തൃശൂരിൽ വിദ്യാര്‍ത്ഥിക്ക് മദ്യം നല്കി പീഡിപ്പിച്ച കേസില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി പതിനാറുകാരനായ വിദ്യര്‍ത്ഥി മാനസികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അധ്യാപകര്‍ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് തനിക്ക് നേരിട്ട പീഡനം കുട്ടി വെളിപ്പെടുത്തിയത്. ഇത് ഇക്കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന സംഭവമാണ്. അതുമായി ബന്ധപ്പെട്ടാണ് അനൂപ് ഐസക്കിന്റെ കുറിപ്പ്
Anup Issac
അദ്ധ്യാപിക വിദ്യാർത്ഥിയെ പീഢിപ്പിച്ച വാർത്ത കാണുമ്പോൾ ഭൂരിഭാഗം പുരുഷൻമാരും തങ്ങൾക്ക് ഇങ്ങനെയൊരു ട്യൂഷൻ ടീച്ചർ ഇല്ലാതിരുന്നതോർത്തു സങ്കടപ്പെടാറുണ്ട്. എന്നാൽ ഒരു അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച വാർത്ത കേൾക്കുമ്പോൾ സ്ത്രീകൾക്ക് അങ്ങനെയൊരു ദുഃഖം ഉണ്ടാവാറില്ല. കാരണം എന്തായിരിക്കും?
ലൈംഗീക ദാരിദ്ര്യം ഒരു സാമൂഹിക പ്രതിഭാസമാണെങ്കിലും ഈ വിഷയത്തിൽ പ്രധാനമായും പരിണാമപരമായ കാരണമാണ് പരിഗണിക്കേണ്ടത്. മനുഷ്യന്റെയും മനുഷ്യ പൂർവ്വികരുടെയും അതിജീവനം പ്രധാനമായും കാട്ടിലെ നായാട്ടു സംസ്കാരത്തിലാണ് നടന്നത്. ഗോത്രങ്ങളായായിരുന്നു അവരുടെ ജീവിതം. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു സാഹചര്യത്തിൽ അതിജീവിക്കാനുള്ള ഗുണങ്ങൾ ഉള്ളവർക്കായിരുന്നു അതിജീവന സാദ്ധ്യതയുള്ള കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ കഴിഞ്ഞത്. അവരാണ് നമ്മുടെ മാതാപിതാക്കൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നായാട്ടു-ഗോത്ര ജീവിതത്തിൽ അതിജീവിക്കാനുള്ള ഗുണങ്ങൾ പേറുന്നവരാണ് നാം.
ഒരു സ്ത്രീയ്ക്കു പ്രസവിക്കാനാവുന്ന കുട്ടികളുടെ എണ്ണത്തിനു പരിധിയും പ്രസവത്തിനു മുതൽമുടക്കും ഉണ്ട്. തന്നെയും കുട്ടികളെയും വന്യമൃഗങ്ങളിൽ നിന്നും, പ്രകൃതിക്ഷോഭങ്ങളിൽ നിന്നും, മറ്റു ഗോത്രങ്ങളുടെ ആക്രമണങ്ങളിൽ നിന്നും, ഒക്കെ, ജീവൻ പണയംവച്ചു രക്ഷിക്കുന്ന, പരമാവധി വിശ്വസ്തനായ, പങ്കാളിയെ തിരഞ്ഞെടുക്കുന്ന സ്ത്രീകളുടെ ജീനുകളാണ് ഇവിടെ അതിജീവിക്കപ്പടുന്നത്. അതുകൊണ്ടു തന്നെ, ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ (പൊതുവായി) സ്ത്രീകൾ നോക്കുന്ന പ്രധാന ഘടകം ഇമോഷണൽ അറ്റാച്ച്മെന്റ് ആണ്. എന്നാൽ പുരുഷനെ സംബന്ധിച്ച് ജനിപ്പിക്കാവുന്ന കുട്ടികളുടെ എണ്ണത്തിനു സ്ത്രീകളെ പോലെയുള്ള പരിധിയോ പ്രസവത്തിനു മുതൽമുടക്കോ ഇല്ല. അതുകൊണ്ടു തന്നെ, തങ്ങളുടെ ഇണയെയും കുട്ടികളെയും സംരക്ഷിക്കുന്നതോടൊപ്പം പരമാവധി കുട്ടികളെ ജനിപ്പിക്കുന്ന പുരുഷൻമാരുടെ ജീനുകളാണ് അതിജീവിക്കപ്പെട്ടത്. ഇതിന് പങ്കാളിയുമായുള്ള മാനസിക അടുപ്പം പുരുഷന് നിർബ്ബന്ധമല്ല. മദ്യം കഴിച്ചുള്ള പീഢനത്തിന്റെ സമയത്ത് തങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമോ എന്നത് പുരുഷൻ ചിന്തിക്കാത്തതിന്റെ കാരണവും പരിണാമപരമായ ഈ അനുകൂലനമാണ്.
ഓരോരുത്തരും പ്രശ്നങ്ങളെ തങ്ങളുടെ അനുഭവങ്ങളും വികാരങ്ങളും ഒക്കെയായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കുക അത്ര എളുപ്പമല്ല. യാഥാർത്ഥ്യം മനസ്സിലാക്കാൻ ഏറ്റവും സ്വീകാര്യമായത് തെളിവുകളിൽ അധിഷ്ഠിതമായ സയൻസിന്റെ വഴിയാണ്.