സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും

123

Anoop Gangadharan Ariyallur

മനുഷ്യ ചരിത്രത്തിൽ ഇന്നേവരെ ആയിരക്കണക്കിന് പകർച്ചവ്യാധികൾ മൂലം ഒരുപാട് ജീവിവർഗ്ഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യൻ ഉരുവം കൊണ്ട രണ്ടുലക്ഷം വർഷത്തെ ചരിത്രം പരിശോധിച്ചാൽ ഹിമയുഗം മുതൽ സ്പാനിഷ് ഫ്ളൂ വരെ അന്നുണ്ടായിരുന്ന ജനസംഖ്യയിൽ നല്ലൊരു ഭാഗം പേരും അപ്രത്യക്ഷമായിട്ടുണ്ട്.അന്നെല്ലാം മനുഷ്യർ ആശ്രയിച്ചിരുന്നത് ആകാശത്തുള്ള ഒരു ‘അദൃശ്യ മനുഷ്യനെ’ ആയിരുന്നു. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗ് യൂറോപ്പിന്റെ മൂന്നിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയപ്പോൾപോലും രോഗം എന്തെന്നോ, രോഗാണുക്കൾ എന്തെന്നോ ആർക്കും അറിവുണ്ടായിരുന്നില്ല. മനുഷ്യ ചരിത്രത്തിൽ ഒരിക്കലും കോളറ കാലത്തെ പ്രണയകാലം എന്ന ഒരു വിശ്വസാഹിത്യ കൃതി ഒരിക്കലും ഉണ്ടാവില്ല. കാരണം കേവലം 100 രൂപ മുടക്കിയാൽ കോളറ പോലുള്ള രോഗത്തെ തടഞ്ഞു നിർത്താൻ ഇന്ന് സാധിക്കും.ആകാശത്തിന്റെ കോണിൽ ഇരിക്കുന്ന ഏതോ ഒരു ആദൃശ്യ ശക്തി കൊണ്ടുവന്നതല്ല ഈ മരുന്നുകൾ. മനുഷ്യൻറെ അന്വേഷണത്വരയുടെ ഫലമായി കണ്ടുപിടിക്കപ്പെട്ടതാണ്. വസൂരിയും, ക്ഷയവും, കുഷ്ഠവുമായി പഴുത്തൊലിച്ച് നടന്ന പൂർവ്വപിതാക്കന്മാരുടെ പിൻതലമുറക്കാരാണ് നമ്മൾ. അമേരിക്കൻ പ്രസിഡണ്ട് ആയ ജോർജ് വാഷിംഗ്ടൺ മരണപ്പെട്ടത് ഡിഫ്റ്റീരിയ എന്ന അസുഖം മൂലമാണ്. ഇന്ന് പ്രതിരോധ കുത്തിവെപ്പുകൾ മൂലം ലോകത്തു നിന്നു തന്നെ അപ്രത്യക്ഷമായി എന്നു കരുതിയ ഈ രോഗം വിദ്യാസമ്പന്നർ എന്ന് അഭിമാനിക്കപ്പെടുന്ന മലയാളികളുടെ ഇടയിൽ വീണ്ടും ഉണ്ടായി എന്നത് മലയാളിയുടെ ശാസ്ത്രാവബോധത്തിൻറെ മുഖത്തേറ്റ അടിയാണ്. ആർഷഭാരത സംസ്കാരം എന്നപേരിൽ ആഘോഷിക്കപ്പെടുന്ന ചികിത്സാരീതികൾ ഏറ്റവുമധികം ലഭ്യമായിരുന്ന രാജാക്കന്മാർ പോലും ആസ്ഥാന വൈദ്യന്മാരുടെ ചികിത്സകൾക്കു മുമ്പിൽ അടിയറവ് പറഞ്ഞ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് നമ്മുടെ കണ്മുൻപിൽ കൂടെ ആയിരുന്നു. പ്രകൃതിയിൽ എല്ലാ കാലത്തെയും എന്നപോലെ ഈ കാലഘട്ടത്തിലും മറ്റൊരു മഹാമാരി മനുഷ്യവംശത്തിനു മേൽ വന്നടുത്തിരിക്കുന്നു. പക്ഷേ നമ്മൾ അതിജീവിക്കും.അതിജീവനത്തിനു മുൻപിൽ ഏറ്റവും ദുർബലനായ മനുഷ്യനെ പോലും രക്ഷിക്കുക എന്നതാണ് ഇപ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി. പർദ്ദ ധരിക്കാത്തവർക്കുള്ള ശിക്ഷ യാണ്, ഭൂമിയിൽ അധർമം പെരുകുമ്പോൾ അവരെ ഇല്ലായ്മ ചെയ്യാനാണ് ഇതൊക്കെ, കുർബാനയിൽ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ മാത്രമേ ഇതിനൊരു പരിഹാരമാകൂ, എല്ലാവരും ഒത്തുചേർന്ന് ഞങ്ങളുടെ ദൈവത്തെ ആരാധിക്കൂ, തുപ്പിയ വെള്ളം കുടിക്കൂ, പത്രം തലയ്ക്കു കീഴെ വെച്ചു കിടക്കു, പത്രം അരച്ചു കഴിക്കൂ, ചാണകവും ഗോമൂത്രവും കലക്കി കുടിക്കൂ, പുസ്തകം തുറന്നാൽ കിട്ടുന്ന തലമുടി വെള്ളത്തിലിട്ട് അതു കുടിക്കൂ, ഈച്ചയെ പിടിച്ച് ചായയിൽ മുക്കി കുടിക്കൂ, മങ്കൂസ് എന്ന പാട്ടു പാടൂ, ഈത്തപ്പഴം കഴിച്ചാൽ കൊറോണ വരില്ല, കരിഞ്ചീരകം തിന്നാൽ എല്ലാ രോഗവും മാറും, റോഡിനു നടുവിൽ അടുപ്പു കൂട്ടി കഞ്ഞി വെച്ചാൽ രോഗം മാറ്റാം, നിപ്പയെ മാറ്റിയത് ഞാനാണ്, വൈറസിനെ കാഞ്ഞിരക്കുറ്റിയിൽ തറച്ചു, എന്നിങ്ങനെയുള്ള അത്യന്തം അബദ്ധജടിലങ്ങൾ ആയുള്ള പ്രഹസനങ്ങൾ കണ്ടു മടുത്ത മനുഷ്യരുടെ മുൻപിൽ എന്നും സഹായത്തിന് എത്തിയത് ശാസ്ത്രീയ മനോവൃത്തി മാത്രമാണ്. ഗതികെട്ട മത നേതൃത്വങ്ങൾ അവസാന ആയുധം എന്ന നിലയിൽ പുണ്യാളൻ എന്ന പേരിൽ വേഷം കെട്ടിച്ച് ഫാൻസി ഡ്രസ്സ് നടത്തുന്നു.ശരിയായ അകലം പാലിച്ചും, ശരിയായ രീതിയിൽ കൈകൾ ശുചിയാക്കിയും, ഒത്തുചേരലുകൾ ഒഴിവാക്കിയും ഈ രോഗത്തെ ചെറുത്തു നിൽക്കാൻ സാധിക്കും എന്നു മനസ്സിലാക്കി തന്നത് ശാസ്ത്രമാണ്. ആ ശാസ്ത്രത്തിൻറെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന ഒരു ജനത അതിനെ കുറ്റം പറയുമ്പോൾ പോലും യാതൊരു പരിഭവവും പരാതിയുമില്ലാതെ എല്ലാ മനുഷ്യർക്കും വേണ്ടിയും അത് പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.ശാസ്ത്രം അങ്ങനെയാണ്. നിങ്ങൾ നേർച്ചകാഴ്ചകളോ കാണിക്കയോ, സ്തുതിഗീതങ്ങളോ, ഉപവാസമോ ഒന്നും ചെയ്തില്ലെങ്കിൽ പോലും സയൻസ് എല്ലാ മനുഷ്യർക്കും വേണ്ടിയും ഒരേ പോലെ പ്രവർത്തിക്കുന്നു. അതിൻറെ ഫലങ്ങൾ അനുഭവിക്കാൻ നമ്മൾ നമ്മളെത്തന്നെ പര്യാപ്തരാക്കുക എന്നതു മാത്രമാണ് വ്യത്യാസം.മാടനും, മറുതയും, ചാത്തനും, കൂളിയും, പുണ്യാളനും, ആൾദൈവങ്ങളും ഒന്നും നമ്മളെ രക്ഷിക്കില്ല. സയൻസിന്റെ കണ്ടുപിടിത്തങ്ങളെ ബഹുമാനിക്കൂ .നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും.