പതിനെട്ടുകൊല്ലം എയർപോർട്ടിനുള്ളിൽ താമസിക്കേണ്ടിവന്ന മനുഷ്യൻ

5804

Anoop Cb എഴുതുന്നു 

Anoop Cb
Anoop Cb

എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ ചെല്ലുമ്പോൾ യാത്ര തുടങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കാത്തിരിക്കേണ്ടി വന്നാൽ മുഷിയുന്നവരാണ് നമ്മളിൽ മിക്കവരും. എന്നാൽ മെഹ്റാൻ കരീമി നസ്‌റി എന്ന ഇറാൻ പൗരന് യാത്ര മുടങ്ങി ഫ്രാൻസിലെ എയർപോർട്ടിൽ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോ, ദിവസങ്ങളോ, മാസങ്ങളോ അല്ല 18 വർഷമാണ്!! അവിശ്വസനീയം എന്ന് കരുതാവുന്ന ഈ സംഭവത്തിനിടയാക്കിയതാകട്ടെ മെഹ്റാന്റെ ഒരു ബ്രീഫ് കേസ് കളവ് പോയതും. 1943ൽ ഇറാനിലാണ് മെഹ്‌റാൻ ജനിച്ചത്. 1973ൽ യു.കെയിലെ ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ മെഹ്‌റാൻ ഇറാനിലെ അവസാനത്തെ ഷാ ആയിരുന്ന മൊഹമ്മദ് റേസ പഹ്‌ലവിയുടെ ഭരണത്തിനെതിരെ നടന്ന പ്രതിഷേധ പ്രകനങ്ങളിൽ പങ്കെടുക്കുകയുണ്ടായി. തുടർന്ന് സ്വന്തം രാജ്യത്തെത്തിയ മെഹ്റാനെ ആദ്യം ഭരണകൂടം ജയിലിലടക്കുകയും പിന്നീട് ഇറാനിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ബെൽജിയം മെഹ്റാന് അഭയം കൊടുക്കുകയുണ്ടായി. എന്നാൽ യു.കെയിൽ പൗരത്വം എടുത്ത് അവിടെ ജീവിക്കാനായിരുന്നു മെഹ്റാൻറെ ആഗ്രഹം. അതിനായി അദ്ദേഹം 1988ൽ പാരീസ് വഴി ലണ്ടനിലേക്ക് യാത്ര ചെയ്തു. എന്നാൽ ലണ്ടനിൽ ഇറങ്ങിയപ്പോഴാണ് തന്റെ യാത്രാ രേഖകളും, പാസ്‌പോർട്ടും എല്ലാമടങ്ങിയ ബ്രീഫ്‌കേസ് നഷ്ടമായത് മെഹ്‌റാൻ അറിയുന്നത്. അതോടെ അദ്ദേഹത്തിന് ലണ്ടനിൽ പ്രവേശിക്കാനായില്ല. യാത്രാരേഖകൾ ഇല്ലാത്ത കാരണം ഫ്രാൻസിലേക്ക് തിരിച്ചയക്കപ്പെട്ട മെഹ്‌റാനെ ഫ്രാൻസിലെ ചാൾസ് ഡി ഗോൾ എയർപോർട്ടിൽ ഇറങ്ങിയയുടനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ മെഹ്‌റാൻ നിയമപ്രകാരം ഫ്രാൻസിൽ പ്രവേശിച്ച ആളായത് കൊണ്ടും, ഫ്രാൻസിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഒന്നുമില്ലാത്തത് കൊണ്ടും അയാളെ നിയമപരമായി കസ്റ്റഡിയിൽ വെക്കാൻ ഫ്രഞ്ച് പോലീസിന് കഴിഞ്ഞില്ല. ബെൽജിയത്തിലേക്ക് മെഹ്റാനെ തിരിച്ചയക്കാൻ അയാൾ ബെൽജിയം പൗരനാണ് എന്ന് തെളിയിക്കുന്ന രേഖകളുമില്ല. ഈ രേഖകൾ ബെൽജിയത്തിൽ നിന്ന് വരുത്തണമെന്ന് വെച്ചാൽ ബെൽജിയത്തിലെ നിയമം അനുസരിച്ച് പൗരൻ നേരിട്ട് ഹാജരായാലെ പൗരത്വ സംബന്ധമായ രേഖകൾ ഇഷ്യൂ ചെയ്യുകയുമുള്ളൂ. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ ഫ്രാൻസിലെ വിസ വേണം. യാതൊരു രേഖയുമില്ലാത്ത മെഹ്റാന് ഫ്രഞ്ച് വിസയും ലഭിക്കില്ല. അങ്ങനെയാണ് 1988 ആഗസ്റ്റ് 26ന് മെഹ്‌റാൻ ഫ്രാൻസിലെ ചാൾസ് ഡി ഗോൾ എയർപോർട്ടിലെ ടെർമിനൽ വണ്ണിൽ തന്റെ താമസം ആരംഭിക്കുന്നത്. എയർപോർട്ടിലെ ഒരു മൂലയിൽ തന്റെ ബാഗും അരികിൽ വെച്ച് പത്രമോ, പുസ്തകങ്ങളോ വായിച്ചു കൊണ്ടിരിക്കുന്ന മെഹ്‌റാൻ ചാൾസ് ഡി ഗോൾ എയർപോർട്ടിലെ ഒരു പതിവ് കാഴ്ചയായി. അയാളുടെ ദുരവസ്ഥ കണ്ട് ദയ തോന്നിയ എയർപോർട്ടിലെ ജീവനക്കാരും, കടക്കാരും, ഭക്ഷണം വാങ്ങിക്കൊടുത്തും, കാശ് കൊടുത്തും അയാളെ സഹായിച്ചു. പതിയെ പതിയെ ആ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ ഒരു ശ്രദ്ധാകേന്ദ്രമായി മെഹ്‌റാൻ മാറി. പലരും അയാളെ സന്ദർശിച്ചു, ധനസഹായങ്ങൾ നൽകി. സംഭവം വാർത്തയായതോടെ ഫ്രാൻസിലെ മനുഷ്യാവകാശ കമ്മീഷനും മെഹ്റാൻറെ പ്രശ്നത്തിലിടപെട്ടു. 1999ൽ ബെൽജിയം ഗവൺമെന്റ് മെഹ്റാൻറെ പൗരത്വ രേഖകൾ ഫ്രാൻസിന് അയച്ചു കൊടുക്കാൻ തയ്യാറായി. എന്നാൽ രേഖകൾ ഫ്രാൻസിൽ എത്തിയപ്പോൾ അത് സ്വീകരിക്കാൻ മെഹ്‌റാൻ വിസമ്മതിച്ചു. 1981ൽ ഹീത്രൂവിൽ താൻ പേര് സാർ ആൽഫ്രെഡ് മെഹ്‌റാൻ എന്നും, യു.കെയിലെ പൗരൻ ആണെന്നുമാണ് വിവരങ്ങൾ കൊടുത്തിട്ടുള്ളത്. അത് പ്രകാരമുള്ള രേഖകളേ താൻ അംഗീകരിക്കൂ എന്നും മെഹ്‌റാൻ വാശിപിടിച്ചതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു. ഫ്രഞ്ച് പൗരത്വം സ്വീകരിക്കാനും അയാൾ വിസമ്മതിച്ചു. മെഹ്റാൻറെ എയർപോർട്ട് ടെർമിനൽ വണ്ണിലെ ജീവിതം ഇതിവൃത്തമാക്കി ഹോളിവുഡിലെ വിഖ്യാത സംവിധായകനായ സ്റ്റീഫൻ സ്പീൽബർഗ് എടുത്ത ചിത്രമാണ് ടോം ഹാങ്ക്സ് കേന്ദ്രകഥാപാത്രമായ ‘ദി ടെർമിനൽ’ (The Terminal – 2004). ഈ കഥ ചിത്രത്തിനായി ഉപയോഗിച്ചതിന് 2,50,000 ഡോളർ ആണ് മെഹ്റാന് പ്രതിഫലം കിട്ടിയത്. (പൂർണ്ണമായും മെഹ്റാൻറെ കഥയല്ല ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്) 2006 ജൂലായിൽ അസുഖ ബാധിതനായതിനെ തുടർന്ന് മെഹ്റാനെ ഫ്രാൻസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് 18 കൊല്ലം നീണ്ട അദ്ദേഹത്തിന്റെ എയർപോർട്ട് വാസത്തിന് അറുതിയായത്. 2007ൽ ആശുപത്രി വിട്ടപ്പോൾ മെഹ്റാനെ ഫ്രാൻസിൽ തുടരാൻ അനുവദിച്ചതോടെ അദ്ദേഹം അവിടെ ഒരു പുതിയ ജീവിതം ആരംഭിച്ചു.

Advertisements