അപ്പൻ എന്ന NPD
Anup Issac
സ്വയം എല്ലാമാണെന്നു കരുതുകയും സഹാനുഭൂതി (empathy) എന്ന വികാരം പൂജ്യത്തോടു വളരെ അടുത്താവുകയും ചെയ്യുന്നവരെ പൊതുവായി NPD (Narcissistic Personality Disorder) ഗണത്തിൽ പെടുത്താം. പൊതുവെ പറഞ്ഞാൽ NPD ഒരാളുടെ ജീവിതാവസാനം വരെ നിലനില്ക്കുന്നതാണ്. സ്വയം പെർഫെക്റ്റ് ആണെന്ന ചിന്ത മൂലം ചികിത്സയ്ക്കും കൗൺസിലിംഗിനും വിസമ്മതിക്കുന്നവരാണ് നാർസിസിസ്റ്റുകൾ. ജനിതകവും സാമൂഹികവും ആയ കാരണങ്ങൾ NPD യിലേക്കു നയിക്കാം.
ആണധികാരം നടമാടുന്ന ഇന്ത്യൻ കുടുംബങ്ങളിൽ പുരുഷ NPD കൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. സാധാരണയിൽ കവിഞ്ഞ സഹാനുഭൂതിയുള്ളവർ ഒരു NPD യുടെ വിക്ടിം ആകാനുള്ള സാദ്ധ്യതയുണ്ട്. NPD ആയ വ്യക്തിയാൽ ഏറ്റവും അധികം മാനിപുലേറ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് വിക്ടിം . ചികിത്സ ബുദ്ധിമുട്ടായതു കൊണ്ടും, തങ്ങൾ ചെയ്യുന്നദ്രോഹം ഒരു NPD അറിഞ്ഞു കൊണ്ടു തന്നെ ചെയ്യുന്നതായതു കൊണ്ടും, NPD ആയ വ്യക്തിയെ കഴിവതും ഒഴിവാക്കി സ്വന്തം ജീവിതം ജീവിക്കുകയെന്നതാണ് വിക്ടിം ഉൾപ്പടെ NPD വ്യക്തികളുമായി ചേർന്നു നില്ക്കുന്നവരോടു പൊതുവായി നിർദ്ദേശിക്കപ്പെടുന്ന പരിഹാരം.
അലൻസിയർ അവതരിപ്പിക്കുന്ന അപ്പൻ, high level NPD (like milignant narcissist) ആണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സ്വയം രക്ഷ പെടാനും സ്വാർത്ഥ സുഖങ്ങൾക്കുമായി എത്രയധികം വേണ്ടപ്പെട്ടവരെയും ക്രൂരമായി ഉപദ്രവിക്കാൻ അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല. തനിക്കു രക്ഷപെടാൻ വേണ്ടി മകനോടു കൊലപാതകം ചെയ്യാൻ ഇയാൾ പറയുന്നു. മകന് തന്നെ രക്ഷിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയതോടെ ശത്രുവിനോട് തനിക്കു പകരം മകനെ കൊല്ലാൻ ആവശ്യപ്പെടുന്നത് ഇയാളുടെ ക്രൂരതയുടെ മറ്റൊരു ഉദാഹരണമാണ്.
സ്വയം ഒരു സൂപ്പർ പവർ ആണെന്നു വിചാരിക്കുന്ന ഇദ്ദേഹം, തന്റെ സ്വത്ത് വച്ചുള്ള ഒരു ബ്ളാക് മെയിലിങ് തന്ത്രമാണ് ഇരകളെ പിടിച്ചു നിർത്താൻ ഉപയോഗിക്കുന്നത്. അപ്പന്റെ സ്വത്തു വിവരങ്ങൾ കൃത്യമായി ആർക്കും അറിയില്ല. വീടും പറമ്പും അല്ലാതെ അയാൾക്ക് ഉണ്ടെന്നു പറയുന്ന സ്വത്തുക്കൾ ശരിക്കും ഉള്ളതാണോ എന്ന് ഒരിക്കലും അറിയാനാവുന്നില്ല. ‘ഞൂഞ്ഞ്’ എന്ന അപ്പന്റെ മകൻ, സാമ്പത്തിക സ്വാശ്രയം ഇല്ലാത്ത ആളായതിനുള്ള പ്രധാന കാരണം അപ്പൻ എന്ന NPD തന്നെയാണ്. അരയ്ക്കു താഴോട്ടു തളർന്നു കിടന്നിട്ടും, എല്ലാവരും തന്റെ മരണം ആഗ്രഹിച്ചിട്ടും, ഒക്കെ, അപ്പൻ തന്നെയാണ് കുടുംബം മുഴുവൻ നിയന്ത്രിക്കുന്നത്. മറ്റു കഥാപാത്രങ്ങളെല്ലാം അപ്പന്റെ സുഖത്തിനായി ഉപയോഗിക്കപ്പെടുന്ന ഉപകരണങ്ങൾ ആയി മാറുന്ന അവസ്ഥ സംജാതമാക്കാൻ, അപ്പൻ, തന്റെ സാമ്പത്തിക മേൽക്കോയ്മ നന്നായി ഉപയോഗിക്കുന്നുണ്ട്.
വീടുവിട്ടിറങ്ങാൻ തീരുമാനിക്കുന്ന മറ്റ് അംഗങ്ങളെ തടുക്കുന്ന പ്രധാന ഘടകവും സാമ്പത്തികം തന്നെ. സ്വന്തംസ്പേസിൽ ഒരു NPD വന്നാൽ മനശാസ്ത്ര വിദഗ്ധരെയാണ് ആദ്യം കാണേണ്ടത്. അതിനുള്ള അവബോധമില്ലായ്മയും നമ്മുടെ സമൂഹത്തിന്റെ ഒരു പ്രശ്നമാണ്. ഒടുവിൽ NPD യുടെ പിടിയിൽ നിന്നു രക്ഷപെട്ട അപ്പന്റെ കുടുംബാംഗങ്ങൾക്കും നഷ്ടപ്പെട്ട ജീവിതം തിരിച്ചു ലഭിക്കില്ല എന്ന യാഥാർത്ഥ്യം ഈ സിനിമ പറഞ്ഞു തരുന്നു.