സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2022 ഓണം ബമ്പർ സമ്മാനം വലിയതോതിൽ ചർച്ചയായിരുന്നു. ഒന്നാംസമ്മാനമായ 25 കോടി നേടിയ ഭാഗ്യവാൻ തിരുവനന്തപുരത്തുനിന്നുള്ള അനൂപ് ആയിരുന്നു. എന്നാൽ സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോഴുള്ള സന്തോഷമൊന്നും പിന്നീട് അനൂപിൽ കണ്ടില്ല. കാരണം കേരളത്തിൽ പലയിടത്തുനിന്നും സഹായം ചോദിച്ചു അനൂപിന്റെ വീട്ടിലേക്കു ജനപ്രവാഹം ആയിരുന്നു. ഫോൺ കാളുകൾക്കും കുറവൊന്നും ഉണ്ടായിരുന്നില്ല. ഇത് അനൂപിന്റെയും കുടുംബത്തിന്റെയും സ്വൈരജീവിതത്തെ തന്നെ ബാധിക്കുകയുണ്ടായി. സമ്മാനം കിട്ടണ്ടായിരുന്നു എന്നുപോലും അനൂപ് പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ അനൂപിന് ഒന്നാംസമ്മാന തുക ലഭിച്ചുവോ ? ആ തുക എങ്ങനെ വിനിയോഗിച്ചു എന്നറിയാൻ പലർക്കും താത്പര്യമുണ്ടാകും. അനൂപ് അത് തുറന്നു പറയുന്നു. ട്വന്റിഫോർ ചാനലിനോട് ആണ് അനൂപ് സംസാരിച്ചത്.
ലോട്ടറിയടിച്ച് ഒരു മാസത്തിനകം തന്നെ പണം കൈപ്പറ്റിയാതായി അനൂപ് പറയുന്നു. തനിക്കു ലഭിച്ച 15 കോടി 70 ലക്ഷം രൂപയിൽ മൂന്ന് കോടിയോളം ടാക്സും അടച്ചിട്ടു 12 കോടിയാണ് ലഭിച്ചത്. ആ തുകയിൽ നിന്ന് കുറച്ച് പണമെടുത്ത് സ്വന്തമായി ഒരു ലോട്ടറി കട തുടങ്ങിയിരിക്കുകയാണ് അനൂപ് .അനൂപിന്റേയും ഭാര്യയുടേയും പേരിന്റെ ആദ്യാക്ഷരം ചേർത്താണ് കടയ്ക്ക് പേര് നൽകിയിരിക്കുന്നത്. എംഎ ലക്കി സെന്റർ എന്നാണ് സ്ഥാപനത്തിന്റെ പേര്. തിരുവനന്തപുരം മണക്കാട് ജംഗ്ഷനിലാണ് ലോട്ടറി സെന്റർ.
മാത്രമല്ല മറ്റൊരു ഭാഗ്യംകൂടി അനൂപിനെയും കുടുംബത്തെയും തേടി എത്തി, കഴിഞ്ഞ മാസം രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നു.എന്നാൽ ഇപ്പോഴുംസഹായം ചോദിച്ചു വരുന്നവരിൽ നിന്നും കുറവൊന്നും വന്നിട്ടില്ലെന്ന് അനൂപ് പറയുന്നു. ഇപ്പോഴും സഹായം ചോദിച്ച് ആളുകൾ വരാറുണ്ടെന്നും പഴയ വീട് മാറി ഇപ്പോൾ പുതിയ വീട്ടിലാണ് താമസമെങ്കിലും അവിടെയും ആളുകൾ എത്തുന്നുണ്ടെന്നും അനൂപ് പറയുന്നു. ഇപ്പോൾ ലോട്ടറി തുക ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണെന്നും ആ തുകയുടെ പലിശ കൊണ്ട് അത്രയധികം ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നുണ്ട് എന്നും അനൂപ് പറയുന്നു.