ഫിറോസ് ഗാന്ധിയെക്കുറിച്ചുള്ള ഒരു biography എഴുതാനായി വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യയിലെത്തിയ ബെർട്ടിൽ ഫാൽക്കിനോട് ഒരാൾ പറഞ്ഞത്: ‘ഇന്ദിര ഗാന്ധിയെക്കുറിച്ചു നൂറു കണക്കിന് പുസ്തകങ്ങൾ കാണും, അതുകൊണ്ട് അവരെക്കുറിച്ചു വിവരങ്ങൾ കിട്ടാൻ എളുപ്പമാണ്. പക്ഷെ ഫിറോസ് ഗാന്ധിയെക്കുറിച്ചു കൂടുതലായി അറിയുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.’ മറ്റൊരാൾ ചോദിച്ചു: ‘ആരാ ഈ ഫിറോസ് ഗാന്ധി? അങ്ങനെയൊരാളെക്കുറിച്ചു കേട്ടിട്ട് പോലുമില്ല.’
ഇന്ദിരാ ഗാന്ധിയുടെ ഭർത്താവ്, നെഹ്രുവിന്റെ മരുമകൻ, രാജീവ് ഗാന്ധിയുടെ അച്ഛൻ എന്നിങ്ങനെ മാത്രം അറിയപ്പെടാൻ വിധിക്കപ്പെട്ട ഒരു വ്യക്തി ആയിരുന്നില്ല ഫിറോസ് ഗാന്ധി. ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച ഫിറോസ്, സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, അഴിമതിക്കാരായ പലരുടെയും സ്ഥാനം തെറിപ്പിച്ച ‘Giant Killer’ എന്നറിയപ്പെട്ട പാർലമെന്റിലെ തീപ്പൊരി പ്രാസംഗികനായിരുന്നു, നെഹ്രുവിന്റെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്ത അയാളുടെ കണ്ണിലെ കരടായിരുന്നു, ഇന്ദിരയുടെ സ്വേച്ഛാധിപത്യ നിലപാടുകളെ എതിർക്കുകയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനു കാരണഹേതുവായ ഇന്ദിരയെ ആദ്യമായി ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചു അവർക്കിടയിലെ വിടവ് ഒഴിവാക്കാൻ കഴിയാത്തവിധം വലുതാക്കുകയും ചെയ്ത ജനാധിപത്യവാദിയുമായിരുന്നു. ഇങ്ങനെ പലതുമായിരുന്നു ഫിറോസ്.
അതുകൊണ്ടൊക്കെ തന്നെയാണ് ഫിറോസിനെ ഒരുതരത്തിലും ഉയർന്നുവരാൻ സമ്മതിക്കാതെ, നിരന്തരം അവഗണന മാത്രം അദ്ദേഹത്തിന്റെ കുടുംബവും അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയുമെല്ലാം നൽകിയത്. അത് ഇന്നും തുടരുന്നു. ഫിറോസ് മുൻകയ്യെടുത്ത് പാസാക്കിയ press law, ഇന്ദിര തന്നെ പിന്നീട് അടിയന്തരാവസ്ഥകാലത്ത് മാധ്യമ സ്വാന്ത്ര്യത്തെ നശിപ്പിക്കാനായി എടുത്തു മാറ്റിയിരുന്നല്ലോ. എന്നാൽ ഇന്ദിര വെറുത്തിരുന്നു ലാൽ ബഹദൂർ ശാസ്ത്രിയെ പോലെയുള്ള ഉജ്വല വ്യക്തിത്വങ്ങളും ഫിറോസിന്റെ സുഹൃത്ത് വലയത്തിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഫിറോസിന്റെ ജീവിതവും അദ്ദേഹത്തിന്റെ വ്യക്തിത്വും വസ്തുനിഷ്ടമായി പരിശോധിക്കപ്പെടുന്ന ഒരു അപൂർവ പുസ്തകമാണ് ‘Feroze: The Forgotten Gandhi’. ഒരു വിദേശ മാധ്യമപ്രവർത്തകൻ കൂടിയായ രചയിതാവ് ബെർട്ടിൽ ഫാൽക്കിന്റെ പത്തു വർഷത്തെ അദ്ധ്വാനത്തിന്റെയും റിസേർച്ചിന്റെയും ഫലമാണ് ഈ ഗ്രന്ഥം.