ഇവൾക്ക് അടുക്കള ജോലി ചെയ്‌താൽ പോരെ, വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത്

293

Dr  Shanavas AR

“ഇവൾക്ക് അവളുടെ വീട് മൊത്തം തൂത്ത് വാരി തുടച്ചു വൃത്തിയാക്കി, അടുക്കള ജോലി കൂടി ചെയ്‌താൽ പോരെ. വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത് “.

ജിമ്മിൽ വർക്ക്‌ ഔട്ടിന് പോയപ്പോൾ അവിടെ വന്ന ഒരു വണ്ണമുള്ള സ്ത്രീയെ നോക്കി ഒരാൾ പറഞ്ഞ കമെന്റ് ആണിത്. ആശ്ചര്യത്തോടെയും അത് പോലെ അപമാനത്തോടെയുമാണ് ഞാൻ അത് കേട്ട് നിന്നത്.

ലിബറൽ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഒന്നാന്തരം സ്ത്രീ വിരുദ്ധരാണ്. സ്ത്രീത്വത്തെ അവഹേളിക്കല്‍ ഏതു അളവുകോൽ വെച്ച് നോക്കിയാലും സ്ത്രീവിരുദ്ധം തന്നെയാണ്.

ഏതു സ്ത്രീയെയും സ്വാഭാവികതയോടെ അംഗീകരിക്കുക, സമത്വത്തോടെ സ്വീകരിക്കുക; അതിനു കഴിയാതെ വരുന്ന മനുഷ്യരെയാണ് നമ്മള്‍ വൈകല്യമുള്ളവരായി കാണേണ്ടത്.

പുരുഷാധിപത്യപരമായ സംസ്കാരവും വ്യവസ്ഥകളും ജീവിത ശൈലി തന്നെയായി മാറിക്കഴിഞ്ഞ സാമൂഹിക സാഹചര്യങ്ങളാണ് നൂറ്റാണ്ടുകളായി നില നിൽക്കുന്നത്. കുടുംബം, മതം, രാഷ്ട്രീയം തുടങ്ങി ഓരോ സാമൂഹിക ഘടനയിലും സ്ത്രീകളുടെ രണ്ടാം കിട സ്ഥാനം ഭദ്രമായി നിലനിർത്താൻ ആൺകോയ്മാ സംസ്കാരം സവിശേഷം ശ്രദ്ധിക്കുന്നുമുണ്ട്.

1) ജിമ്മിൽ വർക്ക്‌ ഔട്ടിന് പോകുമ്പോൾ അല്ലെങ്കിൽ ജോഗ്ഗിങ്ങിന് പോകുമ്പോൾ ഒരു സ്ത്രീ അവിടെ വന്നാൽ — ഓ, ഇവൾക്ക് വീട്ടിൽ തൂത്ത് തുടച്ചു പാത്രം കഴുകിയാൽ പോരെ, ശരീരം അനങ്ങുമല്ലോ, വെറുതെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട കാര്യമുണ്ടോ? വീട്ടിൽ ഒരു പണിയും ചെയ്യാതെ ചീർത്തതാണ്. ഇവൾക്ക് മേലനങ്ങി പണി ചെയ്‌താൽ പോരെ എന്നുള്ള ചിന്താഗതി തികച്ചും സ്ത്രീ വിരുദ്ധം തന്നെയാണ്.

അതായത്, ഒരു സ്ത്രീ ജിമ്മിൽ വർക്ക്‌ ഔട്ടിന് വന്നാൽ അവൾ വീട്ട് ജോലി ചെയ്യാതെ വണ്ണം വെച്ചവൾ എന്ന മുൻവിധി. സ്വന്തം വീട്ടിൽ ഒരു ഗ്ലാസ്‌ പോലും കാഴുകാത്ത, ആ സ്ത്രീയുടെ ഇരട്ടി തടിയും ഭാരവും ഉള്ള ആളാണ് ഈ കമെന്റ്കൾ പറയുന്നത് എന്നതാണ് ഇതിന്റെ വിരോധാഭാസം.

2) റോഡിൽ കൂടി ഒരു സ്ത്രീ വണ്ടി ഓടിച്ചു പോകുന്നത് കണ്ടാൽ പിന്നെ അവർക്ക് സൈഡ് കൊടുക്കാതെ ഒരു പോക്കാണ്. ഇനി ആ സ്ത്രീയുടെ വണ്ടി മുന്നിൽ ആണെങ്കിൽ പുറകിൽ നിന്നും ഗംഭീര ഹോണടി ആയിരിക്കും. പിന്നെ എന്തായാലും ഒരു കമെന്റ് കൂടെ — ഓടിക്കാൻ അറിഞ്ഞു കൂടാതെ മനുഷ്യനെ മിനക്കെടുത്താൻ ഇറങ്ങിക്കോളും .

അതായത്, സ്ത്രീ ആണോ, അവൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല എന്ന മുൻവിധി. വണ്ടി ഓടിക്കുക എന്നത് ആണുങ്ങൾക്ക് മാത്രമാണെന്ന ആൺകോയിമ.

3) ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉണ്ടെങ്കിൽ പോലും കല്യാണം കഴിഞ്ഞു ജോലിക്ക് പോകണം എന്ന് ആവശ്യപെടുമ്പോൾ – ഇനി നീ ജോലിക്ക് പോയിട്ട് എന്ത് ഉണ്ടാക്കാനാ. നിന്റെ നക്കാ പിച്ച വരുമാനം കിട്ടിയിട്ട് വേണ്ട ഇവിടെ അരി മേടിക്കാൻ എന്നുള്ള മറുപടി കേട്ടിട്ടില്ലേ.

സ്ത്രീയാണോ, അവൾ വീട്ട് ജോലി മാത്രം ചെയ്യേണ്ടവൾ എന്നുള്ള ആൺകോയിമക്കാരുടെ മുൻവിധിയാണ് ഇങ്ങനെ പറയിക്കുന്നത്. അരി മേടിക്കുകയോ തേങ്ങ മേടിക്കുകയോ അല്ല, അവൾ കഷ്ടപെട്ട് പഠിച്ചത് കൊണ്ട് കിട്ടിയ ജോലി, അത് ചിലപ്പോൾ അവളുടെ പാഷൻ ആയിരിക്കും. അത് വേണോ വേണ്ടയോ എന്നത് അവളുടെയും കൂടെ ചോയ്സ് ആയിരിക്കണം എന്നുള്ളത് മിക്കവാറും ആണുങ്ങൾ സൗകര്യപൂർവ്വം മറന്ന് കളയും.

3) അടുക്കളയിൽ തിരക്കിനിടയിൽ ഭാര്യ ഒന്ന് സഹായത്തിനു വിളിച്ചാൽ – അതൊക്കെ നീ ഒറ്റക്ക് അങ്ങ് ചെയ്താൽ മതി.

വീട്ടിൽ വെള്ളം തീർന്നു എന്ന് അവൾ പറയുമ്പോൾ അത് മൈൻഡ് ചെയ്യാതിരിക്കുകയും അവൾ കഷ്ടപെട്ട് പുറത്തു നിന്ന് പാചകത്തിന് പിടിച്ചു കൊണ്ട് വരുന്ന വെള്ളം എടുത്തു ഷേവ് ചെയ്യാനും ലാവിഷ് ആയി കുളിക്കാനും ഒരു മടിയുമില്ല.

4) ലൈംഗിക ബന്ധത്തിന് അവൾ താല്പര്യപെട്ട് മുൻകൈ എടുത്താൽ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിനിടയിൽ അവൾക്ക് രതിമൂർച്ഛ ആസ്വദിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞാൽ – ഓ, ഇവൾക്ക് ഇത് എന്തിന്റെ കഴപ്പ് ആണ്.

അതായത് സ്ത്രീ എന്നത് വെറും ശരീരം മാത്രമാണ് എന്നുള്ള വിചാരം. അവൾക്ക് ഒരു മനസ്സുണ്ടെന്നും, വികാരങ്ങളും വിചാരങ്ങളും ഉണ്ടെന്നും മനഃപൂർവം മറക്കുന്നു. അവളെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്നു.

5) സ്വന്തം മൊബൈൽ ഫോൺ ഫിംഗർ പ്രിന്റ് ലോക്കും നമ്പർ ലോക്കും കൊണ്ട് ലോക്ക് ചെയ്യും. അതിൽ വരുന്ന മെസ്സേജ്, കാൾ ആരെയും കാണിക്കില്ല. ഏത് സമയത്തു കാൾ വന്നാലും കുഴപ്പമില്ല.

പക്ഷേ ഇത് പോലെ ഭാര്യ ചെയ്താൽ അവൾ പിഴ. അവളുടെ മൊബൈൽ ലോക്ക് ചെയ്യാൻ പാടില്ല. അതിൽ വരുന്ന മെസ്സേജ്, കാൾ എല്ലാം കാണണം. അവൾക്ക് ഭർത്താവ് ഉള്ളപ്പോൾ കാൾ വരാൻ പാടില്ല.

6) ആണുങ്ങൾക്ക് കൊച്ചു നാൾ മുതൽ ഇന്നലെ വരെ കണ്ട കൂട്ടുകാരെ കാണുകയും വിളിക്കുകയും ചെയ്യാം. അവരുമായി കറങ്ങാൻ പോകാം.

പക്ഷേ സ്ത്രീകൾക്ക് കൂട്ട്കാർ പാടില്ല. ഭർത്താവിന്റെ കൂട്ട്കാരുടെ ഭാര്യമാരുമായി മാത്രം കൂട്ട് കൂടാം. അതിനപ്പുറം സ്വന്തം ഫ്രണ്ട്‌സ്മായി ഒരു ബന്ധവും പാടില്ല.

7) ഒരു ഓഫീസിൽ സ്ത്രീ ആണ് പോസ്റ്റിൽ ഇരിക്കുന്നത് എങ്കിൽ മിക്കവാറും കമെന്റ് ഇതായിരിക്കും – പോക്ക് തന്നെ, ഇവൾക്ക് ഇതൊക്കെ ഹാൻഡിൽ ചെയ്യാനുള്ള വല്ല കഴിവുമുണ്ടോ?

അതായത് ഓഫീസ് ജോലി എന്നത് പുരുഷൻമാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന പുരുഷ മിഥ്യാധാരണ.

8) ഏത് കൂതറ ഡ്രസ്സ്‌ ആയാലും കഴുത്തിൽ സ്റ്റെതസ്കോപ് ഉള്ള ആണുങ്ങളെ ഡോക്ടർ എന്ന് വിളിക്കുകയും എന്നാൽ നന്നായി ഡ്രസ്സ്‌ ചെയ്ത്, കോട്ട് ഇട്ട് കഴുത്തിൽ സ്റ്റെതസ്കോപ് ഉള്ള വനിതകളെ സിസ്റ്റർ എന്ന് വിളിക്കുകയും ചെയ്യുന്ന പ്രതിഭാസം. ( ഇത് ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ സ്ഥിരം കണ്ടിരുന്ന കാഴ്ച ആയിരുന്നു ).

അതായത് പെണ്ണുങ്ങൾ പഠിച്ചാൽ ഏറിയാൽ നേഴ്സ് വരെ മാത്രമേ ആകൂ എന്നുള്ള മുൻവിധി.

ഈ സമൂഹം ഇപ്പോഴും ഒരു പുരുഷ മേധാവിത്വത്തിന്റെ ആലസ്യതയിലാണെന്ന് തോന്നുന്നു. നിങ്ങൾക്ക് എന്ത് തോന്നുന്നു? എന്താണ് നിങ്ങളുടെ അനുഭവങ്ങൾ?