Ansil Rahim
‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട് ഞാൻ. ഞാൻ നോക്കുമ്പോ പല തലകൾക്കിടയിലൂടെ ചിതൽ അനിലിന്റെ തലയ്ക്കു നേരെ സ്ലോമോഷനിൽ എന്ന വിധം പയ്യനെറിഞ്ഞ ബോംബ് പറന്നു ചെല്ലുകയാണ്. ഞാൻ ഒരു സെക്കൻഡ് കണ്ണൊന്നു ചിമ്മി തുറന്നപ്പോൾ ചിതൽ തലയില്ലാതെ നടന്നു നീങ്ങുന്നതാണ്,സത്യം. ഒരു രണ്ട് സ്റ്റെപ് തല പോയതറിയാതെ ചിതൽ നടന്നു. ഒപ്പം വിലങ്ങിലുള്ള പോലീസ്കാരൻ ഞെട്ടുന്നതും കണ്ടു.ബോംബിലെ ബ്ലേഡ് തുണ്ടും ആണിയും കൊണ്ട് അയാളുടെ ദേഹത്തു നിന്ന് രക്തം ചീറ്റുന്നത് അയാൾ അറിയുന്നില്ല. തനിക്കൊപ്പമുള്ളവൻ തലയില്ലാതെ നടക്കുന്നതിലാണ് അയാൾ തകർന്ന് പോയത്. അടുത്ത നിമിഷം ചിതൽ മുന്നോട്ടാഞ്ഞു തനിക്കൊപ്പമുള്ള പോലീസുകാരനുമായി കമഴ്ന്നു വീണു. എവിടെ ചിതലിന്റെ തല?…’
‘ഞാൻ പരതി നോക്കുമ്പോൾ കാണുന്നത് അമ്മയുമൊത്തു നടന്നു പോകുന്ന എട്ടോ ഒൻപതോ വയസുള്ള ഒരു പയ്യന്റെ കാലിന്റെ നേർക്ക് ആ തല പിളർന്നു ചെല്ലുന്നതാണ്.ആ കുസൃതി പയ്യന്റെ ഒരു കയ്യിൽ അമ്മ പിടിച്ചിരിക്കുകയാണ്.പയ്യനാകട്ടെ മനസ്സിൽ ഫുട്ബോൾ കളിക്കുന്ന മാതിരി കാലിളക്കി കളിച്ചുകൊണ്ട് വരികയാണ്.ഒരു ഫുട്ബോൾ മാതിരി അവനാ ഉരുണ്ട് വരുന്ന തലയെ ഒരു നിമിഷം തോന്നിയിരിക്കാം. അവൻ കാലൊന്നു നീട്ടി അടുത്ത സെക്കൻഡിൽ ഭയന്ന് അമ്മയെ കെട്ടി പിടിച്ചു.അത്പോലൊരു കെട്ടിപിടിത്തം എനിക്കും അനുഭവപ്പെട്ടു.അടുത്ത നിമിഷം ചിതലിന്റെ തല ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എന്നൊക്കെ പറയുന്ന പോലെ റോഡിന്റെ വശത്തുള്ള ഓടയിൽ ചെന്ന് വീണു.’
‘ശേഷം ഞാൻ എന്നെ കെട്ടിപിടിച്ചത് ആരെന്ന് നോക്കി. അത് നമ്മുടെ പയ്യൻ.എറിഞ്ഞ സാധനം പൊട്ടിതെറിക്കുമെന്ന് അവൻ ജന്മത്തു വിചാരിച്ചിട്ടുണ്ടാവില്ല.അവൻ ഭയന്ന് പോയി എന്നെ ഇറുക്കി പിടിച്ചിരിക്കുകയാണ്. എനിക്ക് അനങ്ങാൻ പറ്റുന്നില്ല. ഞാൻ അവനെയും വലിച്ചെടുത്തു തിരിച്ചോടി ബൈക്കിൽ കേറ്റി.ബാലരാമപുരത്തെ പ്രശസ്ത ബിസ്മി മട്ടൻ കടയുടെ മുന്നിൽ നിർത്തി.അവൻ കൈയെടുത്തു കരഞ്ഞു “എനിക്ക് ഒന്നും വേണ്ട എനിക്കിനി ഒന്നും വേണ്ട വേണ്ട….”
‘തിരുവനന്തപുരം വരെ അവൻ വണ്ടിയുടെ പിന്നിൽ ഇരുന്ന് വിതുമ്പിക്കൊണ്ടിരുന്നു പിന്നെ അവൻ എന്നോട് പറഞ്ഞു “ആ തല പോയതിലും അവനു ആഘാതമായത് തലയില്ലാതെ കിടന്ന ചിതൽ അനിലിന്റെ ദേഹം കണ്ടപ്പോഴാണ്. ഉടുപ്പ് അല്പം പൊങ്ങി മാറിയിട്ടുണ്ടായിരുന്നു. അവന്റെ ജീൻസ് “കില്ലർ” എന്ന കമ്പനിയുടെ ആയിരുന്നു. ചത്തു കിടക്കുന്ന മനുഷ്യൻ എന്നെ കില്ലർ എന്ന് വിളിക്കുന്നത് പോലെ യാണ് തോന്നിയത് എന്ന് അവൻ പറഞ്ഞു.അതായിരുന്നു അവന്റെ കുറ്റബോധം, അന്ന് എത്ര പേരുടെ മനോനിലയാണ് ഞാൻ തകർത്തത്…..!!!’ – ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖിയിൽ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയിട്ടില്ല എന്നാണ് സിനിമ കണ്ടപ്പോൽ എനിക്ക് തോന്നിയത്.