എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്, ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

578

എറണാകുളം അപ്രതീക്ഷിതമായ മഴയിൽ മുങ്ങുമ്പോൾ സ്ഥലം എംപി ഹൈബി ഈഡന്റെ ധർമ്മപത്നി അന്നാ ലിൻഡ ഈഡൻ തന്റെ ഫേസ് ബുക്കിൽ നടത്തിയ നിരുത്തരവാദപരമായ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. വെള്ളക്കെട്ടുകൾ കൊണ്ട് നഗരം സ്തംഭക്കുമ്പോൾ, അതിന്റെ ചിത്രവും തന്റെ ഭർത്താവു ഐസ്ക്രീം നുണയുന്ന ചിത്രവും പോസ്റ്റ് ചെയ്തു. ; ‘വിധിയെ പോലെയാണ് ബലാത്സംഗവും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കുക’ (Fate is like rape if you can’t resist it then try to enjoy it)എന്ന കാപ്‌ഷൻ അതിൽ നൽകിയതാണ് വിവാദങ്ങൾക്കു വഴിതെളിച്ചത്. പോസ്റ്റിൽ വിവാദം കനക്കാൻ കാരണം രണ്ടാണ്. ഒന്നാമത്, കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഇത്ര വലിയ ഗതികേടിൽ നിൽക്കുമ്പോൾ ജനപ്രതിനിധിയുമൊത്തു ഭാര്യ ആഘോഷിക്കുന്നു. രണ്ടാമത്തെ കാരണം പോസ്റ്റിലെ സ്ത്രീവിരുദ്ധത. ബലാത്‌സംഗം അനുഭവിച്ച ഇരകൾ പ്രാണൻ വെടിഞ്ഞും ജീവശ്ചവമായും ഒക്കെ ജീവിക്കുമ്പോൾ അവരെ, ആഡംബരത്തിന്റെ പട്ടുമെത്തയിൽ സുരക്ഷിതയായി കിടന്നുകൊണ്ട് എംപിയുടെ പത്നി പരിഹസിക്കുന്നു. അനവധിപേർ അന്നയുടെ പോസ്റ്റിനെതിരെ പ്രതികരിച്ച സാഹചര്യത്തിൽ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മിസിസ് എംപി. അന്നയുടെ പോസ്റ്റ് വായിക്കാം. 

സോഷ്യൽ മീഡിയയിൽ ഞാൻ ഉപയോഗിച്ച വാക്കുകൾ എന്റെ ഉദ്ദേശങ്ങൾക്കപ്പുറം ചർച്ച ചെയ്യപ്പെടുകയും , ജീവിതത്തിൽ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവർക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും ഞാൻ മനസിലാക്കുന്നു.

കഴിഞ്ഞ ഒരാഴ്ചക്കാലമായി എന്റെ അച്ഛൻ അതീവ ഗുരുതരാവസ്ഥയിൽ അമൃത ആശുപത്രിയിൽ ICU ചികിത്സയിലാണ് . ആശുപത്രിയും വീടുമായി ഓട്ടത്തിനിടയിലാണ് അപ്രതീക്ഷിതമായി മുൻപെങ്ങും ഇല്ലാത്ത വിധം വീട്ടിൽ വെള്ളം കയറി വലിയ നാശ നഷ്ടങ്ങൾ ഉണ്ടായത്. അമ്മയെയും മകളെയും എല്ലാം കൂട്ടി വളരെ കഷ്ടപ്പെട്ടാണ് കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങളുമെടുത്ത് വീടിനു പുറത്തിറങ്ങുന്നത്. ഹൈബിയാണെങ്കിൽ ഇലക്ഷൻ തിരക്കിലും..

അപ്പയുടെ അവസ്ഥ വളരെ മോശമാണ് . വെന്റിലേറ്റർ പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം. ചിലപ്പോൾ നമ്മുടെ എല്ലാം ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാവശത്ത് നിന്നും വരിഞ്ഞു മുറുക്കി എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടികളെ ആഘോഷമാക്കി അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു ശ്രമം .

സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് എന്നാണ് എന്റെ ഓർമ്മ. അമിതാഭ് ബച്ചൻ എ ബി സി എൽ എന്ന പരിപാടി നടത്തി ആകെ പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നടത്തിയ ഒരു പരാമര്ശമായിരുന്നു ഞാനും കുറിച്ചത്. ആ കാലത്ത് തന്നെ ആ പരാമർശം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഓർമ്മയാണ് ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പരാമർശം നടത്താൻ എന്നെ പ്രേരിപ്പിച്ചത്.
ഒട്ടനവധി സ്ത്രീകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു ദുരവസ്ഥയെ അപമാനിക്കുക എന്ന് ഒരു രീതിയിലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.

ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയിൽ, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നിൽക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റിൽ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ എനിക്ക് ഏറെ വിഷമമുണ്ട്. ഞാൻ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

Advertisements