അനൂപ് കിളിമാനൂർ
കോവിഡിനു ശേഷമുള്ള മാന്ദ്യത്തെ മറികടക്കാൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ പ്രമുഖ സെൻട്രൽ ബാങ്കുകൾ 10 ട്രില്യണ് ഡോളറാണ് ‘quantitative easing’ എന്ന പേരിൽ അടിച്ചിറക്കിയത്. ലോക സമ്പത് വ്യവസ്ഥയുടെ ഏകദേശം 5% വരുമിത്. അതിനു മുൻപുള്ള പത്തു വർഷങ്ങളിൽ പ്രിന്റ് ചെയ്തത് 20 ട്രില്ല്യണ് ഡോളറും. 2008-ലെ മാന്ദ്യത്തിന്റെ കാലത്തും ഇതു തന്നെയാണ് നടന്നത്. എന്നാൽ ഈ പ്രിന്റ് ചെയ്തിരിക്കുന്ന പണത്തിൽ ഭൂരിഭാഗവും പോയത് മന്ദ്യത്തിനു കാരണക്കാരായ അതേ ബാങ്കുകളുടെ കയ്യിലേക്കാണ്. ഇപ്പോഴും അതു തന്നെയാണ് സംഭവിക്കുന്നത്. ഇതിൽ വളരെ തുച്ഛമായ പണമേ സാധാരണക്കാരായ മനുഷ്യർക്ക് ലഭിക്കുന്നുളളൂ. അതുതന്നെയാണ് ക്യാപിറ്റലിസത്തിന്റെ പ്രശ്നവും.
വൻകിട ബാങ്കുകൾ ചെയ്യുന്നതുപോലെ ആവശ്യം വരുമ്പോൾ ജനങ്ങൾക്കും സർക്കാരിന്റെ നോട്ടടിപ്പു ശാലകളിൽ പണം പ്രിന്റ് ചെയ്തു ഉപയോഗിച്ച് കൂടേ എന്ന ധാർമ്മികവും, നിയമപരവുമായ നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ചിന്തയാണ് House of Paper എന്നർത്ഥം വരുന്ന ‘La Casa de Papel’ എന്ന സ്പാനിഷ് സീരിസ് ആണിക്കല്ല്. ഒന്നാം സീസണിന്റെ അവസാനം ഇത് കൃത്യമായി പറയുന്നുമുണ്ട്. ആ സംഭാഷണമാണ് പ്രേക്ഷകനെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രധാന കഥാപാത്രത്തിന്റെ, അതുവഴി പ്രേക്ഷകരേയും മോഷ്ടാക്കൾക്ക് അനുഭാവം ഉള്ളവരാക്കി തീർക്കുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് യഥാർത്ഥത്തിൽ ക്യാപിറ്റലിസത്തിന്റെ നീതിസംഹിതകൾ തന്നെയാണ്. പലപ്പോഴും സാധാരണക്കാർക്ക് ഉപയോഗപ്പെടാതെ പോകുന്ന ഈ പണത്തിന് പേപ്പറിന്റെ മൂല്യമേ ഉള്ളുവെന്നും സീരിസിന്റെ പേരിനെ വായിക്കാം. എന്നാൽ സീരീസ് മുന്നോട്ടു വെക്കുന്ന പരിഹാരം വ്യക്തിനിഷ്ഠമായ നേട്ടങ്ങൾക്കപ്പുറം പോകുന്നില്ല എന്നത് പോരായ്മയായി നിലനിൽക്കുകയും ചെയ്യുന്നു.
ഈ വ്യക്തിനിഷ്ഠമായ നേട്ടങ്ങൾക്ക് ഉപരിയായി സീരീസ് കടക്കുന്നത് മൂന്നാം സീസണിന്റെ തുടക്കത്തിലാണ് എന്ന് വേണമെങ്കിൽ പറയാം. മാന്ദ്യകാലത്ത് ഭരണകൂടം തന്നെ നേരിട്ട് ഹെലികോപ്റ്ററിൽ പണം ജനങ്ങൾക്കിടയിലേക്ക് വിതരണം ചെയ്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടി മാന്ദ്യത്തെ മറികടക്കാൻ ശ്രമിക്കണമെന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ കയ്യിൽ കൂടുതൽ പണം എത്തിക്കുന്നതിന്റെ പ്രതീകാത്മക അവതരണമായി ഇതിനെ കാണാവുന്നതാണ്. എന്നാൽ അക്ഷരാർത്ഥത്തിൽ ഇതു തന്നെയാണ് മൂന്നാം സീസണിന്റെ തുടക്കത്തിൽ പ്രഫസറും കൂട്ടരും ചെയ്യുന്നത്. അവിടെ ഉപയോഗിക്കുന്നത് വലിയ ബലൂണുകൾ ആണെന്ന് മാത്രം. രണ്ടാം സീസണിൽ അവർക്ക് രക്ഷപെടാൻ ഒരു വഴിയും കണ്ടില്ലെങ്കിൽ അവസാന തന്ത്രമായി പ്രയോഗിക്കാനിരുന്ന ‘പ്ലാൻ ചെർണോബിൽ’ ഇതാണ് എന്നും പറയുന്നുണ്ട്.
സീരിസിന്റെ മറ്റൊരു പ്രത്യേകത, കലാപരമായി വലിയ മേന്മ അവകാശപ്പെടാനില്ലെങ്കിലും ആഗോള തലത്തിൽ ഈ സീരീസ് സ്വീകരിക്കപ്പെട്ടതിന് അബോധമായെങ്കിലും നിലനിൽക്കുന്ന വ്യവസ്ഥയോട് ജനങ്ങൾക്കുള്ള അമർഷം കാരണമായിരിക്കാം. മറ്റൊന്ന് ‘bella ciao’ എന്ന പ്രശസ്തമായ ഇറ്റാലിയൻ സമരഗീതത്തിന്റെ പ്രയോഗമാണ്. 19-ആം നൂറ്റാണ്ടിൽ ഇറ്റലിയിലെ കർഷകർ കൃഷിസ്ഥലത്തെ ദുരിതങ്ങൾക്കെതിരെ ആലപിച്ച ഈ ഗാനം പിന്നീട് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇറ്റാലിയൻ ഫാസിസ്റ്റുകൾക്കും, ജർമ്മൻ നാസികൾക്കും എതിരെ പൊരുതിയ ഇറ്റലിയിലെ പാർട്ടിസാന്മാർ പരിഷ്കരിച്ച് പ്രയോഗിച്ചു. ഇന്ന് ലോകത്തിലെ പ്രധാന സമരമുഖങ്ങളിലെല്ലാം ‘bella ciao’ മുഴങ്ങുന്നുണ്ട്. പ്രഫസറുടെ മുത്തച്ഛൻ ഇറ്റലിയിലെ ഫാസിസ്റ്റുകൾക്കെതിരെ പൊരുതിയ പാർട്ടിസാൻ ആയിരുന്നെന്നും, അദ്ദേഹമാണ് പ്രഫസറേയും ജ്യേഷ്ഠനെയും ഈ ഗാനം പഠിപ്പിച്ചത് എന്നുമാണ് സീരീസിൽ കാണിക്കുന്നത്. സീരീസിലെ പല പ്രധാന സന്ദർഭങ്ങളിലും bella ciao ആവർത്തിക്കുന്നുണ്ട്. സീരിസിന്റെ ആന്റി എസ്റ്റാബ്ലിഷ്മെന്റ് മൂഡ് സെറ്റ് ചെയ്യുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.
സ്‌പെയിനിലെ ഒരു ചാനലിൽ സംപ്രേഷണം ചെയ്യപ്പെട്ട ഈ സീരീസ് ആദ്യത്തെ കുറച്ച് എപ്പിസോഡുകൾക്ക് ശേഷം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഇതിന്റെ സ്‌ട്രീമിംഗ് അവകാശം netflix വാങ്ങുകയും re-edit ചെയ്ത് ‘Money Heist’ എന്ന മോഷണത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന അമേരിക്കനൈസ് ചെയ്ത ശീർഷകവുമായി, രണ്ടു സീസണുകളായി റിലീസ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇതു ലോകശ്രദ്ധ പിടിച്ചു പറ്റുകയും netflix-ൽത്തന്നെ ഏറ്റവുമധികം പേർ കണ്ട സീരിസുകളിൽ ഒന്നായി മാറുകയും ചെയ്തു. ഇതിനെത്തുടർന്ന് മൂന്നും, നാലും സീസണുകൾ വലിയ ബജറ്റിൽ netflix നിർമ്മിച്ചു. കോവിഡ് മൂലം കാലതാമസം ഉണ്ടായ അഞ്ചാം സീസണ് രണ്ടു ഭാഗങ്ങളിൽ റിലീസ് ചെയ്യുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്ന സീരിസുകളിൽ ഒന്നായി ‘La Casa De Papel’ തീർച്ചയായും കണക്കാക്കാവുന്നതാണ്.