Anu Rajesh Pathiyoor
‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം IFFK യിൽ കാണാൻ തിക്കിത്തിരക്കിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. മണിക്കൂറുകൾ നിന്നു കണ്ട മയക്കം തന്നത് ഞെട്ടിയുണർത്തുന്ന കാഴ്ചയുടെയും കേൾവിയുടെയും അനുഭവം ആയിരുന്നു.അന്ന് കണ്ട അമ്പരപ്പ് മാറും മുൻമ്പ് വീണ്ടും കണ്ടു. ‘അമ്പരക്കാൻ’ എന്താണിത്ര കാരണം എന്ന് ചോദിച്ചാൽ വളരെ വിശദമായ മറുപടി എഴുതേണ്ടി വരും, തൽക്കാലം അതിനു മുതിരുന്നില്ല. വരുംകാല സിനിമയെ അതിന്റെ അരങ്ങിലും അണിയറയിലും അത്യധികം സ്വാധീനിക്കാൻ ശേഷിയുള്ള സിനിമ എന്നുമാത്രം പറയുന്നു.
ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവർ ഉണ്ടാകുമെന്നറിയാം. വിയോജിക്കാനുള്ള അവരുടെ അവകാശത്തോടു യോജിച്ചുകൊണ്ടുതന്നെ തുടരട്ടെ..പറയാൻ വന്ന വിഷയം ഇതൊന്നുമല്ല. സംവിധായകനും, നായകനും പൂണ്ടു വിളയാടിയതിനെപ്പറ്റിയാണ് എല്ലാവരും പറയുന്നതും, എഴുതുന്നതും.. എന്നാൽ അതിനുപിന്നിൽ അവർക്കു മഷി നിറച്ച് നൽകിയ എഴുത്തിന്റെ ഒരു കൈയുണ്ട്.മയക്കത്തെ കലഹിക്കുന്ന ഒരു കവിതയാക്കി മാറ്റിയ മാന്ത്രികനായ ഒരു തിരക്കഥാകൃത്ത് ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും ആരും പറയുന്നില്ല. കണ്ടവരുടെ മാത്രമല്ല, കാണാത്തവരുടെ കൂടിയാണ് സിനിമ.
നിലാവിൽ അലിഞ്ഞ് പോകുന്നവർ വെയിലിൻ്റെ കാഠിന്യം മറന്ന് പോകരുത്.പൊതുവേ സാഹിത്യകാരന്മാർ മറ്റു സംവിധായകർക്ക് വേണ്ടി തിരക്കഥ എഴുതുമ്പോൾ, തങ്ങളുടെ സർഗ്ഗാത്മകത അതുക്കും മേലെയാണെന്നു കാണിക്കാനൊരു പിടിവാശി കാണിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. കഥാപാത്ര സൃഷ്ടി, ഡയലോഗിലെ കടുകട്ടി, ഒരിക്കലും ക്യാമറയിൽ വരാത്ത സാഹിത്യഭംഗി, അങ്ങനെ പലയിടങ്ങളിലും അവർ അവരുടെ വലിപ്പം എഴുതിനിറച്ചിട്ടുണ്ട്. വിമർശിച്ചതല്ല , അവരുടെ ആഗ്രഹത്തെയും അവകാശത്തെയും മാനിക്കുന്നു.
പക്ഷേ, ഈ സിനിമയുടെ കാര്യത്തിൽ, സിനിമയിൽ നിന്നും വേറിട്ടുനിൽക്കാത്ത, ഒരിക്കൽ പോലും അതിൽനിന്നും കുതറിമാറാത്ത എഴുത്തിന്റെ നിഷ്ഠയുമായി, അനുപാതങ്ങളുടെ കൃത്യതയുമായി, സംവിധായകന്റെ സമീപനങ്ങൾക്കൊപ്പം തിരക്കഥയെ അണിയിച്ചൊരുക്കി അത്ഭുതപ്പെടുത്തുകയാണ് സാഹിത്യകാരൻ.
‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഹരീഷിന്റെ തിരക്കഥ വായിക്കാൻ കൊതി തോന്നി. കറുത്ത കണ്ണടവച്ചു TV കാണുന്ന പാട്ടിയെയും, നാടകവണ്ടിക്കു പിന്നാലെ പായുന്ന പട്ടിയേയും ഒക്കെ എങ്ങനെ ആയിരിക്കും പേപ്പറിൽ എഴുതി വെച്ചിരിക്കുന്നത് എന്നറിയാൻ കൊതി തോന്നി..പ്രീയപ്പെട്ട ഹരീഷ് (S Hareesh) , സാഹിത്യകാരനെ നിർത്തേണ്ടിടത്തു നിർത്തി സിനിമയെ ഇങ്ങനെ എഴുതി നിറച്ചതിന്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ …..🌹