മതഗ്രന്ഥത്തില്‍ പോലും പറയാത്ത കാര്യങ്ങള്‍ ന്യായീകരണത്തിനു കൊണ്ടുവന്നതാണ് സെല്‍ഫ് ഗോളായത്

74

Anup Issac

ഭൂമിയുടെ ‘ഉണ്ടാക്ക’ലും യുക്ളീഡിയന്‍ ജ്യോമട്രിയും

മതഗ്രന്ഥങ്ങളില്‍, അത് എഴുതപ്പെട്ട കാലത്തെ അറിവില്‍ കവിഞ്ഞുള്ള ശാസ്ത്ര തത്വങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു തെളിയിച്ച്, എങ്ങനെയും വിശ്വാസികളെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി വ്യാഖ്യാനങ്ങള്‍ കണ്ടു പിടിക്കുന്ന രീതിയാണ്, ജനുവരി 9 ആം തീയതി നടന്ന M.M.Akbar Vs E A Jabbar സംവാദം വിഷയമാക്കിയത്. ഇതില്‍ പ്രതിപാദിക്കപ്പെട്ട മിക്ക ശാസ്ത്രവിഷയങ്ങളും സോഷ്യല്‍ മീഡിയയില്‍ പല രീതിയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. എന്നാല്‍, തന്‍റെ വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്ന ഭൂമിയുടെ ആകൃതിയെ സംബന്ധിച്ചുള്ള വിഷയം കൈകാര്യം ചെയ്തപ്പോള്‍ ശ്രീ. M.M.Akbar ഉപയോഗിച്ച ഗണിതശാസ്ത്ര തത്വങ്ങള്‍, എതിര്‍ സംവാദകനുള്‍പ്പടെ ആരും ചര്‍ച്ച ചെയ്തു കണ്ടില്ല.

ശ്രീ. M.M.അക്ബറിന്‍റെ വാക്കുകളിലൂടെ നമുക്ക് വിഷയത്തിലേക്കു വരാം. (From min 2.02.19 of https://youtu.be/m4JN95l7X7c )
”ഭൂമിയിലെ മുഴുവന്‍ വ്യവഹാരങ്ങളിലും നമ്മള്‍ യുക്ളീഡിയന്‍ ജ്യോമട്രിയാണ് ഉപയോഗിക്കുന്നത്. അത് ഭൂമിയെ പരന്നതായി സങ്കല്പിച്ചു കൊണ്ടു തന്നെയാണ്. ഖുര്‍ ആനില്‍ പറയുന്നത് ഭൂമിയിലെ പടച്ചവന്‍റെ വലിയ അനുഗ്രഹങ്ങളെ കുറിച്ചാണ്. ആ അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് യുക്ളീഡിയന്‍ ജ്യോമട്രി ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തില്‍ ഭൂമി ഉണ്ടാക്കി എന്നതു തന്നെയാണ്.”
നാം ഉപയോഗിക്കുന്ന പ്രതലം പരന്നതാണെങ്കില്‍ മാത്രമാണ് യുക്ളീഡിയന്‍ ജ്യോമട്രി ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇവിടെ രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും ചെറിയ അകലം (geodesic) എപ്പോഴും ഒരു നേര്‍ രേഖയായിരിക്കും. എന്നാല്‍ നാം സങ്കല്പിക്കുന്ന പ്രതലം ഒരു ഫുട്ബോളിന്‍റെതാണെങ്കില്‍, രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ഏറ്റവും ചെറിയ അകലം (geodesic) ഒരു arc ആയിരിക്കും. ഭൂമിയുടെ പ്രതലം സങ്കല്പിക്കുമ്പോഴും അകലത്തിലുള്ള രണ്ടു ബിന്ദുക്കളുടെ geodesic എപ്പോഴും ഒരു arc ആയിരിക്കും. ഇങ്ങനെയുള്ള പ്രതലങ്ങളില്‍ യുക്ളീഡിയന്‍ ജ്യോമട്രി ഉപയോഗിക്കാന്‍ കഴിയില്ല. വളഞ്ഞ പ്രതലങ്ങളില്‍ Reimanmian geometry യാണ് ഉപയോഗിക്കുന്നത്.

ഇനി നമുക്ക് ഭൂമിയിലെ വ്യവഹാരങ്ങളിലേക്കു വരാം. കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കു പോകുന്ന ഒരു വിമാനത്തിന്‍റെ shortest path അഥവാ geodesic, ചിത്രത്തിലേതു പോലെ ഒരു arc ആണ്. ഈ വ്യവഹാരത്തില്‍ ഇദ്ദേഹം പറയുന്നതു പോലെ യുക്ളീഡിയന്‍ ജ്യോമട്രി ഉപയോഗിക്കാന്‍ കഴിയില്ല. ഭൂമിയുടെ മൂന്നു ഭൂഖണ്ഢങ്ങളിലെ മൂന്നു ബിന്ദുക്കള്‍ ബന്ധിപ്പിച്ച് ഒരു ത്രികോണം വരച്ചാല്‍, അതിന്‍റെ കോണുകളുടെ തുക 180 ഡിഗ്രിയില്‍ കൂടുതലായിരിക്കും. ഇത് യുക്ളീഡിയന്‍ ജ്യോമട്രിയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നു. Daily application of reimannian geometry എന്നു google ചെയ്താല്‍, ജീവശാസ്ത്രത്തിലുള്‍പ്പടെ യുക്ളീഡിയന്‍ ജ്യോമട്രിയുടെ പരിധിയില്‍ വരാത്ത ധാരാളം വ്യവഹാരങ്ങള്‍ കാണാം.

ചുരുക്കത്തില്‍, ഇദ്ദേഹം പറയുന്നതു പോലെ ദൈവം ഉണ്ടാക്കിയതാണ് ഭൂമി എന്നു സങ്കല്പിച്ചാല്‍ പോലും, യക്ളീഡിയന്‍ ജ്യോമട്രി ഉപയോഗിക്കാവുന്നതു പോലെയല്ല ഭൂമിയുണ്ടാക്കിയതെന്നത് വ്യക്തമാണ്. അദ്ദേഹത്തിന്‍റെ മത ഗ്രന്ഥത്തില്‍ പോലും പറയാത്ത കാര്യങ്ങള്‍ ന്യായീകരണത്തിനു കൊണ്ടുവന്നതാണ് സെല്‍ഫ് ഗോളായി പോയത്. സയന്‍റിഫിക് ജാര്‍ഗണുകളുടെ അനാവശ്യ പ്രയോഗങ്ങളിലൂടെ ശാസ്ത്രവുമായി മത കഥകളെ കൂട്ടിക്കെട്ടാനുള്ള ശ്രമങ്ങള്‍, ഒരു തെളിവുമില്ലാതെ വിശ്വസിക്കാന്‍ തയ്യാറായ വിശ്വാസികളെ കൂടി മതത്തില്‍ നിന്ന് അകറ്റാന്‍ കാരണമാകുന്നു. ഇത് തികച്ചും ആശ്വാസകരമാണ്.