കോവിഡ് ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാൻ സമയമായി

  59

  Anoop Indeevaram

  കോവിഡ് ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാൻ സമയമായി.വെറും രണ്ടു ദിവസങ്ങൾക്കുള്ളിൽ രണ്ട് ആത്മഹത്യകളാണ് നമ്മൾ കേട്ടത്.ഒന്ന് ക്വാറന്റയിനിലിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി.രണ്ട് , നിരീക്ഷണത്തിലിരുന്ന രോഗി.ഇതിന് മുൻപ് കോവിഡ് വാർഡിൽ രണ്ട് ആത്മഹത്യകളും നാം കേട്ടു.എന്താണ് ഈ മരണങ്ങളുടെ കാരണം? ഡിപ്രഷൻ എന്ന് എഴുതിത്തള്ളാൻ വരട്ടെ.കോവിഡ് കേരളത്തിലെ ജനങ്ങളെ പ്രത്യേകമായി എടുത്തുലച്ചിരിക്കുകയാണ്. സാമ്പത്തികമായും, സാമൂഹികമായും.ഭാവിയുടെ അനിശ്ചിതാവസ്ഥ ഭൂരിഭാഗം സാധാരണക്കാരെയും അലട്ടുന്നു.തൊഴിൽ നഷ്ടപ്പെട്ട,വിദ്യാഭ്യാസം നഷ്ടപ്പെട്ട അസംഖ്യം ജനങ്ങൾ എങ്ങനെ ജീവിതം മുന്നോട്ടു നയിക്കും എന്നോർത്ത് വിഷണ്ണരായിരിക്കുന്നു.

  അയിത്തത്തിന് തുല്യമായ അകറ്റി നിർത്തലാണ് നാം കോവിഡ് രോഗികളോടും നിരീക്ഷണത്തിലുള്ളവരോടും കാണിക്കുന്നത്.അവരാരും കോവിഡിനെ ക്ഷണിച്ചു വരുത്തിയതല്ല.കോവിഡ് രോഗികളോടും നിരീക്ഷണത്തിലുള്ളവരോടുമുള്ള നമ്മുടെ പെരുമാറ്റത്തിൽ ചില വ്യതിയാനങ്ങൾ വേണം എന്നാണ് എന്റെ അഭിപ്രായം.നിരീക്ഷണത്തിനോ രോഗികളെ ആശുപത്രിയിലേക്കോ മാറ്റുന്ന അവസരത്തിൽ അവർക്ക് മാനസികമായി കരുത്ത് പകരാൻ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം നിർദ്ദേശം നൽകണം. ആഗോളതലത്തിൽ 3% മോ അതിനടുത്തോ മരണനിരക്ക് ഉള്ള രോഗത്തെ അമിതമായി ഭയന്നിട്ട് കാര്യമില്ല.അതേ സമയം രോഗം പകരാതിരിക്കാനുള്ള കരുതൽ വേണം.

  നിരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കും വായിക്കാനും പാട്ടു കേൾക്കാനും ഉറ്റവരോട് കഴിയുന്നത്ര ഫോണിലൂടെ സംസാരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കണം.കഴിയുന്നത്ര വിഡ്ഢി പെട്ടിയിൽ നിന്നും ഗൂഗിളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ നിർദ്ദേശം നൽകണം.നിരീക്ഷണം കഴിഞ്ഞോ രോഗം മാറിയോ വരുന്നവരെ സമൂഹം ആട്ടിപ്പായിക്കാതിരിക്കാൻ ശ്രദ്ധിക്കണം.അതിനായുള്ള നിർദ്ദേശങ്ങൾ ടെലിവിഷനിലൂടെയെങ്കിലും ആരോഗ്യവകുപ്പ് നൽകണം.

  എല്ലാ ദിവസവും അരമണിക്കൂർ സമയമെങ്കിലും ടി.വി/ റേഡിയോ മുതലായ മാധ്യമങ്ങൾ കോവിഡ് രോഗികളുടെ/ രോഗവിമുക്തി നേടിയവരുടെ / നിരീക്ഷണത്തിലുള്ളവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ നീക്കി വയ്ക്കണം.അവർക്കായി മാനസിക രോഗ വിദഗ്ധരുടെ മനഃശാസ്ത്രജ്ഞരുടേയോ സംഭാഷണങ്ങളോ നിർദ്ദേശങ്ങളോ വേണം.കോവിഡ് മരണങ്ങളേക്കാൾ ഭയാനകമാണ് കോവിഡ് ആത്മഹത്യകൾ.ഒരല്പം കരുതൽ, ഒരു ഫോൺവിളി ആയോ ഒരു വീഡിയോ ചാറ്റ് ആയോ ആരോഗ്യ പ്രവർത്തകരുടെ ഒരു വാക്ക് ആയോ അവർക്ക് ലഭിച്ചാൽ ചിലപ്പോളിവ ഒഴിവാക്കാനായേക്കും.