‘നോക്കിയ’ ഒരു വമ്പന്റെ പതനം

0
86

അനൂജ് രാമചന്ദ്രൻ

‘നോക്കിയ’ ഒരു വമ്പന്റെ പതനം

നോക്കിയ എന്ന മൊബൈൽ ഫോൺ കമ്പനിയെ കുറിച്ചു കേൾക്കാത്തവർ കുറവായിരിക്കും, ഒരു കാലത്തു ഫോട്ടോ കോപ്പിക്ക് xerox എന്ന് വിളിച്ചിരുന്ന പോലെ മൊബൈൽ ഫോൺ എന്നാൽ നോക്കിയ മാത്രം ആയിരുന്നു എന്ന് പറയാം. ലോകത്തിലെ മൊബൈൽ ഫോൺ കച്ചവടത്തിന്റെ 80 – 90 % വരെ കൈകാര്യം ചെയ്തിരുന്ന വമ്പൻ. പക്ഷെ ഏത് വമ്പനും നിലതെറ്റിയാൽ വീഴുമല്ലോ, അങ്ങനെ ഒരു ദുർഗതി ആയിരുന്നു നോക്കിയയെ കാത്തിരുന്നത്.

ഫിൻലാൻഡ് എന്ന യൂറോപ്യൻ രാജ്യം ആണ് നോക്കിയ എന്ന കമ്പനിയുടെ ജന്മദേശം. 1865 ൽ ഒരു പേപ്പർ മിൽ ആയി തുടങ്ങിയ കമ്പനി ലോക മഹാ യുദ്ധങ്ങളുടെ കാലത്ത് ഇലക്ട്രോണിക്സ് മേഖലയിലോട്ടു കടക്കുകയാണ് ഉണ്ടായത്. 1980 കളിൽ മൊബൈൽ ഫോണിന്റെ കണ്ടുപിടുത്തത്തോടെ ( മൊബൈലർ ഫോൺ കണ്ടുപിടിച്ചത് മോട്ടറോള കമ്പനി ആണെങ്കിലും, മൊബൈൽ ഫോണ് ഹൻഡ്സെറ്റുകളിലെ മിന്നും താരം ആയി മാറിയത് നോക്കിയ ഫോണുകൾ ആയിരുന്നു) ആ മേഖലയിലേക്ക് ചുവട് മാറ്റി. 2006 വരെ നോക്കിയ ഫോണുകളെ ജയിക്കുവാൻ പോന്ന എതിരാളികൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ആ ഒരു ആത്‍മവിശ്വാസം അവരിൽ ഒരു അഹങ്കാരം ഉണ്ടാക്കി എന്ന് വേണം കരുതാൻ.പക്ഷെ കാലത്തിന്റെ കണക്കുപുസ്തകം കാത്തു വെച്ചിരുന്നത് മറ്റൊന്നായിരുന്നു.

2007 ൽ കമ്പ്യൂട്ടറുകളും മറ്റും നിര്മിച്ചിരുന്ന ആപ്പിൾ കമ്പനി ഒരു ഫോൺ വിപണിയിൽ അവതരിപ്പിച്ചു, ഐഫോണ് എന്നായിരുന്നു അതിന്റെ പേര്. അത് വരെ ഉണ്ടായിരുന്ന മൊബൈൽ ഫോണ് സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുള്ള ഒരു അതി നൂതനമായ ഒരു ഫോണ് ആയിരുന്നു അത്. നോക്കിയയുടെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങുന്നത് അവിടെ നിന്നായിരുന്നു. ആദ്യമൊന്നും കാര്യമായ വിൽപന നേടാനായില്ലെങ്കിലും ഐഫോണ് 3ജി യുടെ വരവോട് കൂടി ആപ്പിൾ നോക്കിയയുടെ എതിരാളിയായി വളർന്നിരുന്നു, കൂട്ടത്തിൽ ആൻഡ്രോയിഡ് ഫോണുകൾ അവതരിപ്പിച്ചു htc , സാംസങ് പോലുള്ള കമ്പനികളും കളം നിറഞ്ഞു.

അവസാന ശ്രമം എന്ന നിലയിൽ വിൻഡോസ് സോഫ്റ്റ് വെയർ ഉൾപ്പെടുത്തി ഫോണുകൾ നിര്മിച്ചുവെങ്കിലും അവ വലുതായി ശ്രദ്ധിക്കപ്പെടാതെ പോയി. 2012 ൽ നോക്കിയ എന്ന വമ്പന്റെ പതനം ഏതാണ്ട് പൂർത്തി ആയി. അതെ വർഷം ഫിൻലാന്റിലെ അവരുടെ ആസ്ഥാന മന്ദിരം വരെ കമ്പനിക്ക് വിൽക്കേണ്ടി വന്നു. തങ്ങളുടെ മൊബൈൽ ഫോൺ നിർമാണ ബിസിനസ് പൂർണ്ണമായും മൈക്രോസോഫ്റ്റ് കമ്പനിക്ക് വിട്ടതായി പ്രഖ്യാപിച്ച നടത്തിയ പത്ര സമ്മേളനത്തിൽ കമ്പനിയുടെ അന്നത്തെ മേധാവി സ്റ്റീഫൻ ഈലോപ് പൊട്ടിക്കരഞ്ഞു കൊണ്ട് ഇങ്ങനെ പറഞ്ഞു ” ഞങ്ങൾ തെറ്റായി ഒന്നും തന്നെ ചെയ്തില്ല എന്നിട്ടും ഞങ്ങൾക്ക് എല്ലാം നഷ്ടമായി “. തങ്ങൾ അജയ്യരാണ് എന്ന ധാരണയും, ടെക്നോളജിക്ക് അനുസരിച്ച് മാറ്റം ഉൾകൊള്ളാൻ ശ്രമിക്കാത്തതും ആണ് അവരുടെ നാശത്തിന് ആക്കം കൂട്ടിയത് എന്ന് നിസംശയം പറയാം.

വാൽകഷ്ണം : – 2016 ൽ HMD ഗ്ലോബൽ എന്ന കമ്പനിയുടെ നേതൃത്വത്തിൽ നോക്കിയ ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും 10 ശതമാനം മാർക്കറ്റ് വിഹിതം പോലും ഇത് വരെ നേടാനായില്ല.ഇന്നലെ( 21-03-21) വന്ന ഒരു ന്യൂസ് പ്രകാരം ലോകത്താകമാനം ഉള്ള 3000 ജീവനക്കാരെ , (അതിൽ 1500 ഇന്ത്യൻ ജീവനക്കാരും പെടും) പിരിച്ചു വിടാൻ ഉള്ള തീരുമാനം എടുത്തു കഴിഞ്ഞു കമ്പനി.2012 ന്റെ തനിയാവർത്തനം ആണോ എന്ന് കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു.