അനൂപ് കിളിമാനൂർ
കുമ്പളങ്ങി നൈറ്റ്‌സിന്റെ ക്ലൈമാക്സ് കുറച്ചധികം ലൗഡ് ആയിപ്പോയെന്നു ശ്യം പുഷ്കരൻ പറഞ്ഞത് കേട്ടിട്ടുണ്ട്. ഷമ്മി സൈക്കോപാത്ത് ആയ ഗ്യാപ്പിൽ പാട്രിയാർക്യൽ സമൂഹത്തിന് എതിരായ പല വിമർശനങ്ങളും രക്ഷപെട്ടു പോയോ എന്ന് തോന്നിയിട്ടുണ്ട്. സൈക്കോപാത്ത് എന്ന അവസ്ഥയെക്കാൾ നിലനിൽക്കുന്ന സാമൂഹ്യരീതികളെ പിന്തുടരുന്നതായിരുന്നു ഷമ്മിയുടെ പ്രശ്നമായി ഉയരേണ്ടി ഇരുന്നത്.
അതുകൊണ്ടാണോ എന്നറിയില്ല, കച്ചവട സിനിമ ആവശ്യപ്പെടുന്നത് എന്ന് പൊതുവെ കരുതപ്പെടുന്ന ലൗഡ് ആയ ക്ലൈമാക്സ് ആയിരുന്നില്ല തങ്കത്തിന്റേത്.
അതുകൊണ്ട് തന്നെ സമ്പത്തിന്റെ ഏറ്റവും വലിയ രൂപങ്ങളിൽ ഒന്നായി മലയാളി സമൂഹം കണക്കാക്കുന്ന സ്വർണ്ണം കൈകാര്യം ചെയ്യുമ്പോഴും മനുഷ്യർ നേരിടുന്ന ജീവിതാവസ്ഥകളേയും, ബന്ധങ്ങളുടെ വൈരുധ്യാത്മകതയെയും കൂടുതൽ ആഴത്തിൽ അടയാളപ്പെടുത്തിയ സിനിമയായി തങ്കത്തിന് ഉയരാൻ കഴിഞ്ഞു. എന്നാൽ ഒരു ത്രില്ലർ സിനിമകൾ കണ്ടു ശീലിച്ച, ആ വഴിയിലാണ് ഈ പോകുന്നതെന്ന് പ്രേക്ഷകർക്ക് ഉടനീളം സൂചന നൽകിയ Procedural drama ആയി ചിത്രീകരിക്കപ്പെട്ട തങ്കത്തിന്റെ ക്ലൈമാക്സ് പക്ഷേ പലർക്കും വർക്ക് ആകാതെ പോയതും ഇതുകൊണ്ടാവാം. ക്ളൈമാക്‌സ് നരേഷനു സ്വീകരിച്ച രീതിയും ഇതിന് ഒരു കാരണം ആകാം.
കണ്ണന്റേയും, മുത്തിന്റെയും പൂർവ്വജീവിതങ്ങളും കുടുംബവും കൂടുതൽ കാണിച്ചിരുന്നെങ്കിൽ, അത്തരത്തിലുള്ള ഡിലീറ്റഡ് സീനുകൾ ഉൾപ്പെടെ ഒഴിവാക്കാതിരുന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ കഥാപാത്രങ്ങളോട്, അവരുടെ മാനസിക വ്യാപാരങ്ങളോടും പിരിമുറുക്കങ്ങളോടും പ്രേക്ഷകർക്ക് കൂടുതൽ അടുപ്പം തോന്നിയേനെ എന്നും, ഇത് നിലവിലെ ക്ളൈമാക്സിനെത്തന്നെ കൂടുതൽ പേർക്ക് വർക്ക് ചെയ്യിക്കാൻ സഹായകരം ആയേനെ എന്നും തോന്നുന്നു. ഈ ചെറിയ വിമർശനം ഉള്ളപ്പോഴും തീയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട, കണ്ടിരിക്കേണ്ട, ചർച്ച ചെയ്യപ്പെടേണ്ട സിനിമ ആയാണ് തങ്കം അനുഭവപ്പെട്ടത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, വിനീത് തട്ടിൽ, ഗിരീഷ് കുൽക്കർണി, അപർണ്ണ ബാലമുരളി, കൊച്ചുപ്രേമൻ തുടങ്ങി ഒട്ടുമിക്ക അഭിനേതാക്കളുടേയും മികച്ച പ്രകടനങ്ങളും സഹീദ് അരാഫത്തിന്റെ കയ്യടക്കമുള്ള സംവിധാനവും സാങ്കേതിക മികവും കൊണ്ട് ഈ വർഷം ഇറങ്ങിയതിൽ മികച്ച ചിത്രങ്ങളിൽ ഒന്നാണ് തങ്കം എന്ന് നിസംശയം പറയാം. OTT-യേക്കാൾ ഒരുനല്ല തീയേറ്റർ അനുഭവം അർഹിക്കുന്നുണ്ട് ഭാവന സ്റ്റുഡിയോസ് ഇതുവരെ എടുത്തതിൽ ഏറ്റവും വലിയ സ്‌കെയിലിൽ ഉള്ള ഈ ചിത്രം.
മാർട്ടിൻ സ്‌കോഴ്‌സെസി നിരവധി ഗ്യാങ്സ്റ്റർ സിനിമകൾ എടുത്തിട്ടുണ്ട്. എന്നാൽ ക്രൈമുകളെ ഗ്ലോറിഫൈ ചെയ്യുന്നത് അല്ല അദ്ദേഹത്തിന്റെ സിനിമകൾ, അവ മസ്‌ക്കുലാനിറ്റിക്ക് എതിരെയുള്ള അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളാണ്. ക്രൈമിനെപ്പറ്റി സിനിമയെടുക്കുന്നതോ, ക്രൈം സിനിമയിൽ കാണിക്കുന്നതോ ഒന്നും പ്രശ്നമല്ല. പക്ഷെ ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുന്നതാണ് പ്രശ്നം. അവിടെയാണ് മുകുന്ദനുണ്ണിയൊക്കെ പരാജയപ്പെടുന്നിടത്ത് തങ്കം വിജയിക്കുന്നത്.