ഇന്റെർസ്റ്റെല്ലർ സിനിമയിലെ “ഒരു മണിക്കൂർ = ഏഴു വർഷം” എന്ന ടൈം ഡൈലേഷൻ സാധ്യമോ ?
Anoop ScienceforMass
ഇന്റെർസ്റ്റെല്ലർ എന്ന ഹോളിവുഡ് സിനിമ നിങ്ങളിൽ പലരും കണ്ടു കാണും. സയൻസ് ഫിക്ഷൻ സിനിമകളിൽ വച്ച് എക്കാലത്തെയും നല്ല സിനിമകളിൽ ഒന്നാണ് അത് എന്നുള്ള കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാൻ ഇടയില്ല. സയൻസിലെ ഒരുപാട് ആശയങ്ങൾ പൊതുജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാൻ ആ സിനിമ സഹായിച്ചിട്ടുണ്ട്. Kip Thorne എന്ന ഭൗതീക ശാസ്ത്രജ്ഞൻ ആയിരുന്നു ആ സിനിമയുടെ ശാസ്ത്ര ഉപദേശകൻ. അതുകൊണ്ടു തന്നെ മിക്കവാറും സാഹചര്യങ്ങളിൽ ശാസ്ത്രത്തിൽ നിന്നും കാര്യമായി വ്യതിചലിക്കാതെ തന്നെ കഥ ഗതി മുന്നോട്ടു പോകുന്നുണ്ട്.
Kip Thorne കൊടുത്ത സമവാക്യങ്ങൾ ഉപയോഗിച്ചാണ് ആ സിനിമയിലെ Gargantua എന്ന ബ്ലാക്ക് ഹോളിന്റെ രൂപം കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയുന്ന കമ്പനി നിർമ്മിച്ചെടുത്തത് . ഒരു യഥാർത്ഥ ബ്ലാക്ക് ഹോളുമായി ആ ചിത്രത്തിന് എന്ത് മാത്രം സാമ്യമുണ്ടായിരുന്നു എന്ന് നമ്മൾ എല്ലാവരും കണ്ടതാണ്. ആ സിനിമയുടെ കഥയിലെ ഒരു പ്രധാന ഘടകമാണ് ഗ്രാവിറ്റേഷണൽ ടൈം ഡൈലേഷൻ. ഒരു ബ്ലാക്ക് ഹോളിന്റെ വളരെ അടുത്ത് കൂടെ ബ്ലാക്ക് ഹോളിനെ വലം വയ്ക്കുന്ന മില്ലേഴ്സ് പ്ലാനറ്റിൽ ആ ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റേഷണൽ പ്രഭാവം മൂലം സമയം ചലിക്കുന്നത് വളരെ പതുക്കെ ആണ് എന്നുള്ളത് ആ കഥയിലെ ഒരു വളരെ പ്രധാന ഭാഗമാണ്. സിനിമയുടെ വൈകാരിക മൂല്യം വളരെ അധികം കൂട്ടാൻ അത് സഹായിച്ചു.
മില്ലേഴ്സ് പ്ലാനെറ്റിൽ നായകൻ ചിലവാക്കുന്ന ഓരോ മണിക്കൂറും ഭൂമിയിൽ ഏഴു വർഷങ്ങൾ ആണ് എന്നാണ് ആ സിനിമയിൽ പറയുന്നത്. ബ്ലാക്ക് ഹോളിനടുത്ത് ഗ്രാവിറ്റേഷണൽ ടൈം ഡൈലേഷൻ സംഭവിക്കും എങ്കിലും ഒരു മണിക്കൂർ = ഏഴു വര്ഷം എന്നത് ഒരു വളരെ വലിയ ടൈം ഡൈലേഷൻ ആയി പോയില്ലേ എന്ന് ആ സിനിമ കണ്ട സമയത്തു തോന്നിയിരുനെങ്കിലും ആ വിഷയത്തെ കുറിച്ച് കൂടുതൽ തിരക്കി പോയിരുന്നില്ല.
മാസങ്ങൾക്കു മുൻപ് വന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ , ഈ വിഷയം സംസാരത്തിൽ വന്നിരുന്നു. ഗ്രാവിറ്റേഷണൽ ടൈം ഡൈലേഷൻ യഥാർത്ഥമായ ഒരു കാര്യമാണെന്നും എന്നാൽ അത്രയും വലിയ ടൈം ഡൈലേഷൻ ഒരുപക്ഷെ സിനിമയുടെ കഥാ ഗതിക്കു വേണ്ടി ഉണ്ടാക്കിയതായിരിക്കാം എന്ന് ഒരു സംശയം ഞാൻ പ്രകടിപ്പിച്ചിരുന്നു.
അതെ തുടർന്ന് ഈ ഒരു ടൈം ഡൈലേഷൻ വെച്ച് കണക്കുകൾ പിറകിലോട്ടു ചെയ്തു നോക്കി.
ഒരു ബ്ലാക്ക് ഹോളിന്റെ അടുത്തുകൂടെ ഭ്രമണം ചെയ്യുന്ന ഒരു പ്ലാനെറ്റിൽ ആ ബ്ലാക്ക് ഹോളിന്റെ ഗ്രാവിറ്റേഷണൽ പ്രഭാവം മൂലം ടൈം ഡൈലേഷൻ സംഭവിക്കും എന്നുള്ളത് യാഥാർഥ്യമാണ് . പക്ഷെ “ഒരു മണിക്കൂർ = ഏഴു വർഷം” എന്നത് ഒരു വളരെ വലിയ ടൈം ഡൈലേഷൻ തന്നെയാണ്. അത്രയും വലിയ ഒരു ടൈം ഡൈലേഷൻ സംഭവിക്കണമെങ്കിൽ മില്ലേഴ്സ് പ്ലാനറ്റ് Gargantua എന്ന ബ്ലാക്ക് ഹോളിനു വളരെ അടുത്ത് കൂടെ വേണം ഭ്രമണം ചെയ്യാൻ. Gargantua ഒരു Schwarzschild ബ്ലാക്ക് ഹോൾ ആണെങ്കിൽ അത്രയും വലിയ ടൈം ഡൈലേഷൻ സംഭവിക്കണമെങ്കിൽ, മില്ലേഴ്സ് പ്ലാനറ്റ്, ആ ബ്ലാക്ക് ഹോളിന്റെ ഇവന്റ് ഹൊറൈസനിന്നോട് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വേണം ഭ്രമണം ചെയ്യാൻ.
ഒരു ബ്ലാക്ക് ഹോളിനു ചുറ്റും വലം വെക്കുന്ന വസ്തുവിന്, ആ ബ്ലാക്ക് ഹോളിലേക്കു വീഴാതെ, സുരക്ഷിതം ആയി വലം വെക്കാൻ വേണ്ട ഏറ്റവും ചെറിയ ഭ്രമണപദത്തിന് ഒരു പരിധി ഉണ്ട്. അതാണ് Innermost Stable Circular orbit അഥവാ ISCO. അതിൽ വിട്ടു ഒരു ബ്ലാക്ക് ഹോളിനോട് അടുത്താൽ, ആ വസ്തുവിന് ആ ബ്ലാക്ക്ഹോളിനെ സ്ഥിരമായി വലം വെക്കാൻ കഴിയില്ല. അതിന്റെ ഭ്രമണപഥം കുറേശെ കുറേശ്ശെയായി ചുരുങ്ങി ആ വസ്തു ബ്ലാക്ക് ഹോളിലേക്കു വീഴും. ബ്ലാക്ക് ഹോളിന്റെ ഇവന്റ് ഹൊറൈസണിന്റെ മൂന്ന് ഇരട്ടി ആണ് ISCO യുടെ റേഡിയസ് . അപ്പൊ മില്ലേഴ്സ് പ്ലാനെറ്റിനു ഒരിക്കലും ഇവന്റ് ഹൊറൈസണിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒരിക്കലും കറങ്ങാൻ കഴിയില്ല.
അതുകൊണ്ടു ഒരു മണിക്കൂർ = ഏഴു വർഷം എന്ന ടൈം ഡൈലേഷൻ തിയറികൾ അനുസരിച്ചു പോലും സാധ്യമല്ല. ഈ വിഷയം Kip Thorne, സംവിധായകനായ Christopher Nolanനെ അറിയിച്ചിരുന്നു. പക്ഷെ ഈ ഒരു കാര്യത്തിൽ മാത്രം Kip Thorne പറയുന്നത് കേൾക്കാൻ Christopher Nolan തയ്യാറായില്ലത്രേ. അവസാനം Kip Thorne-ന് വഴങ്ങി കൊടുക്കേണ്ടി വന്നു.
ഒരു Schwarzschild ബ്ലാക്ക് ഹോളിനെ അപേക്ഷിച്ചു ഒരു റൊട്ടെറ്റിങ് ബ്ലാക്ക്ഹോളിന്റെ ISCO താരതമ്യേന ചെറുതായിരിക്കും. Rotating ബ്ലാക്ക്ഹോളിന്റെ ഇവന്റ് ഹൊറൈസണിന്റെ കുറെ കൂടെ അടുത്ത് വരെ വസ്തുക്കൾക്ക് ഭ്രമണം ചെയ്യാം. അങ്ങനെ ഇത്രയും വലിയ ഒരു ടൈം ഡൈലേഷൻ കിട്ടാൻ വേണ്ടി ആ ബ്ലാക്ക് ഹോൾ എത്ര സ്പീഡിൽ കറങ്ങണം എന്ന് Kip Thorne പിറകിലേക്ക് കണക്കുകൾ ചെയ്തു നോക്കി. ഒരു ബ്ലാക്ക് ഹോളിനു കറങ്ങാവുന്ന ഒരു മാക്സിമം സ്പീഡ് ലിമിറ് ഉണ്ട്. അതിന്റെ 99.99999 ശതമാനം സ്പീഡിൽ കറങ്ങുന്ന ഒരു ബ്ലാക്ക് ഹോൾ ആണെങ്കിൽ, ഇത്രയും വലിയ ഒരു ടൈം ഡൈലേഷൻ സാധ്യമാകുന്ന ഒരു ഗ്രഹം ആ ബ്ലാക്ക് ഹോളിനു തിയറിറ്റിക്കലി ഉണ്ടാകാം എന്ന് അദ്ദേഹം കണ്ടെത്തി. അങ്ങനെയാണ് ആ കഥാ ഗതിയുമായി മുൻപോട്ടു പോയതത്രെ. ആ സിനിമക്ക് വേണ്ടി Kip Thorne നടത്തിയ വളരെ ചുരുക്കം ചില വിട്ടുവീഴ്ചകളിൽ ഒന്നാണ് ഈ പറഞ്ഞത്.
സയൻസ് ഫിക്ഷൻ സിനിമകളിൽ കഥാ ഗതിക്കു വേണ്ടി ശാസ്ത്ര ആശയങ്ങൾ മുറുകെ പിടിക്കുന്നതിൽ ചില വിട്ടുവീഴ്ചകൾ ഒകെ ചെയേണ്ടി വരും. എങ്കിലും ഒരു മികച്ച സിനിമ തന്നെയായിരുന്നു ഇന്റെർസ്റ്റെല്ലർ എന്ന കാര്യത്തിൽ സംശയമില്ല.