പൂന്തുറ വാർത്തകളിൽ നിറയു​​േമ്പാൾ ഒന്നര പതിറ്റാണ്ട്​ മുമ്പ്​ അവിടെ താമസിച്ചതി​​​െൻറ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫേസ്​ബുക്ക്​ കുറിപ്പ്​ ശ്രദ്ധേയമാകുന്നു

27

പൂന്തുറ വാർത്തകളിൽ നിറയു​​േമ്പാൾ ഒന്നര പതിറ്റാണ്ട്​ മുമ്പ്​ അവിടെ താമസിച്ചതി​​​െൻറ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെക്കുന്ന ഫേസ്​ബുക്ക്​ കുറിപ്പ്​ ശ്രദ്ധേയമാകുന്നു. പൂന്തുറക്കാരുടെ പരസ്​പര സ്​നേഹവും സഹകരണവും പുറത്തുനിന്ന്​ വരുന്നവരോട്​ പോലുമുള്ള കരുതലുമെല്ലാം വിവരിച്ച്​ കുസാറ്റ്​ ജീവനക്കാരനായ അനൂപ്​ രാജനാണ്​ ഫേസ്​ബുക്കിൽ കുറിപ്പ്​ പങ്കുവെച്ചിരിക്കുന്നത്​.

അനൂപ്​ രാജ​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണരൂപം:

മധ്യ തിരുവിതാംകൂറുകാരനായ ഒരു ‘ഹിന്ദു’പ്പയ്യൻ ത​​​െൻറ പുതുപ്പെണ്ണുമൊത്ത് കുടുംബ ജീവിതം തുടങ്ങാൻ തിരുവനന്തപുരത്ത് തെരഞ്ഞെടുക്കുന്ന സ്ഥലം ഏതായിരിക്കും. അതും 2005 കാലത്ത്. അക്കാലത്തും ഇക്കാലത്തും തുടരൻ കലാപങ്ങൾക്ക് പുകൾകൊണ്ടിരിക്കുന്ന പൂന്തുറ ഏതായാലും ആകില്ല.പക്ഷെ പ്രിയപ്പെട്ട ബിന്യാമിൻ എനിക്കും സജിതക്കും വീടു കണ്ടെത്തിയത് പൂന്തുറയിൽ. എസ്.എം ലോക്കിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി.രാത്രി ജോലിക്കാരനായ എനിക്ക് ആ പഴയ ഇരുനില വീട് ഉറപ്പിക്കാൻ ഒരു സംശയവും ഉണ്ടായിരുന്നില്ല.

പുലർച്ചെ മൂന്നു മണിക്ക് ജോലി കഴിഞ്ഞെത്തുന്ന ഭർത്താവുള്ള പെൺകുട്ടിക്ക് തനിച്ചിരിക്കാൻ പറ്റുന്ന സംസ്ഥാന തലസ്ഥാനത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം പൂന്തുറ ആയിരുന്നു. അങ്ങനെ ഞങ്ങൾ ഒരു ദിവസം പാലുകാച്ചി പൂന്തുറ വീട്ടിൽ താമസം തുടങ്ങി. കട്ടിലുകളും ഊണുമേശയും കസേരയും സഹിതമാണ് വീട് കിട്ടിയത്. അതൊരു താമസമായിരുന്നു. ചുറ്റുമുള്ള ഉമ്മമാർ കാണാൻ വന്നു. മണിക്കൂറിനകം കേബിൾ കണക്ഷൻ വന്നു.അഞ്ചു രൂപയ്ക്ക് ഒരു ചട്ടി മത്തി കിട്ടുമായിരുന്നു. ഞങ്ങൾ രണ്ടാൾക്ക് രണ്ടു ദിവസത്തേക്ക് ധാരാളം. എങ്കിലും ഉമ്മമാർ അവർ വേണ്ടെന്ന് പറഞ്ഞാലും കൊടുക്കണമെന്ന് മീൻകാരെ ഉപദേശിച്ചു.

തിരുവനന്തപുരത്തെ നാടൻ വാക്കുകൾ സജിത പരിചയപ്പെട്ടു. ആ വീടുകളിലെ സന്തോഷമധുരങ്ങളെല്ലാം ഞങ്ങൾക്കുകൂടി അവകാശപ്പെട്ടതായി .രാത്രി മൂന്നുണിക്ക് ഡ്യൂട്ടി കഴിഞ്ഞ് റെജിയണ്ണ​​​െൻറ പറക്കും ജീപ്പിൽ കയറി അമ്പലത്തറ പ്രസിൽ ഇറങ്ങി നടന്നു വരുന്ന വഴിയാണ് അപ്പോഴും തുറന്നിരിക്കുന്ന കടയിൽ നിന്ന് വീട്ടുസാമാനങ്ങൾ വാങ്ങുക. പച്ചക്കറികൾ ചന്തയിൽനിന്നും. ആ സമയത്തും സ്കൂട്ടറിൽ ചാരി നിന്ന് നാട്ടുകാരോട് സംസാരിച്ചുകൊണ്ട് പള്ളിയുടെ മുന്നിൽ പൂന്തുറ സിറാജ് കാണും. രോഗികളെയോ ഗർഭിണികളെയോ അത്യാവശ്യമായി ആശുപത്രിയിൽ കൊണ്ടാക്കി തിരിച്ചുവന്നുള്ള നിൽപായിരിക്കും അത്.

മത്സ്യത്തൊഴിലാളികൾ ആ സമയത്ത് കടലിലേക്ക് പോകുകയും വരുകയും ചെയ്യുന്നുണ്ടാകും. വീട്ടുകാരും ബന്ധുക്കളും വിരുന്നു വന്നു. സജിതയുടെ കൂട്ടുകാരികളും. എല്ലാവരും പൂന്തുറയുടെ സന്തോഷവും സമാധാനവും പങ്കിട്ട് തിരിച്ചു പോയി. ഒളിനോട്ടങ്ങളില്ല. യാതൊരു ശല്യങ്ങളുമില്ല. സ്നേഹം മാത്രം. ഒരു കലാപവുമില്ല. സംഘർഷവുമില്ല. ഒറ്റ മോഷണം പോലുമില്ലാത്ത ഇടം. എസ്.എം ലോക്ക് കടന്നു വരാൻ ഒരു കള്ളനും ധൈര്യം ഉണ്ടായിരുന്നില്ല.

താണുപറക്കുന്ന വിമാനങ്ങളായിരുന്നു ഞങ്ങളുടെ ദിനചര്യ നിശ്ചയിച്ചിരുന്നത്. 8.20ന് ശ്രീലങ്കൻ എയർലൈൻസ് വന്നാൽ രാവിലത്തെ കാപ്പികുടി. ഒന്നരയുടെ എയർ ഇന്ത്യ പോകുമ്പോൾ ഉച്ചയൂണ് നടക്കുകയായിരിക്കും. സജിത വയറിനുള്ളിൽ കുഞ്ഞുണ്ണിയുമായി തൂക്കുപാലത്തേക്ക് പോകും വരെ ഞങ്ങൾ സന്തോഷമായി ആഘോഷത്തോടെ പൂന്തുറയിൽ താമസിച്ചു. ഞാൻ കുറച്ചു മാസങ്ങൾ കൂടി ഒറ്റക്കവിടെ തുടർന്നു.ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങൾ ചിലവിട്ട പൂന്തുറയെ എങ്ങനെ ഹൃദയത്തിൽനിന്ന് ഇറക്കിവിടും. ആ നാട്ടുകാരെ ചേർത്തു പിടിക്കാതിരിക്കും.

പൂന്തുറ ഒരിക്കൽ പോലും കാണാതെ, ആ നാട്ടുകാരെ അറിയാതെ, ആ പേര് കേൾക്കുമ്പോൾ ചില വികാരങ്ങൾ തോന്നുന്നവർ ഉണ്ടല്ലോ.നിങ്ങളോട് സഹതാപമല്ല. രോഷമാണ് ഞങ്ങൾക്ക്. നിങ്ങൾ പൂന്തുറയിലേക്ക് വരൂ. അവിടെ താമസിക്കൂ . എന്നിട്ട് പറയൂ. പ്രിയപ്പെട്ട പൂന്തുറക്കാരേ,ഈ പഴയ പൂന്തുറ നിവാസിക്ക് ഈ കോവിഡ് കാലത്ത് നിങ്ങളുടെ നടുവിൽ നിൽക്കാൻ ആകാത്തതി​​​െൻറ സങ്കടം മാത്രം.