ചില മാധ്യമങ്ങൾ ഉളുപ്പില്ലാതെ പ്രസിദ്ധീകരിച്ച വ്യാജവാർത്തയുടെ സത്യം എന്താണ് ?

90
Anoop Gangadharan Ariyallur
ഖത്തറിൽ നിന്നും യുവാവ് നാട്ടിലേക്ക് വരുന്നു. എയർപോർട്ടിലെ പരിശോധനയിൽ പ്രശ്നമില്ലെങ്കിലും സാമൂഹ്യ സുരക്ഷയെ മാനിച്ച് ഐസൊലേഷനിൽ കഴിയാനും വീട്ടുകാരോട് ബന്ധു വീടുകളിൽ പോകാൻ പറഞ്ഞതും യുവാവ് തന്നെയാണ്. വിദേശത്ത് നിന്ന് വരുന്ന മകനെ പേടിച്ച് കൊറോണ പേടിയിൽ വീടും പൂട്ടി നാടു വിട്ട കുടുംബത്തിന്റെ കഥയാണ് പിറ്റേന്ന് മാധ്യമങ്ങളിൽ വന്നത്.
ചോദിച്ചിട്ട് കാര്യമില്ല എന്നറിയാം എങ്കിലും ഒരൽപ്പം ഉളുപ്പുണ്ടോ മാമ മാധ്യമങ്ങളെ നിങ്ങൾക്ക്.
സംഭവങ്ങൾക്കുള്ളിലെ കാണാപ്പുറങ്ങൾ ചൂഴ്ന്നെടുത്ത് അതിൽ സെൻസേഷനുകൾ കുത്തിക്കയറ്റി വിറ്റു വരവുള്ള വാർത്തകൾ സൃഷ്ടിക്കുന്ന നിങ്ങൾക്ക് മനുഷ്യ വികാരങ്ങളുടെ വില മനസിലാവില്ല. തെറ്റായ വാർത്ത ആഘോഷിക്കപ്പെടുമ്പോൾ അതിന്റെ ഇരകൾക്കുണ്ടാകുന്ന മനോവിഷമം മനസിലാകില്ല.
ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുന്ന സമയത്ത് സാമൂഹ്യ നന്മയെ കരുതി സെൽഫ് ക്വാറന്റൈൻ തിരഞ്ഞെടുക്കുകയായിരുന്നു ഖത്തറിൽ നിന്നും വന്ന വള്ളിക്കുന്ന് അരിയല്ലൂർ‌ സ്വദേശിയായ യുവാവ്. സർക്കാർ നിർദേശങ്ങൾ പാലിച്ച് വീട്ടിൽ ഒറ്റക്ക് കഴിയാൻ തീരുമാനിച്ചു. എയർപോർട്ടിലേക്ക് അച്ഛൻ എത്തിച്ച വാഹനം ഒറ്റക്ക് ഓടിച്ചു തിരിച്ചു വന്നത് വരെ കൊറോണക്കെതിരെ അദ്ദേഹം എത്ര ജാഗ്രത പാലിക്കുന്നുണ്ട് എന്നതിന് തെളിവാണ്.
ഇന്ന് വിദേശത്ത് നിന്നും ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോൾ പഴയതുപോലെ ഉള്ള സന്തോഷത്തിന് പകരം ഭയം കലർന്ന അകൽച്ചയാണ് നാട്ടുകാർക്ക് ഉള്ളത്. അവിടെ ഇത്തരം വാർത്തകൾ കൂടി സൃഷ്ടിക്കുന്ന ഇമ്പാക്ട് വളരെ വലുതാണ്.ആദ്യമായി ഉണ്ടായ കുഞ്ഞ് കയ്യകലത്തിൽ ഉണ്ടായിട്ടും ദൂരെ നിന്നും കാണാൻ മാത്രം വിധിക്കപ്പെട്ടവർ, മരണപ്പെട്ട പിതാവിനെ അവസാനമായി ഒരു നോക്കു കാണാൻ കഴിയാതെ ഐസൊലേറ്റ്‌ ചെയ്യപ്പെട്ട മകന്റെ ദുഃഖം, അച്ഛനമ്മമാരേയും ഭാര്യയേയും ഒരു ചുവരിനപ്പുറത്ത് ഫോണിൽ മാത്രം ബന്ധപ്പെടേണ്ടി വന്നവരുടെ മനോവിഷമം, മാറ്റി വെക്കപ്പെടുന്ന ആചാരങ്ങളും ആഘോഷങ്ങളും ഉത്സവങ്ങളും…etc
ഇതൊക്കെ തന്നെയാണ് ഒരു ശരാശരി മനുഷ്യന്റെ ജീവിതം. പ്രിയ മാധ്യമങ്ങളെ അതൊക്കെ ഉള്ളിലൊതുക്കി ജാഗ്രത നിർദേശങ്ങൾ പാലിച്ചു ജീവിക്കുന്നവർക്ക് സാന്ത്വനമായില്ലെങ്കിലും അവരുടെ ഉള്ളിലേക്ക് തീ കോരി ഇടരുത്,അപേക്ഷയാണ്. പ്രിയ പ്രവാസി സുഹൃത്തേ നിങ്ങൾ തന്നെയാണ് ഹീറോ.രോഗം മറച്ചു വെച്ച് സഞ്ചരിക്കുന്നവരുള്ള നാട്ടിൽ, ഡോക്ടർമാരോട് കള്ളം പറയുന്നവരുള്ള നാട്ടിൽ, ആശുപത്രിയിൽ കിടക്കുന്നവർ ചാടിപ്പോവതിരിക്കാൻ കാവൽ ഏർപ്പെടുത്തുന്ന നാട്ടിൽ, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ മടി കാട്ടുന്നവരുടെ നാട്ടിൽ…etc നിങ്ങൾ ഒരു മാതൃക തന്നെയാണ്. അച്ഛനമ്മമാരോട് മാറി താമസിക്കാൻ പറഞ്ഞ് വീട്ടിൽ ഒറ്റക്ക് ഇരിക്കാൻ തീരുമാനിച്ച നിങ്ങൾ മാസല്ല മരണ മാസാണ്.നിങ്ങളിലെ നന്മയെയാണ് വളച്ചൊടിച്ചു മധ്യങ്ങൾ സെൻസേഷൻ ഉണ്ടാക്കാൻ നോക്കിയത്. നിങ്ങളിലെ സാമൂഹിക പ്രതിബദ്ധതയെയാണ് സാമൂഹ്യ സാമൂഹ്യ വിരുദ്ധതയാക്കാൻ ശ്രമിച്ചത്. പക്ഷെ അവർക്കറിയില്ലല്ലോ സത്യമറിയാവുന്ന നാട്ടുകാരുടെ സാഹോദര്യത്തെ തകർക്കാൻ വ്യാജവാർത്തകൾക്കാവില്ലെന്ന്.