ഏത് ബില്ലിന്റെ പേരിലായാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം, വരും തലമുറകളിലേക്കും ഈ സ്‌നേഹം പകരണം

115

അനൂപ് മേനോൻ

‘ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നത് ആരിലും ചുമത്തപ്പെട്ട ഒന്നായിരുന്നില്ല. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതുപോലെ ജീവിതത്തിലേക്ക് വന്ന ഉറച്ച ശീലങ്ങളിലൊന്നായിരുന്നു അത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കാന്‍ ഞങ്ങളെ ആരും നിര്‍ബന്ധിച്ചിട്ടില്ല. അത് ഞങ്ങളുടെ രക്തത്തിലും ശ്വാസത്തിലും അലിഞ്ഞുചേര്‍ന്നതാണ്.

ഞങ്ങള്‍ക്കറിയാവുന്ന ഇന്ത്യയില്‍ ചര്‍ച്ചകളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. പക്ഷേ അവയൊന്നും വെറുപ്പ് മൂലമോ ഭയം മൂലമോ ഉണ്ടായവയല്ലായിരുന്നു. സര്‍ക്കാര്‍ അറിയുന്നതിന്, ഇവിടെയുള്ള ഓരോ ഹിന്ദുവിനും മുസ്ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളിലുള്ള സുഹൃത്തുക്കളുണ്ടാകും. ഞങ്ങള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി അപരിമിതമായ ഈ സാഹോദര്യത്തെ നശിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടുനില്‍ക്കരുത്.

ജാവേദും ജോസഫും ജയദേവും ഇവിടെയുണ്ടാകണം. ഏത് ബില്ലിന്റെ പേരിലായാലും അത് അങ്ങനെ തന്നെയാകണം. ഞങ്ങള്‍ക്ക് ഞങ്ങളുടെ ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. വരും തലമുറകളിലേക്കും ഈ സ്‌നേഹം പകരണം.’