു സംഭവം പറയാം , എന്റെ സഹോദരനറെ മകൾ അവൾക്കൊപ്പം പഠിയ്ക്കുന്ന സുഹൃത്തുക്കളുടെ പേരുകൾ പറഞ്ഞു കൊണ്ട് അവരുടെ ചിത്രങ്ങൾ ടാബിൽ ഒരു ബന്ധുവിന് കാണിച്ചുനൽകുകയാണ് , മോറോവ, ഡായോ , ഇഫെ എന്നിങ്ങനെ അവൾ ഓരോരുത്തരുടെയും വിശേഷങ്ങൾ പറഞ്ഞു നല്കുന്നതിനിടയിൽ ബന്ധുവിന് കാര്യപ്പെട്ട ഒരു സംശയം , ” നിനക്കീ കറമ്പരെ മാത്രേ കൂട്ട് കിട്ടിയുള്ളോ?” ഒട്ടും സമയം കളയാതെ അവർക്കുത്തരം കിട്ടി, “അമ്മായി , യു സൗണ്ട് ലൈക് എ റേസിസ്റ്റ് , ദാറ്റ് ഈസ് എ വെരി ബാഡ് കമന്റ് ” കൂടുതൽ ന്യായീകരണങ്ങൾക്കൊന്നും കാത്തു നിൽക്കാതെ കുട്ടി ടാബുമെടുത്തു മുറിയിലേക്ക് പോയി, അമ്മായി രാവിലെ വെച്ച ഇഷ്ടടു ഫ്രിഡ്ജിൽ വയ്ക്കാൻ മറന്നുവെന്നുപറഞ്ഞു വേഗം യാത്ര പറയുകയും ചെയ്തു.

Image may contain: 4 people, people smiling, people standing, wedding and flowerഅതായത് , ഇനി വലുതാവേണ്ട ഒരു തലമുറയുണ്ടല്ലോ, അവർക്കീ നിറമെന്നും blonde ഹെയർ എന്നുമൊക്കെപ്പറയുന്നത് ഒരു സംഭവമേയല്ല. അതോണ്ടാവും, എന്റെ മകൻ സാവൻ ഇദ്രിസ് എല്ബ ജെയിംസ് ബോണ്ട് ആയാൽ ദാറ്റ് കുഡ് ചേഞ്ച് ദി ഫീൽ മച്ച് പോസിറ്റിവെലി എന്നും പറയുന്നത് .

നമുക്ക് സങ്കടം തോന്നിയിരുന്ന , കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമാണെന്ന് കൂട്ടിയെഴുതിയ മുഖങ്ങളാവണമെന്നില്ല, കറുത്ത വർഗ്ഗക്കാർ ഇന്ന്. വികസിത രാജ്യങ്ങളിലേക്ക് ചേക്കേറിയ അവരുടെ ഇന്നത്തെ തലമുറയ്ക്ക് ‘മാർട്ടിൻ ലൂതർ കിംഗ്’ ആരെന്നു പോലും അറിയണമെന്നുമില്ല. ‘എത്നിക് മാർക്കറ്റ് റിസേർച്ചർ’ എന്ന നിലയ്ക്ക് ജോലി ചെയ്തിരുന്ന സമയത്തു മനസ്സിലാക്കിയ ഒരു കാര്യം പറിച്ചുനടലുകൾക്കു ശേഷവും തഴച്ചു വളരുവാൻ പര്യാപ്തമായ ജീവബിന്ദുക്കളാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വേരുകൾ പതിച്ചവരുടെ സിരകളിൽക്കൂടി ഒഴുകുന്നതെന്നാണ് . മറ്റേതൊരു എത്നിക് ഗ്രൂപ്പിനേക്കാളും ശക്തമായ അതിജീവനസൂത്രങ്ങൾ ജന്മസിദ്ധമായവർ ‘!

അതിനെയൊക്കെ അങ്ങ് നിസ്സാരവൽക്കരിക്കുന്നതു പോലെയാണ് സോസീബിനിയുടെ ഫോട്ടോയ്ക്ക് താഴെ ‘സൗന്ദര്യം എന്നത് മാംസനിബദ്ധമല്ല ‘ ‘ കറുത്തവർഗ്ഗക്കാരിയുടെ നേട്ടം’ ‘കറുപ്പിന്റെ വിപ്ലവം’ എന്നൊക്കെ എഴുതി വിടുന്നത് . ‘കറുമ്പിയാണെങ്കിലും സുന്ദരിയല്ലേ’ എന്ന് നിങ്ങൾ പറയുന്നതിൽ കറുമ്പിയായിട്ടുള്ളവർ വിരൂപകളാണെന്ന നിങ്ങളുടെ ധാരണ മറഞ്ഞിരിപ്പുണ്ട്. ‘മുടിയില്ലെങ്കിലും എല്ലിൻകൂടെങ്കിലും കാണാനൊരു വൃത്തിയുണ്ട്’ എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ കണ്ണിലെ അളവുകോലുകളിൽ മുടിയും തടിയുമില്ലാത്തവർ സൗന്ദര്യത്തിന്റെ മുൻനിര അർഹിക്കുന്നവരല്ല എന്ന വിശ്വാസമുണ്ട് .

പരിഹാസങ്ങൾക്കപ്പുറം സോസീബിനി ഒരു സുന്ദരിയാണ് , അതിനാൽ അവർക്കു വിശ്വസുന്ദരിപ്പട്ടം കിട്ടി എന്ന് പറയുവാൻ നിങ്ങൾക്കെന്താണിത്ര മടി? ഇനി അഥവാ മടി ഉണ്ടെങ്കിൽ പരിഷ്കൃതരെന്നും സമുന്നതചിന്താഗതിക്കാരെന്നും മറ്റുള്ളവരെ ബോധിപ്പിക്കുവാൻ ദയവു ചെയ്ത് ഇമ്മാതിരി ‘പുരോഗമന ‘ പോസ്റ്റുകൾ ഇടാതിരിക്കൂ, ഫേസ്ബുക്കിലിപ്പോൾ നല്ല തെളിച്ചമുണ്ട്, ചെമ്പൊക്കെ കൃത്യമായികാണാം, നല്ല നമസ്ക്കാരം !