കഠിന വേദനയോടെ പറയുന്നു “മകളേ മാപ്പ് “

650

Anoop Sivasankaran എഴുതുന്നു  

കഠിന വേദനയോടെയാണീ കുറിപ്പ്. മണിക്കൂറുകൾക്കു മുന്നേ സ്വയം കത്തിയമർന്ന ഈ പെൺകുട്ടി എന്റെ നാട്ടുകാരിയാണ്. ഒരു വിഷയത്തിൽ മാത്രം വിജയിക്കാൻ കഴിയാതെ പോയത് കൊണ്ട്, ജീവിതത്തിലെ എല്ലാ പരീക്ഷകളോടും സുല്ലിട്ടു പോയവൾ!

Anoop Sivasankaran
Anoop Sivasankaran

കഴിഞ്ഞ 48 മണിക്കൂറായി എന്റെ ഫേസ്ബുക്കിലൂടെ നിരന്തരം പറയാൻ ശ്രമിച്ചത് എത്ര അപകടരമാണ് 100 മേനി വിജയങ്ങളും, ഫുൾ എ+ വിജയങ്ങളും, 96% ത്തിൽ ഏറെ വരുന്ന CBSE മാർക്കു ലിസ്റ്റ്കളുമൊക്കെ നവമാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയർ ചെയ്തും ഫ്ളക്സ് ബോർഡടിച്ചും പ്രചരിപ്പിക്കുന്നത് എന്ന്. നമ്മുടെയൊക്കെ ഫ്രണ്ട്ലിസ്റ്റിൽ ശരാശരിയിലും താഴെയായിപ്പോയ കുട്ടികളുണ്ട്, അവരുടെ കുടുംബങ്ങളുണ്ട്. മനുഷ്യസഹജമായ കാരണങ്ങളാൽ തോറ്റു പോവുന്നവരുണ്ട്. താരതമ്യം ചെയ്യരുതെന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും സാഹചര്യങ്ങളുടെ സമ്മർദം മൂലം വിസ്‌മരിക്കേണ്ടി വന്നവരുണ്ട്!

നവമാധ്യമങ്ങളുടെ ഉപയോഗം വരുത്തിവെക്കുന്ന മാനസിക സമ്മർദങ്ങൾ അത്യന്തം സങ്കീർണ്ണമാണ് – പ്രത്യേകിച്ചും കൗമാരക്കാരിൽ. ലൈക്കുകളുടെ എണ്ണം പോലും കുട്ടികളെ വിഷാദരോഗത്തിലേക്ക് തള്ളിവിടുന്ന കാലത്തു പ്രാഥമികവിദ്യാഭ്യാസത്തിലെ ജയ-പരാജയങ്ങളെ ഇത്തരത്തിൽ ആഘോഷിക്കേണ്ടതുണ്ടോ എന്ന് കേരളം ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഏറ്റവും ദുഖകരം ഈ മോളെ വീട്ടുകാരും അധ്യാപകരും ഒന്നും കുറ്റപ്പെടുത്തിയിട്ടില്ല എന്നതാണ്. സ്നേഹസമ്പന്നരായ വീട്ടുകാർ അവർക്കാവും വിധം ആശ്വസിപ്പിക്കുവാൻ ശ്രമിച്ചവരാണ്. തളർന്നു പോവരുതെന്നു പറഞ്ഞു ആശ്ലേഷിച്ചവരാണ് അധ്യാപകർ. സ്വയം അഗ്നിക്കിരയാവാൻ ഈ മകളെ പ്രേരിപ്പിച്ചത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം പിന്തുടരുന്ന വികലമായ വിജയാഘോഷങ്ങൾ തന്നെയാണ്. അതുകൊണ്ട് തീയെടുക്കേണ്ടത് ഈ ആചാരങ്ങളെയാണ്! ഫുൾ എ പ്ലസ് കൊണ്ട് ബ്ലൂ വെയിൽ കളിക്കുന്നവരുടെ രോഗഗ്രസ്തമായ ചിന്തകളെയാണ്!

മകളേ – മാപ്പ്!

 

Advertisements