ശംഖുമുഖത്തിനു തൊട്ടടുത്ത് വെച്ച് എനിക്ക് അപമാനം നേരിട്ടത് പാതിരാത്രി അല്ലായിരുന്നു

  217
  Ann Palee എഴുതുന്നു 
  ഇന്നലെയാണ് ശ്രീലക്ഷ്മി എന്ന യുവതിക്ക് ശംഖുമുഖത്തുവെച്ചു നേരിട്ട ദുരനുഭവത്തെക്കുറിച്ചു വായിച്ചത്. സദാചാരഗുണ്ടായിസമോ പൊതുവിടങ്ങളിലെ അപമാനിക്കലോ നേരിടേണ്ടി വന്നാലുള്ള മനസികപിരിമുറുക്കം ചില്ലറയല്ല.
  ഞാൻ എന്റെയൊരനുഭവം പറയാം.
  വർഷം 2008 , പാലി അന്ന് കൈരളിയുടെ ഗൾഫ് ബാൻഡിൽ പ്രോഗ്രാം ചെയ്യുന്നു, മാസത്തിൽ പകുതി ദിവസം ദുബായിലും ബാക്കി നാട്ടിലും. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തെ ഞങ്ങളുടെ വീട് മിക്കവാറും അടച്ചാണിട്ടിരുന്നത് . സാവൻ തീരെ കുഞ്ഞായിരുന്നത് കൊണ്ട് എനിക്കവിടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ബുദ്ധിമുട്ടായിരുന്നു കാരണം.
  ആ സമയത്തായിരുന്നു എന്റെ കസിന്റെ വിവാഹം. അവനു കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ തിരികെ ഖത്തറിലേക്ക് പോകേണ്ടത് കൊണ്ട് വലിയ യാത്രയൊന്നും ചെയ്യാനുള്ള സമയമില്ല , എങ്കിൽപ്പിന്നെ തിരുവനന്തപുരത്ത് രണ്ടു ദിവസം ചെലവഴിക്കാമെന്നു കരുതി ഞങ്ങൾ എല്ലാരും കൂടെ എന്റെ വീട്ടിൽ എത്തി .കസിൻ ,അവന്റെ ഭാര്യ എന്റെ ‘അമ്മ , വല്ല്യച്ഛൻ, സാവൻ , ഞാൻ എന്നിങ്ങനെ എല്ലാരും കൂടെയുള്ള സന്തോഷദിനങ്ങൾ. ഇമ്മാതിരി ഒരു ഹണിമൂൺ ആകെ കണ്ടിട്ടുള്ളത് ‘മിഥുനം’ സിനിമയിൽ മാത്രമാണെന്ന് പറഞ്ഞു പാലി വിളിച്ചു ഞങ്ങളെ കളിയാക്കുകയും ചെയ്തു. എന്നാലെന്താ? അപൂർവ്വമായേ അത്തരം ഒത്തുചേരലുകൾ അന്നൊക്കെ സംഭവിച്ചിരുന്നുള്ളൂ , അതുകൊണ്ടുതന്നെ ഞങ്ങളെല്ലാവരും പ്ലാൻ ചെയ്ത പോലെ കന്യാകുമാരിയും തിരുവനന്തപുരം നഗരക്കാഴ്ചകളും യാത്ര നന്നായങ്ങു ആസ്വദിച്ചു.
  ഒടുക്കം തിരിച്ചു പോരുന്നതിന്റെ തലേന്ന്‌ രാത്രി , ഏതാണ്ടൊരു 9 മണി കഴിഞ്ഞപ്പോൾ ഞങ്ങൾക്കൊരാഗ്രഹം , ഒന്ന് ശംഖുമുഖം വരെ പോകണമെന്ന് . പോയി കടലും നക്ഷത്രങ്ങളുമൊക്കെ കണ്ടു തിരിച്ചു വരുന്ന വഴി , ഇപ്പോളത്തെ ഡൊമസ്റ്റിക് എയർപോർട്ടിന്റെ കുറച്ചുമുന്പായി ഒരു ബൈക്ക് നല്ല സ്പീഡിൽ ഞങ്ങളെ overtake ചെയ്തു , ശ്രദ്ധയില്ലാതെ ചെയ്തതിനാലാവാം അയാൾ ഞങ്ങളുടെ കാറിനു ഒന്ന് തട്ടിയിട്ടാണ് പോയത്. അപ്പോൾ തന്നെ അയാൾ വണ്ടി നിർത്തി ഇറങ്ങി, നോക്കിയപ്പോൾ അയാളുടെ മുന്നിലായി ഒരു ചെറിയ കുട്ടിയുമുണ്ട് , നേരാംവണ്ണം നില്ക്കാൻ പോലും പറ്റുന്നില്ല, നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം.
  ഫാമിലി ആണെന്ന് മനസ്സിലാക്കിയിട്ടാണോ അതോ കോട്ടയം നമ്പറാണെന്നു കണ്ടിട്ടാണോ അയാൾ വന്നു ഞങ്ങളുടെ കാറിനു മേലെ ചവിട്ടാനും ഇടിക്കാനും തള്ളാനും തുടങ്ങി.കാറ് വല്ലാതെയിളക്കാൻ തുടങ്ങിയപ്പോൾ നിവർത്തികെട്ട് ഞങ്ങൾ പുറത്തിറങ്ങി .
  അതുവേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി. കാരണം അത്രയ്ക്ക് അറപ്പുളവാക്കുന്ന ഭാഷയിലാണ് അയാൾ സംസാരിച്ചത്. ഇതൊക്കെക്കണ്ട് എന്റെ കയ്യിലിരുന്ന മോൻ ഉറക്കെ കരയാനും തുടങ്ങി. അപ്പോളാണ് ഞങ്ങൾ മൂന്നു സ്ത്രീകൾ കൂടെയുള്ളത് അയാൾ ശ്രദ്ധിച്ചത്. പിന്നെ ഞങ്ങളുടെ മുഖത്ത് നോക്കിയായി അസഭ്യവർഷം. അയാൾ സംസാരിക്കുന്ന അതെ ഭാഷയിൽ പ്രതികരിക്കാൻ അറിയില്ലാത്തതു കൊണ്ട് തന്നെ ഞങ്ങൾക്കു മിണ്ടാതിരിക്കാൻ കഴിഞ്ഞുള്ളു. സ്വന്തം കുഞ്ഞിനെ കയ്യിൽ വെച്ചോണ്ടാണ് അയാളീ പരാക്രമമൊക്കെ കാണിക്കുന്നതെന്നും ഓർക്കണം.
  ആ സമയത്തു അവിടേയ്ക്കു പോലീസെത്തി(തൊട്ടടുത്താണല്ലോ പോലീസ്‌സ്റ്റേഷൻ ) . ഞങ്ങൾക്കൊക്കെ ആശ്വാസമായി . എന്നാൽ പോലീസിന്റെ പ്രതികരണമാണ് ഏറെ വേദനിപ്പിച്ചത്.
  പരസ്യമായി , പൊതുവിടത്തുവെച്ച് , മദ്യപിച്ചു, അലക്ഷ്യമായി, വണ്ടിയോടിച്ചു മറ്റൊരു വണ്ടിയിൽ ചെന്നിടിച്ചു , ആ വണ്ടിയുടെ ബോണറ്റ് ചവിട്ടി ചളുക്കി വികൃതമാക്കി , സ്ത്രീകളെ പോലും അസഭ്യം പറഞ്ഞു നിൽക്കുന്ന ഒരു തെരുവ് ഗുണ്ടയോട് പോലീസുകാർ അങ്ങേയറ്റം സൗഹാർദ്രമായി സംസാരിക്കുന്നു . ‘സാരമില്ലെടാ, പോട്ടെടാ, അവരു വീട്ടിൽ പോട്ടെടാ, വിട്ടു കള ‘ എന്ന മട്ടിലുള്ള ആശ്വസിപ്പിക്കലുകൾ. അതുവരെയും ഇല്ലാത്ത ഞെട്ടൽ അപ്പോളാണ് ഉണ്ടായത് . അപമാനിതരും ഭയപ്പെട്ടവരും ആയ ചെറിയകുട്ടിയടക്കം കുറച്ചു സാധാരണ മനുഷ്യർ വേദനയോടെ നോക്കിനിൽക്കുമ്പോൾ നടുറോഡിൽ ഗുണ്ടായിരം കാണിക്കുന്ന ഒരുത്തന് പോലീസിന്റെ ആശ്വാസവചനങ്ങൾ!
  അവിടേയ്ക്കു അപ്പോൾ കടന്നു വന്ന മറ്റൊരു മനുഷ്യനാണ് എന്നെ സ്വബോധത്തിലേക്കു കൂട്ടികൊണ്ടുവന്നത് . “ആൻ , ഇതൊക്കെ കേട്ടുകൊണ്ട് നിൽക്കുന്നത് എന്തിനാണ് ? പോയി പോലീസ്‌സ്റ്റേഷനിൽ പരാതി കൊടുക്കൂ .” അവനോടു ഞങ്ങൾ പറഞ്ഞിട്ടുണ്ട് , നിങൾ പൊയ്ക്കോ എന്നുള്ള ആശ്വാസവചനവുമായി അടുത്തേക്ക് വന്ന പോലീസുകാരനോട് അതൊന്നും പറ്റില്ല , സ്റ്റേഷനിൽ വന്നു പരാതി കൊടുക്കണം എന്ന് ഞാൻ പറഞ്ഞു. അയാൾക്കതത്ര ഇഷ്ടപ്പെട്ടില്ല, “ഈ രാത്രിയിൽ സ്ത്രീകൾ സ്റ്റേഷനിൽ വരുന്നതൊക്കെ ശരിയാണോ എന്നായി അടുത്ത ചോദ്യം . അതായത് വഴിയിൽ നിന്ന് അപമാനിതരായാലും കുഴപ്പമില്ല, പോലീസ് സ്റ്റേഷണെന്ന ‘ഭീകരസ്ഥാപനത്തിലേക്ക് ‘(അയാൾ കൂടി ജോലിചെയ്യുന്നിടം) വരാതിരിക്കുന്നതാണ് നല്ലതെന്ന്!
  അപ്പോളേക്കും എനിക്കാദ്യം ധൈര്യം തന്ന മനുഷ്യൻ ഇടപെട്ടു , അയാളുടെയും അയാൾ ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിന്റെ പേര് പറഞ്ഞു , ഞങ്ങളുടെ പരാതി സ്വീകരിക്കണമെന്ന് നിർബന്ധം പിടിച്ചു. അതോടെ പോലീസുകാർ സ്റ്റേഷനിലേക്ക് പോകാമെന്നു സമ്മതിച്ചു .
  സ്റ്റേഷനിലെത്തിക്കഴിഞ്ഞപ്പോളാണ് ഗുണ്ടയുടെ മറ്റൊരു മുഖം കണ്ടത് . വാതിൽക്കൽ നിന്ന് കരച്ചിൽ , ‘സാറേ , എന്റെ മോളെയും കൊണ്ട് സ്റ്റേഷനിൽ കയറില്ല ‘ എന്ന സങ്കടം പറച്ചിൽ. അത്രയും നേരം മദമിളകി നിന്ന ആളാണെന്നു പറയുകയേ ഇല്ല. എന്നാൽ പരാതി എഴുതികൊടുക്കാൻ തീരുമാനിച്ചു തന്നെയായിരുന്നു ഞങ്ങൾ ചെന്നത്. മിനുറ്റുകൾക്കകം അയാളുടെ കുറെ സുഹൃത്തുക്കളും അമ്മയുമെത്തി ,ആ സ്ത്രീയാണെങ്കിൽ അയാളുടെ കുഞ്ഞിനെമേടിച്ചു നെഞ്ചത്തടിച്ചു കരച്ചിൽ തുടങ്ങി, “എന്റെ കൊച്ചിനെ വണ്ടിയിടിച്ചോ? പോലീസുകാര് തല്ലിയോ ? ‘ എന്നൊക്കെയുള്ള കല്ലുവെച്ച നുണകൾ വിളിച്ചു പറഞ്ഞുള്ള കരച്ചിൽ . കൂടെയുള്ളവരാണെങ്കിലോ ഞങ്ങൾ എന്തോ മഹാപാതകം ചെയ്തു എന്ന മട്ടിലാണ് നമ്മളെ നോക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അയാളെ പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയപ്പോളും അയാൾ ഞങ്ങളെ രൂക്ഷമായി നോക്കുകയും പല്ലു ഞെരുക്കുകയും ചെയ്തതു ഇത്ര വര്ഷങ്ങള്ക്കുശേഷവും എനിക്കോർമ്മയുണ്ട്.
  പറയുന്നതെന്താണെന്നു വെച്ചാൽ ഇന്നലെ ശംഖുമുഖത്തെ സദാചാരപോലീസുകാരുടെ ഇടപെടൽ കണ്ടപ്പോൾ അതിനു ചില അഭിപ്രായങ്ങളുമായി വന്നവരെകൂടി ശ്രദ്ധിച്ചിരുന്നു. അതിലൊരു വിമർശനം സുഹൃത്തുക്കളുടെ ഒപ്പം പാതിരായ്ക്ക് ഒരു പെണ്ണെന്തിനാണ് ശംഖുമുഖം കടപ്പുറത്തു പോയത് എന്നായിരുന്നു.ഇതേ മട്ടിലുള്ള പ്രതികരണങ്ങൾ നിർഭയ കേസിന്റെ സമയത്തും കേട്ടിരുന്നു, എന്തിനാണവൾ രാത്രി സുഹൃത്തിനൊപ്പം പുറത്തു പോയതെന്ന് ! എത്ര പെട്ടന്നാണ് ഇരയെ കുറ്റക്കാരാക്കാൻ നമ്മുടെയൊക്കെ സദാചാരബോധം മുന്നോട്ടിറങ്ങുന്നത് !
  ശംഖുമുഖത്തിനു തൊട്ടടുത്ത് വെച്ച് എനിക്ക് അപമാനം നേരിട്ടപ്പോൾ പാതിരാ ആയില്ലായിരുന്നു. എന്റെ ഒപ്പം എന്റെ വല്യച്ചനും സഹോദരനും മകനും അമ്മയും നാത്തൂനും ഒക്കെയുണ്ടായിരുന്നു. എന്നിട്ടും കണ്ടുനിന്നവരിൽ ഒരാളൊഴികെ മറ്റാരും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയില്ല. പോലീസുകാർ പോലും ഞങ്ങളെ ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ അല്ല ശ്രമിച്ചത് എന്നും കൂട്ടിച്ചേർക്കട്ടെ.
  ഒന്നിരിട്ടിത്തുടങ്ങിയാൽ , മദ്യമോ കഞ്ചാവോ ശരീരത്തിൽകടന്നാൽ , ഒരേ മനോനിലയുള്ള കുറച്ചു ‘കട്ട- ചങ്ക്‌സ്’ കൂടെ ഉണ്ടായാൽ , മുന്നിൽ കാണുന്ന പെണ്ണുങ്ങളൊക്കെ പോക്കാണെന്നും അവരൊക്കെ എന്തോ മഹാപരാധം ചെയ്യാൻ ഇറങ്ങിതിരിച്ചവരാണെന്നുമൊക്കെ തോന്നുന്നുണ്ടെങ്കിൽ അതൊരു മനോരോഗമാണ് . അവരെയൊക്കെ നന്നാക്കാനും വഴക്കുപറഞ്ഞു വീട്ടിൽ വിടാനുമൊക്കെ തോന്നുന്നുവെങ്കിൽ അവരല്ല നിങ്ങളാണ് വീട്ടിലിരിക്കേണ്ടത് എന്ന് കൂടി മനസിലാക്കുക. എന്തായാലും മെക്കിട്ടുകേറണമെങ്കിൽ അവനവന്റെ കുടുംബത്തിരിക്കുന്നവരോട് പോയി കാണിച്ചാ മതിയെന്ന പതിവ് മറുവാദം പോലും നിങ്ങളോടു പറയുന്നില്ല , കാരണം നിങ്ങളുടെ ഭാര്യയോ മകളോ ആയി ജീവിക്കുന്നത് ഒരിക്കലും ഒരു സൗഭാഗ്യമല്ല എന്നാ തിരിച്ചറിവ് ഇപ്പോൾ ഞങ്ങൾക്കൊക്കെയുണ്ട് . ഈ ഇന്ത്യമഹാരാജ്യത്തു പൊതുവിടങ്ങളിൽ ‘സ്ത്രീകൾക്ക് പ്രവേശനമില്ല ‘ എന്ന ബോർഡ് പ്ര ത്യക്ഷപ്പെടാതിരിക്കുന്നിടത്തോളം കാലം എവിടെയും എപ്പോളും ഞങ്ങൾ ഉണ്ടാവും , പേടിപ്പിച്ചും തെറിവിളിച്ചും നന്നായി ആസ്വദിക്കുന്ന കാഴ്‌ചക്കാരായി നിന്നുമൊക്കെ തിരിച്ചുവിടാമെന്നു കരുതുന്നുണ്ടെങ്കിൽ അത് വെറും അതിമോഹം മാത്രമാണ്.
  പകലുകൾ പോലെതന്നെ രാത്രികളും ഞങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ്, കടലും പുഴകളും ഞങ്ങൾക്കുകൂടി കാണാനുള്ളതാണ്, പൊതുവിടങ്ങൾ ഞങ്ങളുടേത് കൂടിയാണ്, പൊതുജനമെന്നാൽ ഞങ്ങൾ കൂടിയാണ്!