ഇരുകാൽ നടത്തത്തിന്റെ ചരിത്രം

41

Anoop Gangadharan Ariyallur

ഇരുകാൽ നടത്തത്തിന്റെ ചരിത്രം

മനുഷ്യ പരിണാമ ചരിത്രഘട്ടത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത്, മറ്റു ജീവികളിൽ നിന്നും വ്യത്യസ്തമായി പിൻകാലുകൾ മാത്രം ഉപയോഗിച്ച് നിവർന്ന് നിന്ന് നടക്കാൻ തുടങ്ങിയതും മുൻകാലുകൾ കൈകളായ് തീർന്നതുമാണ്.ഇതിന് സാധ്യമായതാകടെ ഏതാനും ചില പരിണാമങ്ങൾകൊണ്ട് ഒരു ചെറിയ കാലയളവിൽ ഉളവായതല്ല , മറിച്ച് അനേക ലക്ഷം വർഷത്തെ തുടർച്ചയായ് ഉണ്ടായിക്കൊണ്ടിരുന്ന പരിണാമങ്ങളുടെ ആകെ ഫലമായിരുന്നു.മനുഷ്യ പൂർവ്വികരിൽ ഇരുകാലിൽ നടക്കാൻ കഴിവുണ്ടായിരുന്നത് ‘ ആസ്ത്രലൊപിത്തെക്കസ് ‘ എന്ന അർധമനുഷ്യ ജീവിക്കായിരുന്നു. മാനവ കുടുംബത്തിൽപ്പെടുത്താവുന്ന (ഹോമിനിഡെ ) ഏറ്റവും പുരാതനമായ ജീവിയായിരുന്നു ഇത്. 30 – 4 2 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇവയുടെ കാലഘട്ടം എന്ന് കണക്കാക്കപ്പെടുന്നു.

എത്തിയോപ്പിയയിലെ അഫാർ പ്രദേശത്തു നിന്നും 1973 ൽ അമേരിക്കയിലെ ഡൊണാൾഡ് ജോഹാൻസന് കിട്ടിയ ഫോസിലുകളാണ് ഏറ്റവുംപുരാതനമായ ആസ്ത്രലൊ പിത്തെക്കസ് ഫോസിലുകൾ അഫാറിന് 35 km അകലെയുള്ള ഹാഡർ എന്ന സ്ഥലത്തു നിന്നും 1974ൽ കിട്ടിയതും ‘ ലൂസി’ എന്ന പേരിൽ പ്രസിദ്ധമായതുമായ ഫോസിൽ ശരീരത്തിലെ 40% എല്ലുകൾ അടങ്ങുന്നതായി
രുന്നു.! ലൂസിയുടെ പിൻകാൽ അസ്ഥിയുടെ പ്രത്യേകിച്ച് മുട്ടിന്റെ ഘടന ലൂസി ഇരുകാലി ആയിരുന്നുവെന്ന് തെളിയിക്കുന്നു. എന്തുകൊണ്ട്? :

പരിണാമ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ മുന്നേറ്റമായിരുന്നു ഇരുകാലി നടത്തംഎന്ന് മുമ്പ് പറഞ്ഞുവല്ലോ. അപ്പോൾ എന്തുകൊണ്ടായിരിക്കാം മനഷ്യ പൂർവികർ ഇരുകാലി നടത്തം തുടങ്ങിയത് എന്നത് പ്രധാനമാണ്.പുതിയൊരു സഞ്ചാര രീതി ആയിട്ടാണോ അതോ പുതിയ ജീവിതരീതിയുടെ ഫലമായി കൈകൾക്ക് വേറെ ആവശ്യങ്ങൾ ഉണ്ടായപ്പോൾ ഗത്യന്തരമില്ലാതെ ഇരുകാലി ആയതാണോ? മരങ്ങളിൽ കയറിയുള്ള സഞ്ചാരത്തിന് കൈകളുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്. അതു കൊണ്ട് മനുഷ്യ പൂർവികർ മരങ്ങളിൽ നിന്ന് കൂടുതൽ നേരം നിലത്തിറങ്ങാൻ തുടങ്ങിയതോടെയാണ് ഇരുകാലി നടത്തം പ്രാഥമികമായിആരംഭിച്ചത് എന്ന് അനുമാനിക്കാം. എന്നാൽ, നിലത്തിറങ്ങി ആഹാരം സമ്പാദിക്കുന്നപ്രൈമേറ്റുകൾ വേറെയുമുണ്ട്. പക്ഷെ, മനുഷ്യ പൂർവികനൊഴികെ മറ്റൊന്നും ഇരുകാലിയായിട്ടില്ല. മാത്രമല്ല , ഇരുകാലി നടത്തത്തിന് നാൽക്കാലി നടത്തത്തിന്റെ സംതുലനാവസ്ഥ ഇല്ല.ബാലൻസ് തെറ്റി വഴുക്കി വീഴാനും വളരെ സാധ്യതയുള്ളതും തുടക്കത്തിൽ നടത്തത്തിന് വേഗതയും കുറവായിരുന്നിരിക്കണം. അപ്പോൾ കൂടുതൽ കാര്യക്ഷമമായ സഞ്ചാര സമ്പ്രദായം എന്നനിലക്കല്ല ഇരുകാലി നടത്തം തുടങ്ങിയതെന്ന് വ്യക്തമാണ്. ഉപകരണങ്ങളുടെ ഉപയോഗമാണ് അടിസ്ഥാന കാരണമെന്നാണ് വാഷ്ബോൺ തുടങ്ങിയവരുടെ അഭിപ്രായം. ഉപകരണോപയോഗത്തിന് വേണ്ടി അനകൂലനങ്ങൾക്ക് അനുസരണമായി പ്രകൃതി നിർധാരണം(Natural selection) നടന്നിരുന്നുവെന്ന് വരാം.ഇനി , മരക്കൊമ്പുകൾ എല്ലുകൾ കല്ലുകൾ എന്നിവ ഉപയോഗിച്ചുള്ള ആഹാരസമ്പാദനം തുടങ്ങിയപ്പോൾ കൈകൾ ഈ ആവശ്യത്തിനായി ഉപയോഗിക്കുകയും ക്രമേണ സഞ്ചാരത്തിന് തീരെ ഉപയോഗിക്കാതായി തീരുകയും ചെയ്തുവെന്ന് കരുതിയിരുന്നു.

എന്നാൽ 42 ലക്ഷം വർഷങ്ങൾ മുമ്പുതന്നെ ആസ്ത്രലൊപിത്തെക്കസുകൾ പൂർണമായും ഇരുകാലിയായി കഴിഞ്ഞിരുന്നുവെന്ന് കണ്ടെത്തിയതും, 42 ലക്ഷംവർഷത്തിലധികം പഴക്കമുള്ള ഉപകരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ലെന്നതും ഈ അനുമാനത്തിന് മങ്ങലേൽപ്പിച്ചു. മനുഷ്യപൂർവികന്റെ ഇരുകാൽ നടത്തത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് ഏറ്റവും ബൃഹത്തായ ഒരു മാതൃക നിർദ്ദേശിച്ചിട്ടുള്ളത് സി.ഓവൻ ലൗജോയ് ആണ്.പ്രകൃതി നിർധാരണത്തിന്റെ ചട്ടകൂടിലാണ് ലൗ ജോയ് ഇത് ആവിഷ്ക്കരിച്ചത്.ഈ നിർധാരണത്തിന് മൂന്ന് ഭാഗങ്ങളുള്ളതായി അദ്ദേഹം കരുതുന്നു.ജീവികൾ മൂന്ന് കാര്യങ്ങൾക്കാണ് ഏറ്റവുമധികം ഊർജം ചെലവഴിക്കുന്നത്. പ്രജനനം , ആഹാരസമ്പാദനം , സുരക്ഷ . ജീവശാസ്ത്രപരമായിഏതൊരു ജീവിയുടേയും ലക്ഷ്യം ജീവൻ നിലനിർത്തുക, തിന്നുക, പ്രത്യുത്പാദനം നടത്തുകഎന്നിവയാണ്.ഒരു പരിധി വിട്ട് ആഹാരസമ്പാദനത്തിനും സുരക്ഷക്കും കൂടുതൽ ഊർജം ചെലവഴിക്കുന്ന തിൽ അർഥമില്ല.എന്നാൽ പ്രജനനത്തിന് കൂടുതൽ ഊർജം ചെലവാക്കിയാൽ അതുകൊണ്ട് പരിണാമപരമായ നേട്ടമുണ്ട്.സ്ത്രീകൾക്ക് ആഹാരം എത്തിച്ച് കൊടുക്കുമ്പോൾ അവർക്ക് ഓരോ തലമുറക്കും അടുത്ത തലമുറക്ക് ജന്മം നൽകുന്നതു വരെ ജീവിച്ചിരിക്കുവാൻ കഴിയും. അതിന് സ്ത്രീകളെ ആഹാരംതേടി നടക്കുന്നതിനെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ വ്യാകുലരാകുവാൻ ഇടവരാതെ നല്ല ആഹാരങ്ങൾ ആണുങ്ങൾ എത്തിച്ച് നൽകുന്നതിന് കഴിവുള്ളവരായിരിക്കണം.കൈകൾ സ്വതന്ത്രമായതോടെ ആണുങ്ങൾക്ക് ഭക്ഷണം കൊണ്ടു നടക്കുന്നതിന് സാധ്യമായി.

ഇത് ആഹാരം കൊണ്ടുവന്ന് കൊടുക്കുവാൻ പ്രാപ്തിയുള്ള ആണുങ്ങളെ സ്ത്രീകൾ തിരഞ്ഞെടുക്കുവാൻ കാരണമായി. ഇങ്ങനെആഹാരം കൊണ്ടുവന്ന് കൊടുക്കപ്പെടുന്ന സ്ത്രീകളുടെ സന്തതികളുടെ അതിജീവന ക്ഷമതകൂടുകയും ചെയ്തുവെന്നുമാണ് ലൗജോയുടെ നിഗമനം.ഇനി, പ്രചാരത്തിൽ വന്നിട്ടുള്ളമറ്റൊരു സിദ്ധാന്തം ഉപകരണോപയോഗത്തിനല്ല ആഹാരസംഭരണത്തിന് വേണ്ടിയാണ് മുൻകാലുകൾ ആവശ്യമായ് തീർന്നത് എന്നതാണ്. ഭക്ഷ്യപദാർഥങ്ങൾ കിട്ടിയ സ്ഥലത്തു വച്ചുതന്നെ കയ്യൂക്കുള്ളവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ തിന്നൊടുക്കുന്ന സ്വഭാവമാണ് ‘പ്രൈമേറ്റുകൾക്ക് സ്വതവേ ഉള്ളത്. മനുഷ്യ പൂർവികർ ഉപകരണങ്ങൾ ഉപയോഗിക്കു
ന്നതിനു മുമ്പുതന്നെ ഭക്ഷ്യ ശേഖരണം തുടങ്ങിയപ്പോൾ ഭക്ഷ്യപദാർഥങ്ങൾ ( കായ്കനികളും മറ്റും)കൈകളിൽ മാറോട് ചേർത്തു പിടിച്ച് കൊണ്ടുപോകേണ്ടി വന്ന ശീലത്തിൽ നിന്നായിരിക്കാം ഇരുകാൽ നടത്തു ഉണ്ടായത്.കുരങ്ങുകളെപ്പോലെ മനുഷ്യ പൂർവികന് ആഹാരം ശേഖരിച്ച് സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിന് വായ് സഞ്ചി ഉണ്ടായിരുന്നില്ല. പകരം കൈകൾ ഉപയോഗിച്ചു തുടങ്ങുകയും അങ്ങനെ ഇരുകാലിയാകുവാൻ നിർബന്ധിതമാകുകയും ചെയ്തുവെന്ന് അനുമാനിക്കാം.ഇനിയും മറ്റു ചില അനുമാനങ്ങൾ കൂടിനോക്കാം.

ഈ കാലിക്ക് അതേ വലിപ്പമുള്ള നാൽക്കാലിയേക്കാൾ ഉയരം കൂടുകയും അതുകൊണ്ട് വെളിമ്പ്രദേശങ്ങളിൽ കൂടുതൽ ദൂരക്കാഴ്ചക്ക് സാധിക്കുകയും ഇതുമൂലം ഭക്ഷ്യ വസ്തുക്കൾ കണ്ടു പിടികുവാനും വേട്ടമൃഗങ്ങളിൽ നിന്ന് ഓടി മറയുവാനും ഇരുകാൽ നടത്തത്തിന് പ്രചോദനം നൽകിഎന്നുമാണത്.ഇങ്ങനെയൊക്കെ ആണെങ്കിലും ഇരുകാൽ നടത്തം കൊണ്ടുള്ള ഗുണങ്ങളെന്ന പോലെ ചില ദോഷങ്ങളും ഉണ്ടെന്ന കാര്യം ഓർക്കേണ്ടതാണ്.ഇരുകാലി നടത്തം മനുഷ്യ പൂർവികന് മരം കയറാനുള്ള കഴിവിനെ ഇല്ലാതാക്കിയെന്ന് പ്രദമമായി പറയാം.ദീർഘനേരം ഓടാനുള്ള കഴിവ് സ്വായത്തമാക്കിയെങ്കിലും കൂടുതൽ വേഗതയിൽ ഓടുന്നതിനുള്ള കഴിവിനെ ദുർബലപ്പെടുത്തി.നടപ്പിനിടയിൽ കുലുക്കങ്ങളോട് സമരസപ്പെടുവാൻ പറ്റില്ലെന്ന കാരണത്താൽ കണങ്കാലിൽ ഉളുക്ക് പറ്റുവാനുള്ള സാധ്യത ധാരാളമാണ്.

കാലിലെ മാംസപേശികളിൽ കോച്ചിപ്പിടുത്തവുംസ്നായുക്കൾ പൊട്ടാനും സാധ്യതയുണ്ട്.ശ്രോണീ ചക്രവും നട്ടെല്ലും തമ്മിലുള്ള ബന്ധനംശരിയായി അനുകൂലനം ചെയ്യപ്പെടാത്തതുമൂലം സാധാരണയായി നടുവേദന വരുവാനുള്ള സാധ്യത ഏറെയാണ്.നട്ടെല്ലിന്റെ നടുഭാഗത്തിന് താരതമ്യേന ശക്തി കുറവായതിനാൽ കശേരു ഫലകം സ്ഥാനം തെറ്റാൻ സാധ്യതയുണ്ട്. രക്തചംക്രമണ വ്യൂഹത്തിലും അപാകതയുണ്ട്.സിരാ രക്തത്തിന് ഗുരുത്വാകർഷണത്തിനെതിരായി മുകളിലേക്ക് സഞ്ചരിക്കേണ്ടി വരുന്നതുകൊണ്ടാണ് കാലിലെ വീക്കം, ഞരമ്പു പിടച്ചിൽ രക്തസ്രാവം എന്നീ ക്രമക്കേടുകൾ ഉണ്ടാകുന്നതിന് കാരണമായി പറയുന്നു.കുടലിറക്കം (Hernia ) നിവർന്നു നില്ക്കാനുള്ളഅനുകൂലനം സമ്പൂർണമായിട്ടില്ലെന്നതിന്റെതെളിവാണത്രേ !മാത്രമല്ല, ഘ്രാണശക്തിയും, കേൾവി ശക്തിയുംകായികക്ഷമതയും കുറവു വരുത്തുന്നതിന് ഇരുകാൽനടത്തം കാരണമാക്കിയിട്ടുണ്ട്.ഇത്രയൊക്കെ ആണെങ്കിലും ഇരുകാലിനടത്തം ഇന്ന് മനുഷ്യന് തലയുയർത്തിപ്പിടിച്ച്അഭിമാനത്തോടെ ഭാവിയിലേക്ക് മുന്നേറാനുള്ള ഒരു കരുത്ത് നൽകിയെന്നത് നിസ്സാര കാര്യമല്ല.

Advertisements