ലോകം ചൊവ്വ പര്യവേഷണം നടത്തുമ്പോൾ നമുക്ക് നരബലി മഹാമേളകൾ നടത്താം

25

ദൈവ വിശ്വാസം മനുഷ്യരെ കൊണ്ട് ചെയ്യിക്കുന്ന മരയൂളത്തരങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് കെമിസ്ട്രി പ്രൊഫസർ അയാളുടെ രണ്ട്‌ മക്കളുടെ ജീവനെടുത്ത സംഭവം .ദൈവം ജീവിപ്പിക്കും എന്ന് വിശ്വസിച്ചു സ്വന്തം മക്കളെ നരബലി നൽകിയവരുടെ വിദ്യാഭ്യാസ യോഗ്യതകളാണ് അമ്പരപ്പിക്കുന്നത് … എന്തിനാണാവോ ഇവറ്റകൾ വിദ്യാഭ്യാസം നേടിയത് .

ആദ്യം നിങ്ങളുടെ ദൈവത്തെ ശരിയായി പരിശോധിക്കുക. അതിനായി നിങ്ങളുടെ മതഗ്രന്ഥം തുറന്നു വായിക്കുക. അവിടെ ദൈവപ്രീതിക്കായി മകനെയോ മകളേയോ ബലികൊടുത്ത് ദൈവാനുഗ്രഹം പിടിച്ചു പറ്റിയ പിതാക്കന്മാരോ മാതാക്കളോ ഉണ്ടോ എന്നു നോക്കുക. അങ്ങനെയുള്ള പ്രവൃത്തികള് നിങ്ങള് വിശുദ്ധമായി ആചരിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ഉത്തരം അയെ എന്നാണെങ്കില് ഇവര് പ്രവൃത്തിച്ച ആശയവും നിങ്ങള് വിശുദ്ധമായി കരുതുന്ന വിശ്വാസവും തമ്മില് വലിയ വ്യത്യാസമില്ല.
എല്ലാറ്റിനും ഉപരിയും സര്വ്വശക്തനും ആയ ഒരു ശക്തി ഉണ്ടെന്ന വിശ്വാസമാണ് ബലി കൊടുക്കലിന്റെ അടിസ്ഥാനം. ഈ ശക്തി ഉണ്ടാവണമേ എന്ന ആഗ്രഹത്തോടെയുള്ള ശാസ്ത്ര പഠനം, ന്യൂട്ടന്റെ തിയറി ശരിയാക്കുന്ന ദൈവത്തെയാവും രൂപപ്പെടുത്തുന്നത്. ശാസ്ത്ര പഠനത്തിലൂടെ കെട്ടുകഥയായ ദൈവത്തെ തിരസ്കരിക്കാനായില്ലെങ്കില്, അന്യന്റെ വിശ്വാസത്തെ മാത്രം അന്ധവിശ്വാസമായി കണ്ട്, അതിലും വലിയ അന്ധവിശ്വാസം പ്രാവര്ത്തികമാക്കുന്ന മത ജീവിയാകാനേ കഴിയൂ.
ഒരു അന്ധവിശ്വാസി ശാസ്ത്രജ്ഞനോ അധ്യാപകനോ കൂലിപ്പണിക്കാരനോ ആരുമാകട്ടെ അവസരം വരുമ്പോൾ അതിന്റെ കൊണം അയാൾ കാണിക്കും എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ദൈനംദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. സ്വന്തം മക്കളെ തലയ്ക്കടിച്ചു കൊന്ന ഈ പൈശാചിക കൃത്യത്തിലെ പ്രതികൾ മാതാപിതാക്കൾ തന്നെയാണ് എന്നതാണ് ഏറെ നടക്കുന്ന വസ്തുത. പോറ്റിവളർത്തിയ സ്വന്തം മക്കളെ തലയ്ക്കടിച്ചു കൊന്ന് ആഭിചാരക്രിയ നടത്താൻ അവർക്ക് ധൈര്യം പകർന്നതോ ഇത്രയും കാലം താലോലിച്ചുകൊണ്ടുനടന്ന അവരുടെ വിശ്വാസപ്രമാണങ്ങളാണ്. ഇത്തരം വിശ്വാസങ്ങളിൽ നല്ലത്/ചീത്ത എന്നൊന്നുമില്ല വിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങൾ തന്നെയാണ്. അത് ബോധവൽക്കരണങ്ങളിലൂടെ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കേണ്ടതിന്റെ ഉത്തരവാദിത്വം ഭരണാധികാരികൾക്കാണ്. അതോടൊപ്പം അന്ധവിശ്വാസങ്ങൾ നിയമം മൂലം നിരോധിക്കുകയും കുറ്റമറ്റ വിദ്യാഭ്യാസ രീതികളിലൂടെ ശാസ്ത്രീയ മനോവൃത്തി സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ലോകം ചൊവ്വ പര്യവേഷണം നടത്തുമ്പോൾ നമുക്ക് നരബലി മഹാമേളകൾ നടത്തി ആനന്ദ നിർവൃതിണഞ്ഞ് നമ്മുടെ പൂർവ്വ സംസ്കൃതികളിലേക്ക് മനോയാത്രകൾ നടത്താം.