Entertainment
ഒരുപാടു ചിന്തിപ്പിച്ച, ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ

Anoop Devazia
ഗുരു…അജ്ഞതയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവൻ.ഒരുപാടു ചിന്തിപ്പിച്ച ഒരു സിനിമ.ഓരോ വാക്കുകളിലും ഒരുപാട് അർഥങ്ങൾ ഒളിപ്പിച്ചു വച്ച സംഭാഷണങ്ങൾ.ഹൃദയഭിത്തിയിൽ ആരോ കൊളുത്തിട്ട് വലിക്കുന്നപോലെ ചില രംഗങ്ങൾ.
ഒരു ലഹളയിലാണ് സിനിമ തുടങ്ങുന്നത്.വഴിനീളെ ചിതറിക്കിടക്കുന്ന ശവശരീരങ്ങൾ.അവയെ മണ്ണുമാന്തി യന്ത്രത്താൽ തൂത്തു കൂട്ടുന്നു, വാരിയെടുക്കുന്നു. കൂടെ മഴയും.ഇതിനിടെ ഒരു ശവത്തെ കടിച്ചു കീറുന്ന പട്ടി. അതിനെ കല്ലെടുത്തെറിയുന്ന പൊലീസുകാരൻ.
“കണ്ണ് കാണാത്ത മക്കളെ.. ഈ ലോകം മുഴുവനും ഇരുട്ടിലാണ് മക്കളെ ” എന്ന് വിലപിക്കുന്ന ഭ്രാന്തൻ. കാഴ്ച അല്ലെങ്കിൽ കാഴ്ചയില്ലായ്മ.. അതിനു സിനിമയിലുള്ള പ്രാധാന്യം മനസ്സിലാക്കുവാനാകാം ഈ ഡയലോഗ് ഇടയ്ക്കിടെ വരുന്നുണ്ട്.അവിടെനിന്നുള്ള ഫ്ലാഷ് ബാക്കിലാണ് ആ ലഹള ഉണ്ടാകാനുള്ള സാഹചര്യവും രഘുരാമനെയും നമുക്ക് പരിചയപ്പെടുത്തുന്നത്.ഓന്തും മീനും പോലെയുള്ള ഒരു ഗ്രാഫിക്സ് ജീവി കത്തുന്ന തീയിൽ നിന്നുണ്ടാകുന്നതും അത് ചോര നക്കിക്കൂടിച്ചുന്മദിക്കുന്നതും മദ്യപിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളിലേക്ക് മദ്യത്തിലൂടെ കടന്നു അവരെ തമ്മിലടിപ്പിക്കുന്നതും, മനുഷ്യൻ, മൃഗമായിത്തീരാൻ നിമിഷങ്ങൾ മതി എന്ന് symbolic ആയി കാട്ടിത്തരുന്നു.ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന ലഹളകളുടെ visuals നമ്മെ കാണിക്കുന്നുണ്ട്. അതൊക്കെ ഇതിനു ശേഷം പറയാൻ പോവുന്ന വലിയ അർത്ഥങ്ങളുള്ള കഥക്ക് ശക്തി പകരുവാനാണെന്നു പിന്നീട് മനസ്സിലാകുന്നു.
മരണത്തിലേക്ക് വഴുതിവീണെന്ന് കരുതിയ രഘുരാമൻ.. കണ്ണ് തുറന്നത് കാഴ്ചയുടെ ധന്യതയിലേക്ക്. നഷ്ടപ്പെട്ടു പോയ കാഴ്ച്ച തിരികെതന്നതിനു ഗുരുവിനു നന്ദി പറയുന്ന രഘുരാമൻ.കാഴ്ച കിട്ടുവാനുള്ള വഴി പറഞ്ഞു കൊടുത്തവനെ കല്ലെറിഞ്ഞു കൊല്ലാൻ ശ്രമിക്കുന്ന സമൂഹം.സത്യം മറഞ്ഞു കിടക്കും പക്ഷെ മാഞ്ഞുപോവുകയില്ല.നിങ്ങളും ഞാനും ഈ രാജാക്കന്മാരുമെല്ലാം യുഗാരംഭം മുതൽ ഉത്കാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ് എന്നു പറഞ്ഞുകൊണ്ട് തന്റെ പ്രതികാരം അലിഞ്ഞലിഞ്ഞില്ലാതാവുന്നത് മനസിലാക്കുന്ന രഘുരാമൻ. S. രമേശൻ നായരുടെ വരികൾക്ക് ഇളയരാജയുടെ സംഗീതം.
ഗുരുചരണം…ദേവസംഗീതം…അരുണകിരണദീപം…അങ്ങനെ ഒരുപിടിനല്ല ഗാനങ്ങൾ. കഥയും സംവിധാനവും രാജീവ് അഞ്ചൽ. ഓസ്ക്കാറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി.
780 total views, 4 views today