Anoop ScienceforMass
Time Dilation
ടൈം ഡൈലേഷൻ (Time Dilation) എന്ന് കേൾക്കുമ്പോൾത്തന്നെ പലർക്കും പരിഹാസവും പുച്ഛവുമാണ്. “ആധുനിക ശാസ്ത്രത്തിന്റെ ആന മണ്ടത്തരം” എന്നാണ് അതിനെ കുറിച്ച് പലരുടെയും അഭിപ്രായം. ശാസ്ത്രത്തെ എപ്പോഴും തള്ളിപ്പറയുന്നവർ അങ്ങനെ പറയുന്നത് പിന്നെയും മനസിലാക്കാം. എന്നാൽ കുറച്ചൊക്കെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ കൂടി അങ്ങനെ പറയുമ്പോഴോ??
ഇതിനുള്ള ഒരു കാരണം നമ്മുടെ നിത്യ ജീവിതത്തിൽ നമുക്ക് ടൈം ഡൈലേഷൻ നേരിട്ട് അനുഭവപ്പെടുന്നില്ല എന്നുള്ളത് കൊണ്ടാണ്. പ്രകാശ വേഗതയുടെ അടുത്ത് കണ്ട ഒരു വേഗതയിൽ സഞ്ചരിച്ചാൽ മാത്രമേ പ്രകടമായ രീതിയിൽ നമുക്ക് ടൈം ഡൈലേഷൻ അനുഭവപ്പെടൂ.
എന്നാൽ, ഈ ഒരു കാരണം പറഞ്ഞു കൊണ്ട് തന്നെ ടൈം ഡൈലേഷനെ എതിർക്കുന്നവരുണ്ട്. നമുക്ക് അടുത്ത കാലത്തൊന്നും പ്രകാശവേഗതയിൽ സഞ്ചരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ടൈം ഡൈലേഷന് ഒരു തെളിവ് ചോദിച്ചാൽ അടുത്ത കാലത്തൊന്നും ഒരു തെളിവ് തരാൻ ആർക്കും കഴിയില്ല. തെളിവ് തരാൻ കഴിയാത്ത സാധനം, ഉണ്ടെന്നു പറഞ്ഞു എത്ര വേണമെങ്കിലും തള്ളാമല്ലോ എന്നാണ് അവരുടെ അഭിപ്രായം.
എന്നാൽ ഏറ്റവും രസകരമയ കാര്യം, ടൈം ഡൈലേഷനെ ഇങ്ങനെ പരിഹസിച്ചും പുച്ഛിച്ചും തള്ളി പറയുന്നവരൊക്കെ അത് നിത്യ ജീവിതത്തിൽ വേണ്ടുവോളം ഉപയോഗിക്കുന്നുണ്ട് എന്നുള്ളതാണ്. ഇന്നത്തെ കാലത്തു GPS നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കാത്തവരായിട്ടു ആരും തന്നെ ഇല്ല. GPS നാവിഗേഷൻ എന്ന് കേട്ടിട്ട് മനസിലായിലെങ്കിൽ കുറച്ചു കൂടെ വ്യക്തമായി പറയാം Google Maps പോലുള്ള വഴി കാണിക്കുന്ന Softwareഉകൾ. ഇനി map ആയിട്ട് ഉപയോഗിക്കുന്നില്ലെങ്കിൽ കൂടിയും, Swiggy പോലുള്ള Food ഡെലിവറി ആപ്പുകൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ ഫോണിൽ ഉള്ള ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
GPS പോലുള്ള നാവിഗേഷൻ സിസ്റ്റം പ്രവർത്തിക്കുന്നത് ഭൂമിക്കു 20000 കിലോമീറ്റർ മുകളിലൂടെ ഭൂമിയെ കറങ്ങിക്കൊണ്ടിരിക്കുന്ന സാറ്റലൈറ്റുകളിൽ നിന്നും വരുന്ന സിഗ്നലുകൾ ഉപയോഗിച്ചാണ്. ആ സാറ്റലൈറ്റുകൾ ഭൂമിയെ അപേക്ഷിച്ചു 4 km/second വേഗത്തിൽ ആണ് കറങ്ങിക്കൊണ്ടിരിക്കുന്നതു. ഇത് മൂലം അവയിലെ ക്ലോക്കുകക്കു വെലോസിറ്റി ടൈം ഡൈലേഷൻ സംഭവിക്കുന്നുണ്ട്. ഇത് മൂലം ആ സാറ്റലൈറ്റുകളിലെ ക്ലോക്കുകൾ ഓരോ ദിവസവും നമ്മുടെ ക്ലോക്കുകളെ അപേക്ഷിച്ചു 7 microsecond പതുക്കെ ആണ് സഞ്ചരിക്കുന്നത്.
ഇനി ഭൂമിയിൽ നിന്നും 20000 കിലോമീറ്റർ ഉയരത്തിൽ ആയതു കൊണ്ട് അവക്ക് അനുഭവപ്പെടുന്ന ഭൂമിയുടെ ഗ്രാവിറ്റേഷനൽ ഫീൽഡിന്റെ ശക്തി കുറവാണ്. ഇത് മൂലം അവയിലെ സമയം സഞ്ചരിക്കുന്നത് ഭൂമിയിലെ ക്ലോക്കുകളെ അപേക്ഷിച്ചു ഓരോ ദിവസവും 45 microsecond ഫാസ്റ്റ് ആയിട്ടാണ്. ഇതിനു കാരണം ഭൂമിയിലെ ക്ലോക്കുകൾക്കു അനുഭവപ്പെടുന്ന ഗ്രാവിറ്റേഷണൽ ടൈം ഡൈലേഷൻ ആണ്.
ഈ രണ്ടു ടൈം ഡൈലേഷന്റെയും ആകെ തുകയായി ആ സാറ്റലൈറ്റുകളിലെ ക്ലോക്ക് നമ്മുടേതിനേക്കാൾ ഓരോ ദിവസവും (45-7) = 38 microsecond ഫാസ്റ്റ് ആയിട്ടാണ് സഞ്ചരിക്കുന്നത്. ഇത് കണക്കിലെടുത്തു കൊണ്ടുള്ള തിരുത്തലുകൾ വരുത്തിയാണ് GPS സാറ്റലൈറ്റുകളിൽ നിന്നും സിഗ്നൽ പുറപ്പെടുവിക്കുന്നത്. അല്ലായിരുന്നെങ്കിൽ, നമ്മുടെ ഫോണുകളിൽ കാണിക്കുന്ന നമ്മുടെ സ്ഥാനത്തിൽ ഓരോ ദിവസവും 10 കിലോമീറ്ററിന്റെ മിസ്റ്റേക്ക് സംഭവിക്കും. ഓരോ ദിവസവും വരുന്ന mistake ആണ് പറയുന്നത്. 7 ദിവസം കൊണ്ട് ആ വ്യത്യാസം 70 കിലോമീറ്ററാകും.
ടൈം ഡൈലേഷനിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നാളെ മുതൽ ഗൂഗിൾ മാപ്സ് ഉപയോഗിക്കരുത്. കാരണം അത് തരുന്നത് ടൈം ഡൈലേഷൻ കണക്കാക്കിയുള്ള നിങ്ങളുടെ സ്ഥാനമാണ്. ഇനി GPSഉം ഗൂഗിളും അമേരിക്കൻ കമ്പനി ആയതുകൊണ്ടുള്ള ഗൂഢാലോചനയിൽ നിങ്ങള്ക്ക് സംശയം ഉണ്ടെങ്കിൽ, GLONASS എന്നത് Russian സിസ്റ്റം ആണ്. അവരും ഇത് തന്നെ ചെയ്യുന്നുണ്ട്. ഇനി ഇന്ത്യയുടെ നാവിഗേഷൻ സിസ്റ്റം ആണ് NavIC. അവരും ടൈം ഡൈലേഷനു വേണ്ടിയുള്ള തിരുത്തലുകൾ വരുത്തുന്നുണ്ട്. അല്ലാതെ നാവിഗേഷൻ സിസ്റ്റം കൃത്യമായി പ്രവർത്തിക്കില്ല. അവരുടെ ഒക്കെ Satelliteഉകൾ സ്ഥിതി ചെയ്യുന്ന ഉയരവും കറങ്ങുന്ന സ്പീഡും വ്യത്യസ്തമായാണ് കൊണ്ട്, അവക്കൊക്കെ സംഭവിക്കുന്ന സമയവ്യതാസത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. എന്നാൽ അവരെല്ലാവരും ടൈം ഡൈലേഷൻ കണക്കാക്കിയുള്ള തിരുത്തലുകൾ ദിവസവും വരുത്തുന്നുണ്ട്.
അതുകൊണ്ടു, ടൈം ഡൈലേഷൻ വെറും ആധുനിക ശാസ്ത്രത്തിന്റെ ഭാവനാ സൃഷ്ടി ആണെന്ന് പറഞ്ഞു തള്ളി കളയാനാവില്ല. കാരണം നമ്മളൊക്കെ അതിന്റെ ഗുണഭോക്താക്കളാണ്. ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ പോസ്റ്റിൽ എഴുതാൻ മറന്നു പോയി.ടൈം ഡൈലേഷൻ എന്നാൽ വെറും ക്ലോക്കുകൾ slow ആകുന്നതല്ല. അതായതു മെക്കാനിക്കൽ ഡിവൈസ് ആയ ക്ലോക്കിന് സംഭവിക്കുന്ന ഒരു കുഴപ്പം അല്ല. സമയം തന്നെ slow ആകുന്നു എന്നാണ് അർഥം.എന്താണ് സമയം എന്ന് നിങ്ങൾ കരുതുന്നുവോ, അതൊക്കെ സ്ലോ ആകും. സമയത്തിനനുസരിച്ചു നടക്കുന്ന എല്ലാ കാര്യങ്ങളും slow ആകും. ആറ്റങ്ങളുടെയും തന്മാത്രകളുടെയും സമയബന്ധിതമായി നടക്കുന്ന ആന്തരിക ചലനങ്ങൾ slow ആകും. നമ്മുടെ ഹൃദയമിടിപ്പുകളും ആന്തരികമായ രാസപ്രവർത്തനങ്ങളും വരെ പതിയെ ആകും.