സെൻകുമാറിനെ പണ്ടേ അറിയും, ഒരിക്കൽ ഒരു വൃദ്ധയെ കാറിടിച്ചിട്ടിട്ടു നിർത്താതെ പോയതുകൊണ്ട് പിന്തുടർന്ന് ഞങ്ങളിലൊരാൾ അയാളെ തല്ലിയിട്ടുമുണ്ട്

1092

അനൂപ് രാജൻ

സെൻകുമാറിനെ ഞങ്ങൾ പണ്ടേ അറിയും..

ഞങ്ങൾ എന്നു പറഞ്ഞാൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്ത തുരുത്തി നിവാസികൾ. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ തുരുത്തിയിലെ ഈഴവർ. 1990ലെ ശ്രീനാരായണ ഗുരു മഹാസമാധി ദിനം. തുരുത്തി 61 നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ മൗന ജാഥ സമാപനത്തോടടുക്കുകയാണ്. എം.സി റോഡരികിലെ ശാഖാ മന്ദിരത്തിലേക്ക് ജാഥ റോഡ് മുറിച്ചു കടക്കുകയാണ്. പെട്ടെന്ന് ചീറിപ്പാഞ്ഞുവന്ന ഒരു അംബാസഡർ കാർ പിൻനിരയിലുണ്ടായിരുന്ന ഒരു വൃദ്ധയെ ഇടിച്ചു വീഴ്ത്തിയിട്ട് നിർത്താതെ മുന്നോട്ടു പോയി.

അവിടെ നിന്ന ചെറുപ്പക്കാർ ഓട്ടോറിക്ഷയിൽ അതിവേഗം പിന്തുടർന്ന് തൊട്ടടുത്ത കയറ്റത്തിൽ വെച്ച് കാർ തടഞ്ഞു. കാറിൽനിന്ന് പുറത്തിറങ്ങിയ ആമ്പിറന്നോനെ കൂട്ടത്തിലൊരാൾ ഭേഷായി നാലു വീക്കി. തികച്ചും സ്വാഭാവികം. നല്ല തെറിയും വിളിച്ചു. വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുമായും പിടിവലി ഉണ്ടായി. കാറിൽ ഉണ്ടായിരുന്ന സ്ത്രീയും കുട്ടികളും പുറത്തിറങ്ങിയതോടെ സംഘർഷം ശമിച്ചു.

തുടർന്ന് തല്ലുകൊണ്ട ആ മഹാപുരുഷൻ അടുത്ത വീട്ടിൽ കയറി പൊലീസിന് ഫോൺ ചെയ്തു. അപ്പോഴാണ് ആ ദിവ്യസംഗതി വെളിപ്പെടുന്നത്. ആളെ ഇടിച്ചിട്ട് വണ്ടി നിർത്താതെ പോയ ആ മഹാപുരുഷൻ ജില്ലാ പൊലീസ് മേധാവിയായ (എസ്.പി) ടി.പി സെൻകുമാർ എന്ന് പുകൾകൊണ്ട മഹദ് നാമമായ പുണ്യകഥാപാത്രം ആണെന്ന്. അരമണിക്കൂറിനകം വൻ പൊലീസ് സംഘം തുരുത്തിയിലെത്തി. കിട്ടിയ ഈഴവരെയൊക്കെ കൊണ്ടുപോയി. അന്ന് രാത്രിയായിരുന്നു പരമസുഖം. പ്രദേശത്തെ ഒരു മാതിരി ഈഴവരുടെയൊക്കെ വീട്ടിൽ പൊലീസ് കയറി. വീട്ടിലുണ്ടായിരുന്ന ആണുങ്ങളെയൊക്കെ പൊക്കി. ശരിക്കും പൊലീസ് വേട്ട. മറ്റൊരു ജില്ലയിലെ എസ് പി ആയിരുന്ന സെൻകുമാർ കോട്ടയത്ത് തങ്ങിയായിരുന്നു ഓപറേഷൻ.

സ്റ്റേഷനിലും ലോക്കപ്പിലും കിടന്ന് എല്ലാവരും ഇടി മേടിച്ചു.അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ എ.എസ് പ്രതാപ്സിംഗ് നേരിട്ടെത്തി സെൻകുമാറിനോട് മാപ്പപേക്ഷിച്ചു. അപ്പോൾ ആ മഹാൻ പറയുകയാണ് അയാളുടെ ഭാര്യയുടെ ബ്ലൗസ് വലിച്ചു കീറിയെന്നും അയാളുടെ പേഴ്സ് തട്ടിപ്പറിച്ചെന്നും. രണ്ടും നടക്കാത്ത കാര്യങ്ങൾ. സെൻകുമാറിന്റെ വാക്കുകൾ കേട്ട് പരമ മാന്യനായിരുന്ന ശ്രീ പ്രതാപ് സിംഗ് ഈ ഗുണമില്ലാത്തവനോട് സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഇറങ്ങി.

ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായിരിക്കെ തന്റെ കാർ ഒരു വൃദ്ധയെ ഇടിച്ചിട്ട് നിർത്താതെ പോയതും പോട്ടെ വെറും പൊലീസ് നുണകൾ ആവർത്തിക്കുകയുമാണ് ചെയ്തത്. അന്നേ ഞങ്ങൾ തുരുത്തിക്കാർക്ക് മനസ്സിലായതാണ് ഈ ടി പി സെൻകുമാർ യാതൊരു ഗുണങ്ങളും നിലവാരവും ഇല്ലാത്ത വെറും അലവലാതി ആണെന്ന്. അതുകൊണ്ട് അങ്ങേരുടെ ഇപ്പോഴത്തെ നിലയിൽ യാതൊരു അദ്ഭുതവുമില്ല.

അചിരേണ ആ കേസ് തള്ളിപ്പോയി. സെൻകുമാറിനെ തല്ലിയ ആൾ പേരിന് മുന്നിൽ എസ്.പി എന്ന വിശേഷണം ചേർത്ത് അറിയപ്പെട്ടു. ഇനി ഞങ്ങളുടെ എസ്.പിയെ കാണുമ്പോൾ ഞാൻ ബലിഷ്ഠമായ ആ ഇരു കൈകളും ചേർത്ത് പിടിക്കും.  ഇന്നത്തെ കേരളത്തിന് വേണ്ടി ഒരു പുണ്യകർമം പണ്ടേ ചെയ്ത കരങ്ങളാണല്ലോ അവ.