ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ

75

അയ്യായിരം വര്‍ഷത്തെ ആര്‍ഷഭാരത സംസ്കാരമെന്ന് സവര്‍ണ്ണ ഹിന്ദുക്കള്‍ വാഴ്ത്തുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍ മാത്രമേ ദലിത് പീഡന നിരോധന നിയമത്തിന്‍റെ പ്രാധാന്യം മനസിലാകൂ .ഹിന്ദുക്കള്‍ താമസിക്കുന്ന ഗ്രാമങ്ങളിലൂടെ, പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ ദലിതരേ ഇന്നും മിക്ക ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും അനുവദിക്കാറില്ല. ഗ്രാമത്തിലെ പൊതു കിണറില്‍ നിന്നും കുളത്തില്‍ നിന്നും പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ ദലിതരേ അനുവദിക്കാറില്ല . ബാര്‍ബര്‍ ഷോപ്പോ ഹോട്ടലോ ഉപയോഗിക്കാന്‍ ദലിതരെ സമ്മതിക്കാറില്ല .ചന്തയില്‍ പോയി അവര്‍ ഉണ്ടാക്കിയ സാധനങ്ങള്‍ വില്‍ക്കാന്‍ അവരെ അനുവദിക്കാറില്ല . അവരുടെ പശുവിന്‍റെ പാല്‍ തൊട്ടടുത്ത ക്ഷീര സംഘത്തില്‍ കൊടുക്കാന്‍ അവരെ അനുവദിക്കാതിരിക്കുക എന്നത് മിക്ക ഹിന്ദു ഗ്രാമങ്ങളിലേയും ഒരാചാരം തന്നെയാണ് .

അവര്‍ക്ക് ജോലി നിഷേധിക്കുക ,അവരുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുക ,ചായക്കടകളില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക ,സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ദലിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത് വിലക്കുക ,ഹോട്ടലുകളില്‍ ,പോലീസ് സ്റ്റേഷനുകളില്‍ ,അയല്‍കൂട്ടങ്ങളില്‍ ഒക്കെ ദലിതര്‍ക്ക് പ്രത്യേകം ജാതി കസേരകള്‍ നല്‍കുക ,പോലീസ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കാതിരിക്കുക ,കയറ്റിയാല്‍ തന്നെ പരാതികള്‍ സ്വീകരിക്കാതിരിക്കുക , കള്ളപരാതി യില്‍ അറസ്റ്റ് ചെയ്യുക ,റേഷന്‍ കടയില്‍ കയറ്റാതിരിക്കുക ,അവര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ നല്‍കാതിരിക്കുക ,ഉയര്‍ന്നതെന്ന് പറയപ്പെടുന്ന ജാതിക്കാരുടെ മുന്‍പില്‍ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ഒരേ ജോലിക്ക് കുറഞ്ഞ കൂലി നല്‍കുക ,കല്യാണചടങ്ങുകള്‍ ആഘോഷിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുക,പോസ്റ്റല്‍ സര്‍വീസുകള്‍ നിഷേധിക്കുക ,സ്വകാര്യ സ്കൂളില്‍ പ്രവേശനം നിഷേധിക്കുക ,സ്കൂളില്‍ പ്രത്യേകം വെള്ളം കുടിക്കാന്‍ വെയ്ക്കുക , തയ്യല്‍ക്കാരന്‍ ദലിതരുടെ അളവ് എടുക്കാന്‍ വിസമ്മതിക്കുക ,ഷൂസ് ,ജീന്‍സ് ,കളര്‍ വസ്ത്രങ്ങള്‍ ,തൊപ്പി മുതലായവ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക , പുതിയ മൊബൈല്‍ വാങ്ങാന്‍ സമ്മതിക്കാതിരിക്കുക ,പട്ടിക ജാതി വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ വിസമ്മതിക്കുക ,പട്ടികജാതി അധ്യാപകരുടെ ക്ലാസില്‍ ഇരിക്കാന്‍ വിസമ്മതിക്കുക ,കുട ഉപയോഗിക്കാന്‍ സമ്മതിക്കാ തിരിക്കുക, ബസുകളില്‍ ഒടുവില്‍ മാത്രം കയറാന്‍ അനുവദിക്കുക ,സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാ തിരിക്കുക , പോളിംഗ് ബൂത്തില്‍ കയറ്റാതിരിക്കുക ,അവിടെ പ്രത്യേകം വരിയില്‍ നിര്‍ത്തുക ,ചെരുപ്പിടാന്‍ അനുവദിക്കാതിരിക്കുക ,ദലിതരുടെ കല്യാണത്തിന് ഉയര്‍ന്ന ജാതിക്കാരുടെ നിര്‍ബന്ധിത അനുഗ്രഹവും സമ്മതവും വാങ്ങണമെന്ന് പറയുക ,സിനിമാ ഹാളില്‍ പ്രവേശനം നിഷേധിക്കുക, സൈക്കിളോ ബൈക്കോ ഓടിക്കാന്‍ അനുവദിക്കാതിരിക്കുക,അമ്പലങ്ങളില്‍ കയറ്റാതിരിക്കുക ,ഹിന്ദു വീടുകളില്‍ പ്രവേശനം നിഷേധിക്കുക ,ഒപ്പം ഭക്ഷണം കഴിക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ വിവേചനങ്ങള്‍ക്ക് പുറമേ ദലിതരുടെ വീടുകള്‍ കത്തിക്കുക ,അവരുടെ വാഹനങ്ങള്‍ നശിപ്പിക്കുക ,കിണറ്റില്‍ വിഷം കലക്കുക ,വിളവ്‌ നശിപ്പിക്കുക ,സ്ത്രീകളെ ബലാല്‍സംഘം ചെയ്യുക, കൊല്ലുക ,യോനിയില്‍ കമ്പി കടത്തുക ,കൈ കാല്‍ വെട്ടി മാറ്റുക ,കണ്ണ് കുത്തി പൊട്ടിക്കുക , ലിംഗം മുറിച്ചു കളയുക ,ജീവനോടെ തൊലിയുരിക്കുക ,ജീവനോടെ കത്തിക്കുക ഒക്കെയാണ് ഗാന്ധി കാല്‍പ്പനീകവല്‍ക്കരിച്ച ഇന്ത്യന്‍ ഹിന്ദു ഗ്രാമങ്ങള്‍ ഇന്നും ദലിതരോട് ചെയ്തു കൊണ്ടിരിക്കുന്നത് . ഇതൊക്കെ വായിച്ചിട്ടും നിങ്ങള്‍ പറയുമോ ദലിത് പീഡന നിരോധന നിയമം പിന്‍വലിക്കണം എന്ന് .

നിയമങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും ഓരോ മിനുട്ടിലും ഒരു ദലിത് സ്ത്രീ വീതം ബലാല്‍ക്കാരം ചെയ്യപ്പെടുന്നതിന് കാരണം ഒന്നേയുള്ളൂ .നിയമം നടപ്പിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നു . ദലിതര്‍ക്കെതിരെ സവര്‍ണ്ണ ഹിന്ദുക്കള്‍ നടത്തുന്ന അക്രമങ്ങള്‍ മിക്കവയും ദലിത് പീഡന നിരോധന നിയമത്തിന്‍ കീഴില്‍ പോലീസില്‍ രേഖപ്പെടുത്തുകയോ ,പ്രതികളെ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാറില്ല . ഒരു ദലിത് സ്ത്രീയെ ബലാല്‍ക്കാരം ചെയ്‌താല്‍ അതവളുടെ സ്വഭാവ ദൂഷ്യം ഇല്ലാതാക്കാന്‍ ”നാട്ടുകാര്‍ ” ചെയ്ത ഒരു ചെറു ശിക്ഷയായി മാത്രമാണ് മിക്ക പോലീസുകാരും ,പലപ്പോഴും കോടതി വരെ പരിഗണിക്കാര്‍ . ഇന്ത്യയിലെ നിയമത്തിന് ഇന്നും ആള്‍കൂട്ടത്തെ ശിക്ഷിക്കാനുള്ള കഴിവില്ല എന്നറിയുന്നവര്‍ ആണ് പോലീസും കോടതിയും ഒക്കെ.ദലിതരേ കൊല്ലുന്നവര്‍ എപ്പോഴും മുഖമില്ലാത്ത ആള്‍കൂട്ടം ആയിരിക്കും .നിയമം ഉണ്ടായിട്ടും നാട്ടിലെ അവസ്ഥ ഇതായിരിക്കെ നിയമത്തെ തന്നെ ഇല്ലാതാക്കിയ കോടതി അത്ര നിഷ്കളങ്കം ആണെന്ന് പറയാന്‍ കഴിയുമോ..?

എല്ലാവരും മരിക്കുമ്പോഴും സ്വയം താന്‍ മരിക്കാന്‍ പോകുന്നില്ലെന്ന് ഒരാള്‍ ചിന്തിക്കുന്നതാണ് ഏറ്റവും വലിയ തമാശ എന്ന് ധര്‍മ്മപുത്രര്‍ പറഞ്ഞതുപോലെ മുകളില്‍ പറഞ്ഞ എല്ലാ ദലിത് പീഡന മുറകളും അനുഭവിക്കുമ്പോഴും സ്വയം ഹിന്ദുക്കള്‍ ആണെന്ന് ഭാവിക്കുന്ന ദലിതരെ എന്ത് വിളിക്കണം അവരുടെ നാട്യത്തെ എന്ത് വിളിക്കണം..?