സൗദിയിൽ ജോലി ചെയ്യുന്ന അമുസ്ലിം ഇന്ത്യക്കാരെ മൊത്തത്തിലാണ് ഇതിന്റെ ദോഷം ബാധിക്കുക

153

Biju Kumar Alakode

സൗദി അറേബ്യയിൽ ജോലി ചെയ്തു കൊണ്ട്, കഅബാലയം പൊളിക്കണമെന്നും, സൗദി രാജാവിനെ അസഭ്യം പറഞ്ഞു കൊണ്ടും ഒരു സംഘി ഇട്ട പോസ്റ്റ് കണ്ടിരുന്നു. പിന്നീട് അവന്റെ മാപ്പും, ഒടുക്കം പൊലീസ് കൊണ്ടു പോകുന്നതും കണ്ടു. ഒന്നും പറയാനില്ല, സ്വയംകൃതാനർത്ഥം മാത്രം. സൗദി അറേബ്യ മുസ്ലീം രാജ്യമാണ്. ശരിയത്താണ് നിയമം. മതവിരുദ്ധം, രാജവിരുദ്ധം ഇതു രണ്ടും തലപൊകുന്ന വകുപ്പാണ്. സൗദിക്കാരനെങ്കിൽ തല പോയിരിക്കും, ഇതിപ്പോ ജയിലിൽ ഒതുങ്ങിയേക്കും. പക്ഷേ പ്രശ്നമല്ല. അവിടെ ജോലി ചെയ്യുന്ന അമുസ്ലിം ഇന്ത്യക്കാരെ മൊത്തത്തിലാണ് ഇതിന്റെ ദോഷം ബാധിക്കുക.

ഞാൻ 8 വർഷം സൗദിയിൽ മുനിസിപ്പൽ ഓഫീസിൽ ജോലി ചെയ്തു. മുസ്ലീം അല്ലാത്ത ഒരേ ഒരാൾ ഞാൻ. ബലദിയ മേധാവി, അബു സിയാദ് എന്നു വിളിക്കുന്ന മുഹമ്മദ് ബിൻ മുത്രബ്, അനുജന്മാർ ആലി, സൗദ് എന്നിവരെ ഒരിക്കലും മറക്കില്ല. എത്ര സ്നേഹമായിരുന്നു. ഒരത്യാവശ്യത്തിന്, 4000 റിയാൽ സ്വന്തം കടയിൽ നിന്നെടുത്ത് കടമായി തന്ന അബു സിയാദ്. 10 മാസം കൊണ്ട് ഗഡുക്കളായാണ് തിരികെ വാങ്ങിയത്. പിന്നെ മറ്റു ധാരാളം സൗദികൾ. പെരുന്നാൾ അവധി കഴിഞ്ഞ് തിരികെ വരുമ്പോൾ ആലിംഗനം ചെയ്ത് കവിളിൽ ഉമ്മ തന്ന അബ്ദുള്ള, സ്വന്തം കാർ ഓടിക്കാൻ തരുമായിരുന്ന മുഹന്തിസ് ഫായിസ് . ആരെയും മറക്കില്ല. ഇസ്ലാമിക ഫണ്ടമെന്റലിസത്തോട് എതിർപ്പുള്ളപ്പോഴും മുസ്ലീങ്ങളോട് ആ എതിർപ്പ് തീരെയില്ല. ( ജീവിതത്തിൽ ഏറെ സഹവസിച്ചതും സഹായിച്ചതും മുസ്ലീങ്ങൾ തന്നെയാണ് )  സൗദി എന്ന രാഷ്ട്രം എങ്ങനെയായാലും സൗദികളിൽ മിക്കവരും നല്ലവരാണ്.