ഇതേത് കോത്താഴത്തെ നാടാണ് ? ഒരു സ്ത്രീയെ സഹായിച്ചതിന് പോസ്റ്റ്‌മാനും കുടുംബവും അനുഭവിക്കുന്ന യാതന ചില്ലറയല്ല

134

ഇതേത് കോത്താഴത്തെ നാടാണ് ? ഒരു സ്ത്രീയെ സഹായിച്ചതിന് പോസ്റ്റ്‌മാനും കുടുംബവും അനുഭവിക്കുന്ന യാതന ചില്ലറയല്ല

Anoop Kariyad എഴുതുന്നു

ഞാൻ അനൂപ്,
കണ്ണൂർ ജില്ലയിലെ പാനൂർ നഗരസഭാ പരിധിയിൽ വരുന്ന കരിയാട് സൗത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരു സാധാരണക്കാരൻ.
ഈ മഹാമാരിയുടെ കാലത്ത് ശാരീരികമായും മാനസികമായും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറാൻ ഏതൊരാളെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു. അതിനുള്ള അവസരങ്ങൾ എന്റെ തൊഴിലിലൂടെ തന്നെ എനിക്ക് കൈവന്നപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ എനിക്കുണ്ടായ ദുരനുഭവം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. കോവിഡിന്റെ ഈ കെട്ട കാലത്ത് ശുഭകരമല്ലാത്ത എന്റെ ഈ അനുഭവങ്ങൾ നിങ്ങളോട് പങ്കുവയ്ക്കേണ്ട എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചത്. പക്ഷേ എന്റെ വീട്ടിലുള്ളവരുടെ മാനസികസംഘർഷം കാണുമ്പോൾ മനസ്സു തുറന്ന് എഴുതണമെന്ന് എനിക്കുതോന്നി. കാരണം ആത്മാർത്ഥമായി ജോലി ചെയ്തതിന്റെ പേരിൽ, സാമൂഹികപരമായ ഉത്തരവാദിത്വം നിറവേറ്റിയതിന്റെ പേരിൽ എനിക്ക് സംഭവിച്ചത്, ഇനി മറ്റൊരാൾക്ക് സംഭവിക്കരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഞാൻ കാര്യത്തിലേക്ക് വരാം,
എന്റെ അയൽവാസിയും ബന്ധുവുമായ ജാനു ഏച്ചി കുറച്ചു ദിവസങ്ങൾക്കു മുമ്പ് എന്റെ വീട്ടിൽ വന്നു. പതിവായി ഞാൻ അവരെ കാണാറുണ്ടെങ്കിലും അന്ന് അവരുടെ മുഖത്ത് വല്ലാത്തൊരു വിഷമമുള്ളതുപോലെ എനിക്ക് തോന്നി. “എന്താ ജാനു ഏച്ചീ സുഖമില്ലേ” എന്ന് ഞാൻ അവരോട് തിരക്കി. അവരുടെ മകൻ വല്ലാതെ ഉപദ്രവിക്കുന്നു എന്ന് കണ്ണുകൾ നിറച്ച് അവർ എന്നോട് പരാതി പറഞ്ഞു. ഞാൻ അമ്മയെ പോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീയാണ് എന്റെ മുമ്പിലിരുന്ന് കരയുന്നത്. അവരുടെ മകനെ കുറിച്ച് എനിക്ക് മുൻധാരണയുള്ളതുകൊണ്ടും ജാനു ഏച്ചിയുടെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടും ഉപദ്രവിക്കുന്ന വിവരം പോലീസിൽ പരാതിപ്പെടാൻ ഞാൻ അവരെ സഹായിച്ചു. ചൊക്ലി പോലീസ് സ്റ്റേഷനിൽ വിളിച്ചു കൊടുത്ത് ജാനു ഏച്ചിക്ക് ഞാൻ ഫോൺ കൈമാറി. പോലീസിൽ വിളിക്കാൻ ഞാനാണ് സഹായിച്ചത് എന്നറിഞ്ഞ അവരുടെ മകന് അന്നുമുതൽ ഞാൻ ശത്രുവായി. ഒളിഞ്ഞും തെളിഞ്ഞും കേട്ടാലറയ്ക്കുന്ന തെറികൾ എന്നെ വിളിക്കാൻ തുടങ്ങി. ഞാൻ അവഗണിച്ചു.

പക്ഷേ ഇന്നലെ വൈകുന്നേരം മുതൽ ഒരു പടികൂടി കടന്ന് എന്റെ വീട്ടിലുള്ളവരെ കൂടി അവർ കേൾക്കുന്ന രീതിയിൽ തെറി വിളിക്കാൻ തുടങ്ങി. ചെറിയ കുട്ടികളും സ്ത്രീകളുമുള്ള വീടാണ് എന്റേത്. ശല്യം സഹിക്കവയ്യാതായപ്പോൾ എന്റെ അച്ഛൻ ചൊക്ലി പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. അവർ ഇങ്ങോട്ടേക്ക് വരാൻ തയ്യാറായില്ല. കാരണം, കള്ളുകുടിച്ചവരോട് സംസാരിച്ചിട്ട് കാര്യമില്ലത്രേ! അവരെ ഒന്നും ചെയ്യാൻ കഴിയില്ലത്രേ! തെറിവിളി ഞങ്ങൾ സഹിച്ചു കൊള്ളണമെന്ന് ചുരുക്കം. ചെറിയ കുട്ടികൾ ഇത് കണ്ടും കേട്ടുമല്ലേ വളരുക എന്ന ചിന്ത എന്നെ ആശങ്കപെടുത്തി. തെറിവിളികൾ അതിന്റെ എല്ലാ അതിർവരമ്പുകളും കടന്ന് തുടർന്നുകൊണ്ടേയിരുന്നു. പ്രശ്നപരിഹാരത്തിനായി ഞങ്ങളുടെ വാർഡ് കൗണ്സിലറുടെ സഹായത്തോടെ വീണ്ടും പോലീസിനെ വിളിച്ചു. അധികാരമുള്ളവർ വിളിച്ചപ്പോൾ അവർ വന്നു. തെറി വിളിച്ചവന്റെ വീട്ടിൽ ഒരു ചടങ്ങിന് എന്നതുപോലെ കയറി നേരെ എന്റെ വീട്ടിലേക്ക് വന്നു. കയറുമ്പോൾ തന്നെ ആരാടാ അനൂപ് എന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. “ഞാനാണ് സാർ അനൂപ്” എന്ന് പറയുന്നതിന് മുമ്പേ അവരുടെ മറുപടി എത്തി. ഇനി മേലാൽ അയൽക്കാരുടെ കാര്യത്തിൽ ഇടപെടരുതത്രേ! എന്നെയും കുടുംബത്തെയും തെറി വിളിച്ചത് എങ്ങനെയാണ് അയൽവീട്ടുകാരന്റെ പ്രശ്നമാവുന്നത് എന്ന് സാറിനോട് ചോദിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ എല്ലാ ബഹുമാനത്തോടെയും “സാർ, ഞാൻ എന്ത് തെറ്റാണ് ചെയ്തത്” എന്ന് ഞാൻ ചോദിച്ചു.

Crime squads that once comprised hardcore criminals returning ...നീ ആരാടാ ഞങ്ങളോട് ഇങ്ങോട്ട് ചോദ്യം ചോദിക്കാൻ എന്ന അർത്ഥത്തിൽ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു. എന്നിട്ടെന്നോടൊരു ചോദ്യം. “അവരുടെ ( ജാനു ഏച്ചി) അക്കൗണ്ടിൽ വരുന്ന പെൻഷൻ തുക നീയാണോ എടുത്ത് അവർക്ക് കൊടുക്കുന്നത്?”
അപ്പോൾ മടിക്കാതെ ഞാൻ പറഞ്ഞു, “അതെ സാർ, ഞാനാണ് എടുത്തു കൊടുക്കുന്നത്. ഞാൻ ഇവിടുത്തെ പോസ്റ്റുമാനാണ്. എന്റെ ജോലിയുടെ ഭാഗമായാണ് ഞാനത് ചെയ്യുന്നത്. ഇങ്ങനെ അക്കൗണ്ടിൽ വരുന്ന പൈസ എടുക്കാൻ ബാങ്കിന്റെയോ എടിഎമ്മിന്റെയോ ആവശ്യമില്ല. പോസ്റ്റുമാൻ വശം തരും, ഞാൻ അവകാശികൾക്ക് അത് കൈമാറും”
ഞാനത് പറഞ്ഞപ്പോൾ എന്നാൽ നീ അത് ചെയ്യേണ്ട, അവർ എവിടെയെങ്കിലും പോയി എടുത്തോട്ടെ എന്നായിരുന്നു പോലീസിന്റെ( എസ്.എെ സുഭാഷ്) മറുപടി.

അത് എന്റെ ജോലിയുടെ ഭാഗമാണെന്നും ചെയ്യാതിരിക്കുന്നത് തെറ്റാണെന്നും, ചെയ്യാതിരുന്നാൽ ഉത്തരവാദിത്വം നിറവേറ്റാത്തതിന്റെ പേരിൽ എനിക്കെതിരെ തപാൽ വകുപ്പിന്റെ നടപടി ഉണ്ടാകുമെന്നും ഞാൻ മറുപടിയായി പറഞ്ഞു.
“….., പറയുന്നത് അങ്ങോട്ടു കേട്ടാൽ മതി” എന്ന് ദേഷ്യത്തോടെ പറഞ്ഞു. കേട്ടാൽ അറക്കുന്ന തെറി യോടെയാണ് പോലീസ് ആ വാചകം തുടങ്ങിയത്. ഉപയോഗിക്കാൻ കൊള്ളാത്ത വാക്കായതുകൊണ്ടാണ് ഞാൻ ഈ എഴുത്തിൽ അത് ഒഴിവാക്കിയത്.
പോലീസ് അങ്ങനെ സംസാരിച്ചപ്പോൾ മാനസികമായി എനിക്ക് വല്ലാത്ത വിഷമം തോന്നി. കാരണം എന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും എല്ലാം കേൾക്കുന്നുണ്ടായിരുന്നു. കൊറോണ കാലത്തെ മികച്ച സേവനത്തിന് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ (PMG) പ്രത്യേക അഭിനന്ദനകൾക്കു അർഹനായ ഞാനാണ് കൃത്യമായി ജോലി ചെയ്തതിന്റെ പേരിൽ കുടുംബത്തിന്റെ മുന്നിൽവച്ച് അപമാനിക്കപ്പെടുന്നത്. കൺമുമ്പിൽ അമ്മയെ പോലൊരു സ്ത്രീ ഉപദ്രവിക്കപ്പെടുമ്പോൾ അത് അധികാരികളെ അറിയിക്കാൻ അവരെ സഹായിച്ചതിനാണോ ഇതെല്ലാം ഞാൻ അനുഭവിക്കുന്നത് എന്നോർത്തപ്പോൾ സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറിയത് അപരാധമായതു പോലെ എനിക്ക് തോന്നി.
എങ്കിലും “എന്റെ മേലധികാരികൾ പറയാതെ ഈ സേവനം ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലെന്ന്” ഞാൻ ക്ഷമ കൈവിടാതെ, ഭവ്യതയോടെ തുറന്നു പറഞ്ഞു.
“നിന്റെ ജോലി ഞാൻ കളയും, നിനക്ക് കാണണോ” ഈ വാക്കിന്റെ മുമ്പും ശേഷവും നേരത്തെ വിളിച്ചതിനേക്കാൾ വീര്യമുള്ള തെറികളുണ്ട്. എന്റെ മാന്യത ആ വാക്കുകൾ ഇവിടെ എഴുതാൻ എന്നെ അനുവദിക്കുന്നില്ല. അയൽവക്കത്തുള്ളയാൾ മോശമായി പെരുമാറിയത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് അതിലും മോശമായി ഇപ്പോൾ എന്നോട് പെരുമാറിയത്.
ഇതെല്ലാം കേട്ടു നിന്ന കുട്ടികൾ കരയാൻ തുടങ്ങി. എന്റെ ഭാര്യ ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കാൻ തുടങ്ങി. കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ കൂടെ വന്ന പോലീസുകാർ എസ് എെ യെ നിർബന്ധിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോയി. ജീപ്പിൽ കയറുമ്പോൾ പോലും എസ് ഐ ഭീഷണി തുടരുന്നുണ്ടായിരുന്നു.

നിമിഷങ്ങൾക്കകം എന്റെ ഭാര്യ ബോധംകെട്ട് വിണു. ഞാൻ അനിയനെ സഹായത്തിനു വിളിച്ചു. അവൻ പെരിങ്ങത്തൂർ ശിഹാബ് തങ്ങൾ ആംബുലൻസിന്റെ ഡ്രൈവറാണ്. അവൻ ഓടിയെത്തി. കൊടുവള്ളി കോ ഓപ്പററേറ്റീവ് ഹോസ്പിറ്റലിൽ അവളെ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. മണിക്കൂറുകൾ അവിടെ കിടന്നതിന് ശേഷമാണ് അവൾ പൂർവസ്ഥിതിയിലേക്ക് എത്തിയത്. ഇപ്പോഴും അവളാ സമ്മർദ്ദം പൂർണമായും അതിജീവിച്ചിട്ടില്ല. കുട്ടികളും പ്രായമായ അച്ഛനും അമ്മയും ഇപ്പോഴും ഭയാശങ്കയിലാണ്. എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ അവർ പ്രയാസപ്പെടുകയാണ്. കുഞ്ഞു മനസ്സാണ്, ഞാൻ പറഞ്ഞു കൊടുക്കാറുണ്ടായിരുന്ന പോലീസിന്റെ വീരകഥകൾ മാത്രം കേട്ടു ശീലിച്ച കുട്ടികളുടെ ഇളം മനസ്സിന് ഇത്തരം ഒരു ദുരനുഭവം എങ്ങനെ അംഗീകരിക്കാൻ കഴിയും?
എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ, ഭ്രാന്തന്മാരെ ചികിത്സിക്കാം എന്ന് നിങ്ങൾ കരുതേണ്ട, കാരണം ഈ നാട്ടിൽ ചങ്ങലക്കും ഭ്രാന്താണ്. സഹിക്കുക മാത്രമാണ് പരിഹാരം.
അവസാനമായി ഒരു കാര്യം, എന്റെ അനുഭവം Adv Ansar മുഖേന പരാതിയായി പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. എന്റെ കുട്ടികൾക്കുണ്ടായ ദുരനുഭവം ചൈൽഡ് ലൈനിനെയും പരാതിയായി അറിയിച്ചിട്ടുണ്ട്. കുട്ടികളെ എങ്ങനെയെല്ലാം ബാധിച്ചിട്ടുണ്ടാവും എന്നോർത്ത് എനിക്ക് വല്ലാത്ത പേടിയുണ്ട്. ഞങ്ങൾക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. കാരണം ജീവിക്കണമെങ്കിൽ ആ ഒരു പ്രത്യാശ എങ്കിലും വേണമല്ലോ!

facebook