മുഖത്തിന്റെ നിറവും സ്റ്റാറ്റസും നോക്കി ആൾക്കൂട്ടമങ്ങു തീരുമാനിക്കുകയാണ് കള്ളന്മാരെയും കൊള്ളക്കാരെയും

113

മൊബൈൽ മോഷണം ആരോപിച്ച് സംഘം ചേർന്ന് ആക്രമിച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശിഹാബുദീൻ, അരുൺ, ജിനേഷ്, സാജൻ, കുഞ്ഞുമോൻ, സജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പ്രതികൾ അജേഷിനെ ക്രൂരമായി മർദിക്കുകയും അടിവയറിലും ജനനേന്ദ്രിയത്തിലും പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് തിരുവല്ലം മുട്ടയ്ക്കാട് സ്വദേശി അജേഷ് ആൾക്കൂട്ട ആക്രമണത്തിനിരയായത്. കേസിലെ മുഖ്യ പ്രതിയായ സജിയുടെ മൊബൈൽ ഫോണും പണവും തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ച് അജേഷ് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദനം.

സംഭവ ദിവസം ഉച്ചയ്ക്ക് നാലു മണിയോടെ തിരുവല്ലത്തിന് സമീപം വണ്ടിത്തടം ജംഗ്ഷനിൽ വെച്ച് സജിയും സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവർമാരും അജേഷിനെ മർദിക്കുകയായിരുന്നു. ക്രൂരമായി യുവാവിനെ മർദിക്കുന്നതു കണ്ടിട്ടും പോലീസിനെ വിവരമറിയിക്കാൻ നാട്ടുകാർ ശ്രമിച്ചില്ലായെന്നത് വളരെ ദുഖകരമായ വസ്തുതയാണ്. ജംഗ്ഷനിൽ വെച്ച് മർദിച്ച ശേഷം ഓട്ടോയിൽ കയറ്റി അജേഷിനെ ആളില്ലാത്ത വീട്ടിലേക്കു കൊണ്ട് പോയി. ഇവിടെ വെച്ച് ഫോൺ കണ്ടെത്താത്തതിനാൽ ക്രൂരമായി മർദിച്ചു. സമീപത്തുള്ള മുളവെട്ടി ദേഹമാസകലം മണിക്കൂറുകളോളം മർദിച്ചു. വെട്ടുകത്തി ചൂടാക്കി അടിവയറിലും ജനനേന്ദ്രിയത്തിലും വെച്ച് പൊള്ളിച്ചു.

അജേഷിനെ തിരുവനന്തപുരം നഗരത്തിൽ പലർക്കും അറിയാം. തികച്ചും വ്യത്യസ്തനായ ഒരാൾ. Annakutty Anna Jose പറയുന്നത് ശ്രദ്ധിക്കൂ

അജേഷിനെ എനിക്കറിയാം. തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗങ്ങളിൽ വച്ച് പലപ്പോഴും ഞാനവനെ ശ്രദ്ധിച്ചിട്ടുണ്ട്. കാതിലും മൂക്കിലുമൊക്കെ ധാരാളം സ്റ്റഡ് അണിഞ്ഞുകൊണ്ട് നീട്ടിവളർത്തിയ തലമുടിയിൽ പലതരം ചായങ്ങൾ പൂശി പെൻസിൽ ഫിറ്റ് പാന്റും ടീ ഷർട്ടുമണിഞ്ഞ് ഹിപ്പി മോഡലിൽ തെരുവിലൂടെ അലഞ്ഞു നടക്കുന്നതുകാണാം. ഒരിക്കൽ കൈനീട്ടി ചോദിച്ചപ്പോൾ ഒരു സിഗരറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്‌. ഇന്നലെ തിരുവനന്തപുരത്തു വച്ച് മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം അവനെ തല്ലിക്കൊന്നിരിക്കുന്നു. ജനനേന്ദ്രിയത്തിൽ ചുട്ടു പഴുപ്പിച്ച പിച്ചാത്തികൊണ്ട് പൊള്ളലേൽപ്പിച്ചിരിക്കുന്നു. വാർത്ത വായിച്ചപ്പോൾ നാഡികൾക്കിടയിലൂടെ കടന്നുപോയ നടുക്കമിപ്പോഴും മാറിയിട്ടില്ല. മുഖത്തിന്റെ നിറവും സ്റ്റാറ്റസും നോക്കി ആൾക്കൂട്ടമങ്ങു തീരുമാനിക്കുകയാണ് കള്ളന്മാരെയും കൊള്ളക്കാരെയും. കാട്ടിൽ വച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിലും നഗരമധ്യത്തിൽ വച്ച് ആൾക്കൂട്ടത്താൽ തല്ലിക്കൊല്ലപ്പെട്ട അജേഷിലുമൊന്നും നിൽക്കാൻ പോകുന്നില്ല കാര്യങ്ങൾ.