ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ച ടൂറിസ്റ്റ് സംഘം റോഡ് നോക്കാതെ കാറോടിച്ചെത്തിയത് നേരെ തോട്ടിലേക്ക്. ഈ വാർത്ത ഇന്നലെ മാധ്യമങ്ങൾ രീതിപോർട്ട് ചെയ്തിരുന്നു. അപകടത്തിൽ പെട്ടവരെ സമയോചിതമായി നാട്ടുകാർ ഇടപെട്ടു രക്ഷപെടുത്തി.. രണ്ടു ദിവസം മുൻപ് കോട്ടയം കുറുപ്പന്തറ കടവിലാണ് സംഭവം നടന്നത്. കർണാടക സ്വദേശികളാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. യാത്ര ആരംഭിച്ചതു മുതൽ ഗൂഗിൾ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കുറുപ്പന്തറ കടവ് ഭാഗത്തെത്തിയപ്പോൾ നേരേ മുന്നോട്ട് പോകാനായിരുന്നു ഗൂഗിൾ മാപ്പ് വഴി ഫോണിലൂടെ ലഭിച്ച നിർദേശം.
ഇതോടെ ഇവിടുത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവർ ഫോർച്യൂണർ കാർ മുന്നോട്ട് ഓടിച്ചു. നോക്കി നിൽക്കുകയായിരുന്ന നാട്ടുകാർ വിളിച്ചു കൂവിയപ്പോഴേക്കും കാർ സമീപത്തെ തോട്ടിലേക്ക് ചാടിയിരുന്നു.മഴ ശക്തമായതിനാൽ തോട്ടിൽ നല്ല വെള്ളമുള്ള സമയമായിരുന്നു. ഓടികൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്ന കുട്ടികൾ ഉൾപെടെയുള്ള കുടുംബാംഗങ്ങളെ രക്ഷപെടുത്തി. തുടർന്ന് കാർ തള്ളി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ലോറി ഉപയോഗിച്ചു കെട്ടി വലിച്ചാണ് കാർ തോട്ടിൽ നിന്നും കരയ്‌ക്കെത്തിച്ചത്. മറ്റു തകരാറൊന്നുമില്ലാതിരുന്നതിനാൽ ഇവർ ഇതേ കാറിൽ തന്നെ യാത്ര തുടരുകയായിരുന്നു. ഈ ഭാഗത്ത് മുമ്പും സമാന രീതിയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഇവിടെ സ്ഥിരമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ താൽകാലികമായി ചങ്ങലയിട്ട് വഴി അടച്ചിരിക്കുകയാണ്. ഇതാണ് വാർത്തയുടെ ഉള്ളടക്കം. എന്നാൽ ഗൂഗിൾ മാപ്പ് നോക്കിയാൽ തോട്ടിൽ പോകുമോ? ഉത്തരമുണ്ട് വായിക്കാം . Anup Issac എഴുതിയത്
Anup Issac
‘ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു. ടൂറിസ്റ്റ് സംഘമെത്തിയത് തോട്ടിൽ’ കഴിഞ്ഞ ദിവസം online/offline മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഇത്. വായിച്ചു നോക്കിയപ്പോൾ സംഭവം നടന്ന സ്ഥലവും എന്റെ വീടുമായി വെറും 200 മീറ്റർ മാത്രം ദൂരമേ ഉള്ളൂ എന്നു മനസ്സിലായി.
ഗൂഗിൾ മാപ്പ് വരുന്നതിനും വളരെ മുമ്പും സമാന സംഭവങ്ങൾ ഇതേ സ്ഥലത്ത് പലതവണ ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തെ ഗൂഗിൾ മാപ്പ് ചിത്രത്തിൽ കൊടുത്തിരിക്കുന്നു. വട്ടത്തിൽ കാണുന്ന റോഡിന്റെ കൊടും വളവാണ് അപകടത്തിനു കാരണം. ഈ വാഹനം വന്ന വഴിയിൽ (red arrow), വരുന്ന പരിചയമില്ലാത്ത ഡ്രൈവർ ഈ വളവ് ശ്രദ്ധിക്കണമെന്നില്ല. ഗൂഗിൾ മാപ്പിൽ ഈ വളവ് കാട്ടിയിട്ടുണ്ടെങ്കിലും, മറ്റൊരു കൈവഴി ഇല്ലാത്തതിനാൽ മുമ്പിൽ കാണുന്ന കുരിശുപള്ളിയുടെ വശത്തൂടെയാണ് റോഡ് പോകുന്നതെന്ന് ധരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇത് വണ്ടിയെ തോട്ടിൽ എത്തിക്കും. എന്റെ ഓർമ്മയ്ക്കും മുമ്പ് ഉണ്ടായ ഈ റോഡ് ഇങ്ങനെ വളച്ചത്, പ്രസ്തുത കുരിശുപള്ളി സംരക്ഷിക്കാനാണെന്നാണ് ഗൂഗിൾ മാപ്പിൽ നിന്നു മനസ്സിലാകുന്നത്.
ഗൂഗിൾ മാപ്പിംഗ് ഐൻസ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു direct application ആണ്. മൂന്നു മാനങ്ങളിൽ ചലിക്കുന്ന ഒരു വണ്ടിയെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കുറഞ്ഞത് നാല് ഉപഗ്രഹങ്ങൾ നാം ഉപയോഗിക്കുന്നുണ്ട്. പ്രകാശ സമാന വേഗത്തിൽ സിഗ്നലുകൾ സഞ്ചരിക്കുന്നതിനാൽ, സൂക്ഷ്മമായ time dilation വരെ കണക്കു കൂട്ടിയാണ് ഗൂഗിൾ മാപ്പിംഗ് വഴി കാട്ടുന്നത്. ചുരുക്കത്തിൽ, ആ സഞ്ചാരികളെ തോട്ടിൽ എത്തിച്ചതിൽ, ഈ കുരിശുപള്ളിയിലെ ദൈവത്തെക്കാൾ ഒരു ഉത്തരവാദിത്തവും ഗൂഗിൾ മാപ്പിനില്ല. ഇക്കാര്യത്തിൽ പാവം ഐൻസ്റ്റൈനും ഗൂഗിൾ മാപ്പും നിരപരാധികളാണ്.