എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസും, സൂപ്പർ ബഗുകളും ?

അറിവ് തേടുന്ന പാവം പ്രവാസി

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്ന് ആന്റിബയോട്ടിക്കുകളാണെന്നത് നിസ്സംശയം പറയാം. മനുഷ്യ നിലനിൽപിന് നിരന്തര ഭീഷണിയായിരുന്ന പ്ളേഗ്, ക്ഷയം, ഡിഫ്‌ത്തീരിയ, കൊളറ, ന്യുമോണിയ തുടങ്ങിയ അനേകം സൂക്ഷ്മാണുബാധകളെ വരുതിയിൽ കൊണ്ട് വന്നതിൽ ആൻറിബയോട്ടിക്കുകൾ വഹിച്ച പങ്ക് ചെറുതല്ല.രോഗാണുക്കളെ എളുപ്പത്തില്‍ നശിപ്പിക്കാന്‍ മനുഷ്യന്‍ പ്രയോഗിക്കുന്ന സൂത്രമാണ് ആന്റിബയോട്ടിക്ക്.

ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും.ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല. 1928 ല്‍ അലക്‌സാണ്ടര്‍ ഫ്‌ളെമിംഗാണ്‌ ആദ്യത്തെ ആന്റിബയോട്ടിക്കായ പെന്‍സിലിന്‍ കണ്ടുപിടിക്കുന്നത്‌. തുടർന്ന് സ്വാഭാവികമായും , കൃത്രിമമായും ഒട്ടേറെ ആന്റിബയോട്ടിക് ഉല്‍പ്പാദിപ്പിക്കപ്പെട്ടു. അമിനോ ഗ്ലൈക്കോസൈഡ്‌,സെഫലോസ്പോറിന്‍, പെനിസിലിന്‍, ടെട്രാസൈക്ലിന്‍ എന്നീ വിഭാഗങ്ങളിലായിട്ടായിരുന്നു അവയുടെ ജനനം. ടെട്രാൈസൈക്ലിന്‍, ആംപിസിലിന്‍, സ്ട്രെപ്റ്റോ മൈസിന്‍, എരിത്രോമൈസിന്‍,ജെന്റാമൈസിന്‍ തുടങ്ങിയ പേരുകളില്‍ അവ ചിരപരിചിതങ്ങളായി.1942 ല്‍ ‘സെല്‍മാന്‍ വാക്സ്‌വാന്‍’ ആണ്‌ ആന്റിബയോട്ടിക്‌ എന്ന പദം ആദ്യമായി രൂപപ്പെടുത്തുന്നത്. മാരകമായ അനേകം പകർച്ചവ്യാധികൾ ചികിൽസയിലൂടെ ഭേദമാക്കാൻ പറ്റി.

1950-1970 കാലഘട്ടത്തിലാണ് എല്ലാ വിഭാഗം (ക്‌ളാസ്) ആന്റിബയോറ്റിക്കുകളും ശാസ്ത്രലോകം വികസിപ്പിച്ചെടുത്തത്. ഇതിന് ശേഷം, പ്രത്യേകിച്ചും, കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ, മുൻപ് വികസിപ്പിച്ച ആന്റിബയോട്ടിക് ‘ക്ളാസ്സുകളിൽ’ ഉൾപെട്ടവയുടെ പരിഷ്‌കരണം എന്നല്ലാതെ, പുതിയ ഒരു വിഭാഗം ആന്റിബയോട്ടിക്കുകൾ ശാസ്ത്ര ലോകത്തിന് കണ്ടെത്താനായിട്ടില്ല. ഇതിനാലാണ് ‘ആന്റിബയോട്ടിക് റെസിസ്റ്റൻസ്’ എന്ന പ്രതിഭാസത്തെ ലോകം ഭയക്കുന്നതും, ആവനാഴിയിലെ അവസാന ശരങ്ങൾ സൂക്ഷ്മതയോടെ മനുഷ്യരാശി ഉപയോഗിക്ക ണമെന്ന അവബോധം നാം ഓരോരുത്തർക്കും ഉണ്ടാകേണ്ടതും.ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍, മാറ്റം വരുത്തുകയോ, അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ, അവയെ ഫലശൂന്യമാക്കുന്ന, ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധ ശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് അഥവാ
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്ന പേരിൽ അറിയപ്പെടുന്നത് . എഎംആറിനെ പുതിയ കാലത്തിന്റെ ദുരന്തമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പ്രഖ്യാപിച്ചുള്ളത്.

ബാക്ടീരിയകളുടെ ആവരണത്തെയോ, മറ്റു കോശഘടകങ്ങളെയോ, ഇരട്ടിപ്പിനെയോ പ്രതികൂലമായി ബാധിച്ചു കൊണ്ടാണ് ഭൂരിഭാഗം ആൻറിബയോട്ടിക്കുകളും അവയെ നശിപ്പിക്കുന്നത്. ഇതിൽ പല മരുന്നുകളെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ജനിതകഘടകങ്ങളുള്ള ബാക്ടീരിയകളുടെ സഞ്ചയം, പുരാതനകാലം മുതലെ പ്രകൃതിയിൽ തന്നെ ഉണ്ടായിരുന്നിരിക്കണം. അമിതമായി ഉപയോഗിക്കുമ്പോൾ, ആൻറിബയോട്ടിക്കു കൾക്കെതിരെ പ്രകൃത്യാ പ്രതിരോധം ഇല്ലാത്ത ബാക്ടീരിയകൾ നശിച്ചു പോകുകയും പ്രതിരോധജീൻ ഉള്ളവ കൂടുതൽ പെറ്റു പെരുകുകയും (selective pressure) ചെയ്യുന്ന പ്രതിഭാസമാണ് റെസിസ്റ്റൻസിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപുറമേ, പുതുതായി വരുന്ന റാൻഡം മ്യൂട്ടേഷൻ (ജനിതകമാറ്റം) ചില ബാക്ടീരിയക ൾക്ക് ആർജ്ജിത പ്രതിരോധവും നൽകുന്നു. അമിത ആന്റിബയോട്ടിക് പ്രയോഗത്തിൽ, ഇവയും കൂടുതലായി ഇരട്ടിച്ചു പെരുകുന്നു.

പലവിധ ജനിതക മാറ്റങ്ങൾ കൊണ്ട് നിലവിലുള്ള ആൻറിബയോട്ടിക് ചികിത്സാരീതികൾ ഫലപ്രദമല്ലാത്തതും, തീവ്ര അണുബാധകൾക്കും ഉയർന്ന മരണനിര ക്കിനും കാരണമായേക്കാവുന്ന സൂക്ഷ്മജീവി കളെ ആണ് സൂപ്പർബഗുകൾ എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം സൂക്ഷ്മാണു ക്കളെ ചികിത്സിക്കാനായി, ലഭ്യമായ ആൻറിബയോട്ടിക്കുകൾക്ക് സാധിക്കാതെ വരുന്നതോടെ, ആന്റിബയോട്ടിക്ക് യുഗത്തിന് മുൻപുള്ള ഒരു രോഗാതുര കാലഘട്ടത്തിലേക്ക് മനുഷ്യരാശി തിരിച്ചു പോകുമോ എന്ന ആശങ്ക ശാസ്ത്ര ലോകത്തിനുണ്ട്.

ഏകദേശം അരക്കോടിയോളം മരണങ്ങളാണ്, 2019 വർഷത്തിൽ, ലോകമാകെ, ആന്റിബയോട്ടിക് റെസിസ്റ്റൻസിനോടനുബ ന്ധിച്ചു ഉണ്ടായതായി കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ മരണ നിരക്ക് സബ് സഹാറൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ നിന്നുമാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഈ- കൊളൈ’ ബാക്ടീരിയ, സ്റ്റഫൈലോകോ ക്കസ് ഓറിയസ്‌, ക്ലെബിസിയല്ല ന്യുമോണിയെ, സ്ട്രേപ്റ്റോകോക്‌സ് ന്യുമോണിയെ, അസിനോബാക്റ്റർ ബോമാന്നി, സ്യുഡോമോണസ് ഏറുജിനോസ എന്നീ ആറ് ബാക്ടീരിയകളാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആർജ്ജിച്ചിട്ടുള്ളതു മൂലം ലോകമെമ്പാടും പ്രധാനമായും മരണങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ‘ലോകാരോഗ്യ സംഘടന, 2015ൽ തന്നെ ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ നേരിടാൻ ആഹ്വാനം ചെയ്യുകയും, ഇതിനായി ആഗോള തല കർമ്മപദ്ധതികൾക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്

എന്നാല്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. ചെറിയ പനിക്കു പോലും ആന്റിബയോട്ടിക് കഴിക്കുന്നവരുണ്ട്. ഡോക്ടര്‍ കുറിച്ചു നല്‍കിയില്ലെങ്കില്‍പ്പോലും നിര്‍ബന്ധിച്ച് ആന്റിബയോട്ടിക് ചോദിച്ചു വാങ്ങുന്ന രോഗികളുണ്ട്. ഇത് തീര്‍ത്തും തെറ്റാണെന്നു മാത്രമല്ല അപകടകരവുമാണ്. ആന്റിബയോട്ടിക്ക്‌ മരുന്നുകൾ ആവശ്യമുള്ള ഘട്ടത്തിൽ മാത്രം ഉപയോഗിക്കുക. സാധാരണ വൈറല്‍ ജലദോഷപ്പനി, അലർജി/ആസ്ത്മ മൂലമുള്ള ചുമ, വെള്ളം പോലെയുള്ള വയറിളക്കം (watery diarrhoea) , മറ്റു വൈറൽപനികൾ (ഡെങ്കിപ്പനി, മുണ്ടിനീര് തുടങ്ങിയവ) എന്നിവക്ക് ആന്റിബയോട്ടി ക്കുകൾ ആവശ്യമില്ല. ഡോക്ടർമാർക്ക് അറിയാം, എപ്പോഴാണ് അവ വേണ്ടത് എന്ന്. (പല ഡോക്ടർമാരും പറയുന്നത് രോഗികൾ പ്രത്യക്ഷമായോ , പരോക്ഷമായോ നിർബന്ധിക്കുന്നത് കൊണ്ടാണ് കൂടുതൽ എഴുതേണ്ടി വരുന്നത് എന്നാണ്.രോഗി ആവശ്യപ്പെടുന്നത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ന്യായീകരണം അല്ല,അതോടൊപ്പം മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ ഡോക്ടര്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഉചിതമല്ല.).

ഈ ദുഃസ്ഥിതിക്ക്‌ ഡോക്ടര്‍മാരും , രോഗികളും ഒരേപോലെ ഉത്തരവാദികളാണ്‌. ജലദോഷത്തിനും , തുമ്മലിനും പോലും ആന്റിബയോട്ടിക്‌ വേണമെന്ന്‌ നിര്‍ബന്ധിക്കുന്ന മനുഷ്യർ ; അസുഖം അല്‍പ്പം കുറഞ്ഞാലുടന്‍ ആന്റിബയോട്ടിക് തോന്നുംപടി നിറുത്തിക്ക ളയുന്ന രോഗികള്‍;തൊട്ടതിനും പിടിച്ചതിനുമൊ ക്കെ ആന്റിബയോട്ടിക്‌ കുറിക്കുന്ന ഡോക്ടര്‍മാര്‍; യാതൊരു കുറിപ്പും കൂടാതെ മരുന്നു വാരിവില്‍ക്കുന്ന വ്യാപാരികള്‍; തോന്നിയത് പോലെ വിൽക്കാനും , ഉപയോഗിക്കാനും പ്രേരിപ്പിക്കുന്ന ഉല്പാദകരും വിതരണക്കാരും എന്നിങ്ങനെ നാമുൾപ്പെടെ യുള്ള മുഴുവൻ സമൂഹവും ഈ ദുഃസ്ഥിതിക്ക്‌ ഉത്തരവാദികളാണ്. അത് പോലെ ആഹാരസാധനത്തിലൂടെയും മറ്റുമായി പരോക്ഷമായി നമ്മളിലെത്തുന്ന ആന്റിബയോട്ടിക്കുകൾ.

പനി മുതൽ കാൻസർ വരെയുള്ള ഏതു രോഗങ്ങൾക്കും എഎംആർ വില്ലനാകാം. അതായത് എഎംആർ ഉള്ള വൈറസ് വഴി ബാധിച്ച പനി പോലും ചികിൽസിക്കാനാവില്ല. ക്രമേണ രോഗം മൂർച്ഛിച്ചു രോഗി മരണത്തിനു കീഴടങ്ങും. അണുബാധയാണ് ഏറ്റവും വലിയ ഭീഷണി. പലരും പുറമേ കാണപ്പെടുന്ന രോഗങ്ങളിൽ നിന്നു വിമുക്തി നേടിയാലും അപ്രതീക്ഷിതമാ യുണ്ടാകുന്ന അണുബാധ മൂലം മരണം വരെയുണ്ടാകാം. നിലവിൽ എഎംആർ വഴിയുണ്ടാകുന്ന അണുബാധയെ കുറച്ചെങ്കിലും തടയുന്നതിനുള്ള ഒറ്റ ഡോസ് ഇൻജക്‌ഷന് 25,000 രൂപയാണു വില! ഒന്നോ രണ്ടോ ആഴ്ച തുടർച്ചയായി കുത്തിവയ്പു നൽകിയാലും അണുബാധയിൽ നിന്നു വിമുക്തി നേടുന്ന കാര്യം സംശയം. ആന്റിബയോട്ടിക് മരുന്നുകൾ ഒന്നു മുതൽ മൂന്നു വരെ തലമുറകളിലുള്ളവ ഉപയോഗിച്ച ശേഷവും ഫലം കിട്ടാഞ്ഞതിനെത്തുടർന്ന് അപൂർവ രോഗങ്ങൾക്കായി കാത്തുവച്ച നാലാം തലമുറയും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ആന്റിബയോട്ടിക് മരുന്നുകളുടെ തോന്നിയപടിയുള്ള ഉപയോഗം വിഷപ്പാമ്പിനെ നോവിച്ചു വിടുന്നതു പോലെയാണ്. വേദനിച്ച പാമ്പ് കൂടുതൽ കരുത്തോടെ ആക്രമിക്കും. കൃത്യമായ അളവിലല്ലാതെയും , അനാവശ്യ മായും ശരീരത്തിലെത്തുന്ന ആന്റിബയോട്ടി ക്കുകൾ മൂലം രോഗാണുക്കൾക്കു മരുന്നിനോടു പ്രതികരിക്കാനുള്ള ശേഷി ഇല്ലാതാകുന്നു. അഥവാ രോഗാണുക്കൾ മരുന്നുകളെക്കാൾ കരുത്തരാകുന്നു. 10 വർഷം മുൻപു കേരളത്തിൽ ടൈഫോയ്ഡിന് ഉപയോഗിച്ചിരുന്ന മരുന്ന് (സിപ്രോഫ്ലോ ക്സാസിൻ) ഇപ്പോൾ ചുമയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്നുവെന്ന് ആരോഗ്യവകുപ്പു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

രോഗങ്ങൾക്കു ഡോക്ടർമാർ അനാവശ്യമായി ആന്റിബയോട്ടിക് മരുന്നു നിർദേശിക്കുന്നതു വഴിയുള്ള തുടർച്ചയായ ഉപയോഗം മരുന്നു പ്രതിരോധിക്കുന്ന രോഗാണുക്കളെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ഡോക്ടർമാർ കുറിച്ചുനൽകുന്ന ആന്റിബയോട്ടിക്കുകൾ കൃത്യമായ കോഴ്സിൽ (നിശ്ചിത സമയത്തും അളവിലും) കഴിച്ചില്ലെങ്കിലും ഇതു സംഭവിക്കാം. അതായത് അഞ്ചു ദിവസത്തേക്കു നൽകുന്ന മരുന്ന്, രോഗം മാറിയെന്നു കരുതി രണ്ടു ദിവസം കൊണ്ടു നിർത്തുന്നവരാണ് ഇര. പുറമേ, ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽസ നിശ്ചയിച്ചു മരുന്നുകൾ ഉപയോഗിക്കുന്നവരും ഈ പട്ടികയിൽ വരും.

കൂടുതൽ അളവിൽ മാംസവും , പാലും ഉൽപാദിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾ ചേർത്ത ഭക്ഷ്യവസ്തുക്കളും മരുന്നുകളും കാലികൾക്കും , ഇറച്ചിക്കോഴികൾക്കും നൽകുന്നതു വഴിയും ആന്റിബയോട്ടിക് ഘടകങ്ങൾ മനുഷ്യരിലെത്തുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നെല്ലും , ഗോതമ്പും ഉൾപ്പെടെയുള്ള വിളകൾക്കു കൂടുതൽ വിളവു ലഭിക്കുന്നതിന് വളമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുണ്ട്. കേന്ദ്രസർക്കാരിന്റെയും , ലോകാരോഗ്യ സംഘടനയുടെയും സഹകരണത്തോടെ ആരോഗ്യവകുപ്പും ഭക്ഷ്യ, കൃഷി, ഫിഷറീസ് വകുപ്പുകളും ചേർന്ന് എഎംആറിനെ ചെറുക്കാൻ ‘വൺ ഹെൽത്ത്’ എന്ന പേരിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്.

മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി ആർജിച്ച, രോഗവാഹകരായ ആറ് ഇനം ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. ഇ കോളൈ (മൂത്രാശയ രോഗങ്ങൾ), ക്ലബ്സിയല (ശ്വാസകോശ രോഗങ്ങൾ), സ്യൂഡോമൊണാസ് (ശ്വാസകോശ രോഗം), അസിനിറ്റോ ബാക്ടർ (ത്വക് രോഗം, ഉദരരോഗം), സ്റ്റെഫലോ കോക്കസ് ഓറിയസ് (ത്വക് രോഗം, ശ്വാസകോശ രോഗം), എന്ററോ കോക്കസ് (ഉദര രോഗം) എന്നീ ബാക്ടീരിയ കളാണു നിലവിൽ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധശേഷി നേടിയതായി ആരോഗ്യവകുപ്പിന്റെ പഠനത്തിൽ‌ കണ്ടെത്തിയത്.

ആന്റിബയോട്ടിക് റെസിസ്റ്റൻസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് ലളിതമായ ഒന്നല്ല. ഇതിന് പലതലത്തിലുള്ള കൂട്ടായ ശ്രമങ്ങളും ഇടപെടലുകളും അത്യാവശ്യമാണ് . ശാസ്ത്രജ്ഞർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, ആരോഗ്യവിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, നയരൂപകർ, നിയമനിർമ്മാണകർ എന്നിവരുടെയും, കൃഷി, മൃഗ ചികിത്സാ, ഫാർമസ്യുട്ടിക്കൽ, എന്നീ രംഗത്തുള്ളവ രുടെയും, പൊതുജനങ്ങളുടെയും ബോധപൂർവമായ ശ്രമങ്ങൾ ഇതിന് ആവശ്യമാണ്. ഇതിനൊക്കെ പുറമേ ഉറച്ച രാഷ്ട്രീയേച്ഛയും അനിവാര്യമാണ്.ഈ വിഷയത്തില്‍ സര്‍ക്കാരിനും ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്.

⚡പ്രതിരോധ കുത്തിവെപ്പുകൾ എല്ലാ കുട്ടികളും എടുത്തുവെന്നു ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുക.
⚡ആന്റിബയോട്ടിക്ക് മരുന്നുകൾ കൃത്യമായ കുറിപ്പടി ഇല്ലാതെ ലഭ്യമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക.
⚡ഓരോ രോഗങ്ങള്‍ക്കും കൃത്യമായ ചികിത്സാപ്രോട്ടോകോൾ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അത് അനുവര്‍ത്തിക്കുന്നു ണ്ടെന്നു ഉറപ്പുവരുത്തുക.
⚡പ്രിസ്ക്രിപ്ഷൻ ഓഡിറ്റിംഗ് നടത്തുക.
⚡അഗ്രികൾച്ചർ, മൃഗസംരക്ഷണം എന്നീ മേഖലകളിൽ ഉള്ള ആന്റിബയോട്ടിക് ഉപയോഗം നിയന്ത്രിക്കുക
ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നത് ഈ നൂറ്റാണ്ടിലെ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നത് ഒരു യാഥാർഥ്യമാണ്. ഡോക്‌ടർമാരും രോഗികളും മരുന്ന്‌ വിൽക്കുന്നവരും, മൃഗഡോക്‌ടർമാരും മൃഗപരിപാലകരും തുടങ്ങിയവരെല്ലാം മനസ്സ്‌ വെച്ചാലേ രോഗങ്ങൾക്കെതിരെയുള്ള ഈ യുദ്ധം വിജയമാകൂ. മരുന്നുകൾ ജീവന്റെ പരിപാലകരാണ്‌. ആ ശക്‌തി അവരിൽ നിലനിർത്താൻ നമുക്ക്‌ ഒത്തുപിടിക്കാം.

You May Also Like

നിങ്ങളുടെ കൈയിലുള്ള കീടാണുക്കള്‍, മൊബൈലിലും കാണാം..!!

ഒരു മനുഷ്യന്റെ പെരുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയില്‍ നിന്നും പിന്നെ അയാളുടെ മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ നിന്നും എടുത്ത ‘സാമ്പിളുകള്‍’ പരിശോധിച്ചപ്പോള്‍ രണ്ടിലും ഒരേതരത്തിലുള്ള അണുക്കളെ കണ്ടെത്താന്‍ സാധിച്ചു. പിന്നീട് ഇതേ പരീക്ഷണം മറ്റ് 17 ആളുകളില്‍ കൂടി തുടര്‍ന്നുവെങ്കിലും ‘റിസള്‍ട്ടില്‍’ മാറ്റമൊന്നും ഇല്ലായിരുന്നു.

രോഗം വന്ന പക്ഷികളെ കൊല്ലുന്നത് നീചമോ പാപമോ അല്ല ! – അനില്‍ കുമാര്‍ വിടി

പക്ഷിപ്പനി പടര്‍ന്നു പിടിച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പുരോഗമിക്കുകാണല്ലോ. നീചം, പാപം, പുരോഗമന…

വീട്ടിൽ കുട്ടികൾ ഉള്ള ഒരാൾ പോലും ഇത് അറിയാതെ പോകരുത്

വീട്ടിൽ കുട്ടികൾ ഉള്ള ഒരാൾ പോലും ഇത് അറിയാതെ പോകരുത്. കുട്ടികളുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ്. മഹാമാരിയുടെ കാലമായതിനാൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ബ്രാഹ്മിൻസ് പുട്ടുപൊടി എക്സ്പെയറി കഴിഞ്ഞിട്ട് നാലുവർഷം, ഇങ്ങനെയൊക്കെ തന്നെയാണ് അവസ്ഥ

Robin K Mathew (Behavioural Psychologist/Cyber Psychology Consultant) ഞാൻ കാനഡയിൽ ചെന്ന ആഴ്ചയിൽ തന്നെ…